ADVERTISEMENT

ജീവനക്കാരുടെ കുറവു മൂലം കെഎസ്ആർടിസി കിതയ്ക്കുമ്പോഴും റിസർവ് ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലെ പിഎസ്‍സി നിയമനം സ്തംഭനാവസ്ഥയിൽ. 

റിസർവ് ഡ്രൈവർ തസ്തികയുടെ ഷോർട് ലിസ്റ്റ് വരെ പ്രസിദ്ധീകരിച്ച ശേഷമാണു തുടർനടപടികൾ നിർത്തിവച്ചിട്ടുള്ളത്. സ്ഥിരനിയമനം ഇനി വേണ്ടെന്ന കെഎസ്ആർടിസിയുടെ നിലപാടിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതാണു വിലങ്ങുതടിയായത്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഡ്രൈവിങ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന എന്നിവകൂടി പൂർത്തിയാക്കിയാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാം. രണ്ടോ മൂന്നോ മാസം കൊണ്ടു തീർക്കാവുന്ന ഈ നടപടികളാണു കെഎസ്ആർടിസി തന്നെ തടസ്സപ്പെടുത്തിയിരിക്കുന്നത്. 

റിസർവ് കണ്ടക്ടർ തസ്തികയിലാകട്ടെ, ഒഴിവു റിപ്പോർട്ട് ചെയ്യാത്തതിനാൽ പുതിയ വിജ്ഞാപനംതന്നെ വൈകുകയാണ്. പിഎസ്‌സിയുടെ കൊല്ലം മേഖലാ ഓഫിസിനാണു ഡ്രൈവർ, കണ്ടക്ടർ തസ്തികകളുടെ തിരഞ്ഞെടുപ്പു ചുമതല.  

പിഎസ്‌സിയുടെ നഷ്ടം 30 ലക്ഷത്തിലധികം

റിസർവ് ഡ്രൈവർ തസ്തികയിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ വകയിൽ പിഎസ്‌സിയുടെ നഷ്ടം 30 ലക്ഷത്തിലധികം രൂപയാണ്. 26–12–2014 ൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികയിലേക്കു 31,657 പേരാണ് അപേക്ഷിച്ചിരുന്നത്. 23–05–2015 നായിരുന്നു പരീക്ഷ. ഷോർട് ലിസ്റ്റ് 27–12–2016 നു പ്രസിദ്ധീകരിച്ചു. 2017 മാർച്ചോടെ ഡ്രൈവിങ് ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. എന്നാൽ അറിയിപ്പൊന്നുമില്ലാത്ത സാഹചര്യത്തിൽ പിഎസ്‍സിയെ സമീപിച്ച ഉദ്യോഗാർഥികൾക്ക് അറിയാൻ കഴിഞ്ഞത് തുടർനടപടികൾ നിർത്തിവച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ്. 

ഇനി അറിയിപ്പുണ്ടാകുംവരെ തുടർനടപടികൾ നിർത്തിവയ്ക്കാനാണു കൊല്ലം മേഖലാ ഓഫിസിനു കേന്ദ്ര ഓഫിസിന്റെ നിർദേശം.  

ഒഴിവ് വന്നാൽ ഉടൻ റാങ്ക് ലിസ്റ്റെന്ന് പിഎസ്‌സി

ഡ്രൈവർ തസ്തികയുടെ ഒരൊഴിവെങ്കിലും കെഎസ്ആർടിസി പുതുതായി റിപ്പോർട്ട് ചെയ്താൽ റാങ്ക് ലിസ്റ്റ് ഉടൻ തയാറാക്കുമെന്നാണു പിഎസ്‌സി വൃത്തങ്ങൾ പറയുന്നത്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ അനുപാതം കുറയ്ക്കാനുള്ള നടപടികൾ കെഎസ്ആർടിസിയിൽ പുരോഗമിക്കുകയാണ്. അതിനാൽ റിസർവ് ഡ്രൈവർ, കണ്ടക്ടർ തസ്തികകളിൽ പുതിയ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും നീളും. 

ഒഴിവു റിപ്പോർട്ട് ചെയ്യാതെയാണ് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചതും പരീക്ഷ നടത്തി ഷോർട് ലിസ്റ്റ് തയാറാക്കിയതും. പ്രധാന തസ്തികകളിൽ നിശ്ചിത ഇടവേളകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഒഴിവില്ലെങ്കിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 

മുൻ ലിസ്റ്റുകൾ റദ്ദായിട്ട് 3 വർഷം

റിസർവ് ഡ്രൈവർ, കണ്ടക്ടർ റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ടു 3 വർഷമാകുന്നു. രണ്ടു തസ്തികകളുടെയും റാങ്ക് ലിസ്റ്റുകൾ 31–12–2016 ൽ റദ്ദായി. റിസർവ് കണ്ടക്ടർ തസ്തികയ്ക്ക് 09–05–2013 നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 13,563 പേർക്ക് ഈ ലിസ്റ്റിൽ നിന്നു നിയമനശുപാർശ ലഭിച്ചു. 

റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 23–08–2012 ൽ. അയ്യായിരത്തോളം പേർക്കാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com