ADVERTISEMENT

കഷണ്ടിയുണ്ടാക്കാൻ നനച്ചൊട്ടിച്ച പപ്പടം. പഴയകാലത്തെ ഏറ്റവും വലിയ മേക്കപ് സൂത്രം. എന്നാൽ ഇന്നു മേക്കപ് കലാകാരന്റെ ഭാവന മാത്രമല്ല, ടെക്നോളജി കൂടിയാണ്. ബ്യൂട്ടീഷൻ കോഴ്സ് എന്നു തെറ്റിദ്ധരിക്കേണ്ട, മേക്കപ് പഠനം ഇന്ന് ഏറെ വളർന്നുവരുന്ന പഠനശാഖയാണ്. മറ്റു പ്രഫഷനൽ യോഗ്യതകൾ നേടിയ ശേഷവും ആ രംഗത്തു ചുവടുറപ്പിക്കാതെ മേക്കപ് കരിയർ ആക്കുന്നവരുടെ എണ്ണമേറുന്നു എന്നതാണ് ഇപ്പോൾ കേരളത്തിൽ പ്രകടമാകുന്ന ട്രെൻഡ് എന്നു സിനിമയിലെ പ്രശസ്ത മേക്കപ് ആർട്ടിസ്റ്റ് പട്ടണം റഷീദ് പറയുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റം അടക്കം മനസ്സിലാക്കുന്ന വിദഗ്ധ പഠനം വേണ്ടതിനാൽ ആർക്കും ഒറ്റയടിക്കു കയറിവരാനുമാകില്ല. കോഴ്സുകൾ മിക്കതും സ്വകാര്യ മേഖലയിലാണെന്നു മാത്രം.

ബ്യൂട്ടി പാർലർ മാത്രമല്ല
മേക്കപ് പഠിച്ചാൽ സ്വന്തമായി ബ്യൂട്ടി പാർലറോ സലൂണോ തുടങ്ങുക മാത്രമല്ല, ടിവി, പരസ്യ, സിനിമാ മേഖലകളോടു ചേർന്നും തൊഴിലവസരങ്ങൾ ഏറെയാണ്. ക്ലാസിക്കൽ നൃത്തം, നാടകം, ഫാഷൻ മേഖലകളിലും മികവുള്ളവരെ ആവശ്യമുണ്ട്. ഒരു ദിവസം 15,000– ഒരു ലക്ഷം രൂപ ലഭിക്കുന്ന ബ്രൈഡൽ മേക്കപ് മുതൽ ലക്ഷങ്ങൾ പ്രതിഫലമുള്ള പ്രോസ്തെറ്റിക് മേക്കപ് വരെ കരിയറിലെ സാധ്യതകളാണ്.

മാറുന്ന ടെക്നോളജി
പെട്രോമാക്സ് വിളക്കിന്റെ തെളിച്ചത്തിൽ നാടക താരങ്ങളുടെ മുഖത്തു ചെയ്യുന്ന മേക്കപ് അല്ല സിനിമയിൽ 8ഡി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന താരത്തിനു ചേയ്യേണ്ടത്. എയർബ്രഷ് മേക്കപ്, സ്പ്രേ മേക്കപ്, എച്ച്ഡി മേക്കപ് തുടങ്ങി വിയർത്താലും കഴുകിക്കളഞ്ഞാലും ഒലിച്ചുപോകാത്ത മേക്കപ്പുകളുണ്ട്. മുഖം മാത്രമല്ല സ്കിൻ, ഹെയർ മേക്കപ്പുകളും ലക്ഷങ്ങൾ പ്രതിഫലം വാങ്ങാൻ കഴിയുന്ന മേഖലയാണ്. വിദഗ്ധരായ ഹെയർ സ്റ്റൈലിസ്റ്റുകൾ ഇപ്പോഴും വളരെ കുറവാണ്.

പ്രോസ്തെറ്റിക്: അവസരം ചികിത്സാരംഗത്തു വരെ
‘ഉയരെ’ സിനിമയിൽ ആസിഡ് ആക്രമണത്തിൽ പാതി കരിഞ്ഞ മുഖവുമായെത്തിയ പാർവതിയുടെ മുഖം ഓർമയില്ലേ ? പ്രോസ്തെറ്റിക് മേക്കപ് എന്ന വിദ്യയാണ് അതിനു പിന്നിൽ. ഒരാളുടെ രൂപത്തെ പൂർണമായും മറ്റൊന്നായി മാറ്റിയെടുക്കുന്ന കലാവിദ്യ. പ്രായം കൂട്ടുക, മുറിവുകളുണ്ടാക്കുക, ശരീരഭാഗങ്ങൾ കൃത്രിമമായി നിർമിക്കുക എന്നിവയൊക്കെ പ്രോസ്തെറ്റിക് മേക്കപ്പിന്റെ ഭാഗങ്ങളാണ്.

രൂപം മാറ്റേണ്ടയാളിന്റെ കൃത്രിമ രൂപം പിഴവില്ലാതെ തയാറാക്കുന്നതാണ് പ്രോസ്തെറ്റിക് മേക്കപ്പിന്റെ ആദ്യ ഘട്ടം. ശിൽപവൈദഗ്ധ്യവും കളർ സെൻസുമാണ് ഈ രംഗത്തു ശോഭിക്കാൻ വേണ്ട അടിസ്ഥാന ഗുണങ്ങൾ.

Pattanam-Rasheed-sc

സിനിമയിൽ മാത്രമല്ല, ചികിത്സാ രംഗത്തും ഗവേഷണ മേഖലയിലും പ്രോസ്തെറ്റിക് മേക്കപ്പിനു സാധ്യതകൾ ഏറെയാണ്. ചെറിയ തൊഴിൽ സംരംഭം എന്ന രീതിയിൽ പഠിപ്പിക്കുന്ന കോഴ്സുകൾ ഇവിടെയുണ്ട്. വിദേശത്താകട്ടെ, കലാരൂപമെന്ന നിലയിൽ ഇതു പഠിപ്പിക്കുന്ന അഡ്വാൻസ്ഡ് കോഴ്സുകളുമുണ്ട്. ‘കമ്മാരസംഭവം’, ‘മായാമോഹിനി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എൻ.ജി. റോഷൻ ലണ്ടനിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയിരുന്നു.

ജന്മസിദ്ധമായ കഴിവും നിരീക്ഷണവും ഒക്കെയുണ്ടെങ്കിലേ മികച്ച മേക്കപ് ആർട്ടിസ്റ്റായി സിനിമയിൽ ശോഭിക്കാനാകൂ. സിനിമയിൽ മികച്ച ടെക്നിഷ്യൻമാരെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. പരിശീലന കോഴ്സുകൾ ഇപ്പോൾ വളരെ പ്രഫഷനലായി. പഠനത്തിനൊപ്പം ഒരു വിദഗ്ധന്റെ കീഴിൽ പരിശീലനവും നേടേണ്ടതുണ്ട്.

Roshan

പട്ടണം റഷീദ്

പഠിച്ച ശേഷവും നിരന്തരം അപ്ഡേറ്റ് ചെയ്യുക എന്നത് ഈ മേഖലയിൽ പ്രധാനം. യൂട്യൂബിൽ വിദഗ്ധരുടെ പഠനക്ലാസുകൾ ലഭിക്കും. ഓൺലൈൻ വിപണി സജീവമായതോടെ മേക്കപ് സാമഗ്രികൾ വാങ്ങാൻ ഇപ്പോൾ ബുദ്ധിമുട്ടില്ല.

എൻ.ജി. റോഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com