sections
MORE

സിവിൽ സർവീസ്- നിർണായകം ഈ തീരുമാനങ്ങൾ; ഒപ്പം തിരുത്തണം തെറ്റിധാരണകൾ

civil_service
SHARE

∙പല ഘട്ടങ്ങളിൽ സിവിൽ സർവീസിനെക്കുറിച്ചു ചിന്തിക്കുന്നവരുണ്ട്; ഓരോ ഘട്ടത്തിലെയും തീരുമാനങ്ങൾ എങ്ങനെയായിരിക്കണമെന്ന് അറിയുക 

സിവിൽ സർവീസ് പരീക്ഷ എഴുതുകയെന്ന ആഗ്രഹം ഉറപ്പിച്ചുകഴിഞ്ഞാലും പല പ്രധാന തീരുമാനങ്ങളും എടുക്കേണ്ടതായുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി മുതൽ 26–ാം വയസ്സിൽ ഈ ലക്ഷ്യം നേടാൻ ആദ്യമായി ആഗ്രഹിക്കുന്നവർ വരെയുള്ളതിനാൽ, പ്രായവും മറ്റു സാഹചര്യങ്ങളും അറിവുമൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത്. സാഹചര്യത്തിനും പ്രായത്തിനുമൊക്കെ അനുസരിച്ച് വ്യത്യസ്ത രീതിയിലാണ് പരീക്ഷയെ സമീപിക്കേണ്ടത് എന്നതിനാൽ, തീരുമാനങ്ങൾ പല രീതിയിലാണ്. 

ഏതു വർഷം സിവിൽ സർവീസ് പരീക്ഷയെഴുതണം എന്നതാണ് ആദ്യം എടുക്കേണ്ട തീരുമാനം. സമയബന്ധിതമായി പഠിക്കാനും ആസൂത്രണം മികച്ചതാക്കാനും ഇതു സഹായിക്കും. 2020 മാർച്ചിൽ പ്ലസ് വൺ പരീക്ഷയെഴുതുന്ന വിദ്യാർഥിയുടെ തീരുമാനം 2025/2026 ൽ പരീക്ഷ എഴുതണമെന്നതായിരിക്കണം. ഡിഗ്രി കോഴ്സ് 2020 ൽ തീരുമെങ്കിൽ 2022 ൽത്തന്നെ പരീക്ഷയെഴുതണോ 2024 ൽ വേണോ എന്നതിൽ വ്യക്തത വേണം. ഉപരിപഠനം നടത്തുന്നവരോ ജോലി ചെയ്യുന്നവരോ ആണെങ്കിൽ, ഇനി എത്ര വർഷം തയാറെടുത്ത ശേഷം പരീക്ഷ എഴുതണമെന്നു നിശ്ചയിക്കണം. 

സ്കൂളിൽ പഠിക്കുമ്പോഴേ സിവിൽ സർവീസ് സ്വപ്നം കാണുന്നവർ മറ്റൊരു പ്രധാന തീരുമാനം കൂടി എടുക്കേണ്ടതായുണ്ട്–പ്ലസ് ടു പഠനം ഏതു വിഷയത്തിൽ ആയിരിക്കണമെന്നതും ഡിഗ്രി തലത്തിൽ ഏതു വിഷയം പഠിക്കണമെന്നതും. ഏതു വിഷയം പഠിച്ചാലും സിവിൽ സർവീസ് പരീക്ഷയെഴുതാം. പക്ഷേ, താൽപര്യമുള്ള വിഷയം തിരഞ്ഞെടുക്കുന്നതാണു പഠനത്തിന് ഊർജം പകരുക എന്നതിനാൽ ഏറ്റവും താൽപര്യമുള്ള വിഷയം തിരഞ്ഞെടുക്കാൻ മടിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. 

മൂന്നു വർഷം മാത്രം നീളുന്ന ഡിഗ്രി കോഴ്സുകൾ പഠിച്ചാൽ 20–ാം വയസ്സിൽത്തന്നെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ സാധിക്കും. പ്രഫഷനൽ കോഴ്സുകളെ അപേക്ഷിച്ചു പഠനഭാരം കുറവായതിനാൽ, അടിസ്ഥാന ബിരുദ കോഴ്സുകൾ പഠിക്കുന്നതിനിടയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കാൻ കൂടുതൽ സമയവും കി‍ട്ടും. ഇതേ വിഷയംതന്നെ സിവിൽ സർവീസിൽ ഐച്ഛിക വിഷയമായി തിരഞ്ഞെടുക്കാമെന്നും ചിന്തിക്കുന്നവരുണ്ട്. സ്കൂളിൽ ഒപ്പം പഠിച്ച് എംബിബിഎസ് പഠനം കഴിഞ്ഞ് ഐഎഎസ് നേടാമെന്ന് ആഗ്രഹിച്ച വിദ്യാർഥി ഹൗസ് സർജൻസി ചെയ്യുമ്പോൾ, ഇംഗ്ലിഷ് സാഹിത്യം പഠിച്ച് 21–ാം വയസ്സിൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ച ആൾ സബ് കലക്ടറായി ജോലി തുടങ്ങിയിട്ടുണ്ടാകും! 

ഇത് ഒരു വശം. എന്നാൽ, 21–ാം വയസ്സിലാണോ 24–ാം വയസ്സിലാണോ സിവിൽ സർവീസ് പരീക്ഷ എഴുതുന്നത് എന്നതിനു വലിയ പ്രസക്തിയില്ലെന്നു ചിന്തിക്കുന്ന വേറൊരു വിഭാഗക്കാരുണ്ട്. 99% പേർക്കും പരാജയം സംഭവിക്കുന്ന പരീക്ഷയായതിനാൽ പ്രഫഷനൽ കോഴ്സുകൾ പഠിച്ചാൽ നല്ലൊരു ‘സെക്കൻഡ് കരിയർ ഓപ്ഷൻ’ ഉണ്ടാകുമെന്നും പരാജയം വലിയ ആഘാതം ഉണ്ടാക്കില്ലെന്നും കരുതുന്നവരാണിവർ. രണ്ടാമത്തെ ഓപ്ഷൻ ഉറപ്പിച്ച് സുരക്ഷിതരായ ശേഷം മാത്രം, ഒന്നാമത്തെ സ്വപ്നമായ സിവിൽ സർവീസിനായി ചുവടുവയ്ക്കുന്നവരാണ് ഇക്കൂട്ടർ. സിവിൽ സർവീസ് പരീക്ഷയ്ക്കു വേണ്ടി വർഷങ്ങളോളം പഠിക്കാനുള്ള സാഹചര്യവും പണവും ഇല്ലാത്തതിനാൽ, ഒരു ജോലി കണ്ടെത്തി മൂന്നോ നാലോ വർഷം കഴിഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചമായശേഷം പഠിക്കാമെന്നു തീരുമാനിക്കുന്നവരുമുണ്ട്. 

ഈ വഴികളെല്ലാം ശരിതന്നെയാണ്. അവരവരുടെ സാഹചര്യത്തിനനുസരിച്ചാണു പഠനം ക്രമപ്പെടുത്തേണ്ടത്. എന്നാൽ, ഏതു വഴി വേണമെന്നും ഏതു വർഷം പരീക്ഷയെഴുതണമെന്നുമുള്ള സുപ്രധാന തീരുമാനം ആദ്യം എടുത്തിരിക്കണം. ഈ തീരുമാനമായിരിക്കും തുടർന്നുള്ള തയാറെടുപ്പിനു ദിശാബോധവും വേഗവും നൽകുക. ഡിഗ്രി പഠിക്കുന്ന കോളജിന്റെ സംസ്കാരവും അക്കാദമിക് അന്തരീക്ഷവും കൂട്ടുകാരുമൊക്കെ പഠനത്തെ സ്വാധീനിക്കുമെന്നതിനാൽ മികച്ച കോളജുകളിൽത്തന്നെ പ്രവേശനം നേടാൻ ശ്രമിക്കണം. ഇക്കാര്യങ്ങളിൽ വ്യക്തത വന്നാൽ വിജയത്തിലേക്കുള്ള ആദ്യ പടി കടന്നെന്നു പറയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA