sections
MORE

ജർമനിയിൽ പഠിക്കണോ? ഇൗ നാലു കാര്യങ്ങൾ അറിയണം

Thumbs UP
SHARE

‘വിൽക്കൊമൻ’ എന്ന ജർമൻ വാക്കിന്റെ അർഥം ‘സ്വാഗതം’ (welcome) എന്നാണ്. കുറച്ചുകാലമായി ലോകമെമ്പാടുമുള്ള വിദ്യാർഥികളോടു ജർമനി പറയുന്നതും അതുതന്നെ. വരൂ, ഞങ്ങളുടെ സർവകലാശാലകളിലേക്കു സ്വാഗതം.

രാജ്യാന്തരതലത്തിൽ വിദ്യാർഥികളുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യകേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനത്താണു ജർമനി. കാരണങ്ങൾ പലതാണ്. കുറഞ്ഞ ഫീസ് വളരെ പ്രധാനം. മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി ജർമനിയിൽ പൊതുമേഖലയിലുള്ള സർവകലാശാലകളിൽ ഫീസ് തുച്ഛമാണ്; സെമസ്റ്ററിൽ ശരാശരി 250–300 യൂറോ (ഏകദേശം 20,000– 24,000 രൂപ). 

മാസ്റ്റേഴ്സിന് ഇന്ത്യൻ വിദ്യാർഥികൾ ജർമനിയിൽ പോകാറുണ്ടെങ്കിലും ബാച്‌ലർ കോഴ്സുകൾക്ക് ഏറെപ്പേരില്ല.‌ സ്വകാര്യ ഏജൻസികളുടെ മുൻഗണന പലപ്പോഴും മാസ്റ്റേഴ്സിനാണ്. മാസ്റ്റേഴ്സിന് അഡ്മിഷൻ താരതമ്യേന എളുപ്പം; ഇംഗ്ലിഷിലുള്ള കോഴ്സുകൾ കൂടുതൽ ലഭ്യവുമാണ്. യുജി കോഴ്സുകളാകട്ടെ, മിക്കതും ജർമനിലാണ്. ഭാഷ പഠിക്കാൻ പാടാണെന്ന മുൻവിധി കൂടിയാകുമ്പോൾ പലരും ആ വഴി പോകാതെയാകും.

സ്റ്റുഡിയൻകൊളീഗ് എന്ന കടമ്പ

നമുക്കു 12 വർഷമാണു സ്കൂൾ വിദ്യാഭ്യാസമെങ്കിൽ ജർമനിയിൽ 13 വർഷമാണ്. ഇന്ത്യയിൽ ബിരുദപഠനം ഒന്നാം വർഷം പൂർത്തിയാക്കിയവർക്കും ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടിയവർക്കും ജർമനിയിൽ നേരിട്ടു ബിരുദ പ്രവേശനം ലഭിക്കും. എന്നാൽ പ്ലസ്ടു കഴിഞ്ഞു പോകുന്നവർക്ക് ഒരു വർഷത്തോളം വരുന്ന സ്റ്റുഡിയൻകൊളീഗ് എന്ന പ്രിപ്പറേറ്ററി കോഴ്സുണ്ട്. നമുക്കു വേണ്ട ബിരുദത്തിനനുസരിച്ചുള്ള സ്റ്റുഡിയൻകൊളീഗ് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ടി–കുർസ് എന്ന കോഴ്സിൽ ജർമൻ, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഇൻഫർമാറ്റിക്സ് എന്നീ വിഷയങ്ങളുണ്ട്. എം–കുർസിൽ ഇൻഫർമാറ്റിക്സിനു പകരം ബയോളജി. ഡബ്ല്യു– കുർസിൽ ജർമൻ, മാത്‌സ്, ഇക്കണോമിക്സ്, ബിസിനസ്, സോഷ്യോളജി. ജി–കുർസിൽ ജർമനൊപ്പം ഹ്യൂമാനിറ്റീസ്.

സ്റ്റുഡിയൻകൊളീഗിൽ പ്രവേശനത്തിന് ഓഫ്നാമപ്രുഫുങ് എന്ന പരീക്ഷ പാസാകണം. സയൻസ്, എൻജിനീയറിങ്, ഹ്യുമാനിറ്റീസ് തുടങ്ങി മേഖല തിരിച്ചാണ് ഇതിന്റെ സിലബസ്. ഈ പരീക്ഷ എഴുതാൻ പ്രത്യേക വീസയിൽ ജർമനിയിൽ പോകണം.

സ്റ്റുഡിയൻകൊളീഗിനുശേഷം എഫ്എസ്പി എന്ന പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റുമായാണ് സർവകലാശാലകളിൽ അപേക്ഷിക്കേണ്ടത്. 

ആധികാരികം ഡാഡ് വെബ്സൈറ്റ്

ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസായ ഡാഡിന്റെ വെബ്സൈറ്റാണ് ജർമൻ വിദ്യാഭ്യാസ വിവരങ്ങൾക്കുള്ള ഏറ്റവും ആധികാരിക സ്രോതസ്സ്. വെബ്സൈറ്റ്: https://www.daad.in/en/. ബിരുദ പ്രോഗ്രാമുകളെക്കുറിച്ചും സ്റ്റുഡിയൻകൊളീഗുകളെക്കുറിച്ചും ഇതിൽനിന്നറിയാം. ചില സർവകലാശാലകൾ ഓഫ്നാമപ്രുഫുങ് പരീക്ഷ ഇല്ലാതെയുള്ള സ്റ്റുഡിയൻകൊളീഗുകൾ നടത്തുന്നുണ്ട്. ഇതിന്റെ വിവരങ്ങളും ഡാഡിലുണ്ട്. 

