sections
MORE

ജീവിതം തോൽവി ആകരുതെന്നുണ്ടോ? വേർതിരിച്ചറിയണം ആത്മാഭിമാനവും ആത്മവിശ്വാസവും

Success
SHARE

നിങ്ങളുടെ ആത്മവിശ്വാസം മുഖ്യമായും നിങ്ങൾ എന്തു ചിന്തിക്കുന്നു. എന്തു പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആത്മാഭിമാനമാകട്ടെ നിങ്ങൾ ആരാണ് എന്നതിനെക്കുറിച്ചുള്ള അവബോധത്തിൽ നിന്നും ഉടലെടുക്കുന്ന ഗുണവിശേഷമാണ്. പേരെടുത്ത സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സ്പോര്‍ട്സ് താരങ്ങൾ എന്നിവരെപ്പോലുള്ളവരുടെ അവസ്ഥ ചിന്തിച്ചു നോക്കൂ. അവരിൽ ചിലരെങ്കിലും പഴയ പ്രൗഢിയും പ്രതാപവുമെല്ലാം നഷ്ടപ്പെടുമ്പോൾ ഹതാശരായി മദ്യത്തിലും മയക്കുമരുന്നിലുമെല്ലാം അഭയം തേടുന്നതായിക്കാണാം.  എന്തായിരിക്കാം മുൻകാലങ്ങളിൽ അവർ പ്രകടമാക്കിയിരുന്ന ആത്മവിശ്വാസത്തിന്റെ ആന്തരികമോ ബാഹ്യമോ ആയ ഉറവിടം? ഏതായാലും ഒരു കാര്യം തീർച്ചയാണ്. ആത്മാഭിമാനമാണ് ആത്മവിശ്വാസത്തെ പരിപോഷിപ്പിക്കുന്ന ഊർജസ്രോതസ്. നിങ്ങളുടെ ആത്മാഭിമാനമാണ് നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ പ്രകടഭാവങ്ങളെ എല്ലാ സാഹചര്യങ്ങളിലും  നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും വേർതിരിച്ചറിയാനുള്ള കഴിവ് നേതൃഗുണങ്ങൾ വളർത്തിയെടുക്കാൻ ആവശ്യമായി വരുന്നു. 

ആളുകളുമായി ഇടപഴകുമ്പോൾ അവരുടെ നിൽപ്പ്, നോട്ടം, ഭാവങ്ങൾ തുടങ്ങിയവയെല്ലാം എത്രമാത്രം സ്വാഭാവികമാണെന്നും അതിൽ അവരുടെ ആത്മവിശ്വാസം എടുത്തു കാണിക്കുന്ന അകൃത്രിമ ഘടകങ്ങൾ ഏവയെന്നും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കാത്ത ആത്മവിശ്വാസ പ്രകടനരീതികൾക്കു ശക്തമായ ആത്മാഭിമാനത്തിന്റെ (ദുരഭിമാനമല്ല) പിന്തുണയുണ്ടായിരിക്കുമെന്ന് ഓർക്കുക. ഉദാഹരണത്തിന് ആളുകളുടെ വസ്ത്രധാരണരീതിയടക്കം അവരുടെ വ്യക്തിത്വത്തിന്റെ നോൺ വെർബൽ ഘടകങ്ങളെല്ലാം ശ്രദ്ധിക്കാം. അവർ അവനവന്റെ  നിലപാടുകളിൽ എത്രമാത്രം ഉറച്ചു നിൽക്കുന്നവരാണെന്നു വീക്ഷിക്കാം. സ്വയം ബോധ്യപ്പെടുന്നതിനേക്കാളുപരി മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണോ അവര്‍ കൂടുതൽ താൽപ്പര്യപ്പെടുന്നതെന്നു പരിശോധിക്കാം. ഈ വക നിരീക്ഷണങ്ങൾക്കെല്ലാമൊടുവിൽ നിരീക്ഷണഫലങ്ങൾ നിങ്ങളെ സംബന്ധിച്ചിടത്തോളം എത്ര മാത്രം പ്രസക്തമാണെന്നു വിലയിരുത്തുകയും അതുപ്രകാരം അഭികാമ്യമെന്നു തോന്നുന്ന മാറ്റങ്ങൾക്കു സ്വയം വിധേയമാ കുകയും ചെയ്യാം. 

നേരും പതിരും അറിയാം
വാക്കുകളിലൂടെയും അല്ലാതെയുമുള്ള നേരും നുണയും കലർന്ന സന്ദേശ മിശ്രിതങ്ങളെ  തിരിച്ചറിയുകയെന്നതു നല്ല നേതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കൂട്ടത്തിൽ താൻ മറ്റുള്ളവർക്കു നൽകുന്ന സന്ദേശങ്ങളുടെ സത്യാവസ്ഥയും സുതാര്യതയും ശരീരഭാഷയിലൂടെ വെളിപ്പെട്ടുകൊണ്ടുമിരിക്കണം. ശുദ്ധ കപടരായ രാഷ്ട്രീയ നേതാക്കളുടെയും അപൂർവമായെങ്കിലും കാണപ്പെടുന്ന സത്യസന്ധരായ നേതാക്കളുടെയും ശരീരഭാഷയെ ഈ കോളത്തിൽ വിശദീകരിച്ചിട്ടുള്ള വസ്തു തകളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്താൽ അഭികാമ്യവും ഒഴിവാക്കപ്പെടേണ്ടവയുമായ ശരീരഭാഷാ സംജ്ഞകളെ ക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. നിങ്ങൾ പറയുന്നത് സത്യമായാൽ മാത്രം പോരാ പറയുന്നത് സത്യമാണെന്നു ബോധ്യപ്പെടുത്തുന്ന ശാരീരിക ചേഷ്ടകളും പ്രധാനമാണ്. നേർക്കുനേർ നോക്കിയുള്ള സംസാരം, കൈവെള്ളകൾ മറച്ചുവയ്ക്കാതിരിക്കൽ, പെരുമാറ്റത്തിലുടനീളം നില നിൽക്കുന്ന തിടുക്കമില്ലായ്മ, പരിഭ്രമരാഹിത്യം തുടങ്ങിയവ ഉദാഹരണം.

മൗനം സ്വർണ്ണം പോലെ
“If speech is silver, silence is golden”  എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. മികച്ച നേതൃഗുണമുള്ളവരെ സംബന്ധിച്ചിടത്തോളം ഈ ചൊല്ലിന് ഏറെ പ്രസക്തിയുണ്ട്. നല്ല നേതാവ് മിതഭാഷിയായിരിക്കും. സംസാരമധ്യേ സ്ഥാനത്തും അസ്ഥാനത്തും ആവശ്യമില്ലാത്ത വിശദീകരണങ്ങളും ഒഴിവു കഴിവുകളും കുത്തിനിറയ്ക്കുകയില്ല.  ഇനി മുതൽ ഇത്തരം അനാവശ്യ ഘടകങ്ങൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ആശയ വിനിമയങ്ങളിൽ ഇടംപിടിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നത് ഒരു ശീലമാക്കി നോക്കൂ. ഓരോ ദിവസവും ആളുകൾ അനാവശ്യമായി എത്രമാത്രമാണ് സംസാരിക്കുന്നതെന്ന തിരിച്ചറിവ് നിങ്ങളെ അദ്ഭുതപ്പെടുത്തും. മാത്രമല്ല ഈ തിരിച്ചറിവ് ഭാവിയിൽ മിതഭാഷിയാകുന്നതിനുള്ള നിങ്ങളുടെ പരിശീലനത്തിനു മുതൽക്കൂട്ടാകുകയും ചെയ്യും. മിതഭാഷിത്വവും ചില സാഹചര്യങ്ങളിലെങ്കിലും നിശ്ശബ്ദതയും  നിങ്ങളുടെ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രകട സൂചനകളായി വിലയിരുത്തപ്പെടാൻ സാധ്യതയുണ്ട്. വായാടിത്തം കാണിക്കുന്ന മിക്ക ആളുകളിലും ഈ രണ്ടു ഗുണങ്ങളും കഷ്ടിയാണെന്നു കാണാം. തങ്ങളിലെന്തോ കുറവുണ്ടെന്ന അപകർഷതാബോധവും അതു നികത്താനുള്ള ഉൾപ്രേരണയുമാണ് അത്തരക്കാരെ അമിതഭാഷണത്തിൽ അഭയം തേടാൻ പ്രേരിതരാക്കുന്നത്. 

പറയൂ, കേൾക്കട്ടെ
മേൽ സൂചിപ്പിച്ച മിതഭാഷിത്വത്തിന്റെ മറ്റൊരു വശമാണ് കേൾക്കാനുള്ള സന്നദ്ധത. വലിച്ചെറിയപ്പെടുന്ന എന്തും ഉൾക്കൊള്ളാൻ തയാറാവുന്ന ശാന്തമായ ഒരു ജലാശയമായി നിങ്ങൾ നിങ്ങളെ സങ്കൽപ്പിച്ചു നോക്കൂ. കേൾക്കുന്ന കാര്യങ്ങൾ അഹിതകരമാണെങ്കിൽ പോലും എടുത്തു ചാടി പ്രതികരിക്കാതെ കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തുക.  തുടർന്ന് ആവശ്യമെങ്കിൽ ഒരിടവേളയ്ക്കു ശേഷം മാത്രം പ്രതികരിക്കുക. നല്ല നേതാക്കൾ മിതഭാഷികളെന്നപോലെ ക്ഷമാശീലരായ േകള്‍വിക്കാർ ആയിരിക്കും. 

കാലുകൾ പിണച്ചുവച്ചുള്ള നിൽപ്പും ഇരിപ്പും നല്ല കേൾവിക്കാരുടെ ലക്ഷണമല്ല. കാലുകൾ അൽപമകറ്റി മടമ്പുകളേക്കാൾ പെരുവിരലുകൾ അകന്നു നിൽക്കുന്ന അവസ്ഥയാണ് അഭികാമ്യം. ഒപ്പം ശ്രോതാവിന്റെ വലതുകാൽപ്പാദം പറയുന്ന ആൾ നിൽക്കുന്ന ദിശയിലേക്ക് അൽപം മുന്നോട്ടു നിരക്കിവയ്ക്കുന്നത് നന്നായിരിക്കും. കാരണം അതു ശ്രദ്ധയുടെയും താൽപര്യത്തിന്റെയും പ്രകടമായ സൂചനകളിൽ ഒന്നാണ്. 

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA