ADVERTISEMENT

കരസേനയിലെ ഓഫിസർ സിലക്‌ഷനുള്ള വിജ്‌ഞാപനങ്ങളിൽ എസ്‌എസ്‌ബി ഇന്റർവ്യൂവിലും പങ്കെടുക്കണമെന്നു കാണാറുണ്ട്. സാധാരണ ഇന്റർവ്യൂവിൽനിന്നു വ്യത്യസ്‌തമാണോ ഇത്? സൈനികസേവനം സംബന്ധിച്ച ചോദ്യങ്ങളും ഇതിൽ വരുമോ? ഇതിനായി വിശേഷ തയാറെടുപ്പു വേണോ? 

വിജേഷ് ഡി.എസ്.
കണ്ണൂർ 

കരസേനയിൽ മാത്രമല്ല, നാവികസേനയിലോ വ്യോമസേനയിലോ കമ്മിഷൻഡ് ഓഫിസർ തലത്തിൽ നിയമനം വേണമെങ്കിലും ഉദ്യോഗാർഥി നിർബന്ധമായും ചാടിക്കടക്കേണ്ട കടമ്പയാണ് സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂ.

ഏതെങ്കിലും അക്കാദമിക പരീക്ഷയിൽ മാർക്ക് നേടി തെളിയിക്കുന്ന പ്രാവീണ്യമല്ല, സായുധസേനയിൽ മികച്ച സ്‌ഥാനങ്ങളിൽ സമർഥമായി സേവനം അനുഷ്‌ഠിക്കാൻ ആവശ്യമായ ഗുണവിശേഷങ്ങളാണ് (OLQ: ഓഫിസർ–ലൈക് ക്വാളിറ്റീസ്) ഈ സമഗ്ര വ്യക്‌തിത്വ പരിശോധനയിൽ വിലയിരുത്തുന്നത്. സാമാന്യബുദ്ധി, യുക്‌തിബോധം, പൊതുവിജ്‌ഞാനം, സംഘാടനശേഷി, ആശയവിനിമയ നൈപുണി, സഹകരണശീലം, ഉത്തരവാദിത്തബോധം,  നേതൃത്വവൈഭവം, മുൻകൈശീലം, ആത്മവിശ്വാസം, വേഗം തീരുമാനമെടുക്കാനുള്ള കഴിവ്, ഊർജസ്വലത, ധീരത, സ്‌ഥൈര്യം, അച്ചടക്കം, പക്വത, അനുസരണശീലം, മികച്ച ആരോഗ്യം, സ്‌റ്റാമിന എന്നിവയെല്ലാം ഓഫിസർക്കു കൂടിയേ തീരൂ. ഇവയെല്ലാം പരിശോധിച്ച് ഉറപ്പു വരുത്താൻ അഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന പരീക്ഷയാണ് എസ്എസ്ബി ഇന്റർവ്യൂ.

ഇത്രയേറെ ഗുണങ്ങൾ ആർക്കെങ്കിലും ഉണ്ടാവുമോയെന്ന് സംശയിക്കേണ്ട. നമ്മിലൊക്കെ ഇവയെല്ലാം ഏറിയും കുറഞ്ഞുമുണ്ട്. ചിലരിൽ ഇവ കൂടുതൽ തെളിഞ്ഞുനിൽക്കുമെന്നു മാത്രം. മേശയുടെ എതിർവശങ്ങളിൽ നേർക്കുനേരെയിരുന്ന് അഞ്ചു ദിവസം ചോദ്യോത്തരങ്ങളോ? ഇത് അതികഠിന മുഖാമുഖമാണല്ലോ?

അല്ലല്ല, അങ്ങനെ ഒരു ഓഫിസറോ ഏതാനും ഓഫിസർമാർ അടങ്ങുന്ന ബോർഡോ നിങ്ങളെ മുന്നിലിരുത്തി, ചോദ്യശരങ്ങൾ വർഷിച്ചു തളർത്തുകയല്ല ചെയ്യുക. ഉദ്യോഗാർഥിയുടെ പ്രവർത്തനക്ഷമത ‘മനസാ, വാചാ, കർമണാ’ എന്ന മൂന്നു തലങ്ങളിലും വിലയിരുത്താൻ യഥാക്രമം സൈക്കോളജിസ്‌റ്റ്, ഇന്റർവ്യൂയിങ് ഓഫിസർ, ഗ്രൂപ് ടെസ്‌റ്റിങ് ഓഫിസർ എന്നിവർ വെവ്വേറെ സ്വതന്ത്രമായി ശ്രമിക്കുന്നു. വെറുതെ വർത്തമാനം പറഞ്ഞു പിരിയുകയല്ല ഇതിന്റെ രീതി. പലതും ചെയ്ത് വിവിധ ശേഷികൾ തെളിയിക്കാൻ ആവശ്യപ്പെടുകയാണു ചെയ്യുക. അഞ്ചു ദിവസത്തോളം ക്യാംപസിൽ താമസിച്ചു പങ്കെടുക്കേണ്ട ബഹുമുഖ പരിശോധനയാണ്. 24 മണിക്കൂറും നിങ്ങളുടെ ചലനങ്ങളും നീക്കങ്ങളും നിരീക്ഷണവിധേയമാകുമെന്ന് ഓർക്കുക. മുറി തൂത്തുവാരാൻ വരുന്നയാൾ വെറും തൂപ്പുകാരനല്ലാതിരുന്ന സംഭവവുമുണ്ട്.

അങ്ങനെയെങ്കിൽ, ഈ അഞ്ചു ദിവസത്തെ നടപടിക്രമം എങ്ങനെയൊക്കെയാണ്?
നടപടിക്രമം ചുരുക്കിപ്പറയാം. സായുധസേന പ്രതീക്ഷിക്കുന്ന ഗുണങ്ങൾ തീരെക്കുറവെന്നു തോന്നുന്നവരെ ആദ്യദിവസത്തെ പരിശോധനയ്ക്കു ശേഷം മടക്കി അയച്ച്, ബാക്കിയുള്ളവർക്കു മാത്രം പിറ്റേന്നു മുതൽ പലതരം ടെസ്‌റ്റുകൾ നൽകും. പരീക്ഷകളുടെ ക്രമം നമുക്കു നോക്കാം.

ഒന്നാം ദിവസം: 

∙പ്രാഥമിക നിർദേശങ്ങൾ, ഫോം പൂരിപ്പിക്കൽ. ഫോമിലൊന്നും അലക്ഷ്യമായി വിവരങ്ങൾ എഴുതിക്കൊടുക്കരുത്. പിന്നീടു സ്വയം വിവരണം നൽകുമ്പോൾ നിങ്ങൾ നൽകുന്ന കാര്യങ്ങളുമായി ഇവ പൊരുത്തപ്പെടാതെ വന്നുകൂടാ. 

∙ബുദ്ധിശക്‌തി പരിശോധന: യുക്തിചിന്ത, വിശകലനശേഷി എന്നിവ നോക്കി ബുദ്ധിശക്തി 1 മുതൽ 4 വരെ റേഞ്ചിൽ വിലയിരുത്തും. 

∙പിക്ചർ പെർസെപ്ഷനും ചർച്ചയും: സ്ക്രീനിൽ ഒരു ചിത്രം അൽപനേരം കാണിക്കും. ഇതു കിറുകൃത്യമായി നോക്കിക്കാണണം. തുടർന്ന്, നിങ്ങൾ കണ്ടത് എഴുതണം. ചിത്രത്തിലെ വ്യക്തികളുടെ എണ്ണം, പ്രായം, മനോഭാവം മുതലായവ. ചിത്രത്തെ ആസ്പദമാക്കി കഥയെഴുതണം. ചിത്രവും കഥയും ചർച്ച ചെയ്യണം. ആശയപ്രകടനശേഷി, വാക്കിലെ കൃത്യത, ആത്മവിശ്വാസം, പങ്കാളിത്തം, മറ്റുള്ളവരുടെ ആശയങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനഃസ്ഥിതി, ശരീരഭാഷ, ടെസ്റ്റിൽ പ്രകടമാക്കുന്ന സമീപനം എന്നിവയെല്ലാം വിലയിരുത്തും. ഈ ഘട്ടത്തിന്റെ ഫലപ്രഖ്യാപനവും നടത്തും. 

തുടർന്നുള്ള ദിവസങ്ങളിലോ? 

രണ്ടാം ദിവസം: 

∙മാനസികപരീക്ഷ, സംഘപ്രവർത്തനം (ഗ്രൂപ് ടാസ്ക്), ഇന്റർവ്യൂ എന്ന മൂന്നിനങ്ങൾ. നിങ്ങളുടെ 15 ഒഎൽക്യൂ ഇവ വഴി വിലയിരുത്തും. സൈക്കോളജിസ്റ്റ് നേരിട്ട് ഇടപെടില്ല. കടലാസിലെഴുതുന്ന ഉത്തരങ്ങൾ നോക്കുകയേയുള്ളൂ. പ്രതികരണം സ്വാഭാവികമാകണം. കൃത്രിമമായി മറ്റൊരാളാകാൻ ശ്രമിക്കരുത്. മാനസിക പരീക്ഷയ്ക്കു പല ഭാഗങ്ങളുണ്ട്. 

∙സിറ്റുവേഷൻ റിയാക്‌ഷൻ (60 ജീവിത സന്ദർഭങ്ങൾ എഴുതിത്തരും. ഓരോന്നിനോടും എങ്ങനെ പ്രതികരിക്കുമെന്ന് 30 മിനിറ്റിൽ സൂചിപ്പിക്കുക). 

∙തീമാറ്റിക് അപ്പർസെപ്‌ഷൻ (അര മിനിറ്റ് കണ്ട ചിത്രം ഇലസ്‌ട്രേഷനായി വരുന്ന കഥ നാലു മിനിറ്റിലെഴുതുക. ഇങ്ങനെ 10 കഥകൾ. കൂടാതെ ചിത്രമില്ലാത്ത പേജ് നോക്കി സ്വയം വിഭാവനം ചെയ്‌ത കഥ). സാധാരണമായി കഥാകൃത്ത് കഥയെഴുതുന്നു, തുടർന്നു ചിത്രകാരൻ അനുയോജ്യ ഇലസ്ട്രേഷൻ തയാറാക്കുന്നു. ഇവിടെ കാര്യങ്ങൾ ഇതിനു വിപരീതമാണ്. 

∙വേഡ് അസോസിയേഷൻ (15 സെക്കൻഡ് വീതം 60 വാക്കുകൾ തുടരെ കാണിക്കും. ഓരോന്നും ഉളവാക്കുന്ന ആദ്യ ചിന്ത ഉടനുടൻ എഴുതുക). 

∙സെൽഫ് ഡിസ്‌ക്രിപ്‌ഷൻ (നിങ്ങളോട് ഏറ്റവും അടുപ്പമുള്ളവരുടെയും നിങ്ങളുടെ തന്നെയും നിങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ എഴുതുക. അഞ്ചെണ്ണം 15 മിനിറ്റ്).

ഇതൊക്കെ കേട്ടിട്ടില്ലാത്ത തരം ടെസ്റ്റുകളാണല്ലോ? ഇവയിൽ നാം നൽകുന്ന ഉത്തരങ്ങൾ നോക്കിയാൽ നമ്മുടെ മനോഭാവവും സമീപനവും എല്ലാം ചക്ക തുരക്കുന്നതു പോലെ സൈക്കോളജിസ്റ്റ് നോക്കിപ്പഠിച്ചുകളയുമല്ലേ?

അതാണ് സത്യം. എന്തെങ്കിലും മറച്ചുവച്ച് നമ്മെപ്പറ്റി കൃത്രിമചിത്രം വരച്ചുകാട്ടാമെന്നു വിചാരിച്ചാൽ, അതു സാധ്യമല്ല. നാം ആര് എന്നു വ്യക്തമായി തിരിച്ചറിയും. സായുധസേനയ്ക്കു പറ്റുമെങ്കിൽ മാത്രം നമ്മെ പരിഗണിക്കുകയും ചെയ്യൂം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com