ശാസ്ത്ര– സാങ്കേതികപഠനം ആഗ്രഹിക്കുന്നവർക്കായി രണ്ടുതരം സർവകലാശാലകളുണ്ട്– ടെക്നിക്കൽ സർവകലാശാലകളും (ഗവേഷണത്തിനു മുൻതൂക്കം) അപ്ലൈഡ് സയൻസ് സർവകലാശാലകളും (തൊഴിലധിഷ്ഠിത പഠനം). കല, സംഗീതം, ഹ്യുമാനിറ്റീസ് കോഴ്സുകളുള്ള കോളജുകളുമുണ്ട്.

ജർമൻ ഭാഷ ആദ്യം കഠിനം

ജർമൻ ഭാഷ ആദ്യം കഠിനമായി തോന്നാം. ജർമൻ സാംസ്കാരികകേന്ദ്രമായ ഗോയ്ഥെ സെൻട്രത്തിന്റെ പരീക്ഷ, ടെസ്റ്റ്‍‍ഡാഫ്, ഡിഎസ്എച്ച്, ടെൽക് എന്നിവയൊക്കെ ജർമൻ ഭാഷാപരീക്ഷകളാണ്. ജർമൻ മീഡിയത്തിൽ ബിരുദപഠനത്തിനു ജർമനിൽ ബി2 ലെവലെങ്കിലും േവണം. ജർമനിയിൽ ജോലിക്കും ഭാഷ പഠിക്കേണ്ടത് ആവശ്യമാണ്. ഇംഗ്ലിഷ് മീഡിയം ബിരുദ കോഴ്സുകളുമുണ്ട്. ഇതിന് ഐഇഎൽടിഎസ് / ടോഫൽ സ്കോർ പരിഗണിക്കും.ജർമൻ വിദ്യാഭ്യാസ, സാംസ്കാരികകേന്ദ്രമായ ഗോയ്ഥെ സെൻട്രത്തിൽനിന്നു വിശദാംശങ്ങൾ ലഭിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങളുണ്ട്. 

വെബ്സൈറ്റ്: http://trivandrum.german.in/

ജീവിതച്ചെലവേറെ

ഫീസ് കുറവാണെങ്കിലും ജീവിതച്ചെലവ് കൂടുതലാണു ജർമനിയിൽ; പ്രത്യേകിച്ചും താമസത്തിന്. പ്രമുഖ എജ്യുക്കേഷൻ വെബ്സൈറ്റായ സ്റ്റഡിപോർട്ടൽസ് പറയുന്നതു പ്രകാരം മാസം 1100 യൂറോയാണ് ഒരു വിദ്യാർഥിക്കു ചെലവുവരിക.

ആഴ്ചയിൽ 20 മണിക്കൂർ പാർട് ടൈം ജോലി ചെയ്യാം. ഇരാസ്മസ്, ഡാഡ് തുടങ്ങിയ സർക്കാർ സ്കോളർഷിപ്പുകൾക്കും അവസരമുണ്ട്. പഠനം കഴിഞ്ഞ് 18 മാസം സ്റ്റേബാക്കിന് അവസരമുണ്ട്.

art-02
ജി.പി.സൂര്യനാരായണൻ, ബിരുദ വിദ്യാർഥി, അപ്ലൈഡ് സയൻസ് സർവകലാശാല, ഷ്വെയ്ൻഫർട്

എട്ടാം ക്ലാസിൽ ജർമൻ ഭാഷ പഠിച്ചുതുടങ്ങിയിരുന്നു. ഗോയ്ഥെ സെൻട്രം ക്യാംപുകളും സഹായകരമായി. ജൂണിലാണ് ജർമനിയിൽ ‍ഡിഗ്രി അഡ്മിഷനു ശ്രമം തുടങ്ങിയത്. മെക്കട്രോണിക്സ് ആണു വിഷയം. ഇംഗ്ലിഷ് മീഡിയമാണു തിരഞ്ഞെടുത്തതിനാൽ ഐഇഎൽടിഎസ് മതി. ഡാഡ് വെബ്സൈറ്റ‌് ഏറെ സഹായകരമായി.

art-01
ഡോ.സയീദ് ഇബ്രാഹിം ഡയറക്ടർ‌, ഗോയ്ഥെ സെൻട്രം, തിരുവനന്തപുരം

ജർമനിയിൽ ബാച്‌ലർ ഡിഗ്രി പഠനത്തിനു ബി2 ലെവലിലുള്ള ജർമൻ ഭാഷാപരിജ്ഞാനമെങ്കിലും വേണം. ജർമനിയിൽ 7 ലക്ഷത്തോളം പ്രഫഷനലുകളുടെ അഭാവമുണ്ട്. യുവാക്കളുടെ ജനസംഖ്യ കുറവാണെന്നതിനാലും അവസരങ്ങളേറെ. പൊതുസർവകലാശാലകളിൽ ഫീസ് കുറവുണ്ട്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ അങ്ങനെയല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA