ADVERTISEMENT

You must either modify your dreams of magnify your skills

Jim Rohan

നമ്മുടെ നാട്ടിൽ ഉപരിപഠനത്തിനു പോകുന്ന കുട്ടികളിൽ ബഹൂഭൂരിപക്ഷത്തിനും പഠനം പൂർത്തിയാക്കികഴിഞ്ഞാൽ പ്രസ്തുത മേഖലയിൽ ലഭിക്കാൻ സാധ്യതയുള്ള തൊഴിലിന്റെ സ്വഭാവം എന്താണെന്നറിയില്ല. എംസിഎ കഴിഞ്ഞ ഒരു വിദ്യാർഥിയോട് കോഴ്സ് കഴിഞ്ഞാൽ എന്തൊക്കെ അവസരങ്ങളുള്ളതായി അറിയാം എന്ന് ഒന്നാം വർഷം ചോദിച്ചാൽ അവർ കൈമലർത്തും. അവസാന വർഷമാകുമ്പോൾ കൂട്ടുകാരിൽ നിന്നും സീനിയേഴ്സിൽ നിന്നുമൊക്കെയായി കുറെയധികം വിവരങ്ങൾ കൂടി നേടിയിട്ടുണ്ടാകും. എങ്കിലും  തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ചെയ്യേണ്ടുന്ന തൊഴിലിന്റെ സ്വഭാവത്തെക്കുറിച്ച് ഇന്റർവ്യൂവർ ചോദിക്കുമ്പോൾ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും അതിനെക്കുറിച്ചു അറിവില്ല എന്നതാണു യാഥാർഥ്യം.

ഒരു തൊഴിൽ മേഖലയുടെ അടിസ്ഥാന സ്വഭാവം പോലും മനസ്സിലാക്കാതെ, സ്വന്തം അഭിരുചിക്ക് ഒട്ടും യോജിക്കാത്ത ഒരു കോഴ്സ് തിരഞ്ഞെടുക്കുന്നതാണ് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന ദുരന്തം. പലപ്പോഴും ഈ തിരിച്ചറിവ് വിദ്യാർഥികൾക്കുണ്ടാകുന്നത് ക്യാംപസ് പ്ലേസ്മെന്റ് അടുക്കുമ്പോഴാണ്. ഏതൊരു ക്യാംപസ് പ്ലേസ്മെന്റ് പരിപാടിയിലും അടിസ്ഥാനപരമായി രണ്ടു വ്യത്യസ്ത സവിശേഷതകളിൽ ഉദ്യോഗാർഥികളെ വിലയിരുത്തും. ഇതിൽ ഒന്നിനെ ഹാർഡ്സ്കിൽ അഥവാ ഫങ്ഷണൽ സ്കിൽ എന്നും രണ്ടാമത്തേതിനെ സോഫ്റ്റ് സ്കിൽ എന്നും പറയുന്നു. ക്യാംപസുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിക്കുന്ന സാങ്കേതിക അറിവുകളെ പൊതുവായി ഹാർഡ് സ്കിൽ എന്നു പറയാം. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റുളളവരുമായി ഇടപഴകുമ്പോൾ മികച്ച ഒരു വ്യക്തിത്വത്തിനുടമയാണ് നിങ്ങൾ എന്ന ബോധ്യം മറ്റുളളവരിൽ ഉണ്ടാക്കുന്ന നൈപുണ്യങ്ങളെ ആകെ സോഫ്റ്റ് സ്കില്‍ എന്നു വിശേഷിപ്പിക്കുന്നു. ആത്മനിയന്ത്രണ നൈപുണ്യമാണ് (self management skills) സോഫ്റ്റ് സ്കിൽസ്. ഹാർഡ് സ്കില്ലുകൾ പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിൽ, സോഫ്റ്റ് സ്കില്ലുകൾ പരിശീലനം കൊണ്ടും മറ്റും സ്വയം ആർജിക്കേണ്ടതാണ്. ഈ രണ്ടു മേഖലയുമായി ഉദ്യോഗാർഥികളുടെ കഴിവുകളെ അളക്കുവാൻ വിവിധതലങ്ങളിലായി വ്യത്യസ്തങ്ങളായ തിരഞ്ഞെടുപ്പു രീതികൾ ആവശ്യങ്ങൾക്കനുസരിച്ച് കമ്പനികൾ ഉപയോഗിക്കാറുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിൽ മികവു പുലർത്താൻ സാധിച്ചാലും രണ്ടാമത്തേതിലെ ന്യൂനത കൊണ്ട് ഉദ്യോഗാർഥിയെ പുറന്തള്ളാനുളള സാധ്യത വളരെ കൂടുതലാണ്. ഊർജിതമായി ക്യാംപസ് പ്ലേസ്മെന്റിനായി പരിശ്രമിക്കുന്ന ഒരു വിദ്യാർഥി ഇവ രണ്ടിന്റെയും പ്രാധാന്യം മനസ്സിലാക്കി ഇരുമേഖലകളിലും മികവു പുലർത്തുന്നതിനുള്ള തയ്യാറടുപ്പുകൾ കോഴ്സ് ആരംഭിക്കുമ്പോൾത്തന്നെ തുടങ്ങണം.

ഹാർഡ് സ്കിൽസ് ( Hard  Skills)
Soft skills may set you hired, but you need hard skills to set your foot in the door!

ഒട്ടുമിക്ക ക്യാംപസ് പ്ലേസ്മെന്റ് ഡ്രൈവുകളിലും ആദ്യം അളക്കപ്പെടുക ഉദ്യോഗാർഥിയുടെ ഹാർഡ് സ്കിൽസ് ആയിരിക്കും. ഒരു ടെക്നിക്കൽ ഇന്റർവ്യൂവിലൂടെയാണ് ഇതു സാധ്യമാവുക. കോളജിൽ കോഴ്സിന്റെ ഭാഗമായി പഠിക്കുന്ന വിഷയങ്ങളും ആ മേഖലയിലെ പ്രായോഗികമായ അറിവുകളും പഠിക്കുന്ന മേഖലയിലെ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനം നടത്തുവാനുള്ള കഴിവും പ്രസ്തുത മേഖലയിലെ പുതിയ വളർച്ചകളെക്കുറിച്ചുള്ള ശരിയായ ധാരണയുമെല്ലാം ഹാർഡ് സ്കിൽസ് (Technical skills) എന്ന വിഭാഗത്തിൽ പെടുന്നവയാണ്. ചുരുക്കത്തിൽ സിലബസിൽ നിന്നു പഠിക്കുന്ന അതതു വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതികമായ അറിവിന്റെ ആകെത്തുകയാണ് ഹാർഡ് സ്കിൽസ് എന്നത്. ഇതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പഠിച്ചെടുക്കാവുന്നതാണ്. മൂന്നോ നാലോ വർഷം നീളുന്ന ഒരു കോഴ്സ് പഠിച്ചു പുറത്തിറങ്ങുന്ന ഒരു വിദ്യാർഥി അത്രയും നാൾ കൊണ്ട് ആ വിഷയത്തെക്കുറിച്ച് പൂർണവും സമഗ്രവുമായ അറിവു നേടിയിരിക്കണമെന്ന് കമ്പനികൾ നിഷ്കർഷിക്കുന്നതിൽ തെറ്റു പറയാനാവില്ല. 

