ADVERTISEMENT

സമൂഹത്തിനോ ശാസ്ത്രത്തിനോ ഏതെങ്കിലും വിധത്തിൽ പ്രയോജനം ചെയ്യുന്ന പഠനം അല്ലെങ്കിൽ ഗവേഷണം; സ്കോളർഷിപ്പുകളുടെ കൂട്ടത്തിലെ മിന്നും താരമായ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ ലഭിക്കാനുള്ള അടിസ്ഥാന യോഗ്യതയാണിത്. യുഎസിലെ സർവകലാശാലകളിൽ 6 മാസം മുതൽ 2 വർഷം വരെ പഠിക്കാനും ഗവേഷണം നടത്താനും ഫുൾബ്രൈറ്റ് അവസരമൊരുക്കുന്നു. 

ഇത്തവണ വിവിധ കാറ്റഗറികളിൽ ഫെലോഷിപ് നേടിയവരിൽ പത്തിലധികം മലയാളികളുണ്ട്. അക്കൂട്ടത്തിൽ ഫുൾബ്രൈറ്റ് നെഹ്റു ഡോക്ടറൽ ഫെലോഷിപ് നേടിയ മിടുക്കരെ പരിചയപ്പെടാം. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നവരാണിവർ. ഗവേഷണത്തിന്റെ ഒരു ഭാഗം ഇനി യുഎസിലെ വിവിധ സർവകലാശാലകളിൽ. തങ്ങളുടെ മേഖലയിൽ ലോകത്തെ തന്നെ മികച്ച പ്രതിഭകളോടൊപ്പം പ്രവർത്തിക്കാനും അസുലഭാവസരം.

ഹൈദരാബാദിൽനിന്ന് കാരലൈനയിലേക്ക്

syama

ശ്യാമ ശശികുമാർ
മൂന്നാം വർഷ ഗവേഷണ വിദ്യാർഥി, ഐഐടി ഹൈദരാബാദ്.
വിഷയം: ബയോഎൻജിനീയറിങ്

ബയോടെക്നോളജിയിലെ നൂതന സാങ്കേതികവിദ്യകളോടുള്ള താൽപര്യമാണു പാലക്കാട് സ്വദേശി ശ്യാമയെ ഫുൾബ്രൈറ്റിന് അർഹയാക്കിയത്. ടിഷ്യു എൻജിനീയറിങ്ങിലാകും യുഎസിലെ പഠന കാലയളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

നോർത്ത് കാരലൈനയിലെ വോക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 9 മാസത്തെ ഗവേഷണത്തിനായി നവംബറിൽ പോകും. പാലക്കാട് സ്വദേശികളായ ശശികുമാറിന്റെയും മായയുടെയും മകൾ.

അവർ ചോദിച്ചു, പ്രളയവും നിപ്പയും

Viswajyothi

കെ. വിശ്വജ്യോതി
മൂന്നാം വർഷ ഗവേഷണ വിദ്യാർഥി
കോളജ് ഓഫ് അഗ്രികൾചർ, വെള്ളായണി

വിഷയം: അഗ്രികൾചറൽ സയൻസ്

നിങ്ങൾ മലയാളികൾ എങ്ങനെയാണ് പ്രളയവും നിപ്പയുമൊക്കെ അതിജീവിച്ചത്? ഡൽഹിയിൽ ഫുൾബ്രൈറ്റിനായുള്ള അഭിമുഖത്തിൽ വിശ്വജ്യോതി നേരിട്ട ചോദ്യം. കേരളത്തിലെ ഉയർന്ന സാക്ഷരതയെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.

