sections
MORE

മൊട്ടുസൂചി മുതൽ ലക്ഷ്വറി കാർ വരെ വിൽക്കാം, ഒപ്പം മികച്ച വരുമാനവും! നാളത്തെ താരമാണ് ഈ തൊഴിൽ

Sales Person
SHARE

നിർമ്മിത ബുദ്ധിയും റോബോട്ടുകളുമെല്ലാം കൂടി വന്നു നാട്ടിലുള്ള തൊഴിലെല്ലാം കവർന്നെടുത്താലും മനുഷ്യന്മാരുടെ പിടിവിട്ടു പോകാത്ത ചില ജോലികളുണ്ട്. വാക്ചാതുരിയും കോമൺസെൻസും അൽപം പൊലിപ്പിക്കലുമെല്ലാം കൊണ്ടു മൊട്ടു സൂചി മുതൽ ലക്ഷ്വറി കാർ വരെ വിൽക്കാൻ സഹായിക്കുന്ന സെയിൽസ് പോലെയുള്ള ചില ജോലികൾ ഇനി വരുന്ന നൂറ്റാണ്ടുകളിലും മനുഷ്യർ തന്നെ ചെയ്യുമെന്ന് ഉറപ്പാണ്. 

സെയിൽസ് ജോലി ചെയ്യുന്നവരെല്ലാം മാർക്കറ്റിങ്ങിൽ ആയിരിക്കണമെന്നു നിർബന്ധമില്ല. മനുഷ്യന്മാരുമായിട്ട് ഇടപെടുന്നതിലാണ് നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയും ഭാവിയുമെങ്കിൽ ഉറപ്പിക്കാം നിങ്ങൾ സെയിൽസിലാണ്. പഠിച്ചു വളർന്നു കോളജ് വിദ്യാഭ്യാസം കഴിയുമ്പോഴേക്കും പലരും അറിയാതെയാണെങ്കിലും ചില സെയിൽസ് പാഠങ്ങൾ പഠിച്ചിട്ടുണ്ടാകും. ക്ലാസിൽ മറ്റുള്ളവരുമായി വിനിമയം നടത്തുമ്പോഴോ പ്രസന്റേഷൻ നടത്തുമ്പോഴോ ഒക്കെ നിങ്ങൾ ചെയ്യുന്നതു സെയിൽസ് പിച്ചാണ്. ഉത്പന്നമായിരിക്കില്ല ആശയങ്ങളോ സേവനങ്ങളോ ഒക്കെയാകും നിങ്ങൾ ഈ ഘട്ടത്തിൽ വിൽപന നടത്തിയിട്ടുള്ളത്. അത്തരത്തിൽ നോക്കുമ്പോൾ സെയിൽസ് നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമാണ്. 

സെയിൽസ് ഒരു കരിയറായി തിരഞ്ഞെടുത്താൽ ഗുണങ്ങൾ പലതാണ്.

1. നല്ല ഡിമാൻഡുള്ള ജോലി
ഐടിയാകട്ടെ, ബാങ്കിങ് ഫിനാൻസ് മേഖലയാകട്ടെ, ആരോഗ്യ മേഖലയാകട്ടെ, അതുമല്ലെങ്കിൽ ചില്ലറ വ്യാപാര മേഖലയാകട്ടെ, ഇവർക്ക് എല്ലാവർക്കും സെയിൽസ് പ്രഫഷണലുകളുടെ സേവനം അത്യാവശ്യമാണ്. സെയിൽസ് ജോലികൾക്ക് പോർട്ടബിലിറ്റിയുള്ളതിനാൽ ലോകത്ത് എവിടെ പോയാലും സെയിൽസുകാർക്ക് പണിയുണ്ടാകും. വിദേശത്തൊക്കെ പോയി ജോലി ചെയ്യാൻ താത്പര്യമുള്ളവരാണെങ്കിൽ വേറൊന്നും ആലോചിക്കേണ്ട; ധൈര്യമായി നിങ്ങൾക്ക് സെയിൽസ് മേഖലയിലെ വിവിധ കോഴ്സുകൾ പഠിക്കാം.

2. വ്യക്തിഗത വികസനത്തിനുള്ള അവസരങ്ങൾ
വ്യക്തികളുമായുള്ള ആശയവിനിമയ ശേഷികൾ വളർത്തിയെടുക്കാൻ പറ്റിയതാണ് സെയിൽസ് ജോലി. തന്റെ ഉത്പന്നമോ സേവനമോ ആശയമോ വില കൊടുത്തു വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നവരാണു സെയിൽസ് പ്രഫഷണലുകൾ. ഇതിനു വേണ്ടി ദിവസവും നിരവധി പേരുമായി ഇടപെടേണ്ടിയും വരുന്നു. ഇതു നിങ്ങളുടെ വ്യക്തിത്വവും ആത്മവിശ്വാസവും വളർത്താൻ സഹായിക്കും. ഇന്നത്തെ കടുത്ത മത്സരാത്മക ലോകത്ത് ഈ ഗുണങ്ങൾ നൽകുന്ന മെച്ചം ചില്ലറയല്ല.

3. വികാസം പ്രാപിക്കുന്ന ഫ്ലെക്സിബിൾ ജോലി
ബിരുദം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കമ്പനിയുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും മനസ്സിലാക്കി അതു മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന ഒരു പ്രഫഷണലായിട്ടാകും സെയിൽസിലെ നിങ്ങളുടെ തുടക്കം. ക്രമേണ ഇതു ചിലപ്പോൾ പുതിയ വിപണന തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്ന റോളിലേക്കു നിങ്ങളെ കൊണ്ടെത്തിക്കാം. വേറെ സെയിൽസ് പ്രഫഷണലുകളെ മാനേജ് ചെയ്യലാകും അൽപം കൂടി കഴിഞ്ഞാൽ നിങ്ങളുടെ ജോലിയുടെ പ്രൊഫൈൽ. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ഫ്ലെക്സിബിൾ പ്രൊഫൈൽ ജോലിയിൽ മടുപ്പുണ്ടാക്കുകയില്ല.

4. ത്വരിത വളർച്ച
ബിസിനസ്സിന്റെ എല്ലാ വശങ്ങളുമായി നിങ്ങളെ പരിചയപ്പെടുത്തുന്ന, ത്വരിത കരിയർ വളർച്ച ഉറപ്പാക്കുന്ന ജോലിയാണ് സെയിൽസ്. പ്രമോഷനുള്ള അവസരവും നിരവധി. പല കമ്പനികളിലെയും സിഇഒമാരും മറ്റും തങ്ങളുടെ കരിയർ സെയിൽസ് റോളുകളിൽ ആരംഭിച്ചവരാണ്.

5. മെച്ചപ്പെട്ട വരുമാനം
നിരവധി ഇൻസെന്റീവുകളോട് കൂടിയ നിശ്ചിത പാക്കേജാണ് സെയിൽസ് പ്രഫഷണലുകൾക്ക് വാഗ്ദാനം ചെയ്യപ്പെടാറുള്ളത്. ശമ്പളത്തിനു പുറമേ വിൽപന നടന്നാൽ കിട്ടുന്ന കമ്മീഷനുകളും ബോണസ്സുകളുമൊക്കെ ഉണ്ടാകും. ടാർജറ്റ് കൈവരിക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും വിദേശയാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകുന്ന കമ്പനികളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA