ഇനി ജോലിക്കായി അലയേണ്ട; സ്വയംതൊഴിൽ തുടങ്ങാം; 25 ലക്ഷം വരെ വായ്പ!

loan
SHARE

സ്വയംതൊഴിൽ കണ്ടെത്താൻ ഏറെ പ്രധാനം മൂലധനമാണ്. തൊഴിൽ സംരംഭകർക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്നൊരു മികച്ച വായ്പാ പദ്ധതിയെ ഈയാഴ്ച പരിചയപ്പെടാം. 

പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (Prime Minister’s Employment Generation Programme-PMEGP) ആണ് പരിചയപ്പെടുത്തുന്നത്. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങും നൽകുന്ന മറ്റൊരു പദ്ധതിയും നിലവിൽ ഇല്ലെന്നുതന്നെ പറയാം. 2008 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന വായ്പാ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം രാജ്യത്താകെ 5 ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയിൽ മികച്ച നേട്ടമാണു കേരളത്തിനുള്ളത്. 2018–19 സാമ്പത്തിക വർഷത്തിൽ ലക്ഷ്യം കവിഞ്ഞ നേട്ടമുണ്ടായി. 

25 ലക്ഷം വരെ വായ്പ
നിർമാണ സ്ഥാപനങ്ങൾ ആരംഭിക്കാൻ 25 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കാൻ 10 ലക്ഷം വരെയും വായ്പ ലഭിക്കുന്നതാണു പദ്ധതി. പൊതുവിഭാഗത്തിനു 10 ശതമാനവും പ്രത്യേക വിഭാഗത്തിന് 5 ശതമാനവുമാണു സംരംഭകന്റെ വിഹിതം.

സാധാരണ ബാങ്ക് പലിശയാണ് വായ്പയ്ക്ക് ഈടാക്കുക. പൊതു വിഭാഗക്കാർക്കു നഗരപ്രദേശത്ത് 15 ശതമാനവും ഗ്രാമപ്രദേശത്ത് 25 ശതമാനവും മാർജിൻ മണി ഗ്രാന്റ് ലഭിക്കും. പ്രത്യേക വിഭാഗങ്ങൾക്ക് (സ്ത്രീകൾ, SC/ST, ഒബിസി, മതന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ തുടങ്ങിയവർ) നഗരപ്രദേശത്ത് 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും മാർജിൻ മണി ഗ്രാന്റ് ലഭിക്കുന്നു എന്നതും ഈ പദ്ധതിയുടെ ആകർഷണമാണ്. ഈ തുക 3 വർഷത്തേക്കു സ്ഥിരനിക്ഷേപമായി സൂക്ഷിക്കുകയും അതിനു ശേഷം പ്രവർത്തനം വിലയിരുത്തി വായ്പാ കണക്കിലേക്കു വരവു വയ്ക്കുകയും ചെയ്യുന്നു. സ്ഥിരനിക്ഷേപത്തിനും ബാങ്ക് വായ്പയ്ക്കും ഒരേ പലിശനിരക്ക് ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

പ്രായപരിധിയില്ല
18 വയസ്സ് പൂർത്തിയായാൽ മതി. ഉയർന്ന പ്രായപരിധി ബാധകമല്ല. 10 ലക്ഷത്തിനു‍ മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങളും 5 ലക്ഷത്തിനു  മുകളിൽ വരുന്ന സേവന സ്ഥാപനങ്ങളും തുടങ്ങാൻ എട്ടാം ക്ലാസ് പാസായിരിക്കണം. പാർട്ണർഷിപ്, ലിമിറ്റഡ് കമ്പനി എന്നിവയ്ക്കു വായ്പ ലഭിക്കില്ല. നേരിട്ടുള്ള കാർഷിക വൃത്തി, ഫാമുകൾ, വാഹനങ്ങൾ, പുകയില, മദ്യം, മത്സ്യം, മാംസം, പുകയില ടെസ്റ്റിങ് ലാബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഒഴികെ എല്ലാ സംരംഭങ്ങൾക്കും വായ്പ ലഭിക്കും. വനിതകൾക്കു 30%, ഒബിസി വിഭാഗത്തിന് 27%, എസ്‌സിക്ക് 9.1%, എസ്ടിക്ക് 1.45%, മതന്യൂനപക്ഷങ്ങൾക്ക് 5%, ഭിന്നശേഷിക്കാർക്ക് 3% വീതം സംവരണം ഏർപ്പെടുത്തിട്ടുണ്ട്. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം (www.kvic.org.in)

രണ്ടാം ഘട്ടവും സഹായം
ഖാദി ആൻഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷൻ, ഖാദി ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവ വഴിയാണു പദ്ധതി നടപ്പാക്കുന്നത്. ഖാദി ബോർഡും കമ്മിഷനും പഞ്ചായത്ത് പ്രദേശത്തു മാത്രം പദ്ധതി നടപ്പാക്കുമ്പോൾ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഗ്രാമ/നഗര വ്യത്യാസമില്ലാതെ പദ്ധതി നടപ്പാക്കുന്നു. ഖാദി കമ്മിഷനാണു നോഡൽ ഏജൻസി. ഈ പദ്ധതിയിൽ സംരംഭം നടത്തിക്കൊണ്ടിരിക്കുന്നവർക്ക് വിപുലീകരണത്തിന് ഇപ്പോൾ വായ്പ ലഭിക്കുന്നതാണ്. ഒരു കോടി രൂപ വരെയാണു രണ്ടാം വായ്പ നൽകാൻ ഇപ്പോൾ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA