ADVERTISEMENT

തൊഴിലിന് ഒരു സ്ഥിരതയും ഇല്ലാതാകുന്ന കാലത്തു ഗവണ്‍മെന്റ് ജോലിയോടു പ്രിയം തോന്നുന്നതു സ്വാഭാവികം. പ്യൂണ്‍ ജോലിക്കും, എന്തിനേറെ തൂപ്പുജോലിക്കു വരെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളില്‍ ബിരുദാനന്തരബിരുദ യോഗ്യതയൊക്കെയുള്ളവര്‍ നിരവധി. എന്നാല്‍ ഗവണ്‍മെന്റ് ജോലിയോടുള്ള ആവേശത്തിന്റെ പാരമ്യം വെളിവാക്കുന്ന ഒരു സംഭവം അടുത്തിടെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് റെയില്‍വേ ഡിവിഷനില്‍ ഉണ്ടായി. അവിടെ പുതുതായി ജോലി ചെയ്യാന്‍ എത്തിയ ട്രാക്ക് മെയിന്റേനര്‍ യുവാവാണ് മേലധികാരികള്‍ക്കു വരെ ഞെട്ടലുണ്ടാക്കിയത്. ട്രാക്ക്മാന്‍ എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് ഡി തസ്തികയില്‍പ്പെട്ട ജോലി ചെയ്യാനെത്തിയ ശ്രാവണ്‍ കുമാറിന്റെ ഉന്നത യോഗ്യതകളാണ് എല്ലാവരെയും ഞെട്ടിച്ചത്. 

ബോംബെ ഐഐടിയില്‍ നിന്നു ബിടെക്കും എംടെക്കും പാസ്സായ ശേഷമാണ് ശ്രാവണ്‍ റെയില്‍വേയുടെ ഗ്രൂപ്പ് ഡി ജോലിക്കായി എത്തിയത്. പബ്ലിക് വര്‍ക്ക് ഇന്‍സ്‌പെക്ടറുടെ കീഴില്‍ ചന്ദ്രപുരയില്‍ നിയമിതനായ ശ്രാവണ്‍ ചന്ദ്രപുരയ്ക്കും ടെലോ സെക്ഷനും ഇടയിലുള്ള ട്രാക്കുകളുടെ അറ്റകുറ്റപണികളുടെ ചുമതല വഹിക്കും. ഇത്ര യോഗ്യതയുള്ള ഒരാള്‍ ഗ്രൂപ്പ് ഡി തസ്തികയില്‍ ചേരാനെത്തുമെന്നു പ്രതീക്ഷിച്ചില്ലെന്ന് ധന്‍ബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 

തൊഴില്‍ സുരക്ഷിതത്വമാണ് സ്വകാര്യ ജോലി നോക്കാതെ ഈ ജോലിക്ക് ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രാവണ്‍ പറയുന്നു. ഗവണ്‍മെന്റ് വകുപ്പിലെ ഒരു ഉയര്‍ന്ന ഓഫീസറായി വൈകാതെ മാറാന്‍ സാധിക്കുമെന്നാണു ശ്രാവണിന്റെ പ്രതീക്ഷ. 

ബീഹാറിലെ പട്‌നയില്‍ നിന്നുള്ള ശ്രാവണ്‍ കുമാര്‍ 2010ലാണ് ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി കോഴ്‌സിനായി ബോംബെ ഐഐടിയില്‍ ചേരുന്നത്. 2015ല്‍ കോഴ്‌സ് പാസ്സായി പുറത്തിറങ്ങി. സ്വകാര്യ മേഖലയില്‍ വലിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പല സുഹൃത്തുക്കളുടെയും ഉപദേശം നിരസിച്ചാണ് റെയില്‍വേയിലെ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് ശ്രാവണ്‍ പ്രവേശിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com