ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരികരിക്കാൻ കഴിയുമോയെന്നു പരിശോധിക്കുമെന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. ‘തൊഴിൽ വീഥി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്. 

ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നര വർഷം കഴിയുമ്പോൾ അതേ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനു തടസ്സമില്ല. എൽഡി ക്ലാർക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2018 ഏപ്രിൽ രണ്ടിനായിരുന്നു. ഡിസംബർ ആകുമ്പോഴേക്കു ലിസ്റ്റ് നിലവിൽ വന്ന് ഒന്നര വർഷം പിന്നിടും. ഈ സാഹചര്യത്തിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാവുന്നതാണ്. ഡിസംബറിൽ വിജ്ഞാപനം വന്നാലും നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ മൂന്നു വർഷ കാലാവധി പൂർത്തിയാക്കുന്നതിന്റെ അടുത്ത ദിവസമേ പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരൂ എന്നും ചെയർമാൻ പറഞ്ഞു. 

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.

കെഎഎസ് നടപടികൾ 
സർക്കാർ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) വിജ്ഞാപനം ഒാഗസ്റ്റിൽ പ്രസിദ്ധീകരിക്കാൻ കഴിയും. കെഎഎസ് തിരഞ്ഞെടുപ്പു സംബന്ധിച്ചു പിഎസ്‌സി വ്യ‌ക്തമായ രൂപരേഖ തയാറാക്കിയിട്ടുണ്ട്. സമയബന്ധിതമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന ശുപാർശ നടത്തും. പരമാവധി വേഗത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കാനുള്ള നടപടിക്രമങ്ങൾ പിഎസ്‌സി ആസൂത്രണം ചെയ്തിട്ടുണ്ട്. 

പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു കെഎഎസ് തിരഞ്ഞെടുപ്പു പൂർത്തിയാക്കുക. പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷയുടെ തീയതി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. വിവരണാത്മക മെയിൻ പരീക്ഷ ഏകദേശം എന്നു നടക്കുമെന്നും വിജ്ഞാപനത്തിലുണ്ടാവും. അടുത്ത വർഷം ആദ്യം പ്രാഥമിക പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. സിലബസ് സംബന്ധിച്ച അന്തിമ തീരുമാനവും ഉടനുണ്ടാവും. തുടർന്ന് വിശദമായ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

വെബ്സൈറ്റിലെ പ്രശ്നം
പിഎസ്‌സിയുടെ വെബ്സൈറ്റ് നവീകരിച്ചതുമായി ബന്ധപ്പെട്ട ചില പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് ഉടൻ പരിഹാരം കാണും. വെബ്സൈറ്റ് മൊബൈൽ ഫോണിൽ പരിശോധിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. നിയമന ശുപാർശ ഉൾപ്പെടെയുള്ള ചില വിവരങ്ങൾ മൊബൈലിൽ പരിശോധിക്കുമ്പോൾ പൂർണമായി ലഭിക്കുന്നില്ല എന്നത് ഉദ്യോഗാർഥികൾക്കു ബുദ്ധിമുട്ടാകും. ഇക്കാര്യം പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

റിവൈസ്ഡ് പരീക്ഷാകലണ്ടർ 
വിവിധ തസ്തികകൾക്കുള്ള പരീക്ഷകൾ ഒാൺലൈനായാണോ ഒഎംആർ രീതിയിലാണോ എന്നു വ്യക്തമാക്കാത്ത പരീക്ഷാ കലണ്ടറാണു പിഎസ്‌സി ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. കൺഫർമേഷൻ നൽകേണ്ട അവസാന തീയതി കഴിഞ്ഞ്, അപേക്ഷകരുടെ എണ്ണം അറിഞ്ഞ ശേഷമാണു പരീക്ഷാരീതി തീരുമാനിക്കുന്നത്. ഇതിനു ശേഷം, ഏതൊക്കെ പരീക്ഷകളാണ് ഒാൺലൈൻ വഴിയും ഒഎംആർ രീതിയിലും നടത്തുന്നതെന്നു വ്യക്തമാക്കി റിവൈസ്ഡ് പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.   

