sections
MORE

മാറ്റങ്ങളോടെ തൊഴിൽ ലോകം; അറിഞ്ഞു പഠിക്കാം കോഴ്സുകൾ

students
SHARE

ഏതൊരു വിദ്യാർഥിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവാണു ബിരുദപഠനം. രാജ്യത്ത് തൊഴിൽ പ്രവണതകൾ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കോഴ്സുകളോടുള്ള താൽപര്യം, പ്ലേസ്മെന്റ് എന്നിവയിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാം. പ്ലസ്ടു പഠിച്ചിറങ്ങുന്നവർക്ക് ഇണങ്ങിയ ന്യൂജനറേഷൻ കോഴ്സുകളും രൂപപ്പെട്ടു വരുന്നു. 18 വയസ് പ്രായത്തിലുള്ള പുത്തൻ ജനറേഷന്റെ (Gen Zen) എണ്ണം ലോകജനസംഖ്യയുടെ മൂന്നിലൊന്നാകുന്ന വർഷമാണിത്! ഉൽപന്നം മുതൽ രാഷ്ട്രീയം വരെയുള്ള കാര്യങ്ങളിൽ ഇവരുടെ തീരുമാനം നിർണായകമായിത്തീരും.

തൊഴിൽ മേഖലയിൽ ഈ വർഷത്തോടെ 15–20% പെൺകുട്ടികൾ കൂടുതലായെത്തും. ബാങ്കിങ്, സാമ്പത്തിക, ഇന്‍ഷുറൻസ്, ഓട്ടമൊബീല്‍, ഐടി സോഫ്റ്റ്‍വെയർ, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം എന്നീ തൊഴിൽ മേഖലകളിൽ വനിതാ പ്രാതിനിധ്യം ഉയരുമെന്ന് ഇന്ത്യ സ്കിൽസ് റിപ്പോർട്ട് – 2019 വ്യക്തമാക്കുന്നു. ഇതിലൂടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 2025 വര്‍ഷത്തോടെ 16–60% വരെ വർധനവാണു പ്രതീക്ഷിക്കുന്നത്. വിവരസാങ്കേതിക മേഖല തന്നെയായിരിക്കും ഈ വർഷവും കൂടുതൽ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. സേവന മേഖല കരുത്താർജിക്കുമ്പോൾ സ്മാർട് തൊഴിലുകൾക്കും സാധ്യതയേറും. 2020 ഓടെ രൂപപ്പെടുന്ന തൊഴിലുകളിൽ 9 ശതമാനവും അറിയപ്പെടാത്ത പുത്തൻ തൊഴിൽ മേഖലകളായിരിക്കുമെന്നാണ് അടുത്ത കാലത്തു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.

പ്ലസ്ടുവിനു ശേഷം നിരവധി പ്രവേശന പരീക്ഷകളുണ്ട്. എൻജിനീയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, നിയമം, ഡിസൈൻ, ടെക്നോളജി, ഇംഗ്ലീഷ്, ഹ്യുമാനിറ്റീസ്, അക്കൗണ്ടിങ്, സോഷ്യൻ സയൻസ് തുടങ്ങി വിവിധ ബിരുദ കോഴ്സുകൾക്ക് വേണ്ടി 40 ലേറെ പ്രവേശന പരീക്ഷകളാണു പ്ലസ്ടു കടന്നുവരുന്നവരെ കാത്തിരിക്കുന്നത്.

വിദ്യാർഥികളുടെ താൽപര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തി കോഴ്സുകൾ തിരഞ്ഞെടുക്കണം. രക്ഷിതാക്കൾ മക്കളുടെ താൽപര്യം പരിഗണിക്കാതെ കോഴ്സ് തിരഞ്ഞെടുക്കരുത്. വിദ്യാർഥിക്ക് ഏത് കോഴ്സിനോടാണു താൽപര്യം എന്നതു വിലയിരുത്തി അതിനുതകുന്ന പ്രവേശന പരീക്ഷകള്‍ എഴുതാൻ ശ്രമിക്കണം. ഇന്നത്തെ ആഗോളവൽകൃത യുഗത്തിൽ ലോകമെമ്പാടും തൊഴിലവസരങ്ങളുണ്ടെന്നു രക്ഷിതാക്കളും വിദ്യാർഥികളും മനസ്സിലാക്കണം. ഇനി വരുന്ന കാലത്ത് ബിരുദം മാത്രം പോരാ. ബിരുദത്തിനപ്പുറം ബിരുദാനന്തരബിരുദവും ഗവേഷണവും കടന്നുള്ള സ്പെഷ ലൈസേഷൻ ആവശ്യമായി വരും. 

പതിനായിരക്കണക്കിന് കോഴ്സുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഏവരിലും ആശയക്കുഴപ്പം സൃഷ്ടിക്കും. പതിറ്റാണ്ടുകളോളം ജീവിതത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ട, തൊഴിൽ മേഖലയിൽ എത്താൻ മികച്ച കോഴ്സുകൾ കണ്ടെത്തണം. കാലത്തിന്റെ മാറ്റം തിരിച്ചറിയണം. പഠനം പൂർത്തിയാക്കിയതിനുശേഷമുള്ള മാറ്റങ്ങൾക്കിണങ്ങിയ കോഴ്സുകൾ കണ്ടെത്തണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA