ADVERTISEMENT

വല്ലവര്‍ക്കും വേണ്ടി എല്ലു വെള്ളമാക്കി പണിയെടുക്കുമെങ്കിലും സ്വന്തമായി എന്തെങ്കിലും തുടങ്ങി വിജയിപ്പിക്കാന്‍ അറിയില്ല. കുറച്ചു കാലം മുന്‍പു വരെ ഇന്ത്യന്‍ യുവാക്കളെ കുറിച്ചു പൊതുവേ പറഞ്ഞു കേട്ടിട്ടുള്ള പരാതിയാണിത്. നാട്ടില്‍ വ്യവസായം മുരടിച്ചപ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും അങ്ങ് അമേരിക്കയിലും ലണ്ടനിലും വരെ ഇന്ത്യക്കാരന്റെ അധ്വാനം കൊണ്ടു പല കമ്പനികളും തഴച്ചു വളര്‍ന്നു പന്തലിച്ചിട്ടുണ്ട്. എന്നാല്‍ കാലം മാറുകയാണ്. നമ്മുടെ യുവാക്കള്‍ കൂടുതലായി സംരംഭകത്വത്തിലേക്കു വരുന്നു എന്നു മാത്രമല്ല, പുതിയ ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതില്‍ അവര്‍ മിടുമിടുക്കരുമാണ്. 

ഏഷ്യാ പസഫിക്ക് മേഖലയില്‍ തന്നെ ഏറ്റവും അധികം നൂതനാശയങ്ങളുള്ളവര്‍ ഇന്ത്യയിലെ യുവ സംരംഭകരാണെന്നാണ് ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മോണിറ്ററും(ജിഇഎം) യൂത്ത് കോ. ലാബും നടത്തിയ ഏറ്റവും പുതിയ സര്‍വേ വെളിപ്പെടുത്തുന്നു. ഏഷ്യ പസഫിക് രാജ്യങ്ങളിലെ ഒന്‍പതു രാജ്യങ്ങളെയാണ് ജിഇഎം കണ്‍സോര്‍ഷ്യം സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് നൂതനാശയ(ഇന്നവേഷന്‍) ആഭിമുഖ്യത്തില്‍ ഇന്ത്യക്കാരോട് കിട പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത് ഏഷ്യ പസഫിക് മേഖലയില്‍ ഓസ്‌ട്രേലിയയിലെ യുവാക്കള്‍ക്കു മാത്രമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും കഴിഞ്ഞാല്‍ പിന്നെ ഇന്നവേഷന്‍ ലെവലില്‍ മുന്നില്‍ നില്‍ക്കുന്നതു ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ യുവാക്കളാണ്. 

പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മാത്രമല്ല ഇന്ത്യന്‍ യുവ സംരംഭകര്‍ മുന്നില്‍. പരാജയ ഭീതിയും ഇവര്‍ക്കു നന്നേ കുറവാണ്. ഒന്‍പത് രാജ്യങ്ങളില്‍ പരാജയ ഭീതി കുറവുള്ള യുവ സംരംഭകരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് മുന്നിലുള്ളത്. 

ആഗോള തലത്തില്‍ നോക്കിയാല്‍ ഏഷ്യാ പസഫിക്ക് മേഖലയിലെ രാജ്യങ്ങള്‍ നൂതനാശയങ്ങളില്‍ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് മേഖലകള്‍ക്കു പിന്നിലും ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ മേഖലകള്‍ക്കു മുന്നിലുമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലുണ്ടായ കുതിപ്പ് കൂടുതല്‍ നവീനമായ ആശയങ്ങള്‍ സംരംഭകത്വത്തിലേക്കു കൊണ്ട് വരാന്‍ ഇന്ത്യന്‍ യുവാക്കള്‍ക്കു പ്രചോദനമായിട്ടുണ്ടെന്ന് ജിഇഎം ഇന്ത്യ ടീം ലീഡറും എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടറുമായ ഡോ. സുനില്‍ ശുക്ല പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com