ഒാൺലൈൻ പരീക്ഷ 
ഒാണ്‍ൈലൻ പരീക്ഷകൾ വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 10,000 അപേക്ഷകർ വരെയുള്ള എല്ലാ പരീക്ഷകളും ഇപ്പോൾ ഒാൺലൈൻ വഴിയാണ് നടത്തുന്നത്. 20,000 അപേക്ഷകർ വരെയുള്ള പരീക്ഷകൾ ഈ രീതിയിൽ നടത്താനാണു തീരുമാനം. കൂടുതൽ ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ തവണത്തെ വകുപ്പുതല പരീക്ഷകൾ ഒാൺലൈനായി നടത്തിയതു പൂർണ വിജയമായിരുന്നു. ഭാവിയിൽ കുടൂതൽ അപേക്ഷകരുള്ള പരീക്ഷകളും ഒാൺലൈനിൽ നടത്തും. 

ചോദ്യങ്ങൾക്ക് ഇനി ആധികാരിക രേഖ 
പിഎസ്‌സി പരീക്ഷയ്ക്കു തയാറാക്കുന്ന ചോദ്യങ്ങൾ ഒൗദ്യോഗിക രേഖകളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കണമെന്നു ചോദ്യകർത്താക്കൾക്കു നിർദേശം നൽകുമെന്നു ചെയർമാൻ അറിയിച്ചു. പല ചോദ്യ പേപ്പറുകളിലും തെറ്റായ ചോദ്യങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും കടന്നുകൂടാറുണ്ട്. 

ഇങ്ങനെയുള്ള ചോദ്യങ്ങൾ വിദഗ്ധരുടെ നിർദേശാനുസരണം തിരുത്തുകയോ ഒഴിവാക്കുകയോ ചെയ്യുകയാണു പതിവ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നു എന്നതിനാൽ നിലവിലുളള രീതിയിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ, ആധികാരിക രേഖകൾ വിലയിരുത്തി ചോദ്യങ്ങൾ തയാറാക്കണമെന്ന് ചോദ്യകർത്താക്കൾക്കു നിർദേശം നൽകാം. ചോദ്യ പേപ്പറിലെ പ്രശ്നങ്ങൾ ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്നാണ പ്രതീക്ഷ–ചെയർമാൻ പറഞ്ഞു. 

ഓൺസ്ക്രീൻ മാർക്കിങ് നടപടികൾ സജ്ജം 
കെഎഎസിനായി വിവരണാത്മക രീതിയിൽ നടത്തുന്ന മെയിൻ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഒാൺസ്ക്രീൻ മാർക്കിങ് വഴിയാണു മൂല്യനിർണയം നടത്തുക. മുൻപ് വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസുകൾ അധ്യാപകർക്കു നൽകി മൂല്യനിർണയം നടത്തുകയായിരുന്നു. പ്ലാനിങ് ബോർഡിൽ ചീഫ് തസ്തികയ്ക്ക് ഓൺസ്ക്രീൻ മാർക്കിങ് മൂല്യനിർണയം വിജയമായിരുന്നു. 750 അധ്യാപകർക്ക് ഒരേ സമയം മൂല്യനിർണയം നടത്താവുന്ന വിധമാണ് ഒാൺസ്ക്രീൻ മാർക്കിങ് സൗകര്യം. വിവിധ വിഷയങ്ങളിലുള്ള  ചോദ്യങ്ങളും ഉത്തരങ്ങളും കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കും. അധ്യാപകർ അവരവരുടെ വിഷയങ്ങളിലുള്ള ചോദ്യോത്തരങ്ങൾ പരിശോധിച്ചു മാർക്ക് രേഖപ്പെടുത്തും. ഈ രീതിയിൽ രണ്ടോ അതിലധികം തവണയോ ഉദ്യോഗാർഥികൾ എഴുതിയ ഉത്തരങ്ങൾ മൂല്യനിർണയം നടത്തപ്പെടുമെന്നതിനാൽ കൃത്യമായ ഫലമായിരിക്കും ഉണ്ടാവുകയെന്നും ചെയർമാൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com