sections
MORE

ജോലി വേണോ? ഇന്റർവ്യൂവിൽ ഉറപ്പായും ഈ ചോദ്യങ്ങൾ പ്രതീക്ഷിക്കണം

664054878
Representative Image
SHARE

Never underestimate your strength never overestimate your weakness.

ഒട്ടേറെ കാരണങ്ങൾകൊണ്ട് ഒരു ഉദ്യോഗാർഥി അറിഞ്ഞിരിക്കേണ്ട ഒന്നാണ് സ്വോട്ട് അനാലിസിസ്. പല വിദ്യാർഥികളും ഏതെങ്കിലും ഇന്റര്‍വ്യൂ മുറിയിൽ വച്ചായിരിക്കും ഈ ആശയം ആദ്യമായി കേട്ടിട്ടുണ്ടാകുക. Do a swot analysis about yourself എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചിരുന്നവർ ഒട്ടേറെയാണ്. അതുമല്ലെങ്കിൽ എന്തൊക്കെയാണ് നിങ്ങളുടെ ശക്തിയും ദൗർബല്യങ്ങളും എന്ന രീതിയിലുള്ള ചോദ്യവും പ്രതീക്ഷിക്കാം.

എന്താണ് ഈ സ്വോട്ട് അനിലിസിസ്? ഇത്തരത്തിലൊരു വിലയിരുത്തലിന്റെ പ്രസക്തി എന്ത്? എന്നുള്ള വിഷയങ്ങള്‍ ഒന്നു മനസിലാക്കാം. നാലു വാക്കുകളുടെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ ഒരു ചുരുക്കപ്പേരാണ് SWOT എന്നത്. Strength, Weakness, Opportunities, Threats എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൂടിച്ചേരുമ്പോൾ SWOT ആയി മാറുന്നു. സ്വോട്ട് എന്നാണ് ഇതിന്റെ ഉച്ചാരണം. ഈ നാലു വിഷയങ്ങളിൽ ഓരോന്നിനെയും മുൻനിർത്തി നടത്തുന്ന ഒരു സ്വയം വിശകലനത്തെയാണ് ഒരു വ്യക്തിയുടെ സ്വോട്ട് അനാലിസിസ് എന്നു പറയുന്നത്. വ്യക്തമായ ഒരു സ്വോട്ട് അനാലിസിസിലൂടെ ഒരു വ്യക്തിയുടെ എല്ലാത്തരത്തിലുള്ള വ്യക്തിത്വ സവിശേഷതകൾ വ്യക്തമാകുമെന്നു ചുരുക്കം.

ബിസിനസ് മേഖലയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഒരാശയമാണിത്. പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോൾ നടത്താറുള്ള സാധ്യതാപഠനത്തിന്റെ ഏറ്റവും പ്രസക്തമായ ഭാഗം കൂടിയാണ് സ്വോട്ട് അനാലിസിസ്. തുടങ്ങാൻ പോകുന്ന സംരംഭത്തിന്റെ വിജയ, പരാജയസാധ്യതകൾ കോംപറ്റീഷൻ മാർക്കറ്റ് സാഹചര്യങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. സ്വോട്ട് എന്ന ആശയത്തെ ഒരു ഉദ്യോഗാർഥി എങ്ങനെ കൈകാര്യം ചെയ്യണം എന്നു ശ്രദ്ധിക്കാം.

Strength (ശക്തികൾ), Weakness (ദൗർബല്യങ്ങൾ), Opportunities (അവസരങ്ങൾ), Threats (ഭീഷണികൾ) എന്നിവയുടെ വിശകലനമാണ് സ്വോട്ട് അനാലിസിസ് എന്നു മുൻപു സൂചിപ്പിച്ചുവല്ലോ, ഇതിൽ ഓരോന്നും എങ്ങനെ അവതരിപ്പിക്കണമെന്നും അതിലൂടെ എങ്ങനെ മികച്ച സ്വയം വിശകലനം ചെയ്യാമെന്നുമാണ് നമ്മൾ ഇനി കാണുന്നത്.