പ്രാണികളെക്കുറിച്ചുള്ള പഠനമായ എൻഡമോളജിയാണ് വിശ്വജ്യോതിയുടെ മേഖല. ദക്ഷിണേന്ത്യയിലെയും പശ്ചിമഘട്ടത്തിലെയും അപൂർവ ഇനം പ്രാണികളെ കണ്ടെത്തുക എന്നതാണു പ്രധാന ഭാഗം. ബ്രിഗാം യങ് സർവകലാശാലയിൽ 9 മാസത്തെ ഗവേഷണത്തിന് അടുത്ത മാസം യുഎസിലേക്കു പോകും. ഡോ.കെ.ഡി.പ്രതാപനാണു കാർഷിക സർവകലാശാലയിൽ വിശ്വജ്യോതിയുടെ ഗൈഡ്. വയനാട് സ്വദേശികളായ കെ.നാരായണന്റെയും ഗീതാകുമാരിയുടെയും മകളാണ്.

നരവംശശാസ്ത്രം പഠിക്കാൻ സാഹിത്യം

Shamsudeen


യു.കെ. ഷംസുദ്ദീൻ
മൂന്നാം വർഷ ഗവേഷണ വിദ്യാർഥി,ഐഐടി ബോംബെ.
വിഷയം: ആന്ത്രപ്പോളജി

സാഹിത്യ കൃതികളിലൂടെ നരവംശശാസ്ത്ര പഠനം ! യു.കെ. ഷംസുദ്ദീന്റെ ഗവേഷണ വിഷയമാണിത്. ഇതിനായി ശ്രീനാരായണഗുരുവിന്റെ കൃതികൾ വരെ ശേഖരിച്ചു. കൾചറൽ ആന്ത്രപ്പോളജി എന്നതാണ് ഷുസുദ്ദീൻ ഊന്നൽ കൊടുക്കുന്ന മേഖല. പ്രഫ. രതീഷ് രാധാകൃഷ്ണനാണു ഗൈഡ്.വ്യത്യസ്ത മേഖലയിലെ പഠനമാണ് ഷംസുദ്ദീനെ ഫുൾബ്രൈറ്റിന് അർഹമാക്കിയത്. ടെക്സസ് സർവകലാശാലയിൽ 9 മാസത്തെ ഗവേഷണം ഒക്ടോബറിൽ ആരംഭിക്കും. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ഉണ്ണീൻകുട്ടിയുടെയും സാജിതയുടെയും മകനാണ്.

സസ്യങ്ങളെ പഠിക്കാൻ സോഫ്റ്റ്‌വെയർ സഹായം

Anooja

അനൂജ തോമസ്
നാലാം വർഷ ഗവേഷണ വിദ്യാർഥി, ഐഐടി റൂർക്കി.
വിഷയം: ഹൈഡ്രോളജി

വിവിധ സാഹചര്യങ്ങളിൽ സസ്യങ്ങൾ മണ്ണിൽ നിന്നു വെള്ളം വലിച്ചെടുക്കുന്നതിനെക്കുറിച്ചാണ് അനൂജയുടെ ഗവേഷണം. ഇതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ മോഡലുകൾ സൃഷ്ടിക്കുക എന്നതാണു ഫുൾബ്രൈറ്റിന്റെ ഭാഗമായുള്ള ഗവേഷണത്തിന്റെ ലക്ഷ്യം.കലിഫോർണിയ സർവകലാശാല റിവർസൈഡ് ക്യാംപസിൽ ഒക്ടോബറിൽ ഗവേഷണം ആരംഭിക്കും.സിവിൽ എൻജിനീയറിങ് ബിരുദധാരിയായ അനൂജ അങ്കമാലി സ്വദേശികളായ എം.ജെ.തോമസിന്റെയും മേരി തോമസിന്റെയും മകളാണ്. ജീസ് സെബാസ്റ്റ്യൻ ഭർത്താവ്.

യുഎസും രുചിക്കട്ടെ,ആ ഓറഞ്ച് കാൻഡി

Jeena

കെ. ജീന ആൻ
മൂന്നാം വർഷ ഗവേഷണ വിദ്യാർഥി, ഐഐടി മദ്രാസ്.
വിഷയം: ഹ്യുമാനിറ്റീസ്

ശാസ്ത്രവിഷങ്ങൾ എങ്ങനെ പഠിപ്പിക്കാം? ജീനയുടെ ഗവേഷണ വിഷയമാണിത്. അധ്യാപിക എന്ന നിലയിലുള്ള പരിചയസമ്പത്താണ് ഫുൾബ്രൈറ്റ് നേടാൻ സഹായകരമായത്. ശാസ്ത്രം പഠിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ വഴികൾ കണ്ടെത്തുകയാണ് ജീന. 'ഓറഞ്ച് കാൻഡി' എന്ന പേരിൽ സ്കൂൾ വിദ്യാർഥികളെ ശാസ്ത്രം പഠിപ്പിക്കുന്ന ഒരു സംരംഭവും ജീന ആരംഭിച്ചിട്ടുണ്ട്.ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലാണ് 9 മാസത്തെ ഗവേഷണം. കൊച്ചി ഇടപ്പള്ളി സ്വദേശികളായ ജോൺ പി.ജോണിന്റെയും ബീനയുടെയും മകളാണ്. പോൾ വി.മോഹൻ ഭർത്താവ്.

വിന്നേഴ്സ് ടിപ്സ്

∙ മികച്ച രീതിയിൽ തയാറാക്കുന്ന റിസർച് പ്രൊപ്പോസൽ ഗുണം ചെയ്യും.

∙വിവിധ മേഖലകളിൽ നിന്നുള്ള പതിനഞ്ചോളം വിദഗ്ധരടങ്ങുന്ന പാനലിനു മുന്നിലാണ് അഭിമുഖം. അതുകൊണ്ടു തന്നെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള പ്രൊപ്പോസൽ വേണം തയാറാക്കാൻ. അഭിമുഖ സമയത്തു നമ്മുടെ അവതരണവും ലളിതമാകണം.

∙നമ്മുടെ ഗവേഷണ/ പഠന ലക്ഷ്യം, യുഎസിൽ പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം തുടങ്ങിയവ വ്യക്തമാക്കാൻ സാധിക്കണം.

∙ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അവബോധം ഉണ്ടാകണം. അക്കാദമിക വിഷയങ്ങൾക്കു പുറമേ മറ്റു മേഖലകളിലെ നേട്ടങ്ങളും പരിഗണിക്കും.

∙ഇംഗ്ലിഷ് പ്രാവീണ്യം പ്രധാന ഘടകമാണ്.

അടുത്ത അപേക്ഷ ഫെബ്രുവരിയിൽ

ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്കുള്ള അപേക്ഷ മിക്കപ്പോഴും ഫെബ്രുവരിയിലാണു ക്ഷണിക്കാറുള്ളത്. മാസ്റ്റേഴ്സ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, ടീച്ചിങ് എക്സലൻസ്, ക്ലൈമറ്റ് ചെയ്ഞ്ച് തുടങ്ങി പത്തോളം കാറ്റഗറികളിൽ ഫെലോഷിപ് ലഭിക്കും. പഠിച്ചു കൊണ്ടിരിക്കുന്നവർക്കും ഗവേഷകർക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം.ഒരു വർഷത്തോളം നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയയാണ്. അപേക്ഷ അയയ്ക്കുന്നവരിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഡൽഹിയിൽ ഇന്റർവ്യൂവിനു ക്ഷണിക്കും. ഇന്റർവ്യൂവിനു മുൻപുതന്നെ യുഎസ് സർവകലാശാലകളിൽ അധ്യാപകരുമായി ധാരണയിലെത്തുന്നതു നല്ലതാണ്.എന്നാൽ, മുൻകൂട്ടി ആരെങ്കിലും നമ്മളെ തിരഞ്ഞെടുത്തില്ലെങ്കിലും സ്കോളർഷിപ് നേടിയ ശേഷം അതിനുള്ള അവസരമുണ്ട്.പഠനം, താമസം, യാത്ര എന്നിവയുടെ ചെലവ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ ഫെലോഷിപ്പിന്റെ ഭാഗമായി ലഭിക്കും. 

വെബ്സൈറ്റ്: www.usief.org.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com