ADVERTISEMENT

സംസ്ഥാനത്തെ ഐടി കയറ്റുമതി 14,000 കോടി രൂപയിലെത്തി. ഐടി വകുപ്പിന്റെ 3 പാർക്കുകളിലും സ്വകാര്യ പാർക്കുകളിലുമായിട്ടാണിത്. സ്റ്റാർട്ടപ് കമ്പനികളുൾപ്പടെ ഐടിയിൽ നിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരം 7 ലക്ഷം കവിയുകയും ചെയ്തു.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ടെക്നോപാർക്കിന്  7000–7200 കോടിയുടെയും ഇൻഫോപാർക്കിന് 6000–6200 കോടിയുടെയും കയറ്റുമതിയുണ്ട്. കൊച്ചി സ്മാർട്സിറ്റി ഉൾപ്പടെ മറ്റ് ഐടി പാർക്കുകളിലും ചെറുതും വലുതുമായ സ്വകാര്യ കമ്പനികളിലുമായി മറ്റൊരു 1000 കോടിയുടെ കയറ്റുമതി നടക്കുന്നുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം ചേരുമ്പോഴാണ് കയറ്റുമതി 14,000 കോടി കവിയുന്നത്. എന്നാൽ കയറ്റുമതി മാത്രമല്ല ആഭ്യന്തര വിപണിയിൽ കേരളത്തിൽ നിന്നുള്ള ഐടി കമ്പനികൾക്ക് അനേകം ഇടപാടുകളുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുമാർ 2000 കോടിയെങ്കിലും അതിന്റെ മൂല്യം വരും. അതു കൂടി ചേർത്താൽ കേരളത്തിന്റെ ആകെ ഐടി സേവനങ്ങളുടെ മൂല്യം 16000 കോടിയിലേറെയാകും. 

പക്ഷേ ഐടി സേവനങ്ങളുടെ മൂല്യത്തെക്കാൾ തൊഴിലവസര സൃഷ്ടിക്കാണ് സംസ്ഥാന ഐടി വകുപ്പ് പ്രാധാന്യം നൽകുന്നത്. നിലവിൽ ടെക്നോപാർക്കിൽ 60,100 പേർക്കും ഇൻഫോപാർക്കിൽ 40,200 പേർക്കും നേരിട്ടു തൊഴിലവസരമുണ്ട്. പുറത്തുള്ള മറ്റ് ഐടി കമ്പനികളും സ്വകാര്യ ഐടി പാർക്കുകളും ചേർത്ത് മറ്റൊരു 20,000 പേർക്കും തൊഴിലുണ്ട്. 2000 സ്റ്റാർട്ടപ് കമ്പനികളിൽ ശരാശരി 15 പേർ വീതമെന്നതു കൂടി കണക്കിലെടുത്താൽ മറ്റൊരു 30,000. ആകെ ഒന്നര ലക്ഷം പ്രത്യക്ഷ തൊഴിലവസരം.

എന്നാൽ ഐടിയിൽ പരോക്ഷ തൊഴിലവസരങ്ങളുടെ എണ്ണം ഇതിന്റെ നാലിരട്ടിയായിട്ടാണു കണക്കാക്കപ്പെടുന്നത്. 6 ലക്ഷം. അതും ചേർത്താൽ ആകെ ഏഴര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സംസ്ഥാനമാകെ പ്രത്യക്ഷമായും പരോക്ഷമായും. ഐടി പാർക്കുകളിലെ കെട്ടിടങ്ങളുടെ വിസ്തീർണം ഒന്നരക്കോടി ചതുരശ്രയടി കവിയുകയും ചെയ്തു.

ഇടം
ഐടി പാർക്കുകളിലെ കെട്ടിടങ്ങളുടെ വിസ്തീർണം–1.58 കോടി ചതുരശ്രയടി

ബിസിനസ് 

ഐടി കയറ്റുമതി–14000 കോടി രൂപ

ടെക്നോപാർക്ക് –7000 കോടി രൂപ

ഇൻഫോപാർക്ക്–6000 കോടി രൂപ

മറ്റ് ഐടി പാർ‍ക്കുകൾ–1000 കോടി

തൊഴിലവസരം 

ടെക്നോപാർക്ക്–60100

ഇൻഫോപാർക്ക്–40200

മറ്റ് കമ്പനികൾ–20000

സ്റ്റാർട്ടപ് കമ്പനികൾ–30000

പരോക്ഷ തൊഴിലവസരം–6 ലക്ഷം

പക്ഷേ...വളർ‌ച്ച പോരാ...

പക്ഷേ സംസ്ഥാന ഐടിയുടെ വളർച്ചനിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണെന്നതും വസ്തുതയാണ്. കമ്പനികളുടെ എണ്ണത്തിലും കാര്യമായ വർധനയില്ല. ടെക്നോപാർക്കിൽ 410 കമ്പനികളും ഇൻഫോപാർക്കിൽ 360 കമ്പനികളുമാണുള്ളത്. വൻ തോതിൽ നിക്ഷേപകർ രണ്ടിടത്തും പുതിയ സംരംഭങ്ങളുമായി എത്തുന്നുമില്ല. ക്നോപാർക്കിലും ടെക്നോസിറ്റിയിലും നിക്ഷേപം നടത്താൻ നിസാൻ ഡിജിറ്റൽ തയാറായതാണ് കഴി‍ഞ്ഞ ഏതാനും വർഷങ്ങളിലെ വലിയൊരു കാൽവയ്പ്. 

കോഴിക്കോട് സൈബർ പാർക്കിൽ 27 കമ്പനികൾ മാത്രമാണുള്ളത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു വൻ നഗരങ്ങളിലേക്കും വിദേശത്തേക്കുമുള്ള വിമാന സർവീസുകളുടെ പോരായ്മയും പശ്ചാത്തല സൗകര്യങ്ങളുടെ കുറവുമാണു പ്രധാന പ്രശ്നം. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം വിവാദത്തിലായതും വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞതും ഐടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com