sections
MORE

അറിയാമോ, ഒരു നമസ്കാരത്തിൽ ഒളിഞ്ഞിരിപ്പുണ്ട് ഇത്രയും രഹസ്യങ്ങൾ!

Namaste
SHARE

ഭാഗികമായി കൈകൂപ്പിക്കൊണ്ടോ അതുപോലുമില്ലാതെ നേത്രബന്ധം മുറിയാത്തവിധം തല അൽപ്പം മുന്നോട്ടു കുനിച്ചുകൊണ്ടു മാത്രമോ അഭിവാദ്യമോ പ്രത്യഭിവാദ്യമോ ചെയ്യുന്നവർ അഹങ്കാരികളും തൻപോരിമക്കാരുമാകാൻ സാധ്യതയുണ്ട്. പബ്ലിസിറ്റി ഇഷ്ടപ്പെടുന്ന ഇവർ മറ്റുള്ളവരുടെ മുന്നിൽ ആത്മാർഥതയും സത്യസന്ധതയും ഉള്ളവരായി ഭാവിക്കുമെങ്കിലും അവരുടെ ഉള്ളിലിരുപ്പ് നേർവിപരീതമാകാൻ സാധ്യതയേറെയാണ്. മുഖസ്തുതിക്കാരും ഒപ്പം ആത്മപ്രശംസക്കാരുമായ ഇത്തരക്കാർ സ്വാർഥികളും കൗശലക്കാരുമായിരിക്കും.

ഈ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ സ്വയം പുകഴ്ത്തുന്നതോടൊപ്പം ഭർത്താവ്, മക്കൾ, സഹോദരങ്ങൾ തുടങ്ങി അടുത്ത ബന്ധുജനങ്ങളെക്കുറിച്ചു കൂടി പൊങ്ങച്ചം പറയുന്നവരായിരിക്കും. ശൃംഗാരം തുളുമ്പുന്ന നോട്ടം, പരദൂഷണത്തിനോ ടുള്ള പ്രതിപത്തി, അസഹിഷ്ണുത തുടങ്ങിയവയാണ് ഇവരുടെ മറ്റു പ്രത്യേകതകൾ.

കഴുത്ത് പിന്നോട്ടു വളച്ചു കൊണ്ടുള്ള അഭിവാദ്യം
കഴുത്ത് പുറകിലേക്കു വളയത്തക്കവിധം നിവർന്നു നിന്ന് കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വിലക്ഷണമായ വ്യക്തിത്വത്തിന്റെ പ്രകടനമായിക്കരുതാം. കൂർമബുദ്ധിക്കാരായ ഇവർ വൈകാരികമായി പെട്ടെന്ന് പ്രതികരിക്കുന്നവരും അഹന്തയോളമെത്തുന്ന ആത്മാഭിമാനത്തിനുടമകളും ആയിരിക്കും. അന്യരിൽ നിന്നുള്ള അപമാനകരമായ ഒരു ചെറിയ പരാമർശം പോലും അവർ ഗൗരവമായെടുക്കും. ദേഷ്യപ്പെടുമ്പോൾ അവർ തല അൽപ്പം പുറകോട്ടു വെട്ടിക്കുന്നതു കാണാം. പൊതുവെ ആത്മവിശ്വാസം കൂടുതലായിരിക്കും. ആളുകളുമായി പിണങ്ങാൻ ഇവർക്കു നിമിഷങ്ങൾ മതി. പെട്ടെന്ന് പ്രകോപനത്തിന് വശംവദരാകുന്ന വിചാരത്തെക്കാൾ വികാരത്തിന് മുൻതൂക്കം നൽകുന്ന ഇക്കൂട്ടർ ചതിക്കുഴിയിൽ വീഴാൻ എളുപ്പമാണ്. 

ഈ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ സ്വാർഥകളും സദാചാര ബോധം കുറഞ്ഞവരുമാകാൻ സാധ്യതയുണ്ട്. തങ്ങളുടെ മാർഗത്തിലുള്ള തടസ്സങ്ങൾ നീക്കാൻ ഏതറ്റംവരെ പോകാനും അവർ തയാറായേക്കും. സ്വതവേ ആത്മാഭിമാനം കുറവുള്ള ഇവർ സ്വതന്ത്ര പ്രകൃതക്കാരും ആരുടെയും നിയന്ത്രണത്തിന് വഴങ്ങാൻ ഇഷ്ടമില്ലാത്തവരുമായിരിക്കും.  ഇത്തരം സ്ത്രീകളിൽ നിന്നു പുരുഷന്മാരായാലും സ്ത്രീകളായാലും കഴിവതും അകലം പാലിക്കുന്നതായിരിക്കും ഉത്തമം. 

ഇരുന്നുകൊണ്ട് കൈകൂപ്പുന്നവർ ഉണ്ട്. അലസസ്വഭാവക്കാരായ ഇവർ സ്വന്തം മൂഢചിന്തകളാൽ നയിക്കപ്പെടുന്നവരും മറ്റുള്ളവരുടെ പ്രാധാന്യം വകവെച്ചുകൊടുക്കാൻ മടിയുള്ള വരുമായിരിക്കും. ഏതൊരു കാര്യവും എങ്ങനെയെങ്കിലും ചെയ്തുവെന്ന് വരുത്തണമെന്നതിൽക്കവിഞ്ഞ് യാതൊരു ആത്മാർഥതയും ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. സ്വയം പുരോഗമിക്കണമെന്ന് ഇവർക്ക് ആഗ്രഹം കാണുമെങ്കിലും അടിയുറച്ചുപോയ അലസത അതിനു വിഘാതം സൃഷ്ടിക്കുന്നു. ഇത്തരക്കാരിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സഹായമോ സൗമനസ്യമോ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമായിരിക്കും.

കൈപ്പത്തികൾ ചേർത്തു പിടിക്കാതെ നമസ്തേ പറയുന്നവർ ഉണ്ട്. കൈപ്പത്തികൾ പരസ്പരം ചേർത്തു പിടിക്കാതെ ഏതാനും വിരലുകളുടെ അഗ്രങ്ങൾ മാത്രം ചേർത്തു പിടിച്ച് നമസ്തെ പറയുന്നവർ സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ മധുരമായി പെരുമാറുന്നതിലും സ്ഥാനത്തും അസ്ഥാനത്തും മുഖസ്തുതി പ്രയോഗിക്കുന്നതിലും നിപുണരുമായിരിക്കും. പുറമേ പ്രസന്നഭാവമുള്ളവരെങ്കിലും ആന്തരികമായി ഏതെങ്കിലും വിധത്തിലുള്ള സംഘർഷങ്ങൾ ഒതുക്കിവയ്ക്കുന്നുണ്ടായിരിക്കാം ഇവർ. നല്ല പെരുമാറ്റക്കാരെങ്കിലും പണച്ചെലവു വരുന്ന കാര്യങ്ങളിൽ നിന്നും, അതെത്ര നിസ്സാരമാണെങ്കിൽ ത്തന്നെയും ഇവര്‍ ഒഴിഞ്ഞുമാറിക്കളയും. 

കടപ്പാട്‌
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA