ADVERTISEMENT

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ നല്‍കുന്ന നിരവധി കോളജുകള്‍ ഇന്നു ലഭ്യമാണ്. ഇതില്‍ നിന്നു മികച്ച സ്ഥാപനം തിരഞ്ഞെടുക്കുക പല വിദ്യാർഥികള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. 

വലിയ കോളജോ, ചെറിയ കോളജോ ആയിക്കോട്ടെ, കോഴ്‌സിനു ഒരു സ്ഥാപനം തിരഞ്ഞെടുക്കും മുന്‍പ് ഈ 10 കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

1. സ്ഥാപനത്തിന്റെ ഖ്യാതി
നിങ്ങളുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആരെങ്കിലും ഈ സ്ഥാപനത്തെ കുറിച്ചു മുന്‍പു കേട്ടിട്ടുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ അവര്‍ക്കു സ്ഥാപനത്തെ പറ്റിയുള്ള അഭിപ്രായം തിരക്കുക. കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന പരിചയക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരോടു പ്രസ്തുത സ്ഥാപനത്തില്‍ നിന്ന് അവരുടെ കമ്പനി ജോലിക്ക് ആളെ എടുക്കാറുണ്ടോ എന്നൊക്കെ അന്വേഷിക്കുക. ഉണ്ടെങ്കില്‍ അവിടെ നിന്നു ജോലിക്കെടുത്ത വിദ്യാർഥികളുടെ നിലവാരം എങ്ങനെയുണ്ടെന്നും അറിയുക. 

2. ഫാക്കല്‍റ്റികള്‍ ആരെല്ലാം?
ഒരു സ്ഥാപനത്തിന്റെ നട്ടെല്ലാണ് അവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍. അവരുടെ തൊഴില്‍ രംഗത്തെ പരിചയത്തെ കുറിച്ചെല്ലാം അന്വേഷിച്ചറിയുന്നതു നന്നായിരിക്കും. പ്രായോഗിക തൊഴില്‍ പരിചയമുള്ളവരാണോ അധ്യാപകര്‍ അതോ വെറും അക്കാദമിക ജ്ഞാനം മാത്രമുള്ളവരാണോ എന്നതും തിരക്കേണ്ടതാണ്. പാഠപുസ്തകത്തില്‍ നിന്നു മാത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ നിങ്ങള്‍ക്കു കോഴ്‌സിനെ കുറിച്ച് സുവ്യക്തമായ ധാരണയുണ്ടാക്കാന്‍ സഹായിക്കില്ല. 

3. അടിസ്ഥാന സൗകര്യങ്ങള്‍
എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, നല്ല ലൈബ്രറി, ക്യാന്റീന്‍, കഫറ്റീരിയ, നല്ല ഹോസ്റ്റലുകള്‍ തുടങ്ങി സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വിലയിരുത്തുക. 

4. പ്രായോഗിക പഠനം
സ്ഥാപനത്തിലെ പഠനം ലെക്ച്ചറുകളിലും പരീക്ഷകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ  അതോ പ്രായോഗിക പരിശീലനങ്ങളും അസൈന്‍മെന്റുകളും അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു തിരക്കണം. ഇക്കാലത്തṁു പ്രായോഗിക തൊഴില്‍ പരിചയമുള്ള ഉദ്യോഗാർഥികളെയാണു പല കമ്പനികളും ജോലിക്കെടുക്കുന്നത്. 

5. വ്യവസായ ലോകവുമായി ബന്ധം
സ്ഥാപനത്തിന് അവര്‍ പഠിപ്പിക്കുന്ന കോഴ്‌സുകളുമായി ബന്ധപ്പെട്ട വ്യവസായ ലോകവുമായി ബന്ധമുണ്ടോ എന്നും നോക്കേണ്ടതാണ്. ഈ കോഴ്‌സുകള്‍ വ്യവസായ ലോകം അംഗീകരിക്കുന്നുണ്ടോ, ആ വ്യവസായവുമായി ബന്ധപ്പെട്ട പ്രമുഖര്‍ സ്ഥാപനത്തില്‍ ഗസ്റ്റ് ലക്ച്ചര്‍മാരായി എത്തുന്നുണ്ടോ, വിദ്യാർഥികള്‍ക്ക് അവര്‍ ഭാവിയില്‍ ജോലി ചെയ്യാന്‍ പോകുന്ന സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രി വിസിറ്റിനുള്ള അവസരം ലഭിക്കുന്നുണ്ടോ എന്നെല്ലാം നോക്കേണ്ടതാണ്. 

6. ലൈവ് പ്രോജക്ടുകള്‍
കമ്പനികളിലെ സാങ്കേതിക സമസ്യകള്‍ക്കു പരിഹാരം കാണാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികള്‍ക്ക് അവസരം ലഭിക്കാറുണ്ട്. ലൈവ് പ്രോജക്ടുകള്‍ എന്നാണ് അവയ്ക്ക് പറയുന്നത്. നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന കോഴ്‌സിലെ വിദ്യാർഥികള്‍ക്ക് ഇത്തരത്തില്‍ എന്തെങ്കിലും ലൈവ് പ്രോജക്ടുകള്‍ ചെയ്യാന്‍ അവസരം ലഭിക്കാറുണ്ടോ എന്നെല്ലാം അറിഞ്ഞു വയ്ക്കണം. 

7. ക്ലാസ്‌റൂമിലെ സാങ്കേതിക വിദ്യ
കമ്പനികളില്‍ ഉപയോഗിക്കുന്ന നവ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ സോഫ്ട്‌വെയറുകളിലും ആപ്ലിക്കേഷനുകളിലും നിങ്ങളുടെ സ്ഥാപനം പ്രായോഗിക പരിശീലനം നല്‍കുന്നുണ്ടോ എന്ന് അന്വേഷിക്കുക. വീട്ടിലിരുന്നു തന്നെ പഠന സാമഗ്രികള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇ-ലേണിങ് സംവിധാനങ്ങള്‍ സ്ഥാപനം ഒരുക്കുന്നുണ്ടോ എന്നും അറിയുക. 

8. പ്ലേസ്‌മെന്റുകള്‍
സ്ഥാപനത്തിലെ തൊഴില്‍ പ്ലേസ്‌മെന്റ് അവസരങ്ങള്‍, റിക്രൂട്ട്‌മെന്റിനെത്തുന്ന പ്രമുഖ കമ്പനികള്‍, വിദ്യാർഥികള്‍ക്കു പ്ലേസ്‌മെന്റ് സമയത്തു ലഭിക്കുന്ന ശമ്പള പാക്കേജുകള്‍ എന്നിവയെല്ലാം അറിയേണ്ടതാണ്. ഇതിനായി പ്ലേസ്‌മെന്റ് ലഭിച്ച പൂര്‍വ വിദ്യാർഥികളുമായി സംസാരിക്കാവുന്നതാണ്. 

9. പൂര്‍വ വിദ്യാർഥി നെറ്റ്‌വര്‍ക്ക്
പല നല്ല സ്ഥാപനങ്ങള്‍ക്കും ശക്തമായ പൂര്‍വ വിദ്യാർഥി സംഘടനകളുണ്ടാകും. സ്ഥാപനത്തില്‍ നിന്നു പഠിച്ചിറങ്ങുന്നവര്‍ക്കു നല്ല ജോലി ലഭിക്കാന്‍ ഈ പൂര്‍വ വിദ്യാർഥി സംഘടനകളുടെ നെറ്റ് വര്‍ക്ക് പലപ്പോഴും സഹായകമാകാറുണ്ട്. നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന സ്ഥാപനത്തിലെ പൂര്‍വ വിദ്യാർഥി സംഘടനയെ പറ്റിയും അതിലുള്ള വ്യക്തികളെ കുറിച്ചും അന്വേഷിക്കുക. പറ്റുമെങ്കില്‍ അവരുമായി ആശയവിനിമയം നടത്തുക.

10. ഡെമോ ലെക്ച്ചറുകള്‍
ചില ഉത്പന്നങ്ങളൊക്കെ വാങ്ങുമ്പോള്‍ സൗജന്യ ഡെമണ്‍സ്‌ട്രേഷന്‍ ലഭിക്കുന്നത് പോലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികള്‍ക്കായി ഡെമോ ലെക്ച്ചറുകള്‍ നല്‍കാറുണ്ട്. നിലവിലെ ഏതെങ്കിലും ക്ലാസുകളില്‍ പോയിരുന്ന് നമുക്ക് അധ്യാപകരുടെ ലെക്ച്ചര്‍ ക്ലാസുകള്‍ കേട്ട് അവയുടെ നിലവാരം അളക്കാം. അവിടെ പഠിക്കുന്ന വിദ്യാർഥികളുമായി വിനിമയം നടത്തി അവരുടെ അഭിപ്രായവും തേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com