ADVERTISEMENT

കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നിന്നു സയൻസിൽ 97.5 % മാർക്കുമായാണു നന്ദ അരവിന്ദ് പ്ലസ് ടു പൂർത്തിയാക്കിയത്. തുടർന്നു ചേർന്നതു ഡൽഹിയിലെ പ്രശസ്തമായ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ. വിഷയം ഇക്കണോമിക്സ്. മികച്ച മാർക്കുള്ളവരുടെ പുതുവഴികൾ.

അഭിജിത് ബാനർജിക്കു നൊബേൽ ലഭിച്ചതോടെ, ഇക്കണോമിക്സിനു ഗ്ലാമർ കൂടുന്നു. കൊൽക്കത്ത പ്രസിഡൻസി കോളജ്, ജെഎൻയു എന്നിവിടങ്ങളിലെ ഇക്കണോമിക്സ് പഠനശേഷമാണ് അഭിജിത് യുഎസിലെത്തിയത്. ഇന്ത്യയിൽ ഈ രംഗത്തെ പഠനാവസരങ്ങൾ വലിയ ഉയരങ്ങളിലെത്തിക്കാൻ പര്യാപ്തമെന്ന് അർഥം.

ഡൽഹി ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ ഏറ്റവും ഡിമാൻഡ് ഉള്ള കോഴ്സ് എന്ന പെരുമ ഇക്കണോമിക്സിനു മുൻപേയുണ്ട്. പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചവർക്കും ഇന്നു പ്രിയ വിഷയങ്ങളിലൊന്നാണ് ഇക്കണോമിക്സ്. വികസനവും സാമ്പത്തികശാസ്ത്രവും ചേർന്നുകിടക്കുന്നതിനാൽ ഈ രംഗത്തു മികവുള്ളവരെ എല്ലാവർക്കും വേണം. മുൻപു ബാങ്കുകളിലും സർക്കാർ, അക്കാദമിക് സ്ഥാപനങ്ങളിലുമായിരുന്നു പ്രധാനമായും ജോലിസാധ്യതയെങ്കിൽ ഇന്നു ബഹുരാഷ്ട്ര / ടെക് കമ്പനികൾ എന്നിവിടങ്ങളിലെല്ലാം ഇക്കണോമിക്സുകാരെ വേണം. പഴയ സാധ്യതകളുടെ തിളക്കം കുറഞ്ഞി‍ട്ടുമില്ല. ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് (ഐഇഎസ്) സർക്കാർ മേഖലയിലെ തിളക്കമുള്ള കേഡറാണിപ്പോഴും.

 ശരിക്കും എവർഗ്രീൻ

ഏതു വിഷയത്തിലും ഇക്കണോമിക്സ് ഉണ്ട്. വ്യക്തിഗത സവിശേഷതകളും മനോനിലയും സാമ്പത്തിക തീരുമാനങ്ങളെയും വിപണിയെയും സ്വാധീനിക്കുന്നതെങ്ങനെയെന്നു ചൂണ്ടിക്കാട്ടിയ റിച്ചാർഡ് തേലർക്കാണു 2017ൽ നൊബേൽ ലഭിച്ചത്. ബിഹേവിയറൽ ഇക്കണോമിക്സ് ഇന്ന് ഏറെ സജീവമാകുന്നു. ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ചെയിൻ സാങ്കേതികവിദ്യ തുടങ്ങി പുതിയ കാലത്ത് ഉരുത്തിരിഞ്ഞുവരുന്ന മേഖലകളിലെല്ലാം സാമ്പത്തിക ശാസ്ത്രജ്ഞരെയും കാണാം.

ഫിനാൻഷ്യൽ റിസ്ക് അനലിസ്റ്റ്, ഡേറ്റ അനലിസ്റ്റ്, ഫിനാൻഷ്യൽ പ്ലാനർ, ഗവേഷകൻ, കൺസൽറ്റന്റ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ് തുടങ്ങിയ ജോലികൾ ഈ രംഗത്തു മികവു കാട്ടുന്നവരെ കാത്തിരിക്കുന്നു.

ബിഎ ഇക്കണോമിക്സ് കഴിഞ്ഞ് എംബിഎയ്ക്കു പോകുന്നവരുണ്ട്. എന്നാൽ ഇക്കണോമിക്സിൽ തന്നെ പിജിയും പിഎച്ച്ഡിയും പൂർത്തിയാക്കുന്നവർക്കും സാധ്യതകളുടെ വലിയ ലോകമുണ്ട്. പ്ലസ് ടുവിൽ കണക്ക് പഠിച്ചവർക്കേ ഡൽഹി സർവകലാശാലയിൽ ബിഎ ഇക്കണോമിക്സ് അഡ്മിഷൻ കിട്ടൂ. അതേസമയം കേരളത്തിലും മറ്റും ആ പ്രശ്നമില്ല.

ഈ പേരുകൾ ഓർത്തോളൂ

ഇക്കണോമിക്സിൽ ഉപരിപഠനാവസരമുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിൽ ചിലത്

ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്, മുംബൈ: റിസർവ് ബാങ്കിനു കീഴിലുള്ള സ്ഥാപനത്തിൽ എംഎസ്‍സി ഇക്കണോമിക്സ്, എംഫിൽ, പിഎച്ച്ഡി കോഴ്സുകൾ.

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്, കൊൽക്കത്ത: ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സിൽ രണ്ടു വർഷ മാസ്റ്റേഴ്സ്. പ്രതിമാസ സ്റ്റൈപ്പൻഡുമുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് , ബെംഗളുരു: ഗവേഷണം മാത്രം.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്: ഡൽഹി സർവകലാശാലയുടെ കീഴിൽ ബിരുദ, പിജി, ഗവേഷണ കോഴ്സുകൾ

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം: ജെഎൻയുവുമായി അഫിലിയേറ്റ് ചെയ്ത് എംഎ, ഇന്റഗ്രേറ്റഡ് എംഫിൽ–പിഎച്ച്ഡി കോഴ്സുകൾ.

 മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്: പിജി, പിഎച്ച്ഡി

അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ബെംഗളൂരു: ഇന്റഗ്രേറ്റഡ് എംഎ

ജെഎൻയു, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്ര സർവകലാശാലകളിലെല്ലാം ബിരുദ, പിജി, ഗവേഷണ കോഴ്സുകളുണ്ട്.

നമ്മുടെ സ്വന്തം സിഡിഎസ്

ഇക്കണോമിക്സിൽ ഉപരിപഠനം ആഗ്രഹിക്കുന്നവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണു തിരുവനന്തപുരം സിഡിഎസ്. കൃഷി മുതൽ ആഗോളവൽക്കരണം വരെയുള്ള മേഖലകളിൽ ഇക്കണോമിക്സിന്റെ സാധ്യതകൾ തേ‌ടുന്നു സിഡിഎസിലെ അപ്ലൈഡ് ഇക്കണോമിക്സ് പഠനശാഖ. ഏതെങ്കിലും വിഷയത്തിൽ 50 % മാർക്കോടെ ബിരുദം നേടുന്നവർക്ക് എംഎയ്ക്ക് അപേക്ഷിക്കാം. രാജ്യാന്തര നിലവാരവും ഇന്റർഡിസിപ്ലിനറി പഠനരീതിയും സിഡിഎസിന്റെ മെച്ചങ്ങളാണ്. ജെഎൻയുവിന്റെ ഡോക്ടറൽ സ്റ്റഡീസ് സെന്ററുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com