sections
MORE

ക്യാംപസിൽ നിന്നു കമ്പനിയിലേക്കു കൂടുമാറാം

Campus-placement
SHARE

I can‘t change the direction of the wind, but I can adjust my sails to always reach my destination

-Jimmy Dean

മാറ്റങ്ങൾ പൊതുവേ വേദനാജനകമാണ്. മാറ്റങ്ങളെ ഒഴിവാക്കി തൽസ്ഥിതി തുടർ‍ന്ന് മുന്നോട്ടു പോകാൻ ശ്രമിക്കുക എന്നത് മനുഷ്യവാസനയും മാറ്റം അംഗീകരിച്ചല്ലാതെ മറ്റൊരു രീതിയിലും ഇനി മുന്നോട്ടു പോകാനാകില്ല എന്ന സാഹചര്യത്തിലെത്തുമ്പോൾ മാത്രമാണ് നാം മാറ്റത്തെക്കുറിച്ചു ചിന്തിക്കുന്നത്. മാർക്ക് ട്വയിനിന്റെ വാക്കുകളിൽ പറഞ്ഞാൽ, പതിനേഴു മുതൽ ഏതാണ്ട് ഇരുപതു വർഷത്തോളം ദൈർഘ്യമുള്ള ഔപചാരിക വിദ്യാഭ്യാസത്തോടു വിടപറഞ്ഞുകൊണ്ടാണ് ഉദ്യാഗാര്‍ഥികൾ ക്യാംപസ് പ്ലേസ്മെന്റിലേക്ക് എത്തുന്നത്. ശരിതെറ്റുകൾക്കും ന്യായാന്യായങ്ങൾക്കും എന്തിന് കഴിവിനും കഴിവു കേടിനും വരെ പണ്ടു പഠിച്ച പല നിർവചനങ്ങളും മാറ്റി പഠിക്കേണ്ടി വന്നിരിക്കുന്നു. വ്യക്തിത്വത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. ‘വിദ്യാർഥി’ എന്ന രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന സ്വത്വത്തിൽ നിന്ന് ‘ഉദ്യോഗാർഥി’ എന്ന നിലയിലേക്കും പിന്നീട് ഒരു പ്രഫഷനൽ എന്ന ഉയർന്ന തലത്തിലേക്കും ഉയരുവാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്.

ക്യാംപസ് പ്ലേസ്മെന്റ് ആരംഭിക്കുന്ന ഘട്ടത്തിൽത്തന്നെ പുതിയ ഒരു ചിന്ത മനസ്സിലേക്കു കടത്തിവിടുക എന്നതാണ് ഇതിന്റെ ആദ്യപടി. ഇനി മുതൽ താനൊരു വിദ്യാർഥി മാത്രമല്ല ഒരു പ്രഫഷനൽ ആണെന്നുള്ള ചിന്ത മനസ്സിൽ ഊട്ടിയുറപ്പിക്കുക. ദിവസവും പലവുരു ഈ ആശയം നിങ്ങളോടുതന്നെ പറഞ്ഞുകൊണ്ടിരിക്കുക. നിങ്ങളുടെ തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്ന അനുഭവപരിചയമുള്ള വിജയം കണ്ടെത്തിയിട്ടുള്ള പ്രഫഷനലുകളെ മാതൃകയാക്കുക. അവരുമായി ഇടപെടുന്നതിനും സംവേദിക്കുന്നതിനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക. മാനസികമായി ഉൾക്കൊള്ളുന്നതിലൂടെയും ശരീരഭാഷയിലൂടെയും പൂർണമായി പ്രഫഷനലിന്റെ ഇടപെടൽ രീതികളുമായി (Code of conduct) ഇത്തരത്തിൽ തന്മയീഭവിക്കുവാൻ സാധിക്കും.

ക്യാംപസിലെ ഇടനാഴികളിലൂടെ നടക്കുമ്പോൾ കൂട്ടുകാരുമായി പെരുമാറുന്ന രീതിയിൽ തൊഴിൽ സ്ഥാപനത്തിൽ പെരുമാറുന്നത് നല്ല രീതിയിലുള്ള code of conduct ആയി അംഗീകരിക്കപ്പെടുകയില്ല എന്നു മനസ്സിലാക്കുക. വിദ്യാഭ്യാസകാലമത്രയും നാമോരോരുത്തരും ശ്രദ്ധിച്ചിരുന്നതു വ്യക്തിഗത നേട്ടങ്ങൾക്കായിരുന്നു. നമ്മുടെ അധ്യാപകരും ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ ഇൻഡസ്്ട്രിയിലേക്കു വരുമ്പോൾ ഇതിൽ മാറ്റങ്ങളുണ്ടാകുന്നു. വ്യക്തിഗത മികവിനെക്കാൾ ടീം ആയി പ്രവർത്തിക്കുന്നതിനുള്ള കഴിവിനാകും കൂടുതൽ വിലയിടുക. അയൽപക്കത്തുള്ള കുട്ടിക്ക് രണ്ടു മാർക്ക് കൂടുതൽ കിട്ടിയാൽ അടികിട്ടി ശീലമുള്ള നമുക്ക് ആദ്യമാദ്യം മനസ്സിലാക്കാൻ പ്രയാസമുള്ള ആശയം തന്നെയാണിത്.

സമയത്തിന്റെ കാര്യത്തിലാണ് ഇനിയൊരു പുതുമ. വിദ്യാഭ്യാസ കാലത്തുടനീളം പഠനസമയമെന്നാൽ രണ്ടു മണി ശബ്ദങ്ങൾക്കിടയിലെ ഇടവേളയായിരുന്നു. കൂട്ടമണിയടിച്ചാൽ പിന്നൊന്നും ഗൗനിക്കേണ്ടതില്ല. ക്ലാസിനു പുറത്തേക്ക് ഉടൻ പായാം. ഇത്തരം സൗകര്യം തൊഴിൽ സ്ഥലത്തു പ്രതീക്ഷിക്കാനാവില്ല. സർക്കാർ ജോലികളിൽ പോലും ചില പ്രത്യേക സ്വഭാവമുള്ള ജോലികളിൽ തൊഴിൽ സമയത്തിനു പ്രത്യേകിച്ചു നിജമൊന്നുമില്ല. സ്വകാര്യമേഖലയിൽ, പ്രത്യേകിച്ച് കസ്റ്റമർ സേവനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടയിടങ്ങളില്‍ ജോലി തീരുന്നതാണ് പ്രവൃത്തിസമയം അവസാനിക്കുന്നതിന് അടിസ്ഥാനം. ഐടി മാർക്കറ്റിങ് കമ്പനികളിലും സ്ഥിതി ഇതുതന്നെ. അതിനാൽത്തന്നെ കഠിനാധ്വാനികളെക്കാൾ (Hard workers) കൂടുതൽ ശോഭിക്കുക. ബുദ്ധിയുക്ത്യാടിസ്ഥാനത്തിൽ (Smart workers) പ്രവർത്തിക്കുന്നവരായിരിക്കും. ഇതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് മേധാവിയായിരുന്ന ബിൽഗേറ്റ്സ് പറഞ്ഞത് ഏറെ രസകരമാണ്. ‘When I have the toughest task to be done. I assign it to the laziest person, because the laziest person will find the easiest way to get it done!’

ഏതൊരു തൊഴിൽമേഖലയിലേക്കും പഠനം പൂർത്തിയാക്കി എത്തിച്ചേരുന്ന ഉദ്യോഗാർ‌ഥിക്ക് ആദ്യദിനങ്ങളിലുണ്ടാകുന്ന ഒരു തിരിച്ചറിവുണ്ട്. കോളജിൽ പഠിച്ചതൊന്നുമല്ല ഇവിടെ ജോലി ചെയ്യുന്നതിനാവശ്യം. ഇവിടെ ജോലി ചെയ്യുന്നതിനാവശ്യമായ അറിവുകളൊന്നും കോളജിൽ പഠിച്ചിട്ടുമില്ല. ഇത് പ്രായോഗികജ്ഞാനം നേടുന്നതിന്റെ ആരംഭബിന്ദുവാണ്. ഇവിടെ നിന്നു വേണം പഠിച്ചു വളരുവാൻ തുറന്ന സമീപനവും ആശയങ്ങളെ ഉൾക്കൊള്ളാനൊരു മനസ്സുമുണ്ടെങ്കിൽ ഇതു വേഗം സാധ്യമാകും.

നേട്ടങ്ങളുടെ പടവുകൾ കയറുന്നതിനുള്ള സമയത്തിലും ഏറെ വ്യത്യാസങ്ങൾ മേൽപ്പറഞ്ഞ രണ്ടു കാലഘട്ടങ്ങളിലും കാണാനാകും. നിങ്ങൾ എത്രതന്നെ സമർഥനായിരുന്നാലും മൂന്നു വർഷ ഡിഗ്രി കോഴ്സ് പൂർത്തിയാക്കാൻ അത്രയും നാൾ കോളജിൽ ചെലവഴിക്കണം. എന്നാൽ നൂതന തൊഴിൽമേഖലകളിൽ സീനിയോറിറ്റിയെക്കാൾ കൂടുതൽ പ്രാമുഖ്യം നൈപുണ്യങ്ങൾക്കും തൊഴിൽമികവിനുമാണു ലഭിക്കുക. മികച്ച പ്രഫഷനലുകൾ അതിവേഗം ഉയരങ്ങളിലേക്കു കുതിക്കുമ്പോൾ മികവ് കുറഞ്ഞവർ പിന്തള്ളപ്പെടുന്നു.

