sections
MORE

ഏതാൾക്കൂട്ടത്തിലും ശ്രദ്ധാകേന്ദ്രമാകണോ? ഇവ ചെയ്തുനോക്കൂ, ഫലം അദ്ഭുതപ്പെടുത്തും

636188020
SHARE

ചില വ്യക്തികള്‍ എവിടെച്ചെന്നാലും ആളുകളുടെ ശ്രദ്ധാ കേന്ദ്രമായിരിക്കും. ഏതാൾക്കൂട്ടത്തിനിടയിലും അവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടും. അവരോടു കൂട്ടുകൂടാനും സംസാരിക്കാനുമെല്ലാം അപരിചിതർ പോലും താൽപ്പര്യം പ്രകടിപ്പിച്ചേക്കാം. അവർ സിനിമാ നടന്മാരെപ്പോലെ സുന്ദരന്മാരോ ആകാരഭംഗിയുള്ളവരോ ഉന്നതരാഷ്ട്രീയ നേതാക്കന്മാരെപ്പോലെ അധികാരവും സ്വാധീനവുമുള്ളവരോ ആയിക്കൊള്ളണമെന്നില്ല. പിന്നെയെന്തായിരിക്കാം അവരുടെ ആകർഷണീയതയുടെ രഹസ്യമെന്നല്ലേ? സ്വന്തം ശരീരഭാഷയിൽ അനിതരസാധാരണമായി  നിയന്ത്രണമുള്ളവരായിരിക്കും അവർ. അത്തരം നിയന്ത്രണങ്ങൾ ജന്മസിദ്ധമോ പരിശീലനങ്ങളിലൂടെ ആർജ്ജിക്കപ്പെട്ടവയോ അവ രണ്ടും കൂടിച്ചേർന്നവയോ ആകാം. പക്ഷേ ഒരു കാര്യം തീർച്ചയാണ്. ശരീരഭാഷാപരമായ അഭികാമ്യ ഗുണങ്ങള്‍ നമ്മിലെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. അവയെ കണ്ടെത്തി തിരിച്ചറിഞ്ഞ് സന്ദർഭങ്ങൾക്കിണങ്ങുന്ന വിധത്തിൽ എടുത്തു പ്രയോഗിക്കാൻ പഠിച്ചാൽ വ്യക്തിപരമായ ആകർഷണീയത ഒരു പരിധിവരെയെങ്കിലും ആർക്കും നേടിയെടുക്കാം. താഴെക്കൊടുത്തിരിക്കുന്ന ലളിതമായ നിര്‍ദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ദൈനംദിന ജീവിതത്തിൽ ഓരോന്നായി  പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചു നോക്കൂ. നിങ്ങളുടെ വ്യക്തിബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലുണ്ടാകുന്ന പുരോഗതി നിങ്ങളെ അദ്ഭുതപ്പെടുത്തും.

നില്‍ക്കുമ്പോൾ നിവർന്നുതന്നെ
നിൽപ്പിന്റെ വിവിധ പോസുകളും ഇതര സവിശേഷതകളും വ്യക്തിയെക്കുറിച്ച് ധാരാളം വിവരങ്ങൾ വെളിപ്പെടുത്തും. ഒടിഞ്ഞു തൂങ്ങിയും ശരീരപേശികൾ അലസമായി അയച്ചിട്ടു കൊണ്ടുമുള്ള നിൽപ്പ് ആരിലും ആദരമുണർത്തുകയില്ല. നിൽക്കുമ്പോൾ നിവർന്നുതന്നെ നിൽക്കുക. കൂട്ടത്തിൽ ഏറ്റവും ഉയരം കുറഞ്ഞ ആളാണ് നിങ്ങളെങ്കിൽപ്പോലും അപകർഷതാ ബോധം കൂടാതെ ഇരു ചുമലുകളും അൽപ്പം പുറകിലേക്കു തള്ളി നിവർന്നുള്ള നിൽപ്പ് നിങ്ങളുടെ ‘കുറവ്’ സ്വയം പരിഹരിച്ചു കൊള്ളും. ശരീരഭാരം ഇരുകാലുകളിലും സമമായിരിക്കട്ടെ. കാലുകൾ ചേർത്തു നിൽക്കുന്നതിനു പകരം അൽപ്പം അകറ്റിവച്ചാൽ ശരീരഭാരം സ്വയം സന്തുലിതമായിത്തീരും.

ഒരു കാലില്‍ മാത്രം ഊന്നിയുള്ള നിൽപ്പും മേശയിലോ ചുമരിലോ ചാരിയുള്ള നിൽപ്പും അലസതയുടെ സൂചനയാണെന്നോർക്കുക. ലോക നേതാക്കളുടെ പ്രസംഗപീഠത്തിനു മുന്നി ലുള്ള നിൽപ്പ് ശ്രദ്ധിച്ചു നോക്കൂ. നമ്മുടെ ചില നാടൻ നേതാക്കൾ ചെയ്യാറുള്ളതുപോലെ ഒരിക്കലും അവർ പ്രസംഗ പീ ത്തിനു മുകളിൽ ‘കമിഴ്ന്നു കിടക്കാറില്ല’. 

നോട്ടത്തിൽ ശ്രദ്ധിക്കേണ്ടത്
സംസാരിക്കുമ്പോൾ ശ്രോതാക്കളുടെ നോട്ടം നിങ്ങളുടെ കണ്ണുകളിൽ കേന്ദ്രീകരിക്കത്തവിധത്തിലായിരിക്കണം നിങ്ങളുടെ നിൽപ്പ്. കാരണം നിങ്ങളുടെ ശരിയായ വികാര വിചാരങ്ങൾ കണ്ണുകളിലൂടെ ഏതോ അദൃശ്യ കിരണങ്ങളെന്ന പോലെ പ്രസരിച്ചുകൊണ്ടിരിക്കും. അത് നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ കേൾവിക്കാരിൽ എത്തുകയും ചെയ്യും.  ആദരവിന്റേതായ മനോഭാവമാണ് നിങ്ങളുടേതെങ്കിൽ അതു നിങ്ങളുടെ കണ്ണുകളിലൂടെ തിരിച്ചറിയുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ട് ആരുമായും ഇടപഴകുമ്പോഴും നേർക്കുനേർ നോക്കിക്കൊണ്ടു മാത്രം സംസാരിക്കുക.  അവരിൽ നിന്നും കഴിവതും മറ്റാരിലേക്കും നോട്ടം വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പക്ഷേ, തുറിച്ചു നോട്ടമരുത്. അത് ആളുകളിൽ അസ്വസ്ഥതയുളവാക്കും. കണ്ണടയ്ക്കു മുകളിലൂടെയുള്ള നോട്ടം അഹങ്കാര സൂചകമാണ്. 

ഇരുത്തംവന്ന ഇരിപ്പ്
നിൽപ്പിന്റെ പോസുകളെപ്പോലെത്തന്നെ പ്രധാനമാണ് ഇരിപ്പിന്റേയും. ഏതു പൊസിഷനിലാണ് നിങ്ങളുടെ ഇരിപ്പെന്നത് ഏതു സാഹചര്യങ്ങളിലായാലും നിങ്ങളുടെ താൽപ്പര്യത്തെ എടുത്തു കാണിക്കും. നിങ്ങൾ ഊർജസ്വലനാണെന്നും മറ്റുളള വർ പറയുന്ന കാര്യങ്ങളിൽ അതീവതൽപരനാണെന്നും തോന്നിപ്പിക്കുന്ന പോസുകളിൽ ഇരിക്കാൻ ശ്രമിക്കണം. ഒൗപചാരിക സന്ദർഭങ്ങളിൽ നിവർന്ന് ചുമലുകൾ കസേരയുടെയോ സോഫയുടെയോ ചാരുപടിയിൽ ചേർന്നുവരത്തക്ക വിധത്തിലുള്ള ഇരിപ്പാണ് മുന്നോട്ടു വളഞ്ഞു തൂങ്ങിയുള്ള ഇരിപ്പിനെക്കാൾ അഭികാമ്യം. എന്നാൽ വ്യക്തിപരമായുള്ള സംഭാഷണങ്ങളിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഇരിക്കുന്ന ഭാഗത്തേക്ക് അൽപ്പം മുന്നോട്ടാഞ്ഞിരിക്കുന്നത് നന്നായിരിക്കും. പറയുന്ന വാക്കുകൾക്ക് ഊന്നൽ നൽകാനും ഇതുപകരിക്കും. കൈകൾ ശ്രദ്ധാ വ്യതിചലനമുണ്ടാക്കാത്ത വിധം കസേരക്കയ്യിലോ കാൽമുട്ടുകൾക്കു മേലോ വെയ്ക്കുകയോ മടിയിൽ മടക്കി വെയ്ക്കുകയോ ആവാം. പക്ഷേ ഇരിപ്പ് ഒരിക്കലും ബലം പിടിച്ചുകൊണ്ടാകരുത്.  നിങ്ങളിരിക്കുന്ന  കസേര എല്ലായ്പ്പോഴും നിങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്ന  വ്യക്തിക്ക് അഭിമുഖമായാണ് ഇട്ടിരിക്കുന്നതെന്ന് ഉറപ്പു വരുത്തണം. 

വിജയത്തിലേക്കു മുന്നേറുമ്പോൾ
തലയുടെ പൊസിഷൻ, ശ്വാസഗതി, കോട്ടുവായിടൽ തുടങ്ങിയവയെല്ലാം നമ്മുടെ താൽപ്പര്യത്തിന്റെ വിവിധ തലങ്ങളുടെ സൂചകങ്ങളായിവർത്തിക്കും. മറ്റുള്ളവരുടെ മുന്നില്‍ മുഷിപ്പോ അസ്വസ്ഥതയോ പ്രകടമാകുന്ന യാതൊരുവിധ ചേഷ്ടകളും പ്രകടമാകാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം. ക്ഷമാശീലനായ ശ്രോതാവാകുന്നതോടൊപ്പം പറയപ്പെടുന്ന വാക്കുകളെയും ബന്ധപ്പെട്ട വികാരവിചാരങ്ങളെയും സഹാനു ഭൂതിയോടെ ഉൾക്കൊള്ളുകകൂടി ചെയ്യുന്നുവെന്ന പ്രതീതി ഉളവാക്കുവാൻ കഴിഞ്ഞാൽ ആർക്കും നിങ്ങളെ ഇഷ്ടപ്പെ ടാതിരിക്കാനാവില്ല.

നടത്തത്തിൽ ശ്രദ്ധിക്കേണ്ടത്
ആത്മവിശ്വാസം സ്ഫുരിക്കുന്ന നടത്തം ആരിലും ആദരവുണർത്തും. നടപ്പിന്റെ അന്തസ്സും പ്രൗഢിയും നിങ്ങളുടെ ലക്ഷ്യബോധത്തെ ഒറ്റനോട്ടത്തിൽ വെളിപ്പെടുത്തുന്നു. മിതമായ വേഗതയിൽ തുല്യ അകൽച്ചയുള്ള ദൃഢമായ കാൽവയ്പ്പുകളോടെ നേരെ മുന്നോട്ടു നോക്കിക്കൊണ്ട് നടക്കുക. സ്ഥിരമായി തലകുനിച്ച് നിലത്തെന്തോ തിരയുന്ന മട്ടിലുള്ള നടപ്പ് അധോമുഖത്വത്തിന്റെയും ആത്മവിശ്വാസമില്ലായ്മയുടെയും ലക്ഷണമാണ്. കൈകൾ അയച്ചു തൂക്കിയിട്ടുള്ള നടപ്പ് ലക്ഷ്യ ബോധത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു.  കൂട്ടംകൂടി ന ക്കുമ്പോള്‍ വശങ്ങളിലുള്ളവരെ ചുമൽക്കൊണ്ട് തള്ളിമാറ്റി മുന്നിൽക്കയറാൻ ശ്രമിക്കുന്നവരും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ പാദത്തില്‍ ചവിട്ടിപ്പോകുന്നതും തീർത്തും അപരിഷ്കൃതവും സംസ്ക്കാരശൂന്യവുമായ പെരുമാറ്റങ്ങളാണ്.

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA