ADVERTISEMENT

തിരുമ്മലിനോളം ശക്തമല്ലാത്തവിധം കൈപ്പത്തികൾ പരസ്പരം ഉരസുന്നത് ഉടൻ സംഭവിക്കാനിടയുള്ള സന്തോഷകരമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നുവെന്നതിന്റെ ലക്ഷണമാണെന്ന് അല്ലൻ പീസ് പറയുന്നു. തന്റെ വിജയമുറപ്പിക്കുന്ന അവസാന റൗണ്ട് ചാട്ടത്തിന് സിഗ്നൽ കാത്തുനിൽക്കുന്ന ഹൈജംപ് താരം, വിജയത്തിലേക്കുള്ള അവസാനഷോട്ടിനായി കൈതരിച്ചു നിൽക്കുന്ന കാരംസ് കളിക്കാരൻ, വളരെ ലാഭകരമായ ഒരു കോൺട്രാക്ട് ഒപ്പിടാൻ പോകുന്ന വിവരം സഹപ്രവർത്തകർക്കു മുന്നിൽ ഔപചാരികമായി പ്രഖ്യാപിക്കാനൊരുങ്ങുന്ന കമ്പനി മേധാവി, താൻ സ്കൂൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന വിവരം രക്ഷിതാക്കളെ അറിയിക്കാന്‍ അക്ഷമനായി കാത്തിരിക്കുന്ന കൗമാരപ്രായക്കാരൻ– ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ അല്ലൻ പീസിന്റെ അഭിപ്രായത്തെ ശരിവെക്കുന്നു. സമാനസാഹചര്യങ്ങളിൽ ഒരാൾ കൈപ്പത്തികളുരസുന്നത് സാവധാനത്തിലാണെങ്കിൽ‌ അത് മറ്റാരെക്കാളുമുപരി തനിക്കു ഗുണകരമായ എന്തിനെയെങ്കിലും കുറിച്ചുള്ള പ്രതീക്ഷയിലായിരിക്കാം; എന്നാൽ വേഗത കൂടിയ ഉരസൽ മറ്റാർക്കെങ്കിലും ഗുണകരമായ പ്രതീക്ഷയിലേക്കാവാം വിരൽ ചൂണ്ടുന്നത്.

ചിലയാളുകളുടെ എന്തെങ്കിലും പ്രവൃത്തിയിലേക്ക് പ്രവേശിക്കുന്നതിൽ തൊട്ടുമുമ്പേ കൈകൾ കഴുകുമ്പോഴെന്ന പോലെ സാവധാനം ഉരസുകയും ഉഴിയുകയും ചെയ്യുന്നതു കാണാം. ഇത് ആ പ്രവർത്തിയിലുള്ള അവരുടെ ആത്മാർത്ഥമായ താൽപര്യത്തിന്റെ സൂചനയാണ്. 

വിയർക്കുന്ന കൈപ്പത്തികൾ ഇടയ്ക്കിടെ വസ്ത്രത്തിൽ തുടയ്ക്കുന്നത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ്. പുരുഷന്മാർ കൈകള്‍ പാന്റ്സിലോ മറ്റോ തുടയ്ക്കുമ്പോൾ സ്ത്രീ കൾ തൂവാലയുപയോഗിക്കുന്നു. കോടതികളിൽ തെളിവു നൽകുന്നവർ, സഭാകമ്പമുള്ള പ്രസംഗകർ, ഊഴം കാത്തിരിക്കുന്ന അത് ലറ്റുകൾ തുടങ്ങിയവരിൽ ഇത്തരം ചേഷ്ടകൾ കാണാൻ കഴിയും. 

ഗോപുരം പോലെ വിരല്‍ത്തുമ്പുകൾ
ഇരു ക‌ൈപ്പത്തികളുടെയും വിരല്‍ത്തുമ്പുകൾ പരസ്പരം സ്പർശിച്ചു കൊണ്ടു നിൽക്കുമ്പോൾ കാണുന്ന ഗോപുര സദൃ ശ്യമായ അവസ്ഥ. ബേഡ് വിസ്റ്റൽ (Birdwhistel) ആണ് ഈ ആംഗ്യത്തെ ആദ്യമായി ഗോപുരം (steeple) എന്ന് പേർ വിളിച്ചത്. നിയറെൻബെർഗും കാലെറോയും (Nierenberg & Calero) ഇതിനെ ആത്മസംതൃപ്തിയുടെയും അപ്രമാദിത്വത്തിന്റെയും പ്രൗഢിയുടേയും ഞാനെന്ന ഭാവത്തിന്റെയും അടയാളമായിക്കരുതുന്നു. ചിലർ അതിരുകവിഞ്ഞ ആത്മവിശ്വാസവും എനിക്കെല്ലാമറിയാം എന്ന ഭാവവും ഇതിലൂടെ പ്രകടമാക്കുന്നു.

ശാരീരികചേഷ്ടകളെ സന്ദർഭങ്ങളുടെ പശ്ചാത്തലത്തിൽ സമഗ്രമായി മാത്രമേ വിശകലനം ചെയ്യാവൂ എന്ന ഉപദേശിക്കുമ്പോൾത്തന്നെ ഈയൊരു പ്രത്യേകചേഷ്ടയുടെ കാര്യത്തിൽ മാത്രം ഒറ്റപ്പെട്ട വിശകലനത്തിൽ തെറ്റില്ലെന്ന് അല്ലൻ പീസ് അഭിപ്രായപ്പെടുന്നു. സ്ഥാപനമേധാവികൾ പ്രഫഷനുകൾ പോലുള്ളവരിൽ ഈ ആംഗ്യം വളരെ സാധാരണ മാണ്– മേലുദ്യോഗസ്ഥ കീഴുദ്യോഗസ്ഥ ബന്ധങ്ങളിൽ പ്രത്യേകിച്ചും. 

മുഷ്ടി ചുരുട്ടൽ
പുരുഷന്മാരിൽ സാധാരണമായും സ്ത്രീകളിൽ വളരെ അപൂർവമായും കാണപ്പെടുന്ന ചേഷ്ടയാണ് മുഷ്ടി ചുരുട്ടൽ. ചാൾസ് ഡാർവിന്റെ അഭിപ്രായത്തിൽ ഇത് നിശ്ചയ ദാർഢ്യത്തെയോ ദേഷ്യത്തെയോ ശത്രുതാ മനോഭാവത്തെയോ സൂചിപ്പിക്കുന്നു. ഇതിനു പുറമെ രണ്ടു പേർ സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ മുഷ്ടി ചുരുട്ടുന്നു. ഇതോടെ മറ്റേ ആൾകൂടി അപ്രകാരം ചെയ്യാൻ അബോധതലത്തിൽ പ്രേരിതനാകുന്നു. അത് ഇരുവരുടെയും ശത്രുതാ മനോഭാവത്തെ വർധിപ്പിക്കാനിടയുണ്ടെന്ന് ഡാർവിൻ അഭിപ്രായപ്പെടുന്നു. സാധാരണ സംഭാഷണങ്ങൾക്കിടയിൽ അറിയാതെപോലും മുഷ്ടി ചുരുട്ടിപ്പിടിക്കുന്നത് സൗഹാർദത്തിന് വിലങ്ങു തടിയായിത്തീരാൻ സാധ്യതയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.

മുഷ്ടി ചുരുട്ടൽ പെട്ടെന്നുള്ള ആവേശത്തിന്റെയോ സാമാന്യത്തിൽക്കവിഞ്ഞ വികാരത്തള്ളലിന്റെയോ സൂചനയായേക്കാം. കളികളിൽ വിജയികളാവുന്നവരും പ്രകടനങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നവരും മുഷ്ടി ചുരുട്ടിയ കൈകൾ ആവേശ പൂർവം മുകളിലേക്കുയർത്തുന്നത് സർവസാധാരണമായ കാഴ്ചയാണല്ലോ. ഡെസ്മണ്ട് മോറിസിന്റെ  അഭിപ്രായത്തിൽ ചുരുട്ടിയ മുഷ്ടി വിജയത്തിന്റെയും അധികാരപ്രമത്തതയുടെയും ശക്തി പ്രകടനത്തിന്റെയും ഭീഷണിയുടെയും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങൾക്കു നൽകുന്ന ഊന്നലിന്റെയും സാർവത്രിക പ്രതീകമാണ്. ചിലർ കടുത്ത വികാരവിക്ഷോഭമനുഭവപ്പെടുമ്പോൾ മുഷ്ടി ചുരുട്ടി മേശപ്പുറത്തോ സ്വന്തം കൈ വെള്ളയിൽത്തന്നെയോ ഇടിക്കുന്നതും പതിവു കാഴ്ചയാണല്ലോ. 

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com