ക്യാംപസ് ജീവിതത്തിലെ ചെറുപ്രശ്നങ്ങൾ ഒന്നുമില്ലാതായി മാറും വിധത്തിലുള്ള വലിയ പ്രശ്നങ്ങളും തൊഴിൽപരമായ സമ്മർദ്ദങ്ങളുമാണ്. ഇനിയൊരു പ്രമുഖ ഘടകം. സമചിത്തതയോടെയും യുക്തിസഹമായും ശാന്തതയോടെയും വിഷയങ്ങളെ നോക്കിക്കണ്ട് പോസിറ്റീവ് മനോഭാവത്തോടെ മുന്നേറാൻ കഴിയണം. സിലബസിന്റെ ഭാഗമായി പുസ്തകങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളെ ‘അറിവ്’ (information) എന്നാണു വിളിക്കുക. പുസ്തകങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമായി ഇത്തരം അനേകം അറിവുകൾ നാം നേടയിട്ടുണ്ടാകാം. എന്നാൽ പ്രയോഗികതലത്തിൽ ഉപയോഗിക്കും വിധം ഇതിനെ സംസ്കരിച്ചെടുക്കേണ്ടതുണ്ട്. സംസ്കരിക്കപ്പെട്ട അറിവിനെ ജ്ഞാനം (knowledge) എന്നു വിളിക്കാം. തൊഴിൽമേഖലയ്ക്കായി നാം അറിവ് കരുതിവച്ചാൽ പോരാ ജ്ഞാനമായി സ്ഫുടം ചെയ്തെടുത്ത മികവിനാണ് അവിടെ സ്ഥാനമുള്ളത്. നിശബ്ദതയാണ് (Silence) ക്യാംപസിൽ സ്വീകാര്യമായിരുന്ന ഗുണവിശേഷണമെങ്കിൽ കമ്പനികൾക്കു വേണ്ടത് ആശയങ്ങൾ നല്ലരീതിയിൽ അവതരിപ്പിക്കുന്നവരെയാണ് (Speak out) ക്യാംപസുകളിൽ കൂടുതൽ മാർക്ക് കിട്ടുന്നവരെ മിടുക്കരായി കരുതിയിരുന്നെങ്കിൽ കമ്പനികളിൽ കഴിവുകൾക്കും മനോഭാവത്തിനും തൊഴിൽമേഖലയോടുള്ള ആഭിമുഖ്യത്തിനുമാണ് പ്രാമുഖ്യം.

പല കമ്പനികളും വിദ്യാർഥികൾക്ക് കമ്പനികളിലെ രീതികളുമായി പൊരുത്തപ്പെടുന്നതിനായി Academia-Industry bridging പദ്ധതികൾ നൽകി വരുന്നുണ്ട്. വിപ്രോ നടത്തിവരുന്ന Mission 10X, ഇൻഫോസിസ് നടത്തുന്ന Campus Connect എന്നിവ ഉദാഹരണങ്ങളാണ്. ലേഖകന്റെ സ്ഥാപനമായ കുട്ടിക്കാനം മരിയൻ കോളജ് പോലെ പൂർണമായും ഓട്ടോണമസായ കോളജുകളിൽ സിലബസിന്റെ ഭാഗമായിത്തന്നെ സോഫ്റ്റ് സ്കിൽ പരിശീലനവും ഏറ്റവും പുതിയ വിഷയങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ ക്യാംപസ് കമ്പനി വിടവ് കുറയ്ക്കുവാൻ സാധിക്കുന്നുണ്ട്. കോർപറേറ്റ് സമയക്രമങ്ങൾക്കനുസരിച്ചാണ് അവിടെ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

മാറ്റമെന്നാൽ ഒരു തുടക്കം തന്നെയാണ്. വേദനാജനകമായ മാറ്റത്തിലൂടെയാണ് ഓരോ വിത്തും ഈ ഭൂമുഖത്ത് പൊട്ടിമുളയ്ക്കുന്നത് മാറ്റത്തിനു മുൻപിൽ പേടിച്ച് മാറിനിൽക്കുകയല്ല മറിച്ച് അവയെ അഭിമുഖീകരിച്ച് തൊഴിൽരംഗത്തു വിജയിക്കുകയാണു വേണ്ടത്. ചാൾസ് ഡാർവിന്റെ വാക്കുകൾ ഓർക്കുക.‘It is not the strongest of the species that survives, but the most adaptable.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA