ADVERTISEMENT

റബർ ബോർഡ്, മിൽമ ഉൾപ്പെടെ 144 പ്രമുഖ പൊതുമേലാ, സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തി സംസ്ഥാന നൈപുണ്യ വികസന മിഷൻ 2018 ജൂണിൽ തുടങ്ങിയ ജോബ് പോർട്ടലിൽ (www. statejobportal.kerala.gov.in) ഇതുവരെ റജിസ്റ്റർ ചെയ്തതു 46,451 പേർ. ജോലി കിട്ടിയവരാകട്ടെ വെറും 14 !

എന്തു കൊണ്ട് ?
കാരണങ്ങളറിയുമ്പോൾ നമ്മുടെ ഉദ്യോഗാർഥികളുടെ മത്സരക്ഷമതയെക്കുറിച്ചു സംശയിച്ചുപോകും. 3000 പേരുടെ ഇമെയിൽ വിലാസം തന്നെ തെറ്റ്. അറിയിപ്പുകൾ അയയ്ക്കാനുള്ള വഴി അങ്ങനെ അടഞ്ഞു. മറ്റൊരു വലിയ വിഭാഗമാകട്ടെ, ഇമെയിലിൽ ഒഴിവുകൾ അറിയിച്ചിട്ടും പ്രതികരിക്കാത്തവർ. ഇമെയിൽ പരിശോധിക്കുന്നില്ലെന്നു ചുരുക്കം. പലരും റജിസ്റ്റർ ചെയ്തതു പൂർണ വിവരങ്ങൾ ഉൾപ്പെടുത്താതെയുമാണ്. അവസരങ്ങളുണ്ടോയെന്ന് അറിയാൻ ഇടയ്ക്കു പോർട്ടൽ സന്ദർശിക്കുക പോലും ചെയ്യാത്തവരാണു മിക്കവരും.

ഒരു അനുഭവം ഇങ്ങനെ
ഗ്രാമങ്ങളിൽ സാങ്കേതികവിദ്യാ പരിശീലനം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ഡിജിറ്റൽ റോസ്ഗർ യോജനയിലേക്ക് അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടെ 200 ഒഴിവുകൾ ഇൗ പോർട്ടൽ വഴി റിപ്പോർട്ട് ചെയ്തു. പ്ലസ്ടു യോഗ്യതയും 10 വർഷം ജോലിപരിചയവുമുള്ളവർക്ക് 25,000 രൂപ ശമ്പളം. 450 രൂപയാണ് അപേക്ഷാ ഫീസെങ്കിലും പോർട്ടലിൽ അതും സൗജന്യം. 1200 അപേക്ഷകരിൽ 600 പേരും അപേക്ഷ പൂരിപ്പിച്ചതിലെ  തെറ്റുമൂലം പുറത്തായി. ഓൺലൈൻ പരീക്ഷയ്ക്ക് അപേക്ഷിച്ചതിൽ വിവരങ്ങൾ പൂർണമല്ലാത്തതിനാലും ഏറെപ്പേർ പുറന്തള്ളപ്പെട്ടു. ഇൗ തസ്തികയിലേക്ക് ഇപ്പോഴും വേണ്ടത്ര അപേക്ഷകരില്ല. ക്യാംപസ് ഇന്റർവ്യൂവിനു റജിസ്റ്റർ ചെയ്യാനുൾപ്പെടെ പോർട്ടലിൽ സൗകര്യമുണ്ടെങ്കിലും ഭൂരിഭാഗം പേരും അതു പ്രയോജനപ്പെടുത്തുന്നില്ല.

ശ്രദ്ധ ക്ഷണിക്കാൻ അധികൃതർ ഫെയ്സ്ബുക് വഴി പ്രചാരം നൽകി നോക്കി. അങ്ങനെയറിഞ്ഞെങ്കിലും പോർട്ടലിലെത്തി അപേക്ഷ നൽകുമല്ലോ എന്നായിരുന്നു ചിന്ത. എന്നാൽ 27 പേർ ആ ഫെയ്സ്ബുക് പോസ്റ്റിനു കമന്റായി അപേക്ഷ സമർപ്പിച്ച് തൃപ്തിയടഞ്ഞു !

46,451 പേർ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടെങ്കിലുമുണ്ടല്ലോ എന്ന് ആശ്വസിക്കണം. കാരണം സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർ 35.85 ലക്ഷമാണ്. ഇവരിൽ 35 ലക്ഷത്തിലേറെപ്പേരും സർക്കാർ വക തൊഴിൽ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടില്ല.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

∙പോർട്ടലിനെക്കുറിച്ച് അറിയാത്തതോ അറിഞ്ഞിട്ടും എങ്ങനെ ഉപയോഗിക്കണമെന്നു മനസ്സിലാകാത്തതോ ആണു പ്രശ്നമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

∙പോർട്ടലിൽ റജിസ്റ്റർ ചെയ്യുമ്പോൾ മൊബൈൽ നമ്പറും ഉപയോഗത്തിലുള്ള സ്വന്തം ഇ–മെയിൽ വിലാസവും നൽകുക. അപ്പോൾ തന്നെ ഐഡിയും പാസ്‌വേഡും ലഭിക്കും. പോർട്ടലിൽ സ്വന്തമായി അക്കൗണ്ട് തുറന്നു എന്നർഥം.

∙ഇനി യോഗ്യതയും പ്രവൃത്തിപരിചയവും ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി നൽകണം. ഡിജി ലോക്കറും ആധാറും പോർട്ടലിൽ സ്വന്തം അക്കൗണ്ടിലേക്കു ലിങ്ക് ചെയ്യാനുമാകും.

∙വിഡിയോ റെസ്യൂമെ വരെ അപ്‌ലോഡ് ചെയ്യാൻ പോർട്ടലിൽ സൗകര്യമുണ്ട്. കമ്പനികളും ഇതു പ്രത്യേകം ശ്രദ്ധിക്കും.

∙കമ്പനികൾ ലഭ്യമായ തൊഴിലവസരങ്ങൾ ഉദ്യോഗാർഥിക്ക് വേണ്ട യോഗ്യതാ വിവരങ്ങൾ ചേർത്ത് പോർട്ടലിൽ നൽകും.

∙ഉദ്യോഗാർഥി തന്റെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള യോഗ്യതയുമായി ഇൗ ഒഴിവുകളുടെ മാനദണ്ഡങ്ങൾ യോജിക്കുന്നുവെങ്കിൽ ഓട്ടമാറ്റിക് ആയി ഉദ്യോഗാർഥിക്ക് ഇമെയിലിലും എസ്എംഎസിലും വിവരം ലഭിക്കും. ഇത്തരത്തിൽ ‘മാച്ചിങ് ജോബ്’ സന്ദേശം കിട്ടിയാലുടൻ പോർട്ടലിലെ അക്കൗണ്ടിലെത്തി ജോലിക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ തീയതിയും സ്ഥലവും സന്ദേശമായി എത്തും.

∙കൃത്യമായ ഇടവേളകളിൽ പോർട്ടലിൽ പരിശോധിക്കാനും മറക്കരുത്.

∙കോളജുകൾക്കും പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും തങ്ങളുടെ വിദ്യാർഥികളുടെ വിവരം റജിസ്റ്റർ ചെയ്യാനും പോർട്ടലിൽ സൗകര്യമുണ്ട്. കമ്പനികൾക്കു നേരിട്ട് ഇൗ സ്ഥാപനത്തിലെത്തി നിയമനം നടത്താനും ഇത് അവസരമൊരുക്കും.

∙ഇനിയും സംശയങ്ങളുണ്ടെങ്കിൽ ഈ നമ്പറുകള‍ിൽ വിളിക്കുക: 0471 2735949, 73064 02567.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com