ADVERTISEMENT

നിത്യേന നമ്മളുപയോഗിക്കുന്ന വസ്തുക്കൾക്കു കുറച്ചുകൂടി നല്ല ഡിസൈൻ ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ ?. ഉദാഹരണത്തിന് ചില കസേരകൾ കാണുമ്പോൾ തോന്നിയിട്ടുണ്ടോ കുറച്ചുകൂടി നന്നായി രൂപകൽപന ചെയ്തിരുന്നെങ്കിൽ സുഖമായി ഇരിക്കാമായിരുന്നെന്ന്. നിങ്ങളുദ്ദേശിക്കുന്ന ഡിസൈൻ ത്രിമാനരൂപത്തിൽ സങ്കൽപിക്കാൻ സാധിക്കുന്നുണ്ടോ ? എങ്കിൽ ഡിസൈൻ കോഴ്സുകൾ നിങ്ങൾക്കുള്ളവയാണ്.

കളിപ്പാട്ടങ്ങൾ മുതൽ നമ്മുടെ ഫോണിലെ യൂസർ ഇന്റർഫേസ് വരെ രൂപകൽപന ചെയ്യുന്നവരാണു പ്രഫഷനൽ ഡിസൈനർമാർ. ഡിസൈനിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. അതേസമയം, എല്ലാവർക്കും ആ മേഖലയിൽ നല്ല കരിയർ കെട്ടിപ്പടുക്കാനാകുമോ ? ഇല്ല; അഭിരുചിയും പ്രധാനം.

വരയ്ക്കാൻ അറിയണോ ?
എൻട്രൻസ് എഴുതുന്നതിനോ കോഴ്സിനു ചേരുന്നതിനോ വരയ്ക്കാൻ അറിയണമെന്നു നിർബന്ധമില്ലെങ്കിലും ഡ്രോയിങ്ങാണ് ഡിസൈനർമാരുടെ ഭാഷ. മികച്ച ചിത്രരചനാപാടവമൊന്നും വേണമെന്നില്ല, വരയ്ക്കാനുള്ള അഭിരുചി ഉണ്ടായാൽ മതി. കഴിഞ്ഞ വർഷത്തേതിൽ നിന്നു വിഭിന്നമായി ഇത്തവണ മുതൽ യൂസീഡിനു ഡ്രോയിങ് സെക്‌ഷനുമുണ്ട്.

കോഴ്സിന്റെ ഭാഗമായി സമർപ്പിക്കുന്ന അസൈൻമെന്റുകളിൽ ഭൂരിഭാഗവും ഡ്രോയിങ് അധിഷ്ഠിതമാണ്. ഡ്രോയിങ് അറിയാത്ത കുട്ടികളും ഡിസൈൻ കോഴ്സുകൾക്കു ചേരുന്നുണ്ട്. ഐഐടികളിലും എൻഐഡിയിലുമൊക്കെ ഡിസൈൻ കോഴ്സുകളുടെ ഭാഗമായി ഡ്രോയിങ് പരിശീലനം നൽകുന്നുമുണ്ട്. മൊബൈൽ ഇന്റർഫേസ് ഡിസൈൻ പോലുള്ള മേഖലകളിൽ ഡ്രോയിങ്ങിന് അത്ര പ്രാധാന്യമില്ല. എങ്കിലും വരയ്ക്കാനറിയുക എന്നതു ഡിസൈൻ കോഴ്സുകളിൽ ചേരുന്നവർക്കു പ്ലസ് പോയിന്റ് ആണെന്നതു യാഥാർഥ്യമാണ്.

ക്രിയേറ്റീവ് എന്നാൽ...
വരയ്ക്കാനറിഞ്ഞാൽ മാത്രം നല്ല ചിത്രകാരനായേക്കാം. എന്നാൽ, ഡിസൈനറാകണമെങ്കിൽ ആശയങ്ങൾ നടപ്പിലാക്കാനുള്ള സർഗവൈഭവം (ക്രിയേറ്റിവിറ്റി) അത്യാവശ്യമാണ്. എൻട്രൻസിൽ പരിശോധിക്കുന്നതും വിദ്യാർഥികളുടെ ഈ മികവാണ്.

മികച്ച ഡിസൈനുകൾക്കു നൽകുന്ന ജയിംസ് ഡൈസൻ രാജ്യാന്തര പുരസ്കാരം ഇത്തവണ നേടിയതു തൃശൂർ സ്വദേശി അശ്വതി സതീശനാണ്. പാർക്കിൻസൻസ് രോഗമുള്ളവർക്ക് ഉപയോഗിക്കാവുന്ന പേന രൂപകൽപന ചെയ്തതിനാണു പുരസ്കാരം ലഭിച്ചത്. കൈ വിറയലിനെ അതിജീവിച്ച് എഴുതാൻ സാധിക്കുന്നതാണ് ഈ പേന. എൻഐഡി അഹമ്മദാബാദിലെ പൂർവവിദ്യർഥിയാണ് അശ്വതി. ഇത്തരം ക്രിയേറ്റീവ് സ്കില്ലുള്ളവർക്കു മാത്രമേ നല്ല ഡിസൈനർമാരാകാൻ സാധിക്കൂ.

ആശയവിനിമയം, ജികെ...
സൂചിയും നൂലും തന്നിട്ടുണ്ട്. ഒരു മിനിറ്റ് കൊണ്ട് അതിനെക്കുറിച്ച് കഥ വികസിപ്പിച്ചെടുത്ത് ഇന്റർവ്യൂ ബോർഡിനു മുന്നിൽ പറയണം. കഴിഞ്ഞതവണത്തെ എൻഐഡി പ്രവേശനപരീക്ഷയുടെ രണ്ടാം ഘട്ടത്തിലെ ഒരു കടമ്പയായിരുന്നു ഇത്. ആശയങ്ങൾ സൃഷ്ടിച്ചെടുക്കുന്നതും അതു നന്നായി അവതരിപ്പിക്കാനുമുള്ള കഴിവാണ് ഇതുവഴി പരീക്ഷിക്കുന്നത്.

യുസീഡിന്റെ സിലബസിൽ പ്രധാനപ്പെട്ട ഭാഗമാണു പൊതുവിജ്ഞാനം. കാലാവസ്ഥ, സാമൂഹിക മാറ്റങ്ങൾ, പ്രധാനപ്പെട്ട നിർമിതികൾ തുടങ്ങിയവ എൻട്രൻസിൽ ചോദിച്ചേക്കാം. പിന്നീട് നല്ല കരിയർ കെട്ടിപ്പടുക്കാനും സമൂഹത്തെക്കുറിച്ചുള്ള അറിവ് സഹായിക്കും.

പ്രവേശന പരീക്ഷകൾ ഇവ

∙ ബോംബെ, ഗുവാഹത്തി ഐഐടികളിലും ജബൽപുർ ഐഐഐടി‍ഡിഎമ്മിലും ബി.ഡിഎസ് പ്രവേശനം യൂസീഡ് എന്ന പ്രവേശനപരീക്ഷ വഴിയാണ്.

അപേക്ഷ: നവംബർ 9 വരെ
www.uceed.iitb.ac.in

∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ വിവിധ ക്യാംപസുകളിലേക്കുള്ള ബി.ഡിഎസ്/ ഡിപ്ലോമ പ്രവേശനം ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡാറ്റ്) വഴിയാണ്. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടം.

അപേക്ഷ: നവംബർ 7 വരെ

www.admissions.nid.edu

ഫോണുകളിലെ യൂസർ ഇന്റർഫേസ് വികസിപ്പിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന ഇന്ററാക്‌ഷൻ ഡിസൈനർമാർക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ്. ആവശ്യത്തിന് ഇന്ററാക്‌ഷൻ ഡിസൈനർമാരെ കിട്ടാനില്ല. ആശയങ്ങളെ ദൃശ്യവൽക്കരിക്കുക എന്നതാണ് ഒരു ഡിസൈൻ വിദ്യാർഥിക്കു വേണ്ട അടിസ്ഥാന ഗുണം.

പ്രഫ. ജി.വി. ശ്രീകുമാർ
ഹെഡ്, ഐഡിസി സ്കൂൾ ഓഫ് ഡിസൈൻ
ഐഐടി ബോംബെ.

വ്യത്യസ്തമായി ചിന്തിക്കാനാകണം. ‘നിങ്ങളെ ചിത്രീകരിക്കുക’ എന്ന ചോദ്യം കഴിഞ്ഞ വർഷം ചോദിച്ചു. സ്വന്തം ചിത്രം വരച്ചവരൊക്കെ പുറത്തായി. പൊതുവിജ്ഞാനം പ്രധാനമാണ്. എൻട്രൻസിന്റെ രണ്ടു ഘട്ടങ്ങളിലും നല്ല മാർക്ക് നേടാൻ ഇതു സഹായിച്ചു. മൂന്നു വർഷത്തെ ഇയർബുക്കുകൾ ഞാൻ റഫർ ചെയ്തിരുന്നു.

നന്ദിനി സൈജു
ബി.ഡിസ് ഒന്നാം വർഷം
എൻഐഡി വിജയവാഡ

ഇവിടെ സ്പൂൺ ഫീഡിങ് ഇല്ല. പരീക്ഷകൾ കുറവാണ്. അസൈൻമെന്റുകളിലൂടെയാണ് നമ്മെ അളക്കുന്നത്. ഡ്രോയിങ് സ്കിൽ വളർത്താനും അസൈൻമെന്റുകൾ തരും. യൂസീഡിലെ മൾട്ടിപ്പിൾ സിലക്‌ട് ചോദ്യങ്ങളാണു സൂക്ഷിക്കേണ്ടത്. കൂടുതൽ പേർക്കും നെഗറ്റീവ് മാർക്ക് ലഭിക്കുന്നത് ഈ സെക്‌ഷനിലാണ്.

കെ.ജെ.മുഹമ്മദ് ഫയാസ്
ബി.ഡിസ് ഒന്നാം വർഷം
ഐഐടി ഗുവാഹത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com