Strength (ശക്തികൾ)
ഒരു ഉദ്യോഗാർഥി എന്ന നിലയിലും അതിലുപരി വ്യക്തിയെന്ന നിലയിലും നിങ്ങളെ മികച്ചതാക്കുന്ന നിങ്ങളുടെ പ്രത്യേകതകളെല്ലാം തന്നെ Strengh (ശക്തികൾ) വിഭാഗത്തില്‍ പെടുന്നു. നല്ല ആത്മവിശ്വാസമുള്ള വിദ്യാർഥിക്ക് Self Confidence is my most important strength എന്നു നിസ്സംശയം പറയാം. Effective Communication skills, Leadership skills, team skills, Time management skills, Hardworking nature, Reasoning and analytical skills എന്നിവയെല്ലാം അവസരോചിതമായി Strength (ശക്തികൾ) ആയി പറയാവുന്നതാണ്. നിങ്ങൾ പറയുന്ന Strength (ശക്തികൾ) ഏതുതന്നെ ആയിരുന്നാലും അതിനെ സാധൂകരിക്കുന്ന സാഹചര്യങ്ങളും ഉദാഹരണങ്ങളും പറയുവാന്‍കൂടി കഴിയണം. My strength is that I have excellent leadership Skills എന്നു പറഞ്ഞ ഒരു ഉദ്യോഗാർഥി നേരിടാൻ സാധ്യതയുള്ള അടുത്ത ചോദ്യം How do you know that you have good leadership skills? എന്നതായിരിക്കും. നിങ്ങളുടെ നേതൃപാടവം തെളിയിക്കുന്ന മുൻകാല അനുഭവങ്ങളും അതിനുള്ള ഉദാഹരണങ്ങളടങ്ങിയ വിശദീകരണങ്ങളുമാണ് ഇന്റർവ്യൂ പാനൽ പ്രതീക്ഷിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. നല്ല രീതിയിൽ പറഞ്ഞു ഫലിപ്പിക്കുവാൻ സാധിക്കാത്ത വിഷയങ്ങൾ Strength (ശക്തികൾ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്നു സാരം. തീരെ ആത്മവിശ്വാസക്കുറവോടെ തികഞ്ഞ പരുങ്ങലിൽ ഇന്റർവ്യൂ ബോര്‍ഡിനു മുന്നിലിരിക്കുന്ന ഉദ്യോഗാർഥി Confidence is my strength എന്നു പറഞ്ഞാൽ അതു കേൾക്കുന്ന ഇന്റർവ്യൂവറുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക. തപ്പിത്തടഞ്ഞു വികലമായ ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരാൾ English communication is my srength എന്നു പറഞ്ഞാല്‍ അതു കേൾക്കുന്ന ഇന്റർവ്യൂവറുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക.

Weakness (ദൗർബല്യങ്ങൾ)
പ്രപഞ്ചത്തിൽ ഒന്നും പൂർണമല്ല. എല്ലാ വ്യക്തികളിലും ദൗർബല്യങ്ങളുണ്ട്. എന്നാൽ സ്വന്തം ദൗർബല്യങ്ങൾ മനസ്സിലാക്കി അവയെ അതിജീവിക്കുകയും മറികടക്കുകയും ചെയ്യുകയും വേണം വിവേകിയായ ഒരു ഉദ്യോഗാർഥി. സ്വോട്ട് അനാലിസിസ് നടത്തുന്ന അവസരത്തിൽ പലരും ദൗർബല്യങ്ങൾ (Weakness) ഒന്നും തന്നെയില്ല എന്നു പറഞ്ഞു കാണാറുണ്ട്. താൻ മികച്ച ഒരു ഉദ്യോഗാർഥിയാണ് എന്നു വരുത്തിത്തീർക്കാനുള്ള ഇത്തരം ഫലങ്ങൾ വിപരീത  ഫലമേ ചെയ്യൂ. ദൗർബല്യങ്ങളൊന്നുമില്ല എന്നു പറഞ്ഞാൽ അതിനർഥം സ്വന്തം ദൗർബല്യങ്ങൾ എന്തൊക്കെയെന്നു കണ്ടെത്താൻ പോലും ഇതേവരെ സാധിച്ചിട്ടില്ല എന്നാണ്. Weakness എന്തൊക്കെ എന്ന ചോദ്യത്തിന് ജിലേബി എന്നും ബിരിയാണി എന്നും കൂട്ടുകാരിയുടെ പോലും മറുപടിയായി കൊടുത്ത വിദ്വാന്മാർ നമുക്കിടയിലുണ്ടെന്നോർക്കുക. നല്ല രീതിയിലുള്ള സ്വയം വിശകലനം നടത്തി. യഥാർഥ ദൗർബല്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കുന്നതാണ് ഉചിതം. ഇന്റർവ്യൂവിനിടയിൽ തന്നെ പാനലിനു മനസ്സിലാകുന്ന തരത്തിലുള്ള ദൗർബല്യങ്ങളുണ്ടെങ്കിൽ തീർച്ചയായും അതുൾപ്പെടുത്തുക. സഭാകമ്പം, ഇംഗ്ലീഷ് പരിജ്ഞാനത്തിലെ കുറവ് തുടങ്ങിയവ നിങ്ങൾക്കുണ്ടെങ്കിൽ അതു തീർച്ചയായും ഇന്റർവ്യൂവർക്കു വ്യക്തമാകും. Weakness എന്ന വിഷയത്തിൽ. മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ട എന്നു സാരം. എന്നാൽ ആ മേഖലകളിലൊക്കെ നിങ്ങളുടെ കഴിവ് മികച്ചതാണെങ്കിൽ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതും നിരന്തര പരിശ്രമത്തിലൂടെ മെച്ചപ്പെടുത്തിക്കൊണ്ടിങ്ങിരിക്കുന്നതുമായ വീക്ക്നെസുകൾ പറയാൻ ശ്രമിക്കാം. Short tempered (പെട്ടെന്നു കോപിക്കുന്ന രീതി), I am perfectionist (ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ശരിയാക്കിയാൽ മാത്രം തൃപ്തിപ്പെടുന്ന സ്വഭാവം) തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിൽ മേഖലയെ നേരിട്ടു ബാധിക്കുന്ന തരത്തിലുള്ള ദൗർബല്യങ്ങൾ അവതരിപ്പിക്കാതിരിക്കുക. മാർക്കറ്റിങ് ജോലിക്കായി ശ്രമിക്കുന്ന ഒരു വ്യക്തി യാത്രകൾ ഇഷ്ടമല്ലെന്നോ ആൾക്കാരുമായി ഇടപഴകുന്നത് തനിക്കിഷ്ടമല്ല എന്നുമൊക്കെ പറഞ്ഞാൽ അത് വലിയൊരു അബദ്ധമായി മാറും. ദൗർബല്യങ്ങളെക്കുറിച്ചു പറയുമ്പോൾ അതിനെ അതിജീവിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ നടത്തിവരികയാണെന്നുകൂടി പറയാം.

Opportunities (അവസരങ്ങൾ)
ഒരു വ്യക്തിയെന്ന നിലയിലും തൊഴിൽ മേഖലയിലേക്ക് ഇറങ്ങുവാൻ പോകുന്ന ഒരു പ്രഫഷനൽ എന്ന നിലയ്ക്കും ലഭ്യമായ അവസരങ്ങളെ കണ്ടെത്തുന്നതാണ് Opportunities (അവസരങ്ങൾ) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇവിടെ ഒരു സംശയത്തിനു സാധ്യതയുണ്ട്. മുൻപു സൂചിപ്പിച്ച Strength എന്നത് വ്യക്തിയെ സംബന്ധിക്കുന്ന വിഷയമാണ്. Opportunities എന്നാൽ പൊതുവായ വ്യവസ്ഥിതികൊണ്ടും തൊഴിൽമേഖലയുടെ പ്രത്യേകതകൾകൊണ്ടുമുണ്ടാകുന്ന ആനുകൂല്യങ്ങളാണ്.

ഉദാഹരണത്തിന് Excellent English Communication Skills എന്നാൽ വ്യക്തിയുടെ Strength ആണ്. കാരണം, പ്രസ്തുത ആനുകൂല്യം ആ വ്യക്തി പ്രത്യേകമായി ആർജിച്ച കഴിവിലൂടെ നേടിയ ഗുണമാണ്. എന്നാൽ Job Opportunities in Retail Sector is increasing everyday എന്നത് ഒരു Opportunity ആണ്. കാരണം, അത് ബാഹ്യമായതും വ്യവസ്ഥിതിയുടെ ഭാഗമായി രൂപപ്പെട്ടതുമാണ്.

നിങ്ങൾ തൊഴിലിനായി ശ്രമിക്കുന്ന തൊഴിൽ മേഖലയുടെ മേന്മകളാണ് Opportunities എന്ന വിഭാഗത്തിൽ പറയേണ്ടത്. More IT Parks are being launched in India, Opportunities will double in coming year as per Nasscom Report എന്നീ തരത്തിൽ Opportunities നെ വിവരിക്കാം.

Threats (ഭീഷണികൾ)
ഒരു സംരംഭം ആരംഭിക്കുന്ന വ്യക്തി സ്വോട്ട് അനാലിസിസ് ചെയ്യുമ്പോൾ ഏറെ ഭയക്കുന്ന ഒന്നാണ് Threats അഥവാ ഭീഷണികൾ മുൻപു സൂചിപ്പിച്ചതുപോലെ Weakness എന്നതിനും Threats എന്നതിനുമിടയിൽ നേർത്ത ഒരു രേഖയുണ്ട് ഇവ രണ്ടിനെയും തികച്ചും വ്യത്യസ്തമാക്കുന്നതും ആ രേഖതന്നെ. Weakness എന്നതു വ്യക്തിയുടെ ആന്തരികമായ പ്രശ്നങ്ങളാണെന്നിരിക്കെ Threats എന്നത് വ്യവസ്ഥിതിയും ബാഹ്യമായ ഘടകങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. ഒരു ഉദ്യോഗാർഥിയെ സംബന്ധിച്ച് Threats എന്നാൽ ആ തൊഴിൽ മേഖലയിൽ വിജയം നേടുന്നതിന് ആ വ്യക്തിക്കു തടസ്സമായി നിൽക്കാൻ സാധ്യതയുള്ള ബാഹ്യമായ ഘടകങ്ങളാണ്. ഉദ്യോഗാർഥിക്ക് പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇത്തരം ഘടകങ്ങളെല്ലാം Threats എന്ന വിഭാഗത്തില്‍ ഉൾക്കൊള്ളിക്കാം. ‘The global may result in reduced job openings.’ ‘US policies may affect the campus recruitment.’ എന്ന വിവരം ആൾ Threats എന്ന വിഭാഗത്തിൽ അവതരിപ്പിക്കാം.

സ്വോട്ട് അനാലിസിസ് എന്തിന് ?
ഒരു ഉദ്യോഗാർഥിയിൽ നല്ല രീതിയിലുള്ള സ്വയം വിലയിരുത്തൽ നടത്തുക എന്നതും പ്രവർത്തിക്കാൻ പോകുന്ന തൊഴിൽമേഖലയെക്കുറിച്ച് മികച്ച അവബോധം ഉറപ്പാക്കുകയെന്നതുമാണ് സ്വോട്ട് അനാലിസിസിന്റെ ലക്ഷ്യം. നല്ലവണ്ണം ഗൃഹപാഠം ചെയ്ത ഒരു ഉദ്യോഗാർഥിക്ക് അനായാസം സുവ്യക്തമായ സ്വോട്ട് അനാലിസിസ് നടത്തുവാൻ സാധിക്കും. മികച്ച ആത്മവിശ്വാസത്തോടെ റിക്രൂട്മെന്റ് പ്രോസസിനെ അഭിമുഖീകരിക്കുവാനും സ്വോട്ട് അനാലിസിസ് പരിശീലിക്കുന്നതിലൂടെ സാധിക്കും എന്നു നിസ്സംശയം പറയാം. മിൻ ടാൻ (Minh Tan) പറഞ്ഞ വാക്കുകൾ ഓർമിക്കുക– Build on your strengths, work on your weakness. 

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA