ADVERTISEMENT

കായികതാരങ്ങൾക്ക്  ഗ്രേസ് മാർക്ക് നൽകുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ പിഎസ്‌സി തീരുമാനിച്ചു.  സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കെല്ലാം   മാ‌ർക്ക് നൽകുന്ന രീതി അവസാനിപ്പിച്ച് ഈ മൽസരങ്ങളിൽ മെഡൽ ജേതാക്കാളാകുന്നവർക്കു മാത്രം ഗ്രേസ് മാർക്ക് നൽകാനാണു തീരുമാനം. എന്നാൽ ദേശീയ, അന്തർദേശീയ മൽസരങ്ങളിലെ പങ്കാളിത്തത്തിനു  മാർക്ക് ലഭിക്കും.  സർവകലാശാലകൾക്കുള്ളിൽ നടത്തുന്ന സോണൽ മൽസരങ്ങൾക്കു മാ‌ർക്കില്ല. ദേശീയ തലത്തിലെ സോണൽ മൽസരങ്ങൾക്കും അന്തർ സർവകലാശാല മൽസരങ്ങൾക്കും മാർക്ക് നൽകും. ദേശീയ, അന്തർദേശീയ മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കും മെഡൽ ജേതാക്കൾക്കും പ്രത്യേകം മാർക്ക് നൽകുന്ന രീതിയും തുടരും.   

കേരള സർവീസ് റൂൾസ് വാല്യം ഒന്ന് അനുബന്ധം ഏഴിൽ വ്യക്‌തമാക്കിയിട്ടുള്ള ഏതെങ്കിലും ദേശീയ സ്‌പോർട്‌സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള അമച്വർ സ്‌പോർട്‌സ് സംഘടന നടത്തുന്ന സംസ്‌ഥാന, ദേശീയ, അന്തർദേശീയ മൽസരങ്ങളിൽ പങ്കെടുത്തവർക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. ഉദ്യോഗാർഥികൾ ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ കേരളാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറിയുടെ മേലൊപ്പോടെ (കൗണ്ടർ സിഗ്നേച്ചർ) ഹാജരാക്കിയെങ്കിൽ മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കൂ. സംസ്‌ഥാന സർവീസിൽ ക്ലാസ് മൂന്ന്, നാല് തസ്തികയിലെ നിയമനത്തിനാണ്  ഗ്രേസ് മാർക്ക് നൽകുന്നത്. വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവയിൽ ഇളവില്ല.  താഴെ പറയുന്ന മൽസരങ്ങളിൽ പങ്കെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക.

1. ദേശീയ, രാജ്യാന്തര മൽസരങ്ങൾ.

2. ഇന്റർ യൂണിവേഴ്‌സിറ്റി മൽസരങ്ങൾ

3. ഓൾ ഇന്ത്യാ സ്‌കൂൾ ഗെയിംസ് ഫെഡറേഷന്റെ കായിക മേളകൾ.

4. സംസ്‌ഥാന സർക്കാരോ യൂണിവേഴ്‌സിറ്റികളോ സ്‌പോർട്‌സ് കൗൺസിലോ നടത്തുന്ന സംസ്‌ഥാനതല മൽസരങ്ങൾ.

∙വ്യക്‌തിഗത ഇനങ്ങൾ:

വ്യക്‌തിഗത ഇനങ്ങൾക്കും ടീം ഇനങ്ങൾക്കും വെവേറെ മാർക്കാണ് നൽകുന്നത്. 

വ്യക്‌തിഗത ഇനങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക്:

1. ഒളിംപിക്‌സ്, ഏഷ്യാഡ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ രാജ്യാന്തര കായികമേളകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചാൽ– 30%

2. ദേശീയ കായികമേളകളിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചാൽ– 20%

3. ഓൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി മൽസരങ്ങളിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചാൽ– 15%

4. ഓൾ ഇന്ത്യാ സ്‌കൂൾ ഗെയിംസിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചാൽ– 10%.

5. ദക്ഷിണ മേഖലാ മൽസരങ്ങളിൽ സംസ്‌ഥാനത്തെയോ യൂണിവേഴ്‌സിറ്റിയെയോ പ്രതിനിധീകരിച്ചാൽ– 7.5%.

∙ ടീം ഇനങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക്:

1. രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാൽ– 20%

2. ദേശീയ മൽസരങ്ങളിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചാൽ– 15%

3. അന്തർസർവകലാശാലാ കായികമേളയിൽ (ഇന്റർ സോൺ) യൂണിവേഴ്‌സിറ്റിയെയും ഓൾ ഇന്ത്യാ സ്‌കൂൾ ഗെയിംസിൽ സംസ്‌ഥാനത്തെ/സ്‌കൂളിനെ പ്രതിനിധീകരിച്ചാൽ– 10%

4. ദക്ഷിണമേഖലാ മൽസരങ്ങളിൽ സംസ്‌ഥാനത്തെയോ സർവകലാശാലയെയോ പ്രതിനിധീകരിച്ചാൽ– 7.5%

∙മാർക്ക് നൽകുന്ന വിധം

വിവിധ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടുന്നവർക്ക് ലഭിക്കുന്ന മാർക്കുകൾ

വ്യക്‌തിഗത ഇനം

1. രാജ്യാന്തര മൽസരങ്ങൾ

ഒന്നാം സ്‌ഥാനം– 30%

രണ്ടാം സ്‌ഥാനം– 25%

മൂന്നാം സ്‌ഥാനം– 15%

2. മറ്റു മൽസരങ്ങൾ

ഒന്നാം സ്‌ഥാനം– 10%

രണ്ടാം സ്‌ഥാനം– 7.5%

മൂന്നാം സ്‌ഥാനം– 5%

ടീം ഇനം

വിജയിച്ച ടീമിലെ കളിക്കാർക്ക്– 10%

റണ്ണേഴ്സ് അപ് ടീമിലെ കളിക്കാർക്ക്– 5%

രാജ്യാന്തര മൽസരങ്ങളിൽ വിജയിച്ച ടീമിലെ കളിക്കാർക്ക് 25%  മാർക്ക് കൂടുതൽ ലഭിക്കുമ്പോൾ റണ്ണേഴ്‌സ് അപ് ടീമിലെ കളിക്കാർക്ക് 15% മാർക്ക് കൂടുതൽ ലഭിക്കും. ഒരു ഉദ്യോഗാർഥി ഒന്നിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഏറ്റവും മികച്ച പ്രകടനം പരിഗണിക്കും.

റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരോ ഇന്റർവ്യൂവിന് ക്ഷണിക്കപ്പെടുന്നവരോ ആയ ഉദ്യോഗാർഥികൾക്കു മാത്രമേ ഈ ആനുകൂല്യങ്ങളൾക്ക് അർഹതയുള്ളൂ. എല്ലാ വിഭാഗത്തിലും കൂടി പരമാവധി 35 ശതമാനം മാർക്ക് മാത്രമേ ലഭിക്കൂ.

പരിഗണിക്കുന്ന കായിക ഇനങ്ങൾ

ഫുട്ബോൾ, അത്‌ലറ്റിക്സ് (ക്രോസ് കൺട്രി ഉൾപ്പെടെ), വോളിബോൾ, അക്വാട്ടിക്സ് (സ്വിമ്മിങ്, ഡൈവിങ്, വാട്ടർപോളോ), ബാസ്കറ്റ്ബോൾ, ഹോക്കി, ബാഡ്മിന്റൻ (ഷട്ടിൽ), ടെന്നിസ്, ബോൾ ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ക്രിക്കറ്റ്, കബഡി, റസ്‌ലിങ്, ജിംനാസ്റ്റിക്സ്, ഖൊഖൊ, വെയിറ്റ് ലിഫ്റ്റിങ് ആൻഡ് ബോഡി ബിൽഡിങ്, ബോക്സിങ്, ചെസ്, സൈക്ലിങ്, ഹാൻഡ്ബോൾ, കളരിപ്പയറ്റ്, സൈക്കിൾപോളോ, ബില്യാർഡ്സ്, റൈഫിൾ ഷൂട്ടിങ്, മൗണ്ടനീയറിങ്, പവർ ലിഫ്റ്റിങ്, കനോയിങ് ആൻഡ് കയാക്കിങ്, ഇന്ത്യൻ സ്റ്റൈൽ റസ്‌ലിങ്, വിമൻസ് ക്രിക്കറ്റ്, വിമൻസ് ഹോക്കി, റോവിങ്, ആർച്ചറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com