ADVERTISEMENT

ഭൂമിയിലെപ്പോലെ ബഹിരാകാശത്തും ‘പൊലീസ് സ്റ്റേഷൻ അതിർത്തി’കളുണ്ടോ? ഉപഗ്രഹങ്ങൾ കൂട്ടിയിടിച്ചാൽ ആരു കേസെടുക്കും? ആരു നഷ്ടപരിഹാരം നൽകും? അതിലൊരെണ്ണം തകർന്ന് ഏതെങ്കിലുമൊരു രാജ്യത്ത് വീണാൽ ഏതു കോടതിയിലാകും വിചാരണ?

എൽഎൽബി, എൽ‌എൽഎം പഠനത്തിനിടെ ഇത്തരം‘ഭ്രാന്തൻ’ സംശയങ്ങൾ സ്വയം ചോദിച്ച പാലക്കാട് സ്വദേശി വി.കിരൺ മോഹൻ എത്തിച്ചേർന്നത് ബഹിരാകാശ നിയമപഠനത്തിൽ (സ്പേസ് ലോ) ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായ കാനഡയിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിൽ; ട്യൂഷൻ ഫീസായ 11 ലക്ഷത്തോളം രൂപ ഫെലോഷിപ്പായി ലഭിക്കുകയും ചെയ്തു.

നാസയുടെ ബഹിരാകാശ യാത്രിക ആൻ‌ മക്‌ലെയ്ൻ ബഹിരാകാശ നിലയത്തിൽ വച്ചു നടത്തിയ ബാങ്ക് അക്കൗണ്ട് ക്രമക്കേട് ആദ്യ ബഹിരാകാശ കുറ്റകൃത്യമായി ലോകം ചർച്ച ചെയ്തതും ഈയിടെയാണ്. ബഹിരാകാശ നിയമശാഖയുടെ സാധ്യതകൾ ഏറുകയാണെന്നു കിരൺ പറയുന്നു.

സ്പേസിലേക്കു വന്ന വഴി
കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിലെ കിരണിന്റെ എൽഎൽബി പഠനകാലത്ത് ഇലക്ടീവ് പേപ്പറായിരുന്നു സ്പേസ് ലോ. ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങൾ തരിപ്പണമാക്കുന്ന ആന്റി സാറ്റലൈറ്റ് മിസൈലുകളുടെ നിയമവശങ്ങളെക്കുറിച്ചുള്ള പേപ്പർ സ്കോട്‌ലൻഡിൽ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ലോ രാജ്യാന്തര സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

അന്നു തുടങ്ങിയ താൽപര്യം പിന്നെ കൈവിട്ടില്ല. കേരള സർവകലാശാലയിൽ എൽഎൽഎം കഴിഞ്ഞ് ഏഷ്യൻ-ആഫ്രിക്കൻ ലീഗൽ കൺസൽറ്റേറ്റീവ് ഓർഗനൈസേഷനിൽ ലീഗൽ ഓഫിസറായി ജോലി നോക്കുന്നതിനിടെ കരിയർ ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. ഉപരിപഠനത്തിന് സ്പേസ് ലോ അല്ലാതെ മറ്റൊരു വിഷയവും മനസ്സിലുണ്ടായിരുന്നില്ല. കാനഡയിലെ മക്ഗിൽ (bit.ly/mcgillsc), നെതർലൻഡ്സിലെ ലെയ്ഡൻ (universiteitleiden.nl) സർവകലാശാലകളിലാണു ലോകത്തിലെ ഏറ്റവും മികച്ച സ്പേസ് ലോ മാസ്റ്റേഴ്സ് കോഴ്സുകൾ.മക്ഗില്ലിൽ ചേർന്നു. 

സ്വകാര്യ കമ്പനികൾ മറ്റു ഗ്രഹങ്ങളിൽ ഖനനം നടത്തുമ്പോൾ ഗ്ലോബൽ ടാക്സ് ഈടാക്കുന്നതിന്റെ നിയമസാധുതയാണു കിരണിന്റെ ഗവേഷണവിഷയം.കോങ്ങാട് മണിക്കശ്ശേരി ചന്ദ്രകാന്തത്തിൽ കെ.പി മോഹനന്റെയും (റിട്ട.ട്രഷറി സുപ്രണ്ട്) സുധയുടെയും മകനാണു കിരൺ. എൽഎൽബിക്കു ചേരും മുൻപ് ഹയർ സെക്കൻഡറി പഠനം വാണിയംകുളം ടിആർകെ സ്കൂളിലായിരുന്നു.

സ്പേസ് ലോയുടെ നാളുകൾ
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നൊരു കല്ലെടുത്താൽ അതിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്നു ബഹിരാകാശ നിയമങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല. സ്ത്രപരീക്ഷണങ്ങൾക്ക് സാംപിൾ ശേഖരിക്കാമെങ്കിലും ഉടമസ്ഥത നിർവചിക്കപ്പെട്ടിട്ടില്ല. പക്ഷേ യുഎസ്, യൂറോപ്യൻ രാജ്യമായ ലക്സംബർഗ് എന്നിവിടങ്ങളിലെ ബഹിരാകാശ നിയമങ്ങൾ മറ്റു ഗ്രഹങ്ങളിലെ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നുണ്ട്.

1958ൽ  ആരംഭിച്ച യുഎൻ ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ് ആണു സ്പേസ് ലോ സംബന്ധിച്ച് നിലവിലെ ആധികാരിക ഏജൻസി. 1967ലെ ഔട്ടർ സ്പേസ് ട്രീറ്റിയെ ബഹിരാകാശ പര്യവേഷണത്തിന്റെ ഭരണഘടനയെന്നു വിളിക്കാം. ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) ഏതു രാജ്യത്തിന്റെ മൊഡ്യൂളിലാണോ കുറ്റകൃത്യം നടക്കുന്നത്, ആ രാജ്യത്തിന്റെ കോടതിക്ക് ഇടപെടാമെന്ന് ഐഎസ്എസ് ഉടമ്പടിയിൽ പറയുന്നുണ്ട്.

എങ്കിലും ഇനിയുമേറെ കാര്യങ്ങളിൽ വ്യക്തത വേണം. ബഹിരാകാശത്തെ മലിനമാക്കരുതെന്ന് ഔട്ടർ സ്പേസ് ട്രീറ്റി പറയുന്നുണ്ടെങ്കിലും മറിച്ചു ചെയ്താൽ നടപടിയെന്തെന്നു വ്യക്തമാക്കിയിട്ടില്ല. ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കരുതെന്നും ഉപയോഗിക്കരുതെന്നും പറയുന്നുണ്ടെങ്കിലും ഭൂമിയിൽനിന്നു തൊടുക്കുന്ന ആന്റി-സാറ്റലൈറ്റ് മിസൈലുകൾ ഇതിന്റെ പരിധിയിൽപ്പെടുമോ എന്ന ചോദ്യമുണ്ട്.

ബഹിരാകാശ പേടകങ്ങൾ, റോക്കറ്റുകൾ എന്നിവയുടെ സ്പേസ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ 'ബഹിരാകാശ അഭിഭാഷകരെ' ആവശ്യമായി വരും. മറ്റു ഗ്രഹങ്ങളിൽ മനുഷ്യവാസം സ്വപ്നം കാണുന്ന ഇക്കാലത്ത് സ്പേസ് ലോയുടെ പ്രസക്തി വർധിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com