ഇലക്ട്രിക്കൽ എൻജിനീയറിങ് ബി.ടെക് കോഴ്സ് കഴിഞ്ഞ ഒരു സുഹൃത്ത് അടുത്തിടെ വിവാഹിതനായി. പുതുതായ വാടകയ്ക്കെടുത്ത വീട്ടിൽ വിവാഹദിവസം തന്നെ ഗൃഹപ്രവേശം നടത്തി. എല്ലാം ശുഭമായിരിക്കുന്ന അവസരത്തിലാണ് രാത്രി ഏതാണ്ട് പതിനൊന്നര മണിയോടെ ആ ദു:ഖസത്യം ഇദ്ദേഹം തിരിച്ചറിയുന്നത്. ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പ്രവർത്തിക്കുന്നില്ല. തന്റെ ഇലക്ട്രിക്കൽ എൻജിനീയറിങ് വൈദഗ്ധ്യമെല്ലാം ഉപയോഗിച്ചിട്ടും കാരണം കണ്ടെത്താൻ കഴിയുന്നില്ല. പന്ത്രണ്ടു മണിയോടെ കൂടെ പഠിച്ച ഒരു സുഹൃത്തിനെ വിളിച്ച് ‘ഒരു സംശയം’ ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ വിവാഹം കഴിച്ചിട്ടില്ല, എങ്കിലും ശ്രമിക്കാം എന്നു പറഞ്ഞതു കേട്ടപ്പോഴാണ് അന്ന് തന്റെ ആദ്യരാത്രിയാണെന്ന കാര്യം നമ്മുടെ സുഹൃത്ത് തിരിച്ചറിഞ്ഞത്. എംടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ഒന്നാം റാങ്കോടെ പാസായ ഒരാളുടെ വീട്ടില്‍ പെട്ടെന്ന് ഫ്യൂസ് പോയതുമൂലം വൈദ്യുതി ബന്ധം തകർന്നാൽ തൊട്ടടുത്ത വീട്ടിലെ ഡിപ്ലോമക്കാരനെ ഫ്യൂസ് വയർ കെട്ടുന്നതിനായി വിളിക്കേണ്ടി വരുന്ന അവസ്ഥ നമ്മുടെ ഹാർഡ് സ്കിൽസ് എവിടെയെത്തി നിൽക്കുന്നുവെന്നതിന്റെ നേർരൂപമാണ്.

ഹാർഡ് സ്കിൽസ് എല്ലാ അർഥത്തിലും പ്രാധാന്യമുള്ളതാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹാർഡ് സ്കിൽസിൽത്തന്നെ രണ്ട് ഉപവിഭാഗങ്ങളുണ്ട്. Theoretical knowledge, Practical knowledge. ആദ്യത്തേത് പുസ്തകങ്ങളിൽ നിന്നു മറ്റും ലഭിച്ച വിവരങ്ങളാണെങ്കിൽ രണ്ടാമത്തേതു പ്രായോഗിക ജ്‍ഞാനമാണ്. ഇവ രണ്ടിന്റെയും നല്ല രീതിയിലുള്ള സന്തുലിതാവസ്ഥയാണ് ആവശ്യമായുള്ളത് . കോളജിൽ നിന്നു പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കു Theoretical knowledge ആണ് പൊതുവായി കൂടുതലുള്ളത്. ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് ഇതു നന്നായി ഉണ്ടാകും. എന്നാൽ പ്രായോഗിക ജ്‍ഞാനം താരതമ്യേന നന്നേ കുറവായിരിക്കും. ഇതു വർധിപ്പിക്കുന്നതിനായി അക്കാദമിക് പ്രോജക്റ്റുകളും ഇന്റേൺഷിപ്പുകളും കോഴ്സുകളുടെ ഭാഗമായി പല സർവകലാശാലകളും നൽകിവരുന്നുണ്ട്. പൊതുവേ പ്രായോഗിക പരിചയം നേടുവാൻ സഹായിക്കുന്ന ഇത്തരം പദ്ധതികളെ വേണ്ട രീതിയിലുള്ള ഗൗരവത്തോടെ സമീപിക്കാത്തതിനാൽ കൂടുതൽ ബിരുധദാരികളും ഈ വിഭാഗങ്ങളില്‍ പിന്നാക്കമായാണു കണ്ടുവരുന്നത്. വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിനോടൊപ്പം പ്രായോഗിക പരിചയവും തൊഴിൽ മേഖലയെക്കുറിച്ചുള്ള മികച്ച ധാരണയും സ്വന്തമാക്കിയാൽ ആവശ്യത്തിനുള്ള ഹാർഡ് സ്കിൽ നേടി എന്നു പറയാം.

ക്യാംപസ് റിക്രൂട്മെന്റുകളിൽ ആദ്യഘട്ടത്തിൽ നടത്തുന്ന അഭിരുചി പരീക്ഷയിൽ ഹാർഡ്സ്കില്ലിനെ അളക്കുന്നതിനുള്ള ഒട്ടേറെ ചോദ്യങ്ങളുണ്ടാകാം. പിന്നീടുള്ള റൗണ്ടുകളില്‍ വരുന്ന ടെക്നിക്കൽ ഇന്റർവ്യൂ എന്ന കടമ്പയിലും ഹാർഡ് സ്കിൽ തന്നെയാണ് കൂടുതലായി  പരിശോധിക്കപ്പടുന്നത്. ഐടി മേഖലയിലുള്ള കമ്പനികള്‍ നടത്താറുള്ള മെഷീൻ ടെസ്റ്റുകളിൽ (machine test) കംപ്യൂട്ടർ മേഖലയിലുള്ള ഉദ്യോഗാർത്ഥിയുടെ ഹാർഡ് സ്കിൽ നല്ല രീതിയിൽ പരിശോധിക്കപ്പെടുന്നു.

സോഫ്്റ്റ് സ്കിൽസ്
ക്യാംപസ്  റിക്രൂട്മെന്റ് ആരംഭിക്കുമ്പോൾത്തന്നെ പൊതുവായി ചില തയ്യാറെടുപ്പുകൾ വിദ്യാർഥികളെല്ലാം തന്നെ ചെയ്യാറുണ്ട്. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ചോദ്യങ്ങൾ സംഘടിപ്പിക്കുക. പ്രധാനപ്പെട്ട പേപ്പറുകളെല്ലാം ഒന്നു കൂടി ഹൃദിസ്ഥമാക്കുക തുടങ്ങി ഹാർഡ് സ്കിൽസുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അവർ ശ്രദ്ധ ചെലുത്താറുണ്ട്.

ഒരു തൊഴിൽ മേഖലയിലേക്കു കയറിപ്പറ്റാൻ ക്യാംപസ് ഇന്റർവ്യൂകളിൽ ഉദ്യോഗാർഥികൾ ഏറെ ശ്രദ്ധ കൊടുക്കേണ്ട മറ്റൊരു മേഖലയാണ് സോഫ്റ്റ് സ്കിൽസ് എന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് സോഫ്റ്റ് സ്കിൽസ്. അവനവനെത്തന്നെയും മറ്റുള്ളവരെയും ക്രിയാത്മകമായി നിയന്ത്രിക്കുകയും  വിലയിരുത്തുകയും ആവശ്യാനുസരണം കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുന്നതിനു സഹായിക്കുന്ന നൈപുണ്യങ്ങളാണ് സോഫ്റ്റ് സ്കിൽസ്. ഒരു വ്യക്തിയെ ആകർഷണീയതയോടെ നോക്കിക്കാണുന്നതിനും മറ്റുള്ളവർക്കു സ്വീകാര്യനാക്കുന്നതിനുമായി ആ വ്യക്തി നേടിയെടുക്കേണ്ട നൈപുണ്യങ്ങളാണിവ. ഹാർഡ് സ്കിൽസിൽ നിന്നു വ്യത്യസ്തമായി ഇതു പാഠ്യപദ്ധതിയുടെ ഭാഗമാക്കാറില്ല. ഉദ്യോഗാർത്ഥികൾ സ്വയം വികസിപ്പിച്ചെടുക്കേണ്ടവയാണ് ഇതിൽ പലതും. ഒട്ടേറെ ഉപവിഭാഗങ്ങളുള്ള ഒരു കൂട്ടം നൈപുണ്യങ്ങളെ ഒന്നായി വിളിക്കുന്ന പേരു കൂടിയാണ് സോഫ്റ്റ് സ്കിൽസ് എന്നത്.

വ്യത്യസ്ത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ പ്രവർത്തന മേഖലയ്ക്കനുസരിച്ച് ഇതിൽ ആവശ്യമായ സ്കിൽസ് വ്യത്യസ്തമായിരിക്കും. ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ച് ഹാർഡ് സ്കില്ലാണ് കൂടുതലായി വേണ്ടത്. മറ്റു വ്യക്തികളുമായുള്ള പെരുമാറ്റ രീതിയ്ക്കോ ആശയവിനിമയത്തിലെ  ആകർഷണീയതയ്ക്കോ അദ്ദേഹത്തിന്റെ തൊഴിൽ മേഖലയില്‍ പ്രസക്തിയില്ല. ശാസ്ത്ര ഗവേഷണം നടത്തുന്ന വിഷയത്തിലുള്ള ആഴത്തിലുള്ള അറിവുമാത്രമാണു മുഖ്യം. ഒരു സെയിൽസ് എക്സിക്യുട്ടീവിന്റെ തൊഴിൽ മേഖല തികച്ചും വ്യത്യസ്തമാണ്. വിൽക്കുന്ന ഉൽപന്നത്തിന്റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചുള്ള അറിവൊന്നും അയാൾക്കാവശ്യമില്ല. ഒരു ഉപഭോക്താവിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ആ ഉൽപ്പന്നത്തെ പരമാവധി വർണിച്ച് അതൊരാവശ്യകതയായി ഉപഭോക്താവിനു തോന്നുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള വാക്സാമർത്ഥ്യം ഉണ്ടായാൽ മതി അയാൾക്ക്. ഇവിടെ അയാൾ ഉപയോഗിക്കുന്നത് സോഫ്റ്റ് സ്കിൽസ് മാത്രമാണ്.

എന്നാൽ ഒരധ്യാപകനാകട്ടെ ഹാർഡ് സ്കിൽ സോഫ്റ്റ് സ്കിൽ എന്നീ രണ്ടു നൈപുണ്യങ്ങളും  അദ്ദേഹത്തിന്റെ തൊഴിൽ മേഖലയ്ക്കാവശ്യമാണ്. നമുക്കറിയാവുന്ന എത്രയോ അധ്യാപകർ അവരുടെ വിഷയങ്ങളിൽ അതിസമർഥരായിട്ടും ക്ലാസ് കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെടാറുണ്ട്. ഇതിനപവാദമായ മറ്റൊരു വിഭാഗമുണ്ട്. കണ്ണിമ ചിമ്മാതെ കുട്ടികൾ ക്ലാസിൽ ശ്രദ്ധിച്ചിരിക്കും. വളരെ സരസമായ ക്ലാസാണ്. എന്നാല്‍ ക്ലാസെല്ലാം കഴിയുമ്പോഴാണ് മനസ്സിലാകുന്നത് സിലബസിലുള്ളതൊന്നും ക്ലാസിൽ പരമാർശിച്ചിട്ടില്ല. പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ചുള്ള അറവില്ലായ്മതന്നെ കാരണം. ‘പ്രേമം’ എന്ന സിനിമയിലെ ജാവ പഠിപ്പിക്കുന്ന അധ്യാപകൻ അപഹാസ്യനാകുന്നത് മേല്‍ പറഞ്ഞ രണ്ടു കഴിവുകളും ഇല്ലാത്തതിനാലാണ്.

ക്യാംപസ് റിക്രൂട്മെന്റിനായി തയ്യാറെടുക്കുന്ന വിദ്യാർഥികൾ ഈ രണ്ടു മേഖലകളിലും പരമാവധി മികവു പുലർത്താൻ ശ്രദ്ധിക്കണം. ഹാർഡ് സ്കില്ലുകൾ  തൊഴിൽ മേഖലക്കനുസരിച്ച് മാറുമെങ്കിലും സോഫ്റ്റ് സ്കില്ലുകൾ എല്ലാ തൊഴിൽ മേഖലയ്ക്കും ഏറെക്കുറെ ഒന്നു തന്നെയാണ്. ബഹുഭൂരിപക്ഷം സമർഥരായ ഉദ്യോഗാർഥികളും ക്യാംപസ് പ്ലേസ്മെന്റ് ഡ്രൈവുകളിൽ പിന്തള്ളപ്പെടാനുള്ള കാരണവും സോഫ്റ്റ് സ്കിൽസിലെ അപര്യാപ്തതകളാണ്. റിക്രൂട്മെന്റ് തുടങ്ങുന്നു എന്നറിയുമ്പോൾ പരിശീലിച്ചെടുക്കാൻ പറ്റാത്തവയാണ് ഇതിൽ പലതും. വ്യക്തി സ്വഭാവത്തിന്റെ ഭാഗമാകേണ്ടവയും നിരന്തരമായുള്ള ശീലത്തിന്റെ ഫലമായും ഉണ്ടാകേണ്ടതായതിനാൽ ഇതിനായുള്ള ശ്രമം മുൻകൂട്ടി ആരംഭിക്കേണ്ടതുണ്ട്.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com