ADVERTISEMENT

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്  തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി വൈകുന്നതിനാൽ  സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് നിയമനം നിലച്ചിട്ട് ഒന്നര വർഷമാകുന്നു.   വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ആയിരത്തിലധികം ഒഴിവുകളാണ് നിലവിലുള്ളത്. ഇതിൽ 706 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ സാധ്യതാ ലിസ്റ്റ്പോലും പ്രസിദ്ധീകരിക്കാൻ പിഎസ്‌സിക്കു കഴിഞ്ഞിട്ടില്ല. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കിവേണം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലാത്തതിനാൽ പല പൊതുമേഖലാ സ്ഥാപനങ്ങളിലും താൽക്കാലിക നിയമനം നടത്താനുള്ള നീക്കം ഊർജിതമാണ്. 

മൂല്യനിർണയം പൂർത്തിയായി
കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്  തസ്തികയുടെ ഉത്തരക്കടലാസ് മൂല്യനിർണയം  പൂർത്തിയാക്കി  സാധ്യതാ ലിസ്റ്റ് തയാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നോ ലിസ്റ്റ് എന്നു പ്രസിദ്ധീകരിക്കാൻ കഴിയുമെന്നതോ സംബന്ധിച്ച  വ്യക്തമായ മറുപടിയൊന്നും ലഭ്യമല്ല. ലിസ്റ്റ് പ്രസിദ്ധീകരണം സംബന്ധിച്ച് ഉദ്യോഗാർഥികൾ പിഎസ്‌സിയിൽ ബന്ധപ്പെട്ടാൽ ഉടൻ പ്രസിദ്ധീകരിക്കുമെന്ന മറുപടിയല്ലാതെ മറ്റൊന്നും ലഭിക്കില്ല. 13–10–2017ലെ ഗസറ്റിലാണ് 399/2017, 400/2017 കാറ്റഗറി നമ്പറുകളിലായി കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനംപ്രസിദ്ധീകരിച്ചത്.  

കെഎസ്എഫ്ഇയിൽ മാത്രം 473 ഒഴിവുകൾ
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് ഏറ്റവും കൂടുതൽ പേർക്കു നിയമനം നൽകുന്നത് കെഎസ്എഫ്ഇയാണ്. ഇത്തവണ ഇതുവരെ 473 അസിസ്റ്റന്റ് ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 1500ൽ അധികം പേർക്ക് കെഎസ്എഫ്ഇ നിയമനം നൽകിയിരുന്നു.  എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകുന്നതിനാൽ ഒഴിവുകൾ നികത്താൻ കഴിയുന്നില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നാണ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് (ഒാഫിസ് അറ്റൻഡന്റ്) നിയമനങ്ങൾ പൂർണമായും നടത്തുന്നത്. ഒാഫിസ് അറ്റൻഡന്റുമാരുടെ 75 ഒഴിവുകളും കെഎസ്എഫ്ഇ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തസ്തികയുടെ റാങ്ക് ലിസ്റ്റും  ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 

കെഎസ്എഫ്ഇ കഴിഞ്ഞാൽ കാറ്റഗറി നമ്പർ 399/2017ൽ  ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത പൊതുമേഖലാ സ്ഥാപനം കെഎസ്ഇബിയാണ്. 30 ഒഴിവുകൾ കെഎസ്ഇബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെൽട്രോൺ, മലബാർ സിമന്റ്സ് തുടങ്ങിയ സ്ഥാപനങ്ങളും ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാറ്റഗറി നമ്പർ 400/2017ലേക്ക് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡാണ്– 85.  ഫാർമസ്യൂട്ടിക്കൽസ് കോർപറേഷൻ, മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്, കള്ള്ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

മുൻ ലിസ്റ്റ് റദ്ദായിട്ട് ഒന്നര വർഷം
കെഎസ്എഫ്ഇ, കെഎസ്ഇബി, തൃശൂർ കോർപറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് ഒരു വർഷവും ഒൻപതു മാസവും പൂർത്തിയായി. 2913 പേർക്ക്  നിയമനശുപാർശ ലഭിച്ചു. 22–09–2014ലായിരുന്നു മുൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 21–09–2017ൽ മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി  ലിസ്റ്റ് അവസാനിച്ചു. ലിസ്റ്റിലെ അവസാന നിയമനനില ഇനി പറയുന്നു. 

ഒാപ്പൺ മെറിറ്റ്– 2260 വരെ, ഈഴവ– 2305 വരെ, എസ്‌സി– സപ്ലിമെന്ററി 105 വരെ, എസ്ടി– സപ്ലിമെന്ററി 53 വരെ, മുസ്ലിം– 4184 വരെ, ലത്തീൻ കത്തോലിക്കർ– 4476 വരെ, ഒബിസി– 2357 വരെ, വിശ്വകർമ– 2359 വരെ, എസ്ഐയുസി നാടാർ– 3471 വരെ, ഹിന്ദു നാടാർ– 3231 വരെ, എസ്‌സിസിസി– സപ്ലിമെന്ററി 8 വരെ, ധീവര– 2382 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 45 വരെ, ഡഫ്– 34 വരെ, ഒാർത്തോ– 36 വരെ.

ഫാമിങ് കോർപറേഷൻ, സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 29–09–2015ലായിരുന്നു. 28–09–2018ൽ ഈ ലിസ്റ്റ് കാലാവധി പൂർത്തിയാക്കി അവസാനിച്ചു. 2662 പേർക്ക് ഈ ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചു. അവസാ നിയമനനില ഇനി പറയുന്നു. 

ഒാപ്പൺ മെറിറ്റ്– 2319 വരെ, ഈഴവ– 2326 വരെ, എസ്‌സി– സപ്ലിമെന്ററി 102 വരെ, എസ്ടി– സപ്ലിമെന്ററി 56 വരെ, മുസ്ലിം– 4505 വരെ, ലത്തീൻ കത്തോലിക്കർ– 5471 വരെ, എസ്ഐയുസി നാടാർ– 4004 വരെ, ഹിന്ദു നാടാർ– 2736 വരെ, എസ്‌സിസിസി– സപ്ലിമെന്ററി 13 വരെ, ധീവര– 2389 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 29 വരെ, ഡഫ്– 28 വരെ, ഒാർത്തോ– 35 വരെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com