sections
MORE

ഒരു ദിവസത്തേക്ക് ഒരു ഓഫിസ്; തഴച്ചുവളർന്ന് ‘കോ വർക്കിങ്’ സ്ഥാപനങ്ങൾ

co-office
SHARE

സ്വന്തം ബിസിനസുണ്ട്, ഇഷ്ടംപോലെ ഇടപാടുകാരെ കാണാനുമുണ്ട്. പക്ഷേ, ഓഫിസില്ല. കോഫി ഷോപ്പുകളിലും ഹോട്ടലുകളിലും വച്ച് കൂടിക്കാഴ്ചകൾ നടത്തി മടുത്തു. കയ്യിൽ കിടിലൻ ആശയങ്ങളുണ്ട്, ഒരു സ്റ്റാർട്ടപ് തുടങ്ങാൻ എല്ലാ സാഹചര്യവും ഒത്തുവന്നിട്ടുമുണ്ട്. പക്ഷേ, ടീം അംഗങ്ങൾക്ക് ഒന്നിച്ചിരിക്കാൻ ഒരു ഓഫിസില്ല. എന്തു ചെയ്യും? ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമാണ്  കോ വർക്കിങ് എന്ന ‘ന്യൂജൻ വർക്കിങ് കൺസപ്റ്റ്’. ഒരു ദിവസത്തേക്കോ ഏതാനും മണിക്കൂറുകളിലേക്കോ മാത്രം ഒരു ഓഫിസ് വേണമെങ്കൽ കോവർക്കിങ് സ്ഥാപനങ്ങളെ സമീപിക്കാം. ബെംഗളൂരു ഉൾപ്പെടെ വൻ നഗരങ്ങളിൽ ഏറെയുള്ള ഇത്തരം സ്ഥാപനങ്ങൾ നമ്മുടെ കോഴിക്കോട്ടും വളരുകയാണ്.

വിശാലമായ ഒരു ഹാളോ അപ്പാർട്മെന്റോ ഓഫിസ് മാതൃകയിലേക്കു രൂപമാറ്റം വരുത്തി വർക് സ്പേസ് ഒരുക്കുകയാണു ചെയ്യുക. ഏതു പ്രഫഷനിൽ ജോലി ചെയ്യുന്നവർക്കും ആവശ്യാനുസരണം ഒരു ഇടം വാടകയ്ക്കെടുക്കാം. എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക ഓഫിസ് സമുച്ചയത്തിൽ ഒരു സാങ്കൽപിക ഓഫിസ് അഡ്രസ് സ്വന്തമാക്കാം. കാണാൻ വരുന്ന ഇടപാടുകാരിൽ മതിപ്പുണ്ടാക്കാനും എളുപ്പം.

‘കോഫിസ് ഹബ്’
കസ്റ്റംസ് റോഡിൽ ബീച്ചിനടുത്താണ് ‘കോഫിസ് ഹബ്’.  പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുള്ളിൽ വിജയപാതയിലെത്തിയ സ്ഥാപനമാണ്. ഹോട്ട് ഡെസ്ക്, ഡെഡിക്കേറ്റഡ് ഡെസ്ക്, എക്സിക്യൂട്ടീവ് ഡെസ്ക്, പ്രൈവറ്റ് ഓഫിസ് എന്നിങ്ങനെ നാലു തരം ഓഫിസുകളാണ് കോഫിസ് ഹബിൽ ഒരുക്കിയിരിക്കുന്നത്. ഇടപാടുകാരെ കാണാനും മറ്റും ഒന്നോ രണ്ടോ ദിവസത്തേക്കു വരുന്നവർക്ക് ഹോട്ട് ഡെസ്ക് വാടകയ്ക്കെടുക്കാം. രാവിലെ ചർച്ച നടത്തി തുടർന്ന് പ്രസന്റേഷൻ തയാറാക്കി വൈകുന്നേരം അവതരിപ്പിക്കേണ്ടവർക്ക് ഇതെല്ലാം ഇവിടിരുന്നു ചെയ്യാം. ദിവസവാടക 300 – 400 രൂപ മാത്രം.

ഡെഡിക്കേറ്റഡ് ഡെസ്ക് തുടക്കക്കാരായ ഫ്രീലാൻസ് ജോലിക്കാർക്കു വേണ്ടിയാണ്. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാം. എല്ലാ സൗകര്യങ്ങളുമുള്ള ഓഫിസിൽ സ്വതന്ത്രമായി ജോലി ചെയ്യാം. തുറന്ന ഓഫിസ് മാതൃകയിലാണ് ഡെഡിക്കേറ്റഡ് ഡസ്ക് പ്രവർത്തിക്കുക. പല പ്രഫഷനിലുള്ള ആളുകൾ ചുറ്റിനുമുണ്ടാകും. ഒരു ക്യുബിക്കിൾ മാസവാടകയ്ക്കു സ്വന്തമാക്കാൻ 4000 രൂപ വരെയാണു ചെലവ്. 

എക്സിക്യൂട്ടീവ് ഡസ്ക് കുറച്ചുകൂടി പേരെടുത്ത ഫ്രീലാൻസ് പ്രഫഷനലുകൾക്കുള്ളതാണ്. മാസവാടക 6000 വരെ. കൂടതൽ വിശാലവും സ്വകാര്യവുമായ ഇടം ആവശ്യമുള്ളവർക്ക് എക്സിക്യൂട്ടീവ് ഡെസ്ക് തിരഞ്ഞെടുക്കാം.

പ്രൈവറ്റ് ഓഫിസ് 4 മുതൽ 10 പേർക്കുവരെ ഒന്നിച്ചിരുന്നു ജോലി ചെയ്യാൻ സൗകര്യം ഒരുക്കും. സ്റ്റാർട്ടപ് ടീമുകളാണ് പ്രൈവറ്റ് സ്പേസിന്റെ ആവശ്യക്കാർ.ഒരു ആധുനിക ഓഫിസിലുള്ള എല്ലാ സൗകര്യങ്ങളും ഇതിനൊപ്പം ലഭിക്കും. കാണാൻ വരുന്ന ഇടപാടുകാരെ സ്വീകരിക്കാൻ ഫ്രണ്ട് ഡെസ്ക് സപ്പോർട്ട് ഉണ്ട്. 

co-office2

ഹൈസ്പീഡ് ഇന്റർനെറ്റ്, ഇടവേളകളിൽ ചായ,കാപ്പി, സ്നാക്സ്, റിക്രിയേഷൻ റൂം, ആധുനിക കോൺഫറൻസ് റൂം, മുഴുവൻ സമയ വൈദ്യുതി, ഓപ്പൺ ലൈബ്രറി, പ്രിന്റർ, സ്കാനർ, ഹൗസ് കീപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.

വലിയൊരു കമ്പനിയുടെ കെട്ടും മട്ടും ഇടപാടുകാരിൽ വലിയ മതിപ്പുണ്ടാക്കുമെന്നും കോഫിസ് കോ ഫൗണ്ടർ ടി.അനസ് പറയുന്നു. കോഴിക്കോട് എ‍ൻഐടിയിൽനിന്ന് പഠിച്ചിറങ്ങിയ 5 യുവാക്കളുടെ സംരംഭമാണു കോഫിസ്.

വേറെയും ചിലർ
എരഞ്ഞിപ്പാലത്തുള്ള സ്പേസ് ബാർ, ജവഹർ നഗറിൽ പ്രവർത്തിക്കുന്ന വീ സ്പേസസ് എന്നിവയാണു നഗരത്തിൽ പേരെടുത്ത മറ്റു കോവർക്കിങ് സ്ഥാപനങ്ങൾ. വീ സ്പേസസിന്റെ രണ്ടാമത് ശാഖ ഇന്നലെ ചക്കോരത്തുകുളത്ത് തുറന്നു. 4 വർഷമായി പ്രവർത്തിക്കുന്ന സ്പേസ് ബാർ നഗരത്തിൽ ഇത്തരം ആദ്യ സംരംഭമാണ്. ഇവിടെ തുടങ്ങി ‘പച്ചപിടിച്ച’ ശേഷം ഐടി പാർക്കുകളിലേക്കു സ്വന്തം ഓഫിസുമായി ചേക്കേറിയ സ്റ്റാർട്ടപ്പുകൾ ഒട്ടേറെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA