ADVERTISEMENT

മാറുന്ന കാലഘട്ടത്തിനനുസരിച്ച് നിലവിലെ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാഭ്യാസമേഖലയ്ക്ക് തിരുത്തൽ ആവശ്യമാണെന്ന് ടാറ്റ കൺസൽട്ടൻസി സർവീസ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സർവീസ് മേധാവി എം.എ.രാജീവ്. നിർമിതബുദ്ധി (എഐ) പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള കോഡിങ്ങിനു പ്രാധാന്യം നൽകിയാവണം പഠനരീതികളെന്നും അദ്ദേഹം പറഞ്ഞു. 

നിർമിതബുദ്ധി (എഐ) മേഖലയിലെ അനന്തസാധ്യതകളെക്കുറിച്ച്  മെട്രോ മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്താണ് എഐയുടെ ഭാവി?

ഭാവിയിൽ സേവന മേഖല പൂർണമായി നിർമിത ബുദ്ധിയിൽ കേന്ദ്രീകരിച്ചാവും പ്രവർത്തിക്കുക. ഓട്ടമേഷൻ, സാമ്പത്തിക മേഖലകളിലെ അടിസ്ഥാന വിദ്യാഭ്യാസം പോലും നിർമിത ബുദ്ധിയെ കേന്ദ്രീകരിച്ചാവും. 

സംസ്ഥാനത്ത് സാധ്യതകൾ വരുമോ?

നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ നിർമിത ബുദ്ധി ഗവേഷണത്തിനു ഇനിയും പ്രാധാന്യം ലഭിച്ചിട്ടില്ല. പ്രൈമറി തലം മുതൽ നിർമിതി ബുദ്ധി പരിശീലനം നൽകുന്നതിലൂടെ മാത്രമേ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സാധ്യമാകൂ. നിലവിലുള്ള വിദ്യാഭ്യാസ പരിശീലന രീതിയിൽ ചെറിയ ക്ലാസുകൾ മുതൽ കോഡിങ് രീതിക്കു പ്രാധാന്യം നൽകണം. സംസ്ഥാനത്ത് ഈ മേഖലയിൽ നിരവധി അവസരങ്ങൾ നിലവിലുണ്ട്. പക്ഷേ കഴിവുള്ള സാങ്കേതിക വിദഗ്ധർ ലഭ്യമല്ലാത്തത് വെല്ലുവിളിയാണ്.  കേരളത്തിൽ സ്റ്റാർട്ടപ്പ് മേഖല മുതൽ ഈ രംഗത്ത് ധാരാളം അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ശരിയായ പരിശീലനം നേടിയവർ ഇല്ല എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. 

മാറ്റം എങ്ങനെ?

നമ്മുടെ എൻജിനീയറിങ് ബിരുദപഠന രീതി മാറണം. നിലവിൽ അക്കാദമിക് ഓറിയന്റഡ് കോഴ്സ് ആണ്. തൊഴിൽ ലക്ഷ്യമാക്കിയുള്ള പരിശീലനമാണ് നൽകേണ്ടത്. എംടെക് കോഴ്സിന് അഡീഷനൽ ഇലക്ടീവ് ആയി നിർമിത ബുദ്ധി എന്ന വിഷയം ഉണ്ടെങ്കിലും 60 മണിക്കൂർ പരിശീലനം മാത്രമാണ് നൽകുന്നത്. നിർമിത ബുദ്ധി പരിശീലനം ചുരുങ്ങിയത് 4000 മണിക്കൂർ എങ്കിലും ലഭ്യമാക്കുന്നതിന് ആവശ്യമായ ഹോണേഴ്സ് കോഴ്സുകൾ തുടങ്ങണം. യുപി സ്കൂൾ മുതൽ ശരിയായ പരിശീലനം നേടിയ ഒരാൾക്കു മാത്രമേ ഈ ഗവേഷണ രംഗത്ത് കഴിവു തെളിയിക്കാൻ കഴിയൂ. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങൾ നിർമിത ബുദ്ധിക്കു  കേരളത്തേക്കാൾ പ്രാധാന്യം നൽകുന്നുണ്ട്. 

വിദേശരാജ്യങ്ങളിലെ അവസ്ഥ?

യുഎസ്, കാനഡ, ഓസ്ട്രേലിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിൽ വളരെ മുന്നേറ്റം നടത്തിക്കഴിഞ്ഞു. 20 വർഷം മുൻപുതന്നെ നിർമിത ബുദ്ധിയിൽ പ്രായോഗിക  പരിശീലനം നൽകിയതാണ് ഈ നേട്ടത്തിലേക്കു നയിച്ചത്. നമ്മുടെ വിദ്യാർഥികൾക്ക് ഗണിതം, പ്രോഗ്രാമിങ്, പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ കടലാസിലുള്ള പരിശീലനം മാത്രമാണ് ഇപ്പോഴും നൽകുന്നത്. പരിശീലന രീതിയിൽ ശ്രദ്ധ നൽകിയാൽ അടുത്ത 15 വർഷം കൊണ്ട് ഈ മേഖലയിൽ വിദഗ്ധരെ വാർത്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com