ADVERTISEMENT

ശരിയായ തയാറെടുപ്പിന്, സിവിൽ സർവീസ് പരീക്ഷ എങ്ങനെ എന്നറിയേണ്ടതും വളരെ അത്യാവശ്യമാണ്. ഇത്തവണ ആ വിശദാംശങ്ങളിലേക്കാണ്. 

രണ്ടു ഘട്ടമായാണു സിവിൽ സർവീസ് പരീക്ഷ നടത്തുക. 

1. പ്രിലിമിനറി പരീക്ഷ 

2. മെയിൻ പരീക്ഷ (എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉൾപ്പെടെ) 

സാധാരണമായി എല്ലാ വർഷവും ഫെബ്രുവരിയിലാണു സിവിൽ സർവീസ് പരീക്ഷയുടെ വിജ്ഞാപനം യുപിഎസ്‍സി പ്രസിദ്ധീകരിക്കുക. ഈ വർഷം ജൂൺ രണ്ടിനായിരുന്നു പ്രിലിമിനറി പരീക്ഷ. ജൂലൈ 13 നു ഫലം വന്നു. മെയിൻ പരീക്ഷയുടെ എഴുത്തുപരീക്ഷ സെപ്റ്റംബർ 20 മുതൽ 22 വരെയും 28 നും 29 നുമായി നടക്കും. 2020 ഫെബ്രുവരിയിലും മാർച്ചിലുമായാണ് ഇന്റർവ്യൂ നടക്കുക. മെയിൻ പരീക്ഷയ്ക്കുവേണ്ടി ഉദ്യോഗാർഥികളുടെ സ്ക്രീനിങ് ചെയ്യാനുള്ള ടെസ്റ്റ് മാത്രമാണു പ്രിലിമിനറി പരീക്ഷ. ഇതിൽ ലഭിക്കുന്ന മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിലെ മെറിറ്റിനായി പരിഗണിക്കില്ല. 

ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളുടെ പന്ത്രണ്ടോ പതിമൂന്നോ ഇരട്ടി ആളുകളെയാകും മെയിൻ പരീക്ഷയിലേക്കു തിരഞ്ഞെടുക്കുക. 1000 ഒഴിവുകളാണു 2020 ൽ ഉള്ളതെന്നു കരുതുക. അഞ്ചു ലക്ഷം പേർ പ്രിലിമിനറി പരീക്ഷ എഴുതിയെങ്കിൽ മെയിൻ പരീക്ഷ എഴുതാൻ അർഹത നേടുന്നതു 12,000 പേർ മാത്രമായിരിക്കും. 

പ്രിലിമിനറി പരീക്ഷയിൽ രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. രണ്ടും ഒബ്ജക്ടീവ് ടൈപ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ ആയിരിക്കും. 

1. ജനറൽ സ്റ്റഡീസ് പേപ്പർ 1 (പ്രിലിമിനറി): 100 ചോദ്യങ്ങൾക്കായി ആകെ 200 മാർക്ക്. 

2. ജനറൽ സ്റ്റഡീസ് പേപ്പർ 2 (പ്രിലിമിനറി): 80 ചോദ്യങ്ങൾക്കായി ആകെ 200 മാർക്ക്. 

രണ്ടു പേപ്പറും എഴുതാൻ രണ്ടു മണിക്കൂർ വീതം സമയമുണ്ടാകും. ആദ്യത്തെ പേപ്പർ വാരിലെയും രണ്ടാമത്തേത് ഉച്ചയ്ക്കു ശേഷവും എന്ന രീതിയിലായിരിക്കും പരീക്ഷ. ഇതിൽ രണ്ടാമത്തെ പേപ്പർ ‘ക്വാളിഫയിങ്’ പേപ്പറാണ്. ഇതിൽ 33% മാർക്ക് നേടിയാലേ യോഗ്യത നേടൂ. ആദ്യ പേപ്പറിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയാലും രണ്ടാമത്തെ പേപ്പറിൽ 33% മാർക്ക് കിട്ടിയില്ലെങ്കിൽ പരീക്ഷ പാസാവില്ലെന്നു ചുരുക്കം. 

യുപിഎസ്‍സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ അനുസരിച്ച് 2018 ലെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ രണ്ടാമത്തെ പേപ്പറിൽ 33% മാർക്ക് നേടിയ ഉദ്യോഗാർഥികളെ ഒന്നാമത്തെ പേപ്പറിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത കട്ട് ഓഫ് മാർക്ക് ഇങ്ങനെയാണ്: ∙ജനറൽ വിഭാഗം: 98.00 ∙ഒബിസി: 96.66 ∙എസ്‌സി: 84.00 ∙എസ്ടി: 83.34. 

അപ്പോൾ ഒന്നാം പേപ്പറിൽ 98 മാർക്കിൽ കൂടുതൽ നേടിയവർ (ജനറൽ കാറ്റഗറി) പ്രിലിമിനറി പരീക്ഷ വിജയിച്ചതായി കാണാം. ഈ കട്ട് ഓഫ് മാർക്ക് ഓരോ വർഷവും മാറിവരുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 2016 ൽ 116, 2017 ൽ 105 വീതമായിരുന്നു കട്ട് ഓഫ് മാർക്ക്. ഈ രണ്ടു പേപ്പറിലും നെഗറ്റീവ് മാർക്കുകളുമുമ്ട്. തെറ്റായ ഉത്തരം മാർക്ക് ചെയ്താൽ ആ ചോദ്യത്തിനു നൽകുന്ന മാർക്കിന്റെ മൂന്നിലൊന്ന് കുറവു ചെയ്യും. 

2018 ൽ ഏകദേശം 8 ലക്ഷം ഉദ്യോഗാർഥികൾ പ്രിലിമിനറി പരീക്ഷ എഴുതിയപ്പോൾ 11,845 പേരാണു മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടിയത്. 1.48% പേർ മാത്രം വിജയിക്കുന്ന ഈ പരീക്ഷയുടെ ഘടന സംബന്ധിച്ച വ്യക്തത ഓരോ ഉദ്യോഗാർഥിക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com