ADVERTISEMENT

ബിടെക് പ്രോജക്ടിന്റെ ഭാഗമായി ഒരു കപ്പലാണു രൂപകൽപന ചെയ്യുന്നതെങ്കിലോ ? എങ്കിൽ ആ കോഴ്സ് അത്ര നിസാരമല്ല. പഠിക്കുന്ന വിദ്യാർഥികൾ നിസാരക്കാരുമായിരിക്കില്ല. 

അതാണു കൊച്ചി കുസാറ്റിലെ (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് ബിടെക്. കോഴ്സിന്റെ ഭാഗമായി യശ്വന്ത് ആർ. കമ്മത്ത് എന്ന വിദ്യാർഥിയാണ് കൊച്ചിൻ ഷിപ്‌യാഡിലെ പ്രോജക്ട് കാലത്ത് ക്രൂസ് കപ്പൽ രൂപകൽപന ചെയ്തത്. ക്യാംപസ് ഇന്റർവ്യൂവിൽ ഏറ്റവും ഉയർന്ന പ്ലേസ്മെന്റ് ഓഫറും ലഭിച്ചതും യശ്വന്തിനാണ് – വർഷം 24 ലക്ഷം രൂപ. ജപ്പാനിലെ ഓഷിമ ഷിപ്‌യാഡിലാണു ജോലി. 

ബാച്ചിലെ 18 പേർക്ക് ഇതിനകം തന്നെ പ്ലേസ്മെന്റ് ലഭിച്ചതായി ഫാക്കൽറ്റി പ്ലേസ്മെന്റ് അഡ്വൈസർ ഡോ.കെ. ശിവപ്രസാദ് പറയുന്നു. മറ്റു രണ്ടുപേർക്കു കൂടി ഓഫർ ലഭിച്ചിട്ടുമുണ്ട്. ജോലി നൽകിയവരിൽ ജപ്പാൻ, നോർവേ, െനതർലൻഡ്സ് എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള കമ്പനികൾ. 

പഠനമേഖല വിശാലം
നേവൽ ആർക്കിടെക്ചർ, മറൈൻ എൻജിനീയറിങ്, ഓഷൻ എൻജിനീറിങ് തുടങ്ങിയ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന സിലബസ്. വേനലവധിക്കാലത്ത് എട്ടാഴ്ച കപ്പൽ നിർമാണശാലകളിലും കപ്പൽ രൂപകൽപനാകേന്ദ്രങ്ങളിലും ഇന്റേൺഷിപ്പുമുണ്ട്. കപ്പലിന്റെ പ്രവർത്തനം, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഘടകങ്ങളും അവയുടെ പ്രവർത്തനവും, ജലത്തിലെ ചലനം, കംപ്യൂട്ടർ അധിഷ്ഠിത രൂപകൽപന, അപ്ലൈഡ് തെർമോഡൈനാമിക്സ്, സ്ട്രക്ചറൽ അനാലിസിസ്, കപ്പൽ അറ്റകുറ്റപ്പണി തുടങ്ങിയ വിഷയങ്ങളിലാണു പഠനം. പഠിച്ചിറങ്ങിയ ബാച്ചിൽ നാവികസേനയ്ക്കു 15 സീറ്റ് മാറ്റിവച്ചിരുന്നു.   

വിദേശ സഹകരണവും
നാലു പതിറ്റാണ്ടായി രാജ്യത്തെ കപ്പൽ നിർമാണശാലകൾ, ഷിപ് ക്ലാസിഫിക്കേഷൻ സൊസൈറ്റികൾ, റിസർച് ആൻഡ് ഡവലപ്മെന്റ് കമ്പനികൾ, നാവികസേന തുടങ്ങിയവയിലെല്ലാം കോഴ്സ് പഠിച്ചിറങ്ങിയവരുടെ സാന്നിധ്യം ശക്തമാണ്. യുകെയിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നേവൽ ആർക്കിടെക്ട്സ്, കൊറിയയിലെ ചോസൻ യൂണിവേഴ്സിറ്റി, രാജ്യത്തെ വിവിധ ഐഐടികളും സർവകാലാശാലകളും, വിശാഖപട്ടണത്തെ നേവൽ സയൻസ് ആൻഡ് ടെക്നോളജി ലാബ് തുടങ്ങിയവയുടെ സഹകരണവുമുണ്ട്.

കോഴ്സിനിടെ കൊച്ചിൻ ഷിപ്‌യാഡ്, ലോയ്ഡ്സ് റജിസ്റ്റർ എന്നിവിടങ്ങളിൽ ഇന്റേൺഷിപ് ചെയ്യാനായി. സിംഗപ്പൂർ, യുകെ, നെതർലൻഡ്സ് എന്നിവിടങ്ങളിലായി 8 രാജ്യാന്തര പ്രബന്ധങ്ങളും അവതരിപ്പിച്ചു. കുസാറ്റിലെ സ്റ്റാർട്ടപ് കമ്പനിയായ സ്റ്റികോണിലെ പ്രവർത്തനപരിചയവും സഹായകമായി. 
യശ്വന്ത് ആർ. കമ്മത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com