sections
MORE

കുറഞ്ഞ ചെലവ്, മികച്ച വരുമാനം; സാധ്യതകൾ തുറന്ന് നാനോ വ്യവസായങ്ങൾ

money
SHARE

നാനോ വ്യവസായങ്ങളിലൂടെ പുരോഗതിക്കു വലിയ സാധ്യതയുള്ള കാലമാണിത്. ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ കടന്ന് അതിസൂക്ഷ്മ സംരംഭങ്ങളായ നാനോ വ്യവസായങ്ങളിലേക്കു ശ്രദ്ധ എത്തിയിരിക്കുന്നു. 

കേരളത്തിലെ ഭൂപ്രകൃതിയും സാമൂഹിക ചുറ്റുപാടും പരിഗണിക്കുമ്പോൾ സംരംഭകത്വ രംഗത്ത് ഏറെ അനുയോജ്യം നാനോ വ്യവസായങ്ങളാണ്. കൂടുതൽ പേർക്കു കടന്നുവരാനും ധാരാളം സംരംഭങ്ങൾ പുതുതായി ആരംഭിക്കാനും നാനോ വ്യവസായ സാധ്യതകൾ വഴിതുറക്കും. കാര്യമായ ചെലവില്ലാതെ സംരംഭകരാകാൻ നാനോ വ്യവസായങ്ങൾ ഉപകരിക്കും. വിപണി വളരുന്നതനുസരിച്ച് കൂടുതൽ നിക്ഷേപം നടത്തി ഉൽപാദനം വിപുലപ്പെടുത്താനും കഴിയും.

സംരംഭം തിരഞ്ഞെടുക്കുമ്പോൾ
ഏതൊരു സംരംഭത്തേയുംപോലെ ഇവിടെയും പ്രധാനമായി വിലയിരുത്തേണ്ട ഘടകങ്ങൾ‍ സാങ്കേതികവും (Technical) സാമ്പത്തികവും (Financial) ആയ സാധ്യതകളാണ്. പദ്ധതിച്ചെലവിനേക്കാൾ ഉപരി ലാഭകരമായി വിറ്റഴിക്കാൻ അവസരം ഉണ്ടോ എന്ന ആഴത്തിലുള്ള പഠനമാണ് ഈ രണ്ട് ഘടകങ്ങളിലൂടെ നടത്തേണ്ടത്. ഒരു സംരംഭം തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം വിപണന സാധ്യതകൾ തന്നെയാണ്. 

പാർട് ടൈം ആയും ഹോബി ആയും
നാനോ സംരംഭങ്ങളുടെ ഒരു സവിശേഷത  പാർട് ടൈം ആയും ഹോബി ആയും ഈ രംഗത്തേക്കു കടന്നുവരാൻ കഴിയും എന്നതാണ്. പല ഹോബികളും പണം നേടിത്തരുന്നതും വൻ വികസന സാധ്യതയുള്ളതും കുറഞ്ഞ കിടമത്സരം നിലനിൽക്കുന്നതുമായ ബിസിനസ് ആശയങ്ങളാണ്. കാര്‍ഷികാധിഷ്ഠിത ഉൽപന്നങ്ങൾ, ആർട്‌ വർക്കുകൾ, ഇന്റീരിയർ ഡെക്കറേഷൻ, പെയിന്റിങ്ങുകൾ, ഗാർമെന്റ് ഉൽപന്നങ്ങൾ, ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ, മൃഗപരിപാലനം, നഴ്സറിച്ചെടികൾ, ഫാമുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ഹോബി ആക്കിയവർ ധാരാളം. മനസ്സു വച്ചാൽ ഇവ ഹോബിക്കൊപ്പം പണം നേടിത്തരും. ബിസിനസിലേക്കു ഭയപ്പാടില്ലാതെ കാൽവച്ചാൽ മതി. 

എന്തുകൊണ്ട് നാനോ? 

കൂടുതൽ അതിസൂക്ഷ്മ സംരംഭങ്ങളെ വളർത്തിയെടുക്കാൻ നാനോ ആശയത്തിനു കഴിയും. അതിന്റെ കാരണങ്ങൾ പലതാണ്: 

∙വളരെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാം. 

∙ടെൻഷൻ ഇല്ലാതെ സംരംഭ മേഖലയിലേക്ക് കടന്നുവരാം.

∙ഉൽപാദനത്തിന് അനുസരിച്ചുള്ള വിപണി കണ്ടെത്താൻ എളുപ്പം. 

∙നിർമാണത്തിൽ ഏറെ സാങ്കേതികത ഉണ്ടാകില്ല.

∙ക്രെഡിറ്റ് വിൽപനയ്ക്കുള്ള സാധ്യതയും കുറവ്. 

∙മിക്കപ്പോഴും നേരിട്ടു വിൽപന നടത്തുന്നതിനാൽ മെച്ചപ്പെട്ട ലാഭവിഹിതം. 

∙പൊതുവിപണിക്ക് സ്വീകാര്യമായത് ആയിരിക്കും.

∙പാർട് ടൈം ആയും ചെയ്യാൻ കഴിയും. 

∙പരിസ്ഥിതി സൗഹൃദമാക്കാം. 

∙കുടിൽ വ്യവസായമായും നടത്താം. 

∙കുടുംബക്കൂട്ടായ്മയിലൂടെ ഉൽപാദനച്ചെലവ് കുറയ്ക്കാൻ കഴിയും. 

∙വീട്ടമ്മമാർക്കു സ്വയംതൊഴിൽ എന്ന നിലയിൽ ശോഭിക്കാം. 

∙വിപണന സാധ്യതകൾക്കനുസരിച്ച് ഉൽപാദനം വർധിപ്പിക്കാനും പുതിയ പ്ലാന്റുകൾ തുടങ്ങാനും സൗകര്യം.

∙ചെറിയ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനു വായ്പ അനുവദിക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ താൽപര്യം.

∙സംരംഭകർ തന്നെ തൊഴിലാളി ആയും മറിച്ചും പ്രവർത്തിക്കുന്നതിലൂടെ വലിയ വിജയത്തിനു സാധ്യത. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA