sections
MORE

ഈ ആംഗ്യങ്ങളിൽ നിന്നു മനസ്സിലാക്കാം മറ്റുള്ളവരുടെ മനസ്സിലിരുപ്പ്

body-language
SHARE

ചെവിക്കു പുറകിലോ അൽപം മുന്നിലോ മിക്കപ്പോഴും ചെവിക്കുന്നിക്കു താഴെയോ ചൂണ്ടുവിരൽ കൊണ്ട് ചൊറിയുന്നത് അനിശ്ചിതത്വത്തിന്റെയും ശങ്കയുടെയും സൂചനയായേക്കാം.

ഇതുമായി ബന്ധപ്പെടുത്തിയുള്ള നിരീക്ഷണങ്ങൾ രസകരമായ ഒരു വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു; ഈ ചേഷ്ട പ്രകടമാക്കുന്ന ഓരോ സന്ദർഭത്തിലും  ആളുകൾ കൃത്യം  അഞ്ചുപ്രാവശ്യം മാത്രമാണത്രേ ചൊറിയുക! ഇതിൽ കൂടുകയോ കുറയുകയോ ചെയ്യുക വളരെ അപൂർവമാണെന്നു കൂടി അദ്ദേഹം സമർഥിക്കുന്നു. മനസ്സിലെ ശങ്കയും അവിശ്വാ സവും പുറത്തു പറയാനാകാതെ വിമ്മിട്ടപ്പെടുന്ന അവസരങ്ങളിൽ അത് ഇത്തരം നോൺ വെർബൽ സൂചനകളായി പുറത്തു വന്നേക്കാം. ‘ഓ, എനിക്കതൊന്നും ഒരു പ്രശ്നമേയല്ല’ എന്നു പറയുമ്പോൾത്തന്നെ ചെവിക്കു താഴെ ചൂണ്ടുവിരൽ കൊണ്ട് ചൊറിയുകയും ചെയ്യുന്ന ആളുടെ അകവും പുറവും തമ്മിലുള്ള വൈരുധ്യം ഒന്നു സങ്കൽപിച്ചു നോക്കൂ. 

മുകളിലേക്കോ താഴേക്കോ വിദൂരതയിലേക്കെങ്ങോട്ടെങ്കിലുമോ അലക്ഷ്യമായി നോക്കിക്കൊണ്ട് തലയിലോ താടിയിലോ കഴുത്തിലോ കവിളിലോ വളരെ സാവധാനത്തിൽ മൃദു വായി ചൊറിഞ്ഞുകൊണ്ടിരിക്കുന്നയാൾ മനസ്സിൽ നിന്ന് എന്തോ ചികഞ്ഞെടുക്കാൻ ശ്രമിക്കുകയാണെന്ന് അനുമാനിക്കാം.  എന്നാൽ ഇതേ ആംഗ്യങ്ങൾതന്നെ അൽപ്പം വേഗത്തിലും ഒരു പ്രത്യേക രീതിയിലുള്ള തലകുലുക്കലിന്റെ അകമ്പടിയോടുകൂടിയുമാണെങ്കിൽ അത് ആശയക്കുഴപ്പത്തിന്റെയോ ചമ്മലിന്റെയോ അതുപോലുള്ള മറ്റെന്തെങ്കിലും മാനസികസംഘർഷത്തിന്റെയോ ബഹിർസ്ഫുരണമായേക്കാം.

നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ശ്രോതാക്കളിലാരെങ്കിലും ഇടക്കിടെ കഴുത്തു തടവുന്നുവെങ്കിൽ അവർ നിങ്ങളുടെ വാക്കുകൾ മുഖവിലക്കെടുക്കുന്നില്ലെന്ന് സംശയിക്കേണ്ടിയിരി ക്കുന്നു. അവിശ്വാസ സൂചകമായ ഈ ചേഷ്ട ചില സ്ത്രീകളിൽ കുറേക്കൂടി ഗോപ്യമായ വിധത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്; കഴുത്തിലേക്കൂർന്നു വീണ മുടി ഒതുക്കി വയ്ക്കുന്ന രൂപത്തിലോ കഴുത്തിലണിഞ്ഞിരിക്കുന്നതോ അണിയാത്തതോ ആയ മാല അവിടെത്തന്നെയുണ്ടോ എന്ന് തപ്പി നോക്കുന്ന വിധത്തിലോ ആകാമത്. 

മാനസികമായ പ്രതിരോധത്തിന്റെയോ കീഴടങ്ങളിലിന്റെയോ സൂചനയാണ് പിരടിയിൽ കൈവയ്ക്കലെന്ന് ഡേവിഡ് ഹംഫ്രീസും (David Humphries) ക്രിസ്റ്റഫർ ബ്രാനിഗാനും (Christopher Branigan) പറയുന്നു. വാദപ്രതിവാദങ്ങളിൽ പരാജയപ്പെടുമെന്ന തോന്നലുണ്ടാകുമ്പോഴും തോറ്റുകഴിഞ്ഞുവെന്ന് സ്വയം ബോധ്യപ്പെടുമ്പോഴും ചിലർ പിരടിയിൽ കൈവയ്ക്കുന്നതു കാണാം. സ്ത്രീകളിൽ ഈ ചേഷ്ട പ്രകടമാകുന്നത് മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ  മുടിക്കെട്ടൊതുക്കലിന്റെ രൂപത്തിലാണ്.

എന്തെങ്കിലും പ്രയാസമേറിയ കാര്യങ്ങൾ മറ്റാരെയെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനിടയിലും എന്തെങ്കിലും കളവു പറഞ്ഞു ഫലിപ്പിക്കാനുള്ള ശ്രമത്തിനിടയിലും ചില ആളുകൾ പിൻ കഴുത്തു തടവിക്കൊണ്ടിരിക്കും. കളവു പറയുമ്പോഴാണെങ്കിൽ കേൾവിക്കാരന്റെ മുഖത്തു നോക്കാതെ അലക്ഷ്യമായി എങ്ങോട്ടെങ്കിലും നോക്കിക്കൊണ്ടായിരിക്കും ഇവർ സംസാരിക്കുക. ഇച്ഛാഭംഗത്തിന്റെയും ദേഷ്യത്തിന്റെയും സൂചനയായും ഈ ചേഷ്ട പ്രത്യക്ഷമാകാറുണ്ട്; ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പിരടിയിൽ ഒരു ലഘു താഡനത്തോടുകൂടിയായിരിക്കും തടവൽ ആരംഭിക്കുന്നതെന്ന ഒരു ചെറിയ വ്യത്യാസമുണ്ട് എന്നു മാത്രം. 

സ്ഥിരമായി പിരടി തടവുന്ന ശീലമുള്ളവർ നിഷേധാത്മക ചിന്താഗതിക്കാരും എന്തിനുമേതിനും കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിൽ തൽപ്പരരുമായിരിക്കാൻ സാധ്യതയേറും. എന്നാൽ വല്ലപ്പോഴുമൊക്കെ നെറ്റിത്തടം കൈകൊണ്ടു തടവുന്ന ശീലമുള്ളവർ പൊതുവെ തുറന്ന മനസ്ഥിതിക്കാരുമായിരിക്കുമത്രേ.

‘അയ്യോ, അക്കാര്യം തന്നെ ഞാൻ മറന്നുപോയി!’ എന്നും മറ്റും പറയുമ്പോൾ നാം കൈത്തലം കൊണ്ട് അറിയാതെ നെറ്റിത്തടത്തിൽ മൃദുവായി അടിച്ചു പോകാറില്ലേ? മറവി പറ്റിപ്പോയതിന് സ്വയം ശിക്ഷിക്കുന്ന ഒരു സ്വഭാവമാണ്. ഈ കൈയാംഗ്യത്തിനുള്ളതെന്ന് ശരീരഭാഷാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പക്ഷേ പദവിയിലോ പ്രായത്തിലോ തങ്ങളേക്കാൾ താഴെയുള്ളവരുടെ മുന്നിലോ സമന്മാരുടെ മുന്നിലോ മാത്രമേ ആളുകൾ ഈ വിധത്തിലുള്ള കുറ്റബോധപ്രകടനത്തിനു മുതിരാറുള്ളുവെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. പദവിയിൽ മുന്തിയവർക്കു മുമ്പിലാണെങ്കിൽ മറവി പിണഞ്ഞതിലുള്ള ചമ്മലും ഖേദവും പിരടി തടവലിന്റെ രൂപത്തിലാണ് പ്രത്യക്ഷമാകുക.

കർശനക്കാരനായ അധ്യാപകൻ ഓർക്കാപ്പുറത്ത് അസൈൻമെന്റ് പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ അതു വീട്ടിൽ നിന്നെടുക്കാൻ മറന്നുപോയ വിദ്യാർഥിയുടെ പ്രതിക രണമെന്തായിരിക്കും? അവൻ നെറ്റിയിൽ കൈകൊണ്ടടിക്കുമോ അതോ പിരടി തടവുമോ? ഒരു സമൂഹത്തിനു വേണ്ടി നിങ്ങളേറ്റതും എന്നാൽ മറന്നുപോയതുമായ ഒരു കാര്യം അയാളെ നേരിൽക്കാണുമ്പോൾ പെട്ടെന്ന് നിങ്ങൾക്കോർമ വരുന്ന പക്ഷം എന്തായിരിക്കും നിങ്ങളുടെ ആദ്യ പ്രതികരണം?

കോളറിൽ പിടിച്ചുവലിക്കൽ? 
ഇടയ്ക്കിടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിക്കൽ കാപട്യത്തിന്റെ  ലക്ഷണമാകാം. കളവു പറയുമ്പോഴും പറഞ്ഞു പോയ കളവു പിടിക്കപ്പെടുമെന്ന തോന്നലുണ്ടാകുമ്പോഴും ചിലർ ഇങ്ങനെ ചെയ്യാറുണ്ട്. ഈ ആംഗ്യത്തിന്റെ ഉത്ഭവത്തെപ്പറ്റി ഡെസ്മണ്ട് മോറിസ് ഇപ്രകാരം വിശദീകരിക്കുന്നു. കളവു പറയുമ്പോൾ മുഖത്തും കഴുത്തിനും ചുറ്റുമുള്ള ചില സൂക്ഷ്മ കലകളിൽ ഇക്കിൾ പോലുള്ള ഒരനുഭൂതി ഉടലെടുക്കുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് കോളർ വലിക്കുമ്പോഴുണ്ടാകുന്ന ഉരസൽ ശമനം നൽകുന്നുവെന്നതാണ് ഈ ചേഷ്ടയ്ക്കു പ്രേരകമായി വർത്തിക്കുന്നതത്രേ. കപടചിന്തക ളുണ്ടാകുമ്പോൾ കഴുത്തിലും മുഖത്തും പൊടിയുന്ന വിയർപ്പു കണങ്ങളാണ് കോളർ വലിക്കാൻ പ്രേരകമാകുന്ന അസ്വസ്ഥതയുടെ മറ്റൊരു കാരണമെന്ന് അല്ലൻ പീസ് അഭിപ്രായപ്പെടുന്നു. ദേഷ്യമോ കഠിനമായ നിരാശയോ അനുഭവപ്പെടുമ്പോൾ ചിലർ ഇതേ ചേഷ്ട പ്രകടമാക്കാറുണ്ട്. മാനസിക സമ്മർദം മൂലം ചൂടായി വിയർക്കുന്ന ശരീരത്തിലേക്ക് അൽപ്പം വായുപ്രവാഹം ലഭിക്കാൻ കോളർ വലിച്ചു വയ്ക്കുന്നത് ഉപകരിക്കുമല്ലോ.

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA