ADVERTISEMENT

ഉപരിപഠനവും ജോലിയും ഒന്നിച്ചു വാഗ്ദാനം ചെയ്യുന്ന അപൂർവം പരീക്ഷകളിലൊന്നാണ് ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്). എന്നാൽ, ‘ഗേറ്റ്’ തുറക്കുക അത്രയെളുപ്പമല്ല. ഓരോ വർഷവും പരീക്ഷയെഴുതുന്നവരിൽ യോഗ്യത നേടുന്നത് 15– 20 % പേർ മാത്രം. എന്നാൽ, ഭൂരിപക്ഷവും പരീക്ഷയെ ഗൗരവത്തോടെ സമീപിക്കുന്നവരല്ല. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ഗേറ്റ് ബാലികേറാമലയല്ല. 

ഇത്തവണ സെപ്റ്റംബർ 3 മുതൽ അപേക്ഷിക്കാം. പരീക്ഷ അടുത്ത ഫെബ്രുവരിയിൽ. ഇനിയുള്ള 6 മാസം ശരിയായി വിനിയോഗിച്ചാൽ വിജയം ഉറപ്പ്. 

geetu

ഗേറ്റിനു സ്വന്തമായി തയാറെടുത്തയാളാണ് ഞാൻ. ഒട്ടേറെ സ്റ്റഡി മെറ്റീരിയലുകൾ ഓൺലൈനിൽ ലഭ്യമാണ്. എങ്കിലും റഫറൻസ് പുസ്തകങ്ങള്‍ വായിച്ച് കൺസെപ്റ്റുകൾ മനസ്സിലാക്കുന്നതു തന്നെയാണു നല്ലത്. കോച്ചിങ് സെന്ററില്‍ പോയി പരിശീലിച്ചാൽ സ്റ്റഡി മെറ്റീരിയൽ എളുപ്പത്തിൽ ലഭിക്കുമെന്ന മെച്ചമുണ്ട്.

ഗീത് ജോർജ്, 
(പത്താം റാങ്ക്, 2019 ഗേറ്റ്)
എംടെക് ഇലക്ട്രിക്കൽ എൻജിനീയറിങ്, ഐഐഎസ്‌സി ബെംഗളൂരു

ഗേറ്റ് തുറക്കാൻ 10 സ്മാർട് പോയിന്റുകൾ

പ്ലാനിങ്: ഇനി എത്ര സമയമുണ്ട്, വിവിധ വിഷയങ്ങളിലെ അറിവ്, സിലബസ്, മാർക്ക് സ്കീം എന്നിവ അടിസ്ഥാനമാക്കി ശരിയായ സ്റ്റഡി പ്ലാൻ തയാറാക്കുക. ദിവസം, ആഴ്ച, മാസം എന്നിങ്ങനെ പഠിച്ചുതീർക്കേണ്ട പാഠഭാഗങ്ങൾ വിഭജിക്കാം. 

സ്മാർട് വർക്ക്: വാരിവലിച്ചു പഠിക്കാതെ സിലബസ് അനുസരിച്ചു ക്രമപ്പെടുത്തുക. എന്നാൽ, ഒരു വിഷയവും ഒഴിവാക്കരുത്. തുടക്കത്തിൽ ദിവസേന 4 മണിക്കൂർ പഠിക്കാം. മെല്ലെ സമയം നീട്ടി 10 മണിക്കൂർ വരെയാക്കണം. 

റിവിഷൻ: റിവൈസ് ചെയ്യാതെ എത്ര പഠിച്ചിട്ടും കാര്യമില്ല. ഒരു പാഠഭാഗം കുറഞ്ഞത് 4 തവണയെങ്കിലും റിവൈസ് ചെയ്യണം. എത്ര റിവൈസ് ചെയ്യുന്നോ വിജയസാധ്യത അത്രയും കൂടും. സ്റ്റഡി പ്ലാനിൽ റിവിഷനും സമയം നൽകണം. 

അടിസ്ഥാന വിഷയങ്ങളിൽ തുടങ്ങാം: ഓരോ ബ്രാഞ്ചിലും മൂന്നോ നാലോ അടിസ്ഥാന വിഷയങ്ങളുണ്ടാകും. ഇവയിലെ കൺസെപ്റ്റുകൾ മനസ്സിലാക്കിയിട്ടു വേണം മറ്റു വിഷയങ്ങൾ പഠിക്കാൻ. 

സ്വന്തം നോട്സ്: പഠിക്കുന്ന കൺസെപ്റ്റുകൾ വളരെ ചുരുക്കി അവരവർക്കു മനസ്സിലാകുന്ന രീതിയിൽ എഴുതിവയ്ക്കണം. മറ്റൊരു നോട്ട്ബുക്കിൽ പ്രധാന ഫോർമുലകള്‍ എഴുതിവയ്ക്കണം. ഇവ ഇടയ്ക്കിടെ മറിച്ചു നോക്കണം.

മാത്‍‌സ്, ആപ്റ്റിറ്റ്യൂഡ്: പരിശീലിച്ചാൽ കണക്കിൽ നിന്നും ആപ്റ്റിറ്റ്യൂഡിൽ നിന്നും സ്കോർ ചെയ്യാൻ എളുപ്പമാണ്. 30 ശതമാനത്തോളം മാർക്ക് ഈ ഭാഗങ്ങളിൽ നിന്നാണ്. എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും ഇവ പരിശീലിക്കാൻ മാറ്റിവയ്ക്കണം.

മോക് ടെസ്റ്റുകൾ: ഓൺലൈനിൽ മോക്ടെസ്റ്റ് സൗകര്യം ലഭ്യമാണ്. യഥാർഥ പരീക്ഷയുടെ അന്തരീക്ഷത്തിൽ, അതേ സമയമെടുത്ത് ഏറ്റവും കുറഞ്ഞത് 10 മോക് ടെസ്റ്റുകളെങ്കിലും പരിശീലിക്കണം. ഇതു 10 മാർക്കെങ്കിലും അധികം നേടിത്തരും. 

മുൻവർഷ ചോദ്യങ്ങൾ: ഓരോ വിഷയം പഠിച്ചുതീർക്കുമ്പോഴും ആ ഭാഗത്തുനിന്നു മുന്‍വർഷങ്ങളിൽ വന്ന ചോദ്യങ്ങൾ പരിശീലിക്കണം. പരീക്ഷയെത്തുമ്പോഴേക്ക് കഴിഞ്ഞ 10 വർഷത്തെയെങ്കിലും ചോദ്യപ്പേപ്പറുകൾ പരിചയപ്പെട്ടിരിക്കണം.

ചർച്ച ചെയ്യാം: കൺസെപ്റ്റുകൾ മനസ്സിലുറപ്പിക്കാൻ എറ്റവും എളുപ്പവഴി അതു മറ്റൊരാൾക്ക് പറഞ്ഞുകൊടുത്ത് ചർച്ച ചെയ്യുക എന്നതാണ്. കേൾവിക്കാരനായി വിഷയത്തിൽ താൽപര്യമുള്ളയാളെ തിരഞ്ഞെടുക്കണമെന്നു മാത്രം. 

ന്യൂജെൻ വഴികൾ: തയാറെടുപ്പിനു സൗജന്യ മൊബൈൽ ആപ്പുകളും ടെലഗ്രാമിലുൾപ്പെടെ ഓൺലൈൻ കൂട്ടായ്മകളും ഇന്നുണ്ട്. സംശയനിവാരണത്തിനും പഠനത്തിനു ദിശാബോധം നൽകാനും ഇവ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com