ADVERTISEMENT

സായുധസേനകളിൽ കമ്മഷൻഡ് ഓഫിസർമാരെ തിരഞ്ഞെടുക്കാനുള്ള‍ എസ്‌എസ്‌ബി ഇന്റർവ്യൂവിലെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞ രണ്ടാഴ്ചകളായി വ്യക്തമാക്കിത്തന്നല്ലോ. ഇത്രയുമൊക്കെ പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതോടെ കമ്മിഷൻഡ് ഓഫിസറാകാമോ? 

എന്നു തീർത്തു പറയാൻ വയ്യ. ഫ്ലയിങ് ജോലിക്കു മറ്റൊരു ടെസ്റ്റിലും മികവു പുലർത്തണം. അതാണു പൈലറ്റ് ആപ്‌റ്റിറ്റ്യൂഡ് ബാറ്ററി ടെസ്‌റ്റ് (PABT). 

വിമാനം പറത്തുന്ന ജോലിയിൽ ഏർപ്പെടേണ്ടവർ ജീവിതത്തിൽ ഒരു തവണ മാത്രം പങ്കെടുക്കാവുന്ന പൈലറ്റ് ആപ്‌റ്റിറ്റ്യൂഡ് ബാറ്ററി ടെസ്‌റ്റിലും മികവു തെളിയിക്കണം. മറ്റെവിടെ പറക്കലിനു പോയാലും ആദ്യ ടെസ്റ്റിലെ സ്കോർ മാത്രമേ നോക്കൂ. ഇതിന് ഒരിക്കലും രണ്ടാം ചാൻസ് കിട്ടില്ല. ഈ ടെസ്റ്റ് ജയിക്കാതെ സായുധസേനയിലടക്കം ഒരിടത്തും വിമാന പൈലറ്റാകാൻ കഴിയുകയുമില്ല.

പൈലറ്റ് ആകാൻ യോജിച്ച അഭിരുചി നിർണയിക്കുന്ന ടെസ്റ്റിന് മൂന്നു ഭാഗങ്ങൾ: 

ഇൻസ്ട്രുമെന്റ് ബാറ്ററി ടെസ്റ്റ്: ഇതു മാത്രം കടലാസ്–പെൻസിൽ ടെസ്റ്റാണ്. വിമാനത്തിലെ ഇൻസ്ട്രുമെന്റ് പാനലിലുള്ള ഡയലുകൾ വായിച്ച് വ്യാഖ്യാനിക്കുക, പറഞ്ഞു കേൾക്കുന്ന നിർദേശങ്ങൾ കൃത്യതയോടെ ഗ്രഹിക്കുക എന്നിവയ്ക്കുള്ള ശേഷി വിലയിരുത്തും. ഇതിൽ വിജയിക്കുന്നവരെ തുടർന്നുള്ള രണ്ടു മെഷീൻ ടെസ്റ്റുകൾക്ക‌ു വിധേയരാക്കും. മനസ്സും ശരീരചലനങ്ങളും തമ്മിൽ ഏകോപിപ്പിക്കാനുള്ള കഴിവാണ് ഇവ അളക്കുക. പൈലറ്റ് അംഗചലനങ്ങളിലൂടെ അതിവേഗം കിറുകൃത്യമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. 

ഇതോടെ ടെസ്റ്റുകളെല്ലാം കഴിഞ്ഞോ? ജോലി ഉറപ്പായി എന്നു കണക്കാക്കാമോ? 

ഇത്രയും ടെസ്റ്റുകളിൽ വിജയിക്കുന്നവരെ നിയമനത്തിനു സിലക്‌ഷൻ ബോർഡ് ശുപാർശ ചെയ്യും. ഇവരെ വിശദമായ മെഡിക്കൽ പരിശോധനയ്‌ക്കു വിധേയരാക്കുന്നതോടെ സിലക്‌ഷൻ നടപടികൾ പൂർത്തിയാകും.

ജോലിസാധ്യത 

മികച്ച അവസരങ്ങളാണ് സായുധസേനാ വിഭാഗങ്ങളിലുള്ളത്. എസ്എസ്ബിയിൽ ജയിച്ചു വരുന്നവരുടെ സംഖ്യ കുറവാണെന്നതിനാൽ യോഗ്യതയിൽ വെള്ളം ചേർക്കുന്ന രീതിയില്ല. അക്കാരണത്താൽ ധാരാളം ഒഴിവുകൾ ഇപ്പോഴുമുണ്ട്. കരസേനയിൽ ഏകദേശം 50,000 ഓഫിസർമാരെ വേണം. ഏഴായിരത്തോളം സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. നാവികസേനയിൽ 11,500 ഓഫിസർമാർ വേണ്ടപ്പോൾ 1,500 സ്ഥാനങ്ങളിൽ ഒഴിവുണ്ട്. വ്യോമസേനയിൽ 12,500 പേർ വേണ്ടിടത്ത് 500 ഒഴിവുകളും.

സംവരണം?

തീർത്തും മെറിറ്റ് നോക്കി മാത്രമാണ് എസ്എസ്ബി ഇന്റർവ്യൂവിലെ സിലക്‌ഷൻ. ഒരു വിഭാഗത്തിനും സംവരണമില്ല. 

എസ്എസ്ബി ഇന്റർവ്യൂവിനു പ്രത്യേകിച്ചു പരിശീലിക്കേണ്ടതുണ്ടോ? അതോ ആത്മവിശ്വാസത്തോടെ പോയാൽ മതിയോ?

ആത്മവിശ്വാസം നിശ്ചയമായും വേണം. പക്ഷേ, അതു മാത്രം പോരാ. നന്നായി തയാറെടുക്കുക തന്നെ വേണം.

നാം ഇതുവരെ വിവരിച്ചതെല്ലാം കേവലം സൂചനകളായി കരുതിയാൽ മതി. ചില ടെസ്റ്റ് ഘടകങ്ങളിൽ നേരിയ വ്യത്യാസം വന്നെന്നുമിരിക്കാം. എസ്‌എസ്‌ബിയുടെ ഓരോ ഘടകവും വിശദമായി വിവരിക്കുന്ന സഹായകഗ്രന്ഥങ്ങൾ വിപണിയിലുണ്ട്. അവ നോക്കാം. മാനസികപരിശോധനയിലെയും മറ്റും ചോദ്യമാതൃകകളുമായി പരിചയപ്പെട്ടിട്ട് ഇന്റർവ്യൂവിനു പോകുന്നതു പ്രധാനം. 

ജീവിത സന്ദർഭങ്ങളെ എങ്ങനെ നേരിടുമെന്നു പരിശോധിക്കുന്ന സിറ്റുവേഷൻ റിയാക്‌ഷൻ, ചിത്രം നോക്കി കഥയെഴുതുന്ന തീമാറ്റിക് അപ്പർസെപ്‌ഷൻ, കാണിക്കുന്ന വാക്കു നോക്കി വാക്യമെഴുതുന്ന വേഡ് അസോസിയേഷൻ എന്നീ ടെസ്റ്റുകളിൽ നിഷേധ രീതിയിലുള്ള ഉത്തരങ്ങൾ വരരുത്. വിജയിയെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവരെയാണ് സായുധസേനയ്ക്കു വേണ്ടത്. ഇത്തരം ചോദ്യങ്ങൾക്കു ജീവിതത്തിൽ ആദ്യമായി ഉത്തരം നൽകുമ്പോൾ വീഴ്ചകൾ സ്വാഭാവികം. അവ പരിശീലനത്തിലൂടെ പരിഹരിച്ചു തന്നെ പോകണം.

Beauty എന്ന വാക്കിന് A thing of beauty is a joy for ever എന്ന് ഉത്തരം നൽകുന്നയാളും Beauty can be used to cheat people എന്ന് ഉത്തരം നൽകുന്നയാളും ഉണ്ടെങ്കിൽ, ആരെയാകും തിരഞ്ഞെടുക്കുകയെന്നു വ്യക്തം. ധീരത, സഹകരണം മുതലായവ സ്ഫുരിക്കുന്ന മനസ്സാവണം നമ്മുടേത്. ഭീരുവിനു സായുധസേനയിൽ സ്ഥാനമില്ല. 

അച്ഛനോ അമ്മയോ നിങ്ങളെപ്പറ്റി നല്ലതു മാത്രം പറയുമെന്നേ സെൽഫ് ഡിസ്‌ക്രിപ്‌ഷനിൽ വരാവൂ. സുഹൃത്തിന്റെ കാര്യത്തിൽ അവൻ കപടസുഹൃത്താണ്, തരം കിട്ടിയാൽ വഞ്ചിക്കും, ഞാൻ പകരം വീട്ടും എന്ന നിഷേധരീതി വേണ്ടേ വേണ്ട. 

ഗ്രൂപ് ടാസ്‌കുകൾക്കു പ്രായോഗികപരിശീലനം നൽകുന്ന സ്വകാര്യ സ്‌ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നതും വിജയിക്കാൻ സഹായകമാകും. തയാറെടുപ്പൊന്നും കൂടാതെ, എല്ലാം വേണ്ടപ്പോൾ നിസ്സാരമായി എനിക്കു ചെയ്യാൻ കഴിയുമെന്ന അതിരു കടന്ന വിശ്വാസവുമായി ഈ മത്സരത്തെ സമീപിക്കാതിരിക്കുക. നല്ല തയാറെടുപ്പു കഴിഞ്ഞു വരുന്ന സമർഥരും സിലക്‌ഷനിൽ മത്സരിക്കാൻ വരുമെന്നതു മറക്കരുത്. ചിട്ടയൊപ്പിച്ചു പരിശീലിച്ചു പോകുന്നവർക്ക് അഭിമാനകരമായ കരിയറാണ് രാജ്യരക്ഷാ വകുപ്പ് ഒരുക്കിത്തരുന്നത്. വനിതകൾക്കുമുണ്ട് അവസരങ്ങൾ. മനസ്സുവച്ചാൽ നമുക്ക് അവ പ്രയോജനപ്പെടുത്താം.

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com