ADVERTISEMENT

സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും  വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ  സർക്കാർ തീരുമാനിച്ചു. ഇതിലേക്ക് നിലവിലുള്ള നിയമനച്ചട്ടങ്ങളിൽ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്  വനിതകളെ ഡ്രൈവർമാരായി നിയമിക്കുന്നത്.

വനിതാ ഡ്രൈവർ നിയമനത്തിന്  പ്രത്യേക വിജ്ഞാപനവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കണോ അതോ പുരുഷൻമാരോടൊപ്പം ഒന്നിച്ചു വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ മതിയോ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഇനി വ്യ‌ക്തത വരുത്തേണ്ടതുണ്ട്. ഇതിനു ശേഷമേ വനിതാ ഡ്രൈവർ നിയമനം പൂർണതോതിൽ നടത്താൻ പിഎസ്‌സിക്ക് കഴിയൂ. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഗ്നിശമന സേനയിൽ വനിതകളെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പൊലീസിൽ പ്രത്യേക വനിതാ ബറ്റാലിയനും  രൂപീകരിച്ചിട്ടുണ്ട്.

7–ാം ക്ലാസ് വിജയവും ലൈസൻസും
ഡ്രൈവർ തസ്തികയിൽ രണ്ടു കാറ്റഗറികളിലായാണ് പിഎസ്‌സി ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഡ്രൈവർ ഗ്രേഡ് രണ്ട്– എച്ച്ഡിവി, ഡ്രൈവർ ഗ്രേഡ് രണ്ട്– എൽഡിവി എന്നിവയാണ് ഇവ. രണ്ടു തസ്തികയുടെയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തേർഡ് ഫോറം വിജയിച്ചിരിക്കണം എന്നാണ്. എച്ച്ഡിവി ഡ്രൈവർ അപേക്ഷകർ മീഡിയം/ഹെവി ഗുഡ്സ്/പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഒാടിക്കുന്നതിനും, എൽഡിവി ഡ്രൈവർ അപേക്ഷകർ ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഒാടിക്കുന്നതിനുമുള്ള ഡ്രൈവേഴ്സ് ബാഡ്ജോടുകൂടിയ 3 വർഷത്തെ  സാധുതയുള്ള ഡ്രൈവിങ് ലൈസൻസ്  ഉള്ളവരായിരിക്കണം.  വാഹനങ്ങൾ ഒാടിക്കുന്നതിനുള്ള കഴിവ് പിഎസ്‌സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ (എച്ച് ടെസ്റ്റ്) തെളിയിക്കണം. ഇതിൽ വിജയിക്കുന്നവർക്ക് റോഡ് ടെസ്റ്റുണ്ട്. രണ്ടു തസ്തികയിലെയും അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.   

നേരത്തെയും അവസരം
എച്ച്ഡിവി, എൽഡിവി ഡ്രൈവർ തസ്തികയിൽ നിലവിൽ അപേക്ഷിക്കുന്നതിന് വനിതകൾക്ക് വിലക്കൊന്നുമില്ല. രണ്ടു തസ്തികയുടെയും വിജ്ഞാപനങ്ങളിൽ ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ പാടില്ല എന്നു മാത്രമേ വ്യ‌ക്തമാക്കിയിട്ടുള്ളൂ.

വിലക്കില്ലെങ്കിലും വനിതാ ഉദ്യോഗാർഥികൾ പിഎസ്‌സി വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നത് കുറവാണ്. അതുകൊണ്ടുതന്നെ സർവീസിൽ വനിതാ ഡ്രൈവർമാർ പരിമിതമായ തോതിലേയുള്ളൂ. 

കെഎസ്ആർടിസിയിൽ ഒരു വനിതാ ഡ്രൈവർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഡ്രൈവിങ് അറിയാവുന്ന വനിതാ സിവിൽ പൊലീസ് ഒാഫിസർമാർ പിങ്ക് പൊലീസ് വാഹനങ്ങൾ ഒാടിക്കുന്നുമുണ്ട്. കുടുംബശ്രീയുടെയും വനിതാ വികസന കോർപറേഷന്റെയും ടാക്സികൾ വനിതകളാണ് ഒാടിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com