sections
MORE

ആശയം മിന്നിയാലുടനേ സ്റ്റാർട്ടപ് തുടങ്ങാമോ? അറിയാനും ഓർക്കാനും ചില കാര്യങ്ങൾ

Start_Up
SHARE

യാഹുവിൽ 9 വർഷത്തെ ജോലിക്കു ശേഷം ജാൻ കൂമും ബ്രയാൻ ആക്ടണും 2009ൽ ഫെയ്സ്ബുക്കിൽ ജോലി തേടിപ്പോയി. ഇരുവരെയും ഫെയ്സ്ബുക് നിഷ്കരുണം തള്ളി. നിരാശരായി മടങ്ങിയ അവർ ഒരു മൊബൈൽ ആപ് വികസിപ്പിച്ചു. കൃത്യം 5 വർഷം കഴി‍ഞ്ഞ് അതേ ഫെയ്സ്ബുക് 1.1 ലക്ഷം കോടി രൂപയ്ക്ക് ഇവരുടെ സ്റ്റാർട്ടപ് കമ്പനി ഏറ്റെടുത്തു. ആ കമ്പനിയുടെ പേരാണ് വാട്സാപ് ! ഫെയ്സ്ബുക്കിന്റെ ഏറ്റവും ചെലവേറിയ ഏറ്റെടുക്കൽ. സ്റ്റാർട്ടപ്പുകൾക്ക് എത്രത്തോളം വളരാമെന്നതിന്റെ ഉദാഹരണം. 

ആദ്യം കമ്പനിയല്ല, ആശയം 
സ്റ്റാർട്ടപ്പുകളുടെ ജന്മോദ്ദേശ്യം പ്രശ്നപരിഹാരമായിരിക്കണം. ആദ്യമേ കമ്പനി റജിസ്റ്റർ ചെയ്ത് ഓഫിസും സ്റ്റാഫുമായി ബാധ്യതയുണ്ടാക്കുന്നതിനു പകരം ശക്തമായ ആശയത്തിന്റെ പിൻബലം ഉറപ്പാക്കണം. പരിഹരിക്കാൻ പോകുന്ന പ്രശ്നത്തിന്റെ വിപണിമൂല്യം കണക്കാക്കണം. ഉപയോക്താക്കളുടെ എണ്ണത്തിനപ്പുറം മൂല്യമാണു പ്രധാനം. 

അഞ്ചു വർഷത്തിനു ശേഷവും ആശയത്തിന് പ്രസക്തിയുണ്ടാകുമോയെന്നു പരിശോധിക്കണം. ഇതിനു കൺസൽറ്റൻസികളുടെ സഹായവും തേടാം. ഇതിലെല്ലാമുപരി വാർത്താ മാധ്യമങ്ങളെയും പിന്തുടരണം. ഇതെല്ലാം കഴിഞ്ഞ് ആശയം പോരെന്നു തോന്നിയാൽ വേണ്ടെന്നുവയ്ക്കാൻ മനസ്സു വേണം. ഇത്രയും കഴിഞ്ഞേ ഒരു പൈസയെങ്കിലും ചെലവഴിക്കാവൂ. അതുവരെ മുണ്ട് പരമാവധി മുറുക്കിയുടുക്കണം ! 

നിക്ഷേപത്തിന് എലിവേറ്റർ‌ പിച്ച് 
കമ്പനിക്കു മൂലധനത്തിനു പുറമേ മുന്നോട്ടുവളരാനുള്ള പണം ആദ്യ റൗണ്ടായ ഏഞ്ചൽ നിക്ഷേപത്തിൽ നിന്നാണു സ്വീകരിക്കുന്നത്. നിക്ഷേപകരോട് ഏറെനേരം സംസാരിക്കാനായെന്നു വരില്ല. ഉദാഹരണത്തിന് ലിഫ്റ്റിലാണു കണ്ടുമുട്ടുന്നതെന്നു കരുതുക. ആ സമയം കൊണ്ട് കമ്പനിയെ എങ്ങനെ ആകർഷകമായി പരിചയപ്പെടുത്താൻ കഴിയുമെന്നതാണ് എലിവേറ്റർ പിച്ച്. മൂന്നോ നാലോ വാചകങ്ങളിൽ തന്നെ നിക്ഷേപകനു നമ്മിൽ വിശ്വാസമുണ്ടാകണം. വിപണിയുടെ വലുപ്പം, നിങ്ങൾ പരിഹരിക്കുന്ന പ്രശ്നം എന്നിവ വ്യക്തമാക്കണം. 

പിച്ച് ഡെക്ക് മസ്റ്റാ 
എലിവേറ്റർ പിച്ച് പോലെ മറ്റൊരു വഴിയാണ് പിച്ച് ഡെക്ക്. കമ്പനിയെക്കുറിച്ചുള്ള കാര്യങ്ങൾ പത്തിൽ താഴെ സ്ലൈഡുകളായി തയാറാക്കുന്ന പ്രസന്റേഷനാണിത്. ഇതു നിക്ഷേപകർക്ക് അയച്ചുകൊടുക്കാം. മൊബൈലിൽ എളുപ്പം ഡൗൺലോഡ് ചെയ്ത് വായിക്കാൻ കഴിയുന്ന തരത്തിൽ ലളിതമായിരിക്കണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

∙ നിക്ഷേപകൻ ഡെക്ക് വായിക്കുമ്പോൾ നിങ്ങളുണ്ടാകില്ല, സ്ലൈഡുകൾ‌ സ്വയം സംസാരിക്കണം.

∙ കഴിവതും കമ്പനി മാനേജ്മെന്റുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങൾ (jargons) ഉപയോഗിക്കാം.

∙ ആശയം നടപ്പാക്കാൻ എന്തുകൊണ്ട് ഈ ടീം എന്ന ചോദ്യത്തിനു മറുപടി വേണം.

∙ എത്ര ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിടുന്നു, അതെങ്ങനെ ചെലവഴിക്കുന്നു എന്നതു സംബന്ധിച്ച് ഫണ്ട് ഡിപ്ലോയ്മെന്റ് പ്ലാൻ.

ഡെക്ക് വായിച്ച് ഇഷ്ടപ്പെട്ടാൽ വിശദമായ പ്രസന്റേഷനു നിങ്ങളെ വിളിക്കും.  ഇതിൽ നിങ്ങൾ മികച്ച കഥപറച്ചിലുകാരനായിരിക്കണം. അവതരണത്തിനു 15 മിനിറ്റോളം സമയം ലഭിക്കാം. ഈ രംഗത്തെ എതിരാളികളെക്കുറിച്ചും പറയാം. എന്നാൽ എതിരാളികളേയില്ലെന്നു സ്ഥാപിക്കരുത്. മാർക്കറ്റിനെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ടില്ലെന്ന തോന്നലുണ്ടാകാം. ഇഷ്ടപ്പെട്ടാൽ 2 വർഷത്തെ ബിസിനസ് പ്ലാൻ തയാറാക്കാൻ ആവശ്യപ്പെടാം. ടീമിന്റെ ശേഷിയളക്കാനാണിത്. 

ഫണ്ടിങ് യാത്ര ഇങ്ങനെ
ഏഞ്ചൽ നിക്ഷേപം ലഭിച്ചാൽ സ്ഥാപകർക്ക് അൽപ ശമ്പളമെടുക്കാമെങ്കിലും മാർക്കറ്റ് സാലറി എടുക്കാതിരിക്കുന്നതാണ് ഉചിതം. നിക്ഷേപത്തിനു പകരമായി നൽകുന്ന ഓഹരി ഈ ഘട്ടത്തിൽ 20 ശതമാനമായി പരിമിതപ്പെടുത്താം. ആദ്യ റൗണ്ട് ഫണ്ടിങ് 24 മാസത്തേക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ 18–ാം മാസം വരെ പ്രോഡക്ട് ഡവലപ്മെന്റിൽ പൂർണമായും ശ്രദ്ധിച്ചശേഷം ബാക്കിയുള്ള 6 മാസം വെഞ്ച്വർ ക്യാപിറ്റൽ (വിസി) സ്ഥാപനങ്ങളിൽ നിന്ന് 'സീരിസ് എ' എന്ന അടുത്ത റൗണ്ട് നിക്ഷേപത്തിനായി ശ്രമിക്കാം. സമാനമായ രീതിയിൽ സീരിസ് ബി, സി, ഡി നിക്ഷേപങ്ങൾ പിന്നാലെയെത്തും. 

നിക്ഷേപകർ അവരുടെ ഓഹരി മികച്ച വിലയ്ക്കു വിറ്റ് ലാഭത്തോടെ 'എക്സിറ്റ്' ചെയ്യാൻ കഴിയുന്നതാണ് കമ്പനിയുടെ വിജയം. യൂണിക്കോൺ ഇന്ത്യ വെഞ്ച്വേഴ്സ്, സീഫണ്ട്, എക്സീഡ് ഫണ്ട്, ഇന്ത്യൻ ഏഞ്ചൽ നെറ്റ്‍വർക്ക് തുടങ്ങി ഒട്ടേറെ വിസി സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപയാണ് യൂണിക്കോൺ ഇന്ത്യ വെഞ്ച്വേഴ്സ് ഈയിടെ മാറ്റിവച്ചത്.

പണം മാത്രമല്ല, വിപണിയുമായി ബന്ധിപ്പിക്കാനും വിദഗ്ധോപദേശം നൽകാനും കഴിയുന്ന നിക്ഷേപകരെ വേണം സ്റ്റാർട്ടപ്പുകൾ ആശ്രയിക്കാൻ. ഏഞ്ചൽ ഫണ്ടിങ്ങിനു ശേഷം അടുത്ത വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുമായി ബന്ധിപ്പിച്ചുതരാൻ ഇവർക്കു കഴിഞ്ഞേക്കും. പണത്തിന് അത്യാവശ്യമുണ്ടെന്നു കരുതി ചെറിയ തുകയ്ക്ക് കമ്പനിയിൽ നിക്ഷേപകർക്കു വലിയ ഓഹരി കൊടുക്കരുത്. 3 റൗണ്ട് ഫണ്ടിങ് കഴിയുമ്പോൾ 30 – 40 % ഓഹരിയെങ്കിലും സ്ഥാപകരുടെ കയ്യിലിരിക്കണം.

റോബിൻ അലക്സ് പണിക്കർ (വെഞ്ച്വർ പാർട്ണർ, യൂണിക്കോൺ ഇന്ത്യ വെഞ്ച്വേഴ്സ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA