ADVERTISEMENT

‌ആളുകളുടെ ഹസ്തദാന രീതികൾ സസൂക്ഷ്മം നിരീക്ഷിച്ചാൽ പലർക്കും അവരുടേതായ ചില പ്രത്യേക ശൈലികളുള്ളതായിക്കാണാം. വ്യക്തിപരമായ പല സവിശേഷതകളും മനോഭാവങ്ങളും ഹസ്തദാന രീതികളുടെ വിശകലനത്തിലൂടെ മനസ്സിലാക്കാൻ കഴിയും. ലോകവ്യാപകമായി അംഗീക രിക്കപ്പെടുന്ന അഭിവാദനരീതിയാണ് ഹസ്തദാനം. ആദിമനുഷ്യർ തങ്ങൾ നിരായുധരാണെന്നതിന്റെ സൂചനയായി കൈകളുയർത്തിക്കാണിക്കുമായിരുന്നുവെന്നും അതിന്റെ പരിഷ്കൃത രൂപമാണ് ആധുനിക ഹസ്തദാനരീതിയെന്നും നരവംശ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.‌

ഹസ്തദാന സമ്പ്രദായം പല രാജ്യങ്ങളിലും പല രീതിയിലാണ് ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ആഗമനസമയത്തും വിടപറയുമ്പോഴും കൈ പിടിച്ചു കുലുക്കുന്നു. പരസ്പരം ദൃഢമായിപ്പിടിക്കുന്ന കൈകൾ അഞ്ചു മുതൽ ഏഴു പ്രാവശ്യം വരെ കുലുക്കിയേക്കാം. എന്നാൽ ജർമൻകാർ ഒരു പ്രാവശ്യമേ കൈകുലുക്കൂ.  ചില ആഫ്രിക്കക്കാർ  ഓരോ ഹസ്തദാനത്തിനുശേഷവും വിരൽ ഞൊടിക്കുന്നു. 

ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് സഹാനുഭൂതിയോ സഹതാപമോ പ്രകടിപ്പിക്കുമ്പോൾ സാധാരണയായി ഹസ്തദാനം ചെയ്യാറില്ല.  പകരം മുഖത്തോടു മുഖം നോക്കി നിന്ന് അപരയുടെ ഇരു കൈപ്പത്തികളും സ്വന്തം കരങ്ങളാൽ ഗ്രഹിച്ച് അനുയോജ്യമായ മുഖഭാവങ്ങളിലൂടെ  വികാരങ്ങൾ പങ്കുവെക്കുന്നു.

പരമ്പരാഗത ഇന്ത്യൻ രീതിയനുസരിച്ച് സ്ത്രീ പുരുഷന്മാർ പരസ്പരം കൈകൊടുത്ത് അഭിവാദ്യം ചെയ്യാറില്ല. പാശ്ചാത്യ രീതികൾ അംഗീകരിക്കുന്ന സമൂഹങ്ങളിൽപ്പോലും സ്ത്രീ മുൻകൈയെടുക്കാതെ പുരുഷൻ അവൾക്കു നേരെ ഹസ്തദാനത്തിനായി കൈ നീട്ടുക പതിവില്ല. അറബ് നാടുകൾ പോലുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ അന്യസ്ത്രീപുരുന്മാർ ഹസ്തദാനം ചെയ്യുന്നത് നിഷിദ്ധമാണെന്നുതന്നെ പറയാം. ഏതു രാജ്യത്തു ചെന്നാലും അതതു നാടുകളിലെ സമ്പ്രദായമറിഞ്ഞു പെരുമാറുന്നതായിരിക്കും ബുദ്ധിയെന്നു പറയേണ്ടതില്ലല്ലോ.

ആളുകളുടെ ഹസ്തദാനരീതികൾ സസൂക്ഷ്മം നിരീക്ഷിച്ചാൽ പലർക്കും അവരുടേതായ ചില പ്രത്യേക ശൈലികളുള്ളതായിക്കാണാം. വ്യക്തിപരമായ പല സവിശേഷതകളും മനോഭാവങ്ങളും ഹസ്തദാനരീതികളുടെ വിശകലനത്തിലൂടെ മനസ്സിലാക്കാൻ കഴിയും. അടിസ്ഥാനപരമായി മൂന്നു മനോഭാവങ്ങളാണ് ഹസ്തദാനത്തിലൂടെ പ്രകടമാകുന്നതെന്ന് ശരീരഭാഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മേധാവിത്വം(dominance)-വിധേയത്വം (submission), തുല്യത (equality).

കൈ നീട്ടുമ്പോൾ: മേധാവിത്വവും വിധേയത്വവും
മേധാവിത്വ മനോഭാവത്തേയും വിധേയത്വത്തേയും സൂചിപ്പിക്കുന്ന കൈപ്പത്തിയുടെ  രണ്ടവസ്ഥകളെക്കുറിച്ച് മുമ്പേ വിശദീകരിച്ചുവല്ലോ. ഈ രണ്ടവസ്ഥകളും ഹസ്തദാനശൈലികളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ കൈവെള്ള താഴേക്കു വരത്തക്കവിധത്തിൽ ഹസ്തദാനത്തിനായി കൈ നീട്ടുന്നുവെങ്കിൽ അത് അയാളുടെ മേധാവിത്വ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്.

അപരന്റെ കൈയിൽ പിടിച്ചു കഴിഞ്ഞശേഷവും തന്റെ കൈപ്പത്തി മുകളിൽ വരത്തക്കനിലയിലായിരിക്കും അയാളുടെ  നിൽപ്പ്– നിയന്ത്രണം തന്റെ പിടിയിൽ നിന്നും വഴുതിപ്പോകാന്‍ അനുവദിക്കുകയില്ലെന്ന മട്ടിൽ! മുകളിലേക്കും താഴേക്കും കുലുക്കുന്നതിനു പകരം കൈകളുടെ ചലനം താഴേക്കു മാത്രമായി പരിമിതപ്പെട്ടിരിക്കും.

വിധേയത്വമനോഭാവമുള്ളവർ ഇത്തരം ഹസ്തദാനമേറ്റു വാങ്ങുമ്പോൾ കൈവെള്ള മുകളിൽ വരത്തക്ക നിലയിൽ കൈനീട്ടുമെന്നു മാത്രമല്ല, പിടിച്ചു കഴിഞ്ഞശേഷം തന്റെ കൈപ്പത്തിയെ അപരന്റെ നിയന്ത്രണത്തിനു വിട്ടു കൊടുക്കുക പോലും ചെയ്യുന്നു. 

ഒരേ പോലെ മേധാവിത്വമനോഭാവമുള്ള രണ്ടു പേർ പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ അവിടെ ഒരു പ്രതീകാത്മക ബലപ്രയോഗം നടക്കുന്നു. ഞാനോ നീയോ മേലെ എന്ന മട്ടിൽ കൈപ്പത്തികൾ മുകളിൽ കൊണ്ടു വന്ന് മേൽക്കൈ നേടാനുള്ള ഇരുവരുടെയും ശ്രമത്തിനിടയിൽ  അവരുടെ കൈകൾ മൂന്നു ഘട്ടങ്ങളിലൂടെ കടന്ന് ലംബമായ അവസ്ഥയിലെത്തിച്ചേരുന്നു. തികച്ചും ഉപബോധതലത്തിൽ നടക്കുന്ന ഈ മത്സരത്തിനൊടുവിൽ  ഇരുവരും പരസ്പരം തുല്യത അംഗീകരിച്ചുകൊണ്ട് ആദരവ് പങ്കുവെക്കുന്നു. ഈ അവസ്ഥയിലുള്ളതോ ഈ അവസ്ഥയിലേക്കെത്തിച്ചേരുന്നതോ ആയ ഹസ്തദാനത്തെ പൗരുഷം തുളുമ്പുന്ന ഹസ്തദാനം എന്നാണ് ശരീരഭാഷാ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

നമുക്കു നേരെ കൈ നീട്ടുന്നവരുടെ ആധിപത്യമനോഭാവത്തെ ലഘുവായ ഒരു തന്ത്രപ്രയോഗത്തിലൂടെ  നിർവീര്യമാക്കാം. കൈവെള്ള താഴേക്കു വരത്തക്കവണ്ണം നീട്ടിയ കൈ അതേ പോലെ തന്നെ സ്വീകരിക്കുന്ന പക്ഷം നമ്മുടെ കൈ അപരന്റെ കയ്യിനെ അപേക്ഷിച്ച് അടിയിലും കൈവെള്ള മുകളിലേക്കായ അവസ്ഥയിലുമായിരിക്കും. ഇതൊരു പ്രതീകാത്മക കീഴടങ്ങ ലാണെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. എന്നാൽ വലതു കാലിനു പകരം ഇടതു കാൽ ഒരടി മുന്നോട്ടു വെച്ച ശേഷ മാണ് അപരന്റെ കരം ഗ്രഹിക്കുന്നതെങ്കിൽ ശരീരം ബാലൻസ് ചെയ്യാൻ പിടിയൽപ്പം  മുറുക്കാൻ നാം നിർബന്ധിതമാകുകയും ഈ ബലപ്രയോഗത്തിനിടയിൽ അപരന്റെ കൈപ്പത്തി നിവർ ന്ന് നമ്മുടേതിനൊപ്പം ലംബമായ അവസ്ഥയിലെത്തിച്ചേരുകയും ചെയ്യുന്നു– മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ ഇവിടെ ആധിപത്യമനോഭാവം സമർഥമായ ചെറുത്തു നിൽപ്പിലൂടെ നിർവീര്യമാക്കപ്പെടുന്നു. 

നീട്ടിയ കൈപ്പത്തിക്കുമേൽ മണിബന്ധത്തിന് അൽപ്പം മുകളിലായി കയറിപ്പിടിക്കുന്നതും ഇതേ ഗുണം ചെയ്യും. പക്ഷേ ഈ തന്ത്രങ്ങളെല്ലാം പ്രയോഗിക്കുന്നത് വളരെ കരുതലോടെ വേണം. അല്ലാത്തപക്ഷം പാളിപ്പോകാൻ സാധ്യതയേറെയാ ണെന്നു മാത്രമല്ല, ഗുണത്തേക്കാളേറെ ദോഷവും ചെയ്തേക്കാം.

വിവിധ ഹസ്തദാന രീതികൾ
ആളുകളുടെ വ്യക്തിപരമായ സവിശേഷതകൾ അവരുടെ ഹസ്തദാനത്തിൽ പ്രതിഫലിക്കുമെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. വ്യാപകമായി കാണപ്പെടുന്ന ഏതാനും ഹസ്തദാനരീതികൾ നമുക്കു പരിശോധിക്കാം.

കൈയുറ(The glove) രീതി
താൻ വളരെ വിശ്വസ്തനും സത്യസന്ധനുമാണെന്ന് മറ്റുള്ള വരെ ബോധ്യപ്പെടുത്താൻ അപരന്റെ  വലതു കൈപ്പത്തി ഇരുകൈകൾകൊണ്ടും പൊതിഞ്ഞപോലെ കൂട്ടിപ്പിടിക്കുന്ന ഹസ്തദാന രീതി. രാഷ്ട്രീയക്കാരന്റെ  ഹസ്തദാനം (Politician's handshake) എന്നും ഇതിനൊരു പേരുണ്ട്. അപരിചിതർ ഈ ഹസ്തദാനത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയാലുക്കളാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അടുത്ത പരിചയക്കാരല്ലാത്തവരോട് ഈ പ്രയോഗം സൂക്ഷിച്ചു വേണം. 

ചത്തമത്സ്യം (The dead fish) പോലെ
ചത്തമത്സ്യത്തെപ്പോലെ തണുത്തു വിറങ്ങലിച്ച ഹസ്തദാനം. തളർത്തിയിട്ട, ചൈതന്യരഹിതമായ, കൈപ്പത്തിയും വിരലുകളും ഒട്ടും താൽപര്യമില്ലാത്തമട്ടിൽ അപരന്റെ നേരെ നീട്ടുന്ന ഈ ഹസ്തദാന രീതി ദുർബല വ്യക്തിത്വത്തിന്റെ സൂചനയാണ്. എന്നാൽ ഈ വ്യാഖ്യാനം എല്ലാവരിലും ഒരു പോലെ ശരിയായിക്കൊള്ളണമെന്നില്ല. കൈവേലകളിൽ നിപുണരായ ചില ശിൽപ്പികൾ, സർജന്മാർ, ഉപകരണ സംഗീത വിദഗ്ധർ പോലുള്ളവർ ഹസ്തദാനം കഴിവതും ഒഴിവാക്കാൻ ശ്രമിക്കുകയോ നിർബന്ധിത സാഹചര്യങ്ങളിൽ മേൽസൂചിപ്പിച്ചതു പോലെ ഒട്ടും ഊർജസ്വലമല്ലാത്ത ഒരു മൃതമത്സ്യ ഹസ്തദാനത്തിൽ ഒതുക്കുകയോ ചെയ്യുമത്രേ. തങ്ങളുടെ വൈദഗ്ധ്യത്തിന്റെ ഉറവിടമായ കൈകള്‍ സംരക്ഷിക്കാനുള്ള അബോധതലത്തിലുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവരങ്ങനെ ചെയ്യുന്നതെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ.

വിരലുകൾ ഞെരിക്കൽ (The Bone Crusher)
വിരലുകൾ പിടിച്ചു ഞെരിക്കുന്ന വളരെ പ്രാകൃതമായ ഹസ്തദാന രീതി. പരുക്കൻ ശരീരപ്രകൃതിയും സ്വഭാവമുള്ളവരിലാണിത് ഏറെയും കാണുന്നത്. ഇത്തരം ഹസ്തദാനവൈകൃതക്കാരിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്നതാണ് ബുദ്ധി. 

മുട്ടുവളയാതെയുള്ള  കൈകൊടുക്കൽ (The thrust)
കൈമുട്ടുവളയാതെ സ്വീകർത്താവിനെ ഒരു കൈപ്പാടകലെ നിർത്തിക്കൊണ്ടുള്ള ഹസ്തദാനം. തന്റെ സ്വകാര്യമേഖലയിൽ നിന്ന് (Intimate zone) അപരനെ അകറ്റി നിർത്തുകയും വേണം. എന്നാൽ അഭിവാദ്യം ചെയ്തുവെന്ന് വരുത്തുകയും വേണം എന്ന മനോഭാവം ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ സ്വകാര്യമേഖലയുടെ വ്യാപ്തി കൂടുമെന്നതിനാല്‍ ഈ ശൈലിക്ക് പ്രചാരമേറും. ഈ രീതിയിൽ ഹസ്ത ദാനം ചെയ്യുന്നവർ അപകർഷതാബോധവും ആത്മവിശ്വാസക്കുറവുമുള്ളവരായേക്കാം. പരുക്കൻ (aggressive) സ്വഭാവത്തിന്റെ പ്രകടനമായും ഇത്തരം ഹസ്തദാനത്തെ വ്യാഖ്യാനിക്കാം.

വലിച്ചടുപ്പിക്കൽ (The Armpull)
ഹസ്തദാനത്തോടൊപ്പം സ്വീകർത്താവിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന രീതി. ഇതു രണ്ടു കാരണങ്ങളാൽ സംഭവിക്കാം. ഒന്ന് സ്വീകർത്താവ് അൽപ്പം അകലെ നിൽക്കുമ്പോൾ ദാതാവിന് അനുഭവപ്പെടുന്ന ഒരു സാങ്കൽപ്പിക അരക്ഷിതാവസ്ഥ. അതല്ലെങ്കിൽ ദാതാവ് സ്വകാര്യമേഖലയുടെ വ്യാപ്തി വളരെക്കുറഞ്ഞ ഏതെങ്കിലും സാമൂഹിക സാംസ്കാരിക ചുറ്റു പാടുകളിൽ നിന്നുള്ളവനായേക്കാം.

ഇരുകൈകളും കൊണ്ടുള്ള ഹസ്തദാനം
സാധാരണ ഹസ്തദാനത്തിലെപോലെ സ്വീകർത്താവിന്റെ കൈപ്പത്തി തന്റെ വലതുകൈകൊണ്ടു പിടിച്ചിരിക്കെത്തന്നെ അതിനു മുകളിലായി മണിബന്ധം മുതൽ ചുമൽ വരെയുള്ള ഭാഗങ്ങളിലെവിടെയെങ്കിലും കൂടി ഇടതു കൈകൊണ്ടും‌ പിടിക്കുന്ന രീതി. വൈകാരിക ബന്ധത്തിന്റെ ഗാഢത, ആത്മാർഥത, വിശ്വസ്ഥത തുടങ്ങിയവയാണ് വലതുകൈക്കൊപ്പം ഇത്തരം ഹസ്തദാനത്തിലൂടെ പ്രകടമാകുന്നത്. ഇടതുകൈ കൊണ്ടുകൂടിയുള്ള പിടിത്തത്തിലൂടെ ദാതാവിന്റെ സാധാരണയിലും കവിഞ്ഞ സ്നേഹാദരങ്ങളോ സഹാനുഭൂതിയോ സ്വീകർത്താവിലേക്ക് ആവാഹിക്കപ്പെടുന്നു. ഈ പിടുത്തം മണിബന്ധത്തിനും ചുമലിനുമിടയില്‍ എത്ര മുകളില്‍ വരെ പോകുന്നുവോ അത്രയും ഗാഢമായിരിക്കും സംവദിക്കപ്പെടുന്ന വികാരത്തിന്റെ തീവ്രത.

ദാതാവിന്റെ ഇടതു കൈ സ്വീകർത്താവിന്റെ സ്വകാര്യമേഖലയിലേക്ക് അതിക്രമിച്ചുകടക്കാനിടയാകുന്നുവെന്നതാണ് ഇരുകൈകൾ കൊണ്ടുമുള്ള ഹസ്തദാനത്തിന്റെ മറ്റൊരു പ്രത്യേകത. വൈകാരികതയോളം വളർന്ന വ്യക്തിബന്ധമുള്ള ആളുകളുമായി മാത്രമേ ഇത്തരം ഹസ്തദാനത്തിനു മുതിരാവൂ. അല്ലാത്തപക്ഷം ആളുകൾ അതിന്റെ ആത്മാർഥതയെക്കുറിച്ച് സംശയാലുക്കളായേക്കാം. രാഷ്ട്രീയക്കാരും സെയിൽസ്മാന്മാരും മറ്റും സ്ഥാനത്തും അസ്ഥാനത്തും ഈ രീതി പ്രയോഗിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അല്ലൻ പീസ് മുന്നറിയിപ്പു നൽകുന്നു. 

ഏതാനും മിനിറ്റുകൾ മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ഔപചാരിക പ്രക്രിയയാണ് ഹസ്തദാനം. എന്നിരിക്കിലും. അതുവഴി സംപ്രേഷണം ചെയ്യപ്പെടുന്ന നോൺവെർബൽ സിഗ്നലുകൾ വേർതിരിച്ചറിയാനും വിശകലനം ചെയ്യാനും അറിഞ്ഞിരുന്നാൽ ആളുകളുടെ മുഖംമൂടികൾക്കു പിറകിലുള്ള വ്യക്തിത്വത്തെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും ധാരാളം കാര്യങ്ങൾ നമുക്ക് ഊഹിച്ചെടുക്കാൻ കഴിയുമെന്ന് മുകളിൽ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളിൽ നിന്നും വ്യക്തമാണല്ലോ. 

ശരിയായ ഹസ്തദാനരീതി
ഒട്ടുമിക്ക മുഖാമുഖ ആശയവിനിമയങ്ങൾക്കും തുടക്കം കുറിക്കുന്നത് ഹസ്തദാനത്തിലൂടെയാണ്. അന്യരുമായി പരിചയപ്പെടുമ്പോൾ നമ്മെക്കുറിച്ച് അവർക്കുള്ള മതിപ്പ് രൂപപ്പെടാനാരംഭിക്കുന്നതും ഹസ്തദാനം മുതൽക്കാണ്.  അതുകൊണ്ട് ശരീയായ രീതിയിൽ ഹസ്തദാനം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

മികച്ച ഹസ്തദാനത്തിന്റെ ആദ്യഘട്ടം നേത്രബന്ധം സ്ഥാപിക്കുകയെന്നുള്ളതാണ്. കൈപ്പത്തി മലർത്തിയോ കമഴ്ത്തിയോ ചെരിച്ചോ അല്ലാത്ത വിധത്തിൽ ഭൂമിക്കു ലംബമായി വരത്തക്കവിധത്തിൽ നിവർത്തിപ്പിടിച്ചുകൊണ്ടായിരിക്കണം ഹസ്തദാനത്തിനായി കൈ നീട്ടുന്നത്. 

പങ്കാളിയുടെ കൈയിൽപ്പിടിച്ചു കഴിഞ്ഞാൽ ഇരുവരുടേയും ചൂണ്ടുവിരലിനും പെരുവിരലിനുമിടയ്ക്കുള്ള പാടപോലുള്ള ഭാഗങ്ങള്‍ തമ്മിലും കൈവെള്ളകൾ തമ്മിലും ചേർന്നിരിക്ക ണം; വിരലുകളുടെ പിടുത്തം ദൃഢമായിരിക്കണം, എന്നാൽ ബലപ്രയോഗമരുത്. 

പിടിച്ച കൈ പെട്ടെന്ന് വിട്ടുകളയുന്നതിനു പകരം കൈ പിൻ വലിക്കാൻ പങ്കാളിയിൽ നിന്ന് ആദ്യ സൂചനകൾ ലഭിക്കുന്നതു വരെ കാത്തിരിക്കണം. ഹസ്തദാനം എത്ര സമയം വരെ നീണ്ടു നിൽക്കണമെന്നത് സംസാരത്തിന്റെ ടോൺ, പെരുമാറ്റത്തിന്റെ ഊഷ്മളത, നേത്രബന്ധത്തിന്റെ  സ്വഭാവം തുടങ്ങിയ ഇതരഘടകങ്ങളെക്കൂടി  ആശ്രയിച്ചായിരിക്കും. ഏതായാലും കൈ പിൻവലിക്കുന്നതിന് തുടക്കം കുറിക്കുന്നത് പങ്കാളിയായിരിക്കട്ടെ.

ഹസ്തദാനത്തിന് ആരു മുൻകൈയെടുക്കണമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്.  ഒരു വ്യക്തിക്കു നേരെ കൈനീട്ടുന്നതിനു മുമ്പ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള സാഹചര്യത്തിൽ താൻ എത്രമാത്രം സ്വീകാര്യനാണ് എന്ന് നാം സ്വയം ചോദിക്കണം. ഉത്തരം അനുകൂലമല്ലെങ്കിലും അപരൻ ആദ്യം കൈനീട്ടുന്നില്ലെങ്കിലും അഭിവാദ്യം ഒരു ചെറുപുഞ്ചിരിയോടെയുള്ള തലകുനിക്കലിൽ‍ ഒതുക്കുന്നതാണ് നല്ലത്. വാതസംബന്ധമായ പ്രശ്നങ്ങളുള്ളവരും വിദഗ്ധ കൈവേലക്കാർ, കലാകാരന്മാർ പോലുള്ളവരും ഹസ്തദാനത്തോട് വിമുഖതയുള്ളവരാകാൻ സാധ്യതയുണ്ട്.

കൈകൂപ്പൽ
ഒരു അഭിവാദന രീതിയെന്ന നിലക്ക് ഹസ്തദാനത്തിന് നമ്മുടെ നാട്ടിലും മറു നാട്ടിലും പ്രചാരമേറയുണ്ടെങ്കിലും ഇന്ത്യാക്കാരായ നമുക്കിടയിൽ കൈകൂപ്പി നമസ്ക്കാരം പറയുന്ന അഭിവാദനരീതിക്കാണ് പ്രാധാന്യം. വിവിധ രീതികളിലുള്ള കൈകൂപ്പലുകൾ അഭിവാദ്യം ചെയ്യുന്ന ആളുകളുടെയും അതു സ്വീകരിക്കുന്ന ആളുകളുടെയും വ്യക്തിത്വത്തിലേക്കുമുള്ള ചൂണ്ടുപലകകളാണ്. തികച്ചും ഭാരതീയമായ ഈ അഭിവാദന രീതിയുടെ ശരീരഭാഷാപരമായ സവിശേഷതകൾ നമുക്കു പരിശോധിക്കാം.

നട്ടെല്ലും കഴുത്തും വളയാതെ കൂപ്പിയ കൈകൾ നെഞ്ചോടു ചേർത്ത് നിവർന്നു നില്‍ക്കുന്ന അവസ്ഥ. ഇത്തരത്തിൽ അഭിവാദ്യം ചെയ്യുന്നവർ പൊതുവിൽ ശാന്തശീലരും സംസ്കാര സമ്പന്നരുമായിരിക്കും. ആത്മാർത്ഥതയോടൊപ്പം കുലീനതയും മുറ്റിനിൽക്കുന്ന ഇവർ മിതഭാഷികളും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരും രഹസ്യങ്ങൾ വിട്ടുകൊടുക്കാത്തവരുമായിരിക്കും. വിശ്വസിക്കാൻ കൊള്ളാവുന്ന ഇത്തരക്കാർ മറ്റുളളവരുടെ കൊച്ചു കൊച്ചുതെറ്റുകളെ അവഗണിക്കുന്നവരും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുന്നവരുമായിരിക്കും. ജീവിതത്തിൽ ചില  പ്രമാണങ്ങളിൽ അടിയു ച്ചു വിശ്വസിക്കുന്ന ഇവരുടെ പെരുമാറ്റത്തിലുടനീളം വല്ലാത്ത ഒരന്തസ്സും പ്രൗഢിയും മുഴച്ചു നിൽക്കുന്നതു കാണാം.

കഴുത്ത് അൽപ്പം കുനിച്ചു കൊണ്ട് കൈകൂപ്പുന്നവർ അധികവും വളരെപ്പെട്ടെന്ന് വികാരങ്ങൾക്ക് വശംവദരാകുന്ന പ്രകൃതക്കാരായിരിക്കും. നിഷ്കളങ്ക സ്വഭാവക്കാരായ ഇവർ എളിമയുള്ള വിശാലമനസ്ക്കരും മറ്റുള്ളവരോട് ആദരവു പ്രകടിപ്പിക്കുന്നതിൽ വിമുഖത കാണിക്കാത്തവരുമായിരിക്കും. സംഭാഷണ വേളകളിൽ അശ്ലീലം കലർന്നതോ മറ്റുള്ളവർക്ക് അരോചകമാകാനിടയുള്ളതോ ആയ പദപ്രയോഗങ്ങൾ തീർത്തും ഒഴിവാക്കുന്ന ഇക്കൂട്ടര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയും സുഹൃത്തുക്കളെ  ആത്മാർഥമായി  സഹായിക്കുകയും ചെയ്യും. പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഇവർ ആരെയും വിമർശിക്കുകയില്ലെന്നതുപോലെ തന്നെ മറ്റുള്ളവരുടെ വിമർശനത്തെ ഭയക്കുന്നവരുമായിരിക്കും. അടുക്കും ചിട്ടയുമുള്ള വൃത്തിയുള്ള ഗൃഹാന്തരീക്ഷം ആഗ്രഹിക്കുന്ന ഇവർ മറ്റുള്ളവരും അങ്ങനെ തന്നെ ആയിരിക്കണമെന്ന് അഭിലഷിക്കും. ആത്മീയതയിലൂന്നിയ, കർമോന്മുഖ ജീവിതം നയിക്കാനിഷ്ടപ്പെടുന്ന ഈ വിഭാഗക്കാർ പൊതുവേ വിശ്വസ്തരായിരിക്കും. 

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com