ADVERTISEMENT

ഏബ്രഹാം ലിങ്കന്‍ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ് അധികം കാലമായിട്ടില്ല. ഒരു ദിവസം ഒരു സെനറ്റര്‍ തന്റെ ഷൂ ഉയര്‍ത്തിക്കാണിച്ചുകൊണ്ടു പറഞ്ഞു: ‘നിങ്ങളുടെ അച്ഛന്‍ ഉണ്ടാക്കിയ ഷൂ ആണിത്’. സഭയിൽ എല്ലാവരും പൊട്ടിച്ചിരിച്ചു. ലിങ്കന്റെ അച്ഛന്‍ ചെരിപ്പുകുത്തി ആയിരുന്നു എന്നത് എല്ലാവർക്കും അറിയാമല്ലോ. 

ഒട്ടും കുലുങ്ങാതെ ലിങ്കൻ പറഞ്ഞു: ‘ഈ വലിയ കസേരയിലിരിക്കുമ്പോള്‍ ഞാന്‍ പ്രാർഥിച്ചത്, എന്റെ അച്ഛനെപ്പോലെ ജോലിയില്‍ ആത്മാര്‍പ്പണം ചെയ്യാൻ കഴിയണേ എന്നു മാത്രമായിരുന്നു. ആ ഷൂ ഉയര്‍ത്തി അതെന്നെ ഓര്‍മിപ്പിച്ചതിനു നന്ദി’. സെനറ്റ് മുഴുവന്‍ എഴുന്നേറ്റ്നിന്ന് തല കുനിച്ച് ലിങ്കനോട് ആദരവു പ്രകടിപ്പിച്ചു. 

നേതൃസ്ഥാനത്തിരിക്കുന്നയാൾ എങ്ങനെയാകണമെന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി ഞാൻ ഈ കഥ പലയിടത്തും പറയാറുണ്ട്. നല്ല ജോലി നേടാൻ മാത്രമല്ല, ലഭിക്കുന്ന ജോലികളിൽ നേതൃപദവികളിലേക്ക് ഉയരാനും ആഗ്രഹിക്കുന്നവരാണു നമ്മളെല്ലാം. ഓഫിസ് സാഹചര്യങ്ങളെ തന്ത്രപരമായി കൈകാര്യം ചെയ്യാനും സഹപ്രവര്‍ത്തകരുടെ സഹകരണം ഉറപ്പുവരുത്താനുമൊക്കെ നേതൃത്വപാടവം അനിവാര്യമാണ്. ഒരു സ്ഥാപനത്തിന്റെ മേധാവി ആ കമ്പനിയിലെ സ്റ്റാഫിനു മുഴുവൻ മാതൃകയാകേണ്ടയാളാണ്. ഒരു പഞ്ചായത്ത് പ്രസിഡന്റ് ആ പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും നേതാവാണ്. ഒരു മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ സംസ്ഥാനത്തെ ജനതയ്ക്കാകെ മാതൃകയാവേണ്ടതാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും രാജ്യത്തെ മുഴുവന്‍ ജനതയുടെയും നേതാക്കളാണ്. 

നയിക്കപ്പെടുന്ന വിഭാഗം എത്ര ചെറുതുമാകട്ടെ, അവർക്കു മാതൃകയായില്ലെങ്കിൽ അധികാരമുള്ളപ്പോൾ മാത്രമേ ആദരിക്കപ്പെടൂ. ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അമേരിക്കന്‍ ജനത ആദരിക്കുന്നു. എന്നാല്‍, അധികാരത്തിൽനിന്നു മാറിയാലും ഈ ആദരം നിലനിര്‍ത്താനുളള നന്മ അദ്ദേഹം കാഴ്ചവയ്ക്കുന്നുണ്ടോ എന്നതാണു ചോദ്യം. ഏബ്രഹാം ലിങ്കന്‍ പ്രസിഡന്റായിരുന്നപ്പോഴും മരണശേഷവും അമേരിക്കന്‍ ജനതയ്ക്ക് അദ്ദേഹത്തോടുള്ള ആദരം ഒരുപോലെയാണ്. അദ്ദേഹത്തിന്റെ വിനയമായിരുന്നു അതിന്റെ പ്രധാന കാരണം. ഭരണത്തിന്റെ ഒരു മേഖലയിലും കടന്നുചെല്ലാതെ മഹാത്മാഗാന്ധി രാഷ്ട്രപിതാവായി. അതാണു നേതൃപാടവം. 

ചൈനയിലെ മഹാഗുരു ചുവാങ് സു ഒരിക്കല്‍ ഒരു രാജാവിന്റെ കീഴില്‍ മന്ത്രിയായിരുന്നു. രാജാവിന്റെ അനീതിയില്‍ ചുവാങ് സു മനംമടുത്തിരുന്നു. എന്നാല്‍, ഭയം കൊണ്ടും കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അത്യാഗ്രഹം കൊണ്ടും ചുവാങ് സു രാജാവിനു മുന്നില്‍ വിനയാന്വിതനായി. പിൽക്കാലം കുടുംബവും സമ്പത്തും ആഗ്രങ്ങളുമെല്ലാം ഉപേക്ഷിച്ച് അദ്ദേഹം ബോധാദയം തേടി കാട്ടിലേക്കു പോയി. കുറെ വര്‍ഷം കഴിഞ്ഞ് രാജാവ് ആ പ്രദേശത്തു ചെന്നപ്പോള്‍ ചുവാങ് സുവിനെ കാണാൻ ചെന്നു. 

എല്ലാം മറന്ന് ഒരു മരച്ചുവട്ടില്‍ തംബുരു വായിച്ചിരിക്കുകയായിരുന്നു ചുവാങ് സു. രാജാവിനെ ഒന്നു നോക്കി അദ്ദേഹം തംബുരു വായന തുടര്‍ന്നു. രാജാവ് അസ്വസ്ഥനായി: ‘ചുവാങ് സു, ഒരു കാലത്തു നീയെന്റെ മന്ത്രിയായിരുന്നു. അന്നു നീ എന്നോട് അമിതമായി ആദരവു കാണിച്ചിരുന്നു. എന്നാലിന്ന് ഞാൻ നിന്റെ മുന്നില്‍ നില്‍ക്കുന്നു, നീ ഇരിക്കുന്നു’. 

ചുവാങ് സു പറഞ്ഞു: ‘അന്നു താങ്കളില്‍നിന്നു പലതും നേടിയെടുക്കാനുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടു ഞാന്‍ ആദരവു പ്രകടിപ്പിച്ചു. അങ്ങയുടെ അനീതികൾക്കു മുന്നിൽ കണ്ണടച്ചു. ഇന്ന് ഈ തംബുരുവിന്റെ സംഗീതമാണ് എനിക്കേറ്റവും വലുത്. അങ്ങയുടെ ചുറ്റും നില്‍ക്കുന്ന ഈ ആള്‍ക്കൂട്ടമുണ്ടല്ലോ, ഇവരെല്ലാം സ്വന്തം കാര്യം നേടാൻ ആദരം അഭിനയിക്കുന്നവര്‍ മാത്രമാണ്. ഈ സംഗീതം പോലെ മനസ്സ് സ്വച്ഛമാക്കൂ, പ്രവൃത്തികള്‍ ശുദ്ധമാക്കൂ. അധികാരം പോയാലും ആയിരമായിരം ആളുകള്‍ അങ്ങയോടൊപ്പമുണ്ടാകും’. 

സംഗീതമധുരം പോലെ ചുവാങ് സു പറഞ്ഞ ഈ വാക്കുകളായിരിക്കണം നമുക്കു വഴികാട്ടിയാകേണ്ടത്. മനസ്സും പ്രവൃത്തിയും എന്നും ശുദ്ധമായിരിക്കട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com