ADVERTISEMENT

ഡിസൈൻ പഠനം എന്നു ക‌േട്ടിട്ടണ്ട്. ഇതു ഫാഷൻ ഡിസൈൻ തന്നെയല്ലേ? 

മേഘ പ്രദീപ് 

എറണാകുളം 

ഡിസൈൻ എന്നു പറയുന്നതു കേവലം ഫാഷൻ ഡിസൈനല്ല. ഏതു വസ്‌തുവായാലും ആവശ്യം നിർവഹിച്ചാൽ മാത്രം പോരാ. രൂപലാവണ്യവും വേണമെന്ന ചിന്തയുള്ളവർ ഏറിയതിനാൽ അനന്തസാധ്യതയുള്ള പഠനമേഖലയായിത്തീർന്നു, ഡിസൈൻ. 

വീട്ടിലെ ചായക്കപ്പും സ്പൂണും മുതൽ കണ്ണട ഫ്രെയിമും ടിവിയും വരെ മനോഹരമായിരിക്കണമെന്നു നമ്മുടെ സൗന്ദര്യബോധം ആവശ്യപ്പെടുന്നു. വസ്ത്രത്തിന്റെ കാര്യത്തിൽ ഇത് ഏറെ പ്രകടമാണ്. മോട്ടർ ബൈക്കും കാറും കപ്പലും മറ്റും നിർമിക്കുമ്പോഴും ഉപയോഗമെന്നതുപോലെ ആകർഷകരൂപവും പരിഗണിക്കാറുണ്ട്. 

ഫാഷൻ ഡിസൈൻ വെറും തയ്യൽ ജോലിയല്ല. വസ്‌ത്രധാരണത്തിലെന്നപോലെ, വ്യക്‌തിത്വത്തിനു പൂർണത നൽകുന്ന രൂപലാവണ്യത്തികവിനുള്ള ഒട്ടേറെ ഘടകങ്ങളും ഈ മേഖലയിലെ പ്രാവീണ്യം പകർന്നു തരുന്നു. ലെതർ/ഗ്ലാസ്/ ജ്യുവലറി മുതലായവയും ചേർന്ന അക്സസറി ഡിസൈൻ ഫാഷന്റെ അനുബന്ധമാണ്. ഡിസൈനായാലും ഫാഷൻ ഡിസൈനായാലും വിദ്യാർഥിക്കു നല്ല ചിത്രരചനാപാടവവും ഭാവനാവിലാസവും ഉണ്ടായിരിക്കണം. വിശേഷപരിശീലനം ഇക്കാര്യത്തിലുണ്ടെങ്കിൽ പ്രവേശനസാധ്യതയേറും.

ചില പ്രധാന ഡിസൈൻ പരിശീലനസ്ഥാപനങ്ങൾ: 

∙NID: National Institute of Design, Paldi, Ahmedabad : രൂപകൽപനയുടെ മേഖലയിലെ സമസ്ത വൈവിധ്യങ്ങളും ഉൾക്കൊണ്ട് പരിശീലനത്തിന്റെ ഗുണമേന്മയിൽ രാജ്യാന്തര കീർത്തി നേടിയ ശ്രേഷ്ഠസ്ഥാപനം. പ്രവേശനത്തിനായി വലിയ മത്സരം. അഹമ്മദാബാദ്, ഗാന്ധിനഗർ, ബെഗളൂരു, വിജയവാഡ, കുരുക്ഷേത്ര യൂണിറ്റുകളുണ്ട്. പ്ലസ്‌ ടു ജയിച്ചവർക്കു 4 വർഷ ബിഡിസ്, നിർദിഷ്ട ബിരുദം കഴിഞ്ഞവർക്കു രണ്ടര വർഷത്തെ എംഡിസ് പ്രോഗ്രാമുകൾ. അനിമേഷൻ/എക്സിബിഷൻ, ഫിലിം ആൻഡ് വിഡിയോഗ്രഫിക്/സിറാമിക് ആൻഡ് ഗ്ലാസ്/ഫർണിച്ചർ ആൻഡ് ഇന്റീരിയർ/പ്രോഡക്റ്റ്/ടെക്സ്റ്റൈൽ/ടോയ് ആൻഡ് ഗെയിം/ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടൊമൊബീൽ/അപ്പാരൽ/ലൈഫ് സ്റ്റൈൽ/യൂണിവേഴ്സൽ/ഡിജിറ്റൽ/ഇൻഫർമേഷൻ/ഇന്ററാക്‌ഷൻ/റീട്ടെയിൽ എക്സ്പീരിയൻസ് തുടങ്ങി വിവിധ ഡിസൈൻ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാം. 

∙UCEED: Undergraduate Common Entrance Examination for Design ജയിച്ചവർക്കു ബോംബേ/ഗുവാഹത്തി ഐഐടികളിലും ജബൽപൂർ ഐഐഐടി‍ഡിഎമ്മിലും നാലു വർഷത്തെ ബിഡിസ്. 

∙CEED: Common Entrance Examination for Design ജയിച്ചവർക്കു ബോംബേ, ഡൽഹി, കാൻപുർ, ഗുവാഹത്തി, ഹൈദരാബാദ് ഐഐടികൾ, ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ജബൽപൂർ ഐഐഐടിഡിഎം എന്നീ സ്ഥാപനങ്ങളിൽ എംഡിസ്.

∙Kerala State Institute of Design, Chandanathope, Kollam: 30 മാസ‌ത്തെ പിജി ഡിപ്ലോമ (പ്രോഡക്റ്റ്/ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ/ഐടി ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ). 

∙DJ Academy of Design, Coimbatore ഉൾപ്പെടെ ദേശീയതലത്തിൽ ധാരാളം സ്ഥാപനങ്ങൾ

∙ഫാഷൻ ഡിസൈൻ പഠിക്കാൻ ഏറ്റവും മികച്ചത് കണ്ണൂരടക്കം 16 ക്യാംസുകളിലെ NIFT: National Institute of Fashion Technology. 

വയറും മനസ്സും നിറയും 

എസ്എസ്എൽസി ജയിച്ചവർക്ക് ഏറെക്കാലം പഠിക്കാതെ ജോലി കിട്ടാൻ സഹായിക്കുന്ന കോഴ്സ് വല്ലതുമുണ്ടോ? 

പി.സംഗീത 

കോഴിക്കോട് 

ഒൻപതു മാസത്തെ ക്ലാസ്‌ റൂം പഠനവും മൂന്നു മാസത്തെ ഹോട്ടൽ പരിശീലനവും ഉൾപ്പെടെ 12 മാസം കൊണ്ടു നേടാവുന്ന ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റിലൂടെ എസ്‌എസ്‌എൽസിക്കാർക്കു ജോലി കണ്ടെത്താൻ കഴിയും. ജോലിസ്‌ഥലത്തു ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കാനും സാധ്യത. ഈ ചെറിയ യോഗ്യതയുടെ ബലത്തിൽ സ്‌ഥിരപരിശ്രമം വഴി ഹോട്ടൽ രംഗത്തെ ഉയർന്ന സ്‌ഥാനങ്ങളിൽ വരെ എത്തിയവരുമുണ്ട്. 

ഹോട്ടൽ മാനേജ്‌മെന്റിലെ ഏതെങ്കിലുമൊരു ശാഖയിൽ മാത്രമാണു പരിശീലനം. ഫുഡ് പ്രൊഡക്‌ഷൻ/ബേക്കറി ആൻഡ് കൺഫക്‌ഷനറി/ഹോട്ടൽ അക്കോമഡേഷൻ/ഓപ്പറേഷൻ/ഫുഡ് ആൻഡ് ബവ്റിജ് സർവീസ്/ഫ്രണ്ട് ഓഫിസ്/കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നിവയിലൊന്ന്. ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, കന്റീനുകൾ, കപ്പലുകൾ, എയർലൈനുകൾ, ആശുപത്രികൾ, വൻകിട വ്യവസായശാലകൾ മുതലായവയിലെല്ലാം ഫുഡ്‌ ക്രാഫ്‌റ്റ് വിഷയങ്ങളിൽ പരിശീലനം നേടിയവരുടെ സേവനം വേണം. കേരളത്തിൽ ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 13 കേന്ദ്രങ്ങളുണ്ട്. മുഖ്യകേന്ദ്രം കളമശ്ശേരിയിൽ. ഫോൺ: 0484–2558385. പൂർണവിവരങ്ങൾക്ക് www.fcikerala.org എന്ന വെബ്‌സൈറ്റ് നോക്കാം. 

ഓടിപ്പിടിക്കാം, ജോലി 

ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാകണമെന്നാണ് ആഗ്രഹം. എന്തു പഠിക്കണം? കേരളത്തിലെ ഏറ്റവും പ്രമുഖസ്ഥാപനം ഏതാണ്? 

കുര്യൻ ഫിലിപ്

ചങ്ങനാശേരി 

ലക്ഷ്മീബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ, കാര്യവട്ടം, തിരുവനന്തപുരം-695581 ആണു കേരളത്തിലെ പ്രധാന സ്ഥാപനം; ഫോൺ: 0471-2412189; വെബ്‌സൈറ്റ്: www.lncpe.gov.in. 

ഹൈസ്കൂൾ തലത്തിൽ കായികാധ്യാപകരാകാൻ ബിപിഎഡ് (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ) എന്ന ദിവത്സര പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം. നിർദിഷ്ട മാർക്കോടെ സർവകലാശാലാ ബിരുദത്തിനു പുറമെ കായികരംഗത്തെ മികവും വേണം. ദിവത്സര ബിപിഎഡ്ഡിനു ശേഷം ദിവത്സര എംപിഎഡ് പ്രോഗ്രാമും അവിടെയുണ്ട്. കോളജ് അധ്യാപകരാകാൻ ഈ യോഗ്യത സഹാ‌യിക്കും. 

അറിവിന്റെ ‘വെളിച്ചം’ 

ഫോട്ടോണിക്സിനെപ്പറ്റി കേട്ടിട്ടുണ്ട്. എന്താണീ വിഷയം? എവിടെ പഠിക്കാം? ജോലിസാധ്യതയുണ്ടോ? 

ഇക്ബാൽ മുഹമ്മദ് 

കുന്നംകുളം 

പ്രകാശം ഉൾപ്പെടെ എല്ലാത്തരം വിദ്യുത്–കാന്തിക റേഡിയേഷനുകളിലും അടങ്ങിയ തീരെച്ചെറിയ കണമാണ് ഫോട്ടോൺ. ഫോട്ടോണുകളെ സംബന്ധിച്ച സമസ്തകാര്യങ്ങളും ഫോട്ടോണിക്സ് കൈകാര്യം ചെയ്യുന്നു. പ്രകാശവും ഇലക്ട്രോണിക്സുമായി കൈകോർക്കുന്ന രംഗം. ഈ വിഷയത്തെ ഫിസിക്സിലെ സ്പെഷലൈസേഷനായി കരുതാം. 

ലേസർ, ഒപ്ടിക്കൽ കമ്യൂണിക്കേഷൻ വ്യവസ്ഥകൾ, കംപ്യൂട്ടർ, സ്മാർട് ഫോൺ, മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ, ഏവിയേഷൻ, വിഷ്വൽ ആർട്, രാജ്യരക്ഷാപ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഫോട്ടോണിക്സിന്റെ പ്രയോഗമുണ്ട്. ആധുനികലോകത്തു വൻ മാറ്റങ്ങൾക്കു വഴിവയ്ക്കുന്ന ശാസ്ത്രശാഖ. അതുകൊണ്ടുതന്നെ ഇതിൽ നിരന്തരഗവേഷണം വേണ്ടിവരുമെന്നു വ്യക്തം. 

∙കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്‌സി/2 വർഷത്തെ എംടെക് (ഓപ്ടോഇലക്ട്രോണിക്സ് ആൻഡ് ലേസർ ടെക്നോളജി) കോഴ്സുണ്ട്. 

∙കേരള സർവകലാശാലയിൽ 2 വർഷത്തെ എംടെക് (ഓപ്ടോ–ഇലക്ട്രോണിക്സ് ആൻഡ് ഓപ്ടിക്കൽ കമ്യൂണിക്കേഷൻ) കോഴ്സ് ഉണ്ട്. 

∙ഐഐടികളിൽ മികച്ച പ്രോഗ്രാമുകൾ ഉണ്ട്. 

∙ഒപ്ടിക്കൽ എൻജിനീയർമാരായും ഗവേഷകരായും പ്രവർത്തിക്കാൻ ഫോട്ടോണിക്സിൽ യോഗ്യത നേടിയവർക്ക് ഇന്ത്യയിലും വിദേശത്തും അവസരങ്ങളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com