sections
MORE

5ജി ‘സ്മാർട്ട്’ ആയാൽ ജോലി പോകുമോ?

5g
SHARE

ടെലികോം രംഗത്ത് 5 ജി എന്ന മന്ത്രത്തിനു കാതോർക്കുകയാണു ലോകം. ഡേറ്റ കൈമാറ്റത്തിനുള്ള ‘മിന്നൽ’ സർവീസാണു വരുന്നത്. 4ജിയുടെ പത്തിരട്ടിയിലേറെ വേഗം. ഡ്രൈവറില്ലാ വാഹനങ്ങളും കാഷ്യറില്ലാ കടകളും വരും. ‘സ്മാർട്’ എന്ന ഓമനപ്പേരിൽ എത്രയോ സേവനങ്ങൾ ‘യാന്ത്രിക’മാകും. ഇതെല്ലാം തൊഴിൽനഷ്ടത്തിന്റെ കണക്കുകൾ. 

എന്നാൽ പകരം ഉയർന്നുവരുന്ന പുതിയ തൊഴിൽസാധ്യതകളോ? ഏതാനും വർഷങ്ങൾക്കകം 2000 കോടി ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 5ജി തട്ടകം കണ്ടെത്തുമെന്നു അനലിറ്റിക്കൽ ഏജൻസിയായ ഐഎച്ച്എസ് മാർക്കിറ്റ് പറയുന്നു. 30 ലക്ഷം പുതിയ തൊഴിലവസരങ്ങൾ ലോകമെമ്പാടും സൃഷ്ടിക്കപ്പെടുമെന്നാണു പ്രവചനം.

5ജി റെഡി
5 ജിയിലേക്കുളള യാത്ര ഒറ്റയടിക്കായിരിക്കില്ല. 4ജി എൽടിഇ അഡ്വാൻസ്ഡ്, അഡ്വാൻസ് പ്രോ തുടങ്ങിയ ഘട്ടങ്ങൾക്കു ശേഷമാകും 5ജിയുടെ വരവ്. ഇവയിൽനിന്നു 5ജിയിലേക്കുള്ള മാറ്റത്തിനും തുടർന്നുള്ള സുഗമമായ നടത്തിപ്പിനും മികച്ച ടെലികോം എൻജിനീയർമാരെ ആവശ്യമുണ്ട് – 5ജി റെഡി സ്‌പെഷലിസ്‌റ്റുകൾ. എൽടിഇ അഡ്വാൻസ്ഡ് പ്രോ, സോൺ, സി-റാൻ, ഹെറ്റ്‌നെറ്റ്, മൊബൈൽ എഡ്ജ് കംപ്യൂട്ടിങ്, എൻഎഫ്‌വി, എസ്ഡിഎൻ, നെറ്റ്‌വർക് സ്ലൈസിങ്, മെഷ് നെറ്റ്‌വർക്‌സ്, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളവരെയാണ് ആവശ്യം. 

സിസ്‌കോ ഉൾപ്പെടെയുള്ള കമ്പനി‌കളുടെ സർട്ടിഫിക്കേഷനുകൾ ഗുണം ചെയ്യും. 5g-courses.com എന്ന വെബ്‌സൈറ്റിൽ ഈ രംഗത്തെ വിവിധ കോഴ്‌സുകളുണ്ട്. ചില വിദേശ സർവകലാശാലകളിൽ 5ജി എംഎസ് കോഴ്‌സുണ്ട്. വളരെക്കുറച്ചുപേർ മാത്രമുള്ള രംഗമായതിനാൽ രാജ്യാന്തര തലത്തിൽ 5ജി സാങ്കേതികവിദഗ്ധർക്കു മികച്ച ശമ്പളപ്പാക്കേജാണു ലഭിക്കുന്നത്. 

ക്ലൗഡ് കംപ്യൂട്ടിങ്
നിലവിൽ സ്വന്തം സെർവറുകളിലും കംപ്യൂട്ടറുകളിലും നടത്തുന്ന 90 % പ്രവർത്തനങ്ങളും 5ജി എത്തുന്നതോടെ ക്ലൗഡിലേക്കു മാറും. ഒരു കേന്ദ്രീകൃത സെർവറിലായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ നടക്കുക. 

ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തു ജോലി ചെയ്യുന്നവർക്ക് ആഗോളവ്യാപകമായി ഡിമാൻഡ് ഏറും. ടെസ്റ്റ് ഓട്ടമേഷൻ സ്‌പെഷലിസ്റ്റുമാർ, പൈഥൺ, ജാവ, ഡോട്ട് നെറ്റ്, സി പ്ലസ്പ്ലസ് ഡവലപ്പേഴ്‌സ് തുടങ്ങിയവർക്കെല്ലാം സുവർണാവസരങ്ങളായിരിക്കും.

വെർച്വൽ റിയാലിറ്റി
വെർച്വൽ റിയാലിറ്റി ഇപ്പോൾ തന്നെ മൊബൈലുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങളിൽ എത്തിക്കഴിഞ്ഞു. എങ്കിലും ഇപ്പോഴും ഇതു പ്രാരംഭ ദിശയിലാണ്. 5ജി എത്തുന്നതോടെയാകും യഥാർഥ വളർച്ച. വെർച്വൽ റിയാലിറ്റിയിൽ നിലവിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കു കിട്ടുക മികച്ച അവസരം.

സൈബർ സെക്യൂരിറ്റി
ഇപ്പോൾ തന്നെ വികസിതമേഖലയാണിത്. എന്നാൽ 5ജി വരുമ്പോൾ പ്രസക്തി പതിന്മടങ്ങു വർധിക്കും. 5ജിയോടൊപ്പം ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതികവിദ്യയുടെ വളർച്ചയേറും. കോടിക്കണക്കിനു ഉപകരണങ്ങൾ ബന്ധിക്കപ്പെടുന്ന ഇന്റർനെറ്റ് സൂപ്പർ ഹൈവേ വരും. ഏതെങ്കിലും തരത്തിലുള്ള ഒരു സുരക്ഷാപ്പിഴവ് തന്നെ ഐഒടിയെ സാരമായി ബാധിച്ചേക്കാം. അതിനാൽതന്നെ സൈബർ സെക്യൂരിറ്റി മേഖലയിൽ വൻ കുതിച്ചുചാട്ടം വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA