sections
MORE

പൗർണമിയെപ്പോലെ സൂപ്പറാകണോ? ഒപ്പമുണ്ട് സംസ്ഥാന സ്റ്റാർട്ടപ് മിഷൻ!

Vijay-Superum-Pournamiyum
SHARE

‘വിജയ് സൂപ്പറും പൗർണമിയും’ സിനിമ ഓർമയുണ്ടോ ? പൗർണമി എംബിഎക്കാരി. ജോലി തേടുന്നതിനെക്കാൾ ഇഷ്ടം സ്വന്തമായി എന്തെങ്കിലും സംരംഭം നടത്താനാണ്. പക്ഷേ, തുടങ്ങിയ ബിസിനസുകളൊക്കെ പൊളിഞ്ഞു. അച്ഛന്റെ കാശ് കളയാനിരിക്കുന്നവൾ എന്ന ദുഷ്പേരുമായി. വെല്ലുവിളികൾ സ്വാഭാവികം; പൗർണമിയുടെ വിജയത്തിലാണു സിനിമ അവസാനിക്കുന്നത്. 

പക്ഷേ, ‘എന്റെ കൈവശം കിടിലൻ ഐഡിയയുണ്ട്; അതു വച്ച് ബിസിനസ് തുടങ്ങണം’ എന്നുപറയുന്ന എത്ര പൗർണമിമാർ ക്യാംപസുകളിലുണ്ട് ? കേരളത്തിൽ വനിതാ സംരംഭകരുടെ എണ്ണം വളരെ കുറവാണെന്നും സ്ഥാപകരിൽ ഒരു വനിതയെങ്കിലുമുള്ള സ്റ്റാർട്ടപ്പുകൾ കേവലം 18 % മാത്രമാണെന്നും പറയുന്നു, ഇലക്ട്രോണിക്സ്–ഐടി സെക്രട്ടറി എം.ശിവങ്കർ. സാമൂഹിക നിയന്ത്രണങ്ങളും സംരംഭകത്വത്തിന്റെ വെല്ലുവിളികളുമൊക്കെ കാരണമാകുന്നുണ്ടെന്നാണു വിലയിരുത്തൽ. എന്നാൽ സ്ത്രീകൾക്കു സ്വന്തം സംരംഭങ്ങൾ ബാലികേറാമലയാണോ ? അല്ലേയല്ല. മികച്ച, പ്രായോഗിക ആശയങ്ങൾ യാഥാർഥ്യമാക്കാൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകുന്നു, സംസ്ഥാന സ്റ്റാർട്ടപ് മിഷൻ.   

അവസരങ്ങളുടെ കലാലയ ജാലകം
കതിരിലല്ല വളം വയ്ക്കേണ്ടത് എന്ന തിരിച്ചറിവിൽനിന്നാണ് ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്റർ എന്ന ഐഇഡിസികളുടെ ജനനം. സംസ്ഥാനത്തെ എൻജിനീയറിങ്, മാനേജ്മെന്റ്, ആർട്സ് ആൻഡ് സയൻസ് കോളജുകളിലും പോളിടെക്നിക്കുകളിലും കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ രൂപീകരിച്ചിട്ടുള്ള കേന്ദ്രങ്ങളാണിവ. 226 സ്ഥാപനങ്ങളിൽ ഐഇഡിസികൾ പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്യം– മികച്ച ആശയങ്ങളുള്ള വിദ്യാർഥികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക–സാങ്കേതിക സഹായങ്ങളും മാർഗദർശനവും നൽകുക; കോളജുകളിൽനിന്നു പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽ പ്രതിഭയും താൽപര്യവുമുള്ളവർ മികച്ച സംരംഭകരാകുന്നു എന്നുറപ്പു വരുത്തുക. 

നിർഭാഗ്യവശാൽ ഐഇഡിസികളുടെ തലപ്പത്തും പെൺകുട്ടികൾ കുറവാണ്. ഐഇഡിസി കോ–ഓർഡിനേറ്റർമാരിലെ വനിതാ സാന്നിധ്യം 28 % മാത്രം. നടപ്പാക്കിയെടുക്കാനാകുന്ന ആശയങ്ങൾ കൂടുതലും വിരിയുന്നതു പെൺകുട്ടികളുടെ തലയിലാണെങ്കിലും ‘ഇതൊക്കെ വർക്ക്ഒൗട്ടാകുമോ’ എന്ന സംശയം മൂലം അതു വിളിച്ചു പറയാനുള്ള മടി പ്രധാന പ്രശ്നമാണെന്ന് ഐഇഡിസി സംസ്ഥാന കോ– ഓർഡിനേറ്ററും ആഗോള വനിതാ സ്റ്റാർട്ടപ് സമ്മിറ്റായ ഷീ ലൗസ് ടെക്കിന്റെ കൺട്രി അംബാസഡറുമായ ഒ.യു. ശ്രീക്കുട്ടി പറയുന്നു. 

ഐഇഡിസി സമ്മിറ്റ്
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാർഥി സംരംഭക സമ്മേളനം ആണ് 2016 മുതൽ വർഷം തോറും സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഐഇഡിസി സമ്മിറ്റ്. വിവിധ കോളജുകളിലെ ഐഇഡിസി അംഗങ്ങൾ ഇതിന്റെ ഭാഗമാകുന്നു. മത്സരങ്ങൾ, ആശയാവതരണം, വിജയകഥകളും പദ്ധതികളും അറിയാനും മേഖലയിലെ പ്രമുഖരുമായി ആശയവിനിമയത്തിനുമുള്ള അവസരം, സ്റ്റാർട്ടപ് പ്രദർശനങ്ങൾ എന്നിവയെല്ലാം സമ്മേളനത്തിന്റെ ഭാഗമാണ്.

ഒക്ടോബർ 19നു തൃശൂർ കൊടകര സഹൃദയാ കോളജിലാണ് ഈ വർഷത്തെ ഐഇഡിസി സമ്മിറ്റ്. ഇത്തവണ റജിസ്റ്റർ ചെയ്തിട്ടുള്ളതു നാലായിരത്തോളം പേരാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഏറെ പെൺകുട്ടികളും ആശയങ്ങളുമായെത്തും. ഒട്ടേറെ വനിതാ സംരംഭകരും സമ്മിറ്റിൽ പങ്കെടുക്കും. 

കൈത്താങ്ങായി  പദ്ധതികൾ 
വനിതാ സ്റ്റാർട്ടപ്പുകൾക്കു വേണ്ടി നിലവിൽ കേരള സ്റ്റാർട്ടപ് മിഷൻ വിവിധ പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ട്. 3 മാസത്തെ സൗജന്യ പ്രീ ഇൻകുബേഷൻ സൗകര്യമാണ് ഇതിൽ പ്രധാനം. ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും അതിനാവശ്യമായ വിദേശയാത്രകൾ ഉൾപ്പെടെ സൗജന്യമായി നടത്തുന്നതിനുമുള്ള സൗകര്യമുണ്ട്. ഇതു കൂടാതെ സാങ്കേതികവിദ്യാ കൈമാറ്റത്തിനു 10 ലക്ഷം രൂപ വരെ സഹായവും നൽകുന്നുണ്ട്.  

വിവരങ്ങൾക്ക്: 0471 2700270

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA