ADVERTISEMENT

സായുധസേനകളിൽ കമ്മിഷൻഡ് ഓഫിസർമാരെ തിരഞ്ഞെടുക്കാനുള്ള‍ എസ്‌എസ്‌ബി ഇന്റർവ്യൂവിൽ 3, 4 ദിവസങ്ങളിലെ നടപടികൾ എന്തെല്ലാമാണ്?: 

ഗ്രൂപ് ടെസ്‌റ്റിങ് ഓഫിസർ പലതരം ടെസ്റ്റുകൾ ഏർപ്പെടുത്തും. ഉദ്യോഗാർഥികളുമായി ഇടപഴകുകയും ചെയ്യും. മനസ്സും ശരീരചലനങ്ങളും തമ്മിൽ 

ഏകോപിപ്പിക്കുന്നത് നോക്കും (co–ordination). കായികവും മാനസികവും ആയ ശേഷികൾ തെളിഞ്ഞുവരും. നിങ്ങളുടെ ശേഷികൾ ഗ്രൂപ് ടെസ്‌റ്റിങ് ഓഫിസറെ ബോധ്യപ്പെടുത്തണം. വെറുതേ കൂട്ടത്തിൽ പോകുന്ന നിസ്സംഗ യാത്രികനായാൽ പോരാ. കൂട്ടായി പ്രവർത്തിക്കുമ്പോൾ അന്യരുടെ നല്ല നിർദേശങ്ങൾ അംഗീകരിക്കണം. സഹകരണം പ്രധാനം. ഒറ്റയാനാകരുത്. ആത്മവിശ്വാസവും പ്രസന്നതയും ഉയർന്നു നിൽക്കണം. വ്യക്തിത്വഗുണങ്ങൾ തെളിഞ്ഞുവരണം. നല്ല കായികശേഷി പ്രധാനം. വീഴ്ച വന്നാൽ ആത്മപരിശോധന നടത്തി ഉടൻ തിരുത്തണം. അഭിമാനപ്രശ്നമാക്കരുത്. സഹപ്രവർത്തകരോടു വാഗ്വാദം വേണ്ട. ഇതിലെ ഭാഗങ്ങൾ: 

∙ഗ്രൂപ് ചർച്ച (സാമൂഹികപ്രാധാന്യമുള്ള രണ്ടു വിഷയങ്ങൾ, 20 മിനിറ്റ്‌ വീതം) 

∙ഗ്രൂപ് പ്ലാനിങ് (സങ്കീർണമായ ഫീൽഡ് പ്രശ്‌നം മോഡൽ വച്ചു വിവരിച്ചു തരും. അതിനു പരിഹാരമെഴുതുക. തുടർന്നു ടീമംഗങ്ങളുടെയെല്ലാം പരിഹാരങ്ങൾ ചർച്ച ചെയ്‌ത് സർവസമ്മതമായ പരിഹാരം അവതരിപ്പിക്കുക) 

∙പ്രോഗ്രസീവ് ഗ്രൂപ് ടാസ്‌ക് (ഫീൽഡിലെ നാലു തടസ്സങ്ങൾ കഴയും കോണിയും പലകയും ഊഞ്ഞാലും മറ്റും ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ സംഘമായി തരണം ചെയ്യുക) 

∙ഗ്രൂപ് ഒബ്‌സ്‌റ്റക്കിൾ റേസ് (കൂടെയുള്ള ഉദ്യോഗാർഥികളുടെ ഗ്രൂപ്പുകളുമായി മത്സരിച്ച് വലിയ പെരുമ്പാമ്പിന്റെ രൂപത്തിലുള്ള ഭാരം ആറു തടസ്സങ്ങൾ കടത്തിയെടുക്കുക) 

∙ഹാഫ് ഗ്രൂപ് ടാസ്‌ക് (മേൽപ്പറഞ്ഞ പ്രോഗ്രസീവിലെപ്പോലെയുള്ള ഒരു തടസ്സം ചെറിയ ഗ്രൂപ് 15 മിനിറ്റ് കൊണ്ടു കടക്കുക) 

∙ലക്‌ചറെറ്റ് (തന്നിട്ടുള്ള നാലു വിഷയങ്ങളിൽനിന്ന് ഒന്നു തിരഞ്ഞെടുത്ത് മൂന്നു മിനിറ്റ് ലഘുപ്രസംഗം) 

∙ഇൻഡിവിജുവൽ ഒബ്‌സ്‌റ്റക്കിൾസ് (മുന്നു മിനിറ്റിനകം പത്തു തടസ്സങ്ങൾ ഒറ്റയ്‌ക്കു മറികടക്കുക) 

∙കമാൻഡ് ടാസ്‌ക് (ഒരു സംഘത്തെ നിങ്ങളൊറ്റയ്‌ക്കു നിർദേശങ്ങൾ നൽകി, വിഷമമുള്ള തടസ്സം 15 മിനിറ്റിനകം മറികടത്തുക) 

∙ഫൈനൽ ഗ്രൂപ് ടാസ്‌ക് (സംഘം ചേർന്ന് ഒരു തടസ്സം 15–20 മിനിറ്റിനകം തരണം ചെയ്യുക)

സൈക്കോളജിസ്റ്റ് മനോഭാവം മനസ്സിലാക്കിയപ്പോൾ, ഗ്രൂപ് ടെസ്റ്റിങ് ഓഫിസർ നമ്മുടെ കായികവും മാനസികവുമായ സമസ്തശേഷികളും വിലയിരുത്തിക്കളയുമെന്ന തോന്നൽ. ഇനിയുമുള്ള പരീക്ഷയുടെ രീതികൾ കൂടുതൽ കഷ്ടപ്പെടുത്തുമോ?

ഉത്സാഹത്തോടെ പഠിച്ചു പരിശീലിച്ചു പോകുന്നവർക്ക് ഇതെല്ലാം അസാധാരണ രസം പകരുമെന്നതാണ് വാസ്തവം. 

ഇതിനിടെ 2–4 ദിവസങ്ങളിലൊന്നിൽ മുക്കാൽ മണിക്കൂറോളം വരുന്ന മുഖാമുഖം ഉണ്ട്. നിങ്ങൾ സായുധസേനയിലെ സേവനത്തിന് ചേർന്നയാളാണോയെന്നു വിലയിരുത്താൻ നിത്യജീവിത സംഭവങ്ങളെയോ, നിങ്ങളുടെ പശ്‌ചാത്തലത്തെയോ, അനുഭവങ്ങളെയോ, പഠനവിഷയത്തെയോ സംബന്ധിച്ച ലഘുചോദ്യങ്ങളാവും ഈ പരിശോധനയിൽ. നിങ്ങളുടെ ഹൃദയമാണു പരിശോധിക്കുന്നത് എന്നു പറയാം. ജീവിതം നിങ്ങൾക്കു പകർന്നു നൽകിയ നന്മകളടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്നത് സായുധസേനയിൽ ദീർഘകാലാനുഭവങ്ങളുള്ള മൂതിർന്ന ഓഫിസറായിരിക്കും.

അക്കാദമിക പ്രവർത്തനങ്ങൾ, മത്സരപ്പരീക്ഷ, സ്പോർട്സ് മുതലായവയിലെ നിങ്ങളുടെ പങ്കാളിത്തം, പാഠ്യേതര നേട്ടങ്ങൾ, താൽപര്യങ്ങൾ, മാതാപിതാക്കളോടും അധ്യാപകരോടും സുഹൃത്തുക്കളോടും സമൂഹത്തോടുമുള്ള വികാരങ്ങൾ, പൊതുവിജ്ഞാനം, കായികവും മാനസികവുമായ ഉൾക്കരുത്ത് തുടങ്ങിയവ വിലയിരുത്താൻ ശ്രമിക്കും. തെറ്റുകൾ വന്നുപോയതിനെ സഹിഷ്ണുതയോടെയാവും ഓഫിസർ കാണുക. അതിനാൽ ഒന്നും മറയ്ക്കാതിരിക്കുക. കപടവേഷം കെട്ടാൻ തുനിയുന്നത് തിരിച്ചറിയുമെന്നും അതു നിങ്ങൾക്കു ദോഷകരമാകുമെന്നും ഓർക്കുക.

അടുത്ത ഒരു ദിവസത്തിനിടെ വേറെയുമുണ്ടോ കഠിനപരീക്ഷണങ്ങൾ?

ഉണ്ടല്ലോ. പക്ഷേ ഒന്നും കഠിനമെന്നു കരുതിക്കൂടാ. നമ്മെപ്പോലെയുള്ളവർ തന്നെയാണ് എസ്എസ്ബിയിൽ മികച്ച വിജയം നേടാറുള്ളത്്.

അഞ്ചാം ദിവസം: സമാപനപ്രസംഗം, കോൺഫറൻസ്, ഫലപ്രഖ്യാപനം.

നിങ്ങളെ പരീക്ഷകർ വെവ്വേറെ വിലയിരുത്തിയെങ്കിലും അവർ തമ്മിൽ ഇതു ചർച്ച ചെയ്തിട്ടില്ലാത്തതിനാൽ നിങ്ങളുടെ സമഗ്രപ്രകടനം എങ്ങനെയെന്ന് കോൺഫറൻസ് തുടങ്ങുമ്പോൾ ആർക്കും അറിഞ്ഞുകൂടാ. മൂന്നു മുഖ്യ പരീക്ഷകരും മറ്റു ബോർഡ് അംഗങ്ങളും നിങ്ങളോടു സംസാരിച്ചും നിങ്ങളുടെ പ്രതികരണങ്ങൾ വിലയിരുത്തിയും അന്തിമതീരുമാനത്തിലെത്തും. നിങ്ങളുടെ പ്രകടനത്തിലെ നേട്ടങ്ങളും കോട്ടങ്ങളും പൊതു ചർച്ചയിൽ വരും. ബുദ്ധിശക്തിയേറിയവർക്കു മുൻതൂക്കം കിട്ടും. കോൺഫറൻസ് അവസാനിക്കുന്നതോടെ നിങ്ങൾ വിജയിച്ചോ ഇല്ലയോ എന്നറിയിക്കും. തിരസ്കരിക്കപ്പെടുന്നവരെ സാന്ത്വനിപ്പിച്ച് സ്നേഹോപപദേശം നൽകുകയും ചെയ്യും. കമ്മിഷൻഡ് ഓഫിസറാകാനുള്ള ശേഷികൾ തെല്ലു കുറവാണെന്നേയുള്ളൂ, ജീവിതവിജയത്തിന് മറ്റെത്രയോ വഴികളുമുണ്ടെന്ന് ബോധ്യപ്പെടുത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com