ADVERTISEMENT

കേന്ദ്ര  സർക്കാർ ഈയിടെ പ്രഖ്യാപിച്ച സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് മുദ്ര ബാങ്ക് (Micro Units Development and Refinance Agency Ltd). സാമ്പത്തിക വികസനം ലഘു സംരംഭങ്ങളിലൂടെ എന്നതാണു ലക്ഷ്യം. 

രാജ്യത്തു പ്രവർത്തിക്കുന്ന സ്വകാര്യ/ദേശസാല്‍കൃത ബാങ്കുകൾ വഴിയും റീജനൽ റൂറല്‍ ബാങ്കുകൾ വഴിയും സഹകരണ ബാങ്കുകൾ വഴിയും ഇതിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കും. നിർമാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു വായ്പ ലഭിക്കും. എന്നാൽ, നേരിട്ടുള്ള കാർഷിക പ്രവൃത്തികൾക്കു വായ്പ ലഭിക്കില്ല.

വായ്പ ലഭിക്കാനുള്ള യോഗ്യതകൾ: 

∙2006 ലെ എംഎസ്എംഇഡി ആക്ട് അനുസരിച്ച് യോഗ്യരായ എല്ലാവർക്കും പ്രയോജനം ലഭിക്കും.

∙പുതിയ സംരംഭകർക്കും നിലവിലുള്ളവ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കും വായ്പ ലഭിക്കും. 

∙വയസ്സ്, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ ബാധകമല്ല.

∙നിലവില്‍ കുടിശിക ഉണ്ടാകരുത്. 

∙സ്ഥിരം ആസ്തികൾക്കും പ്രവർത്തന മൂലധനം ലഭ്യമാക്കും.

പദ്ധതി ആനുകൂല്യങ്ങൾ

ഈ പദ്ധതി പ്രകാരം മൂന്നു വിഭാഗങ്ങളിലായി വായ്പകൾ അനുവദിക്കുന്നു. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

കാറ്റഗറി      അനുവദിക്കുന്ന തുക

1. ഷിഷു      50,000 രൂപ വരെ 

2. കിഷോർ    50,000 മുതൽ 

     5 ലക്ഷം വരെ 

3. തരുൺ      5 ലക്ഷം മുതൽ 

     10 ലക്ഷം വരെ 

∙കെട്ടിടം, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയ്ക്കു മാത്രമല്ല പ്രവർത്തന മൂലധന ആവശ്യത്തിനും വായ്പ അനുവദിക്കും

∙10 മുതൽ 25 വരെ ശതമാനം സംരംഭകന്റെ വിഹിതമായി നൽകണം. 

∙7 മുതൽ 12 വരെ ശതമാനം പലിശ. 

∙പ്രൊപ്രൈറ്ററി, പാർട്ണർഷിപ്പ്, ലിമിറ്റ‍ഡ് കമ്പനി, എസ്എച്ച്ജികൾ, ജിഎൽജികൾ എന്നിവയ്ക്കു വായ്പ അനുവദിക്കുന്നു.

∙ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രകാരം കൊലാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്നു.

∙മുദ്ര കാർഡ് (റുപ്പെ കാർഡ്) ഉപയോഗിച്ച് എടിഎം വഴി ക്രെഡിറ്റിലുള്ള തുക പിൻവലിക്കാൻ കഴിയും.

∙തിരിച്ചടവിന് 7 വർഷം വരെ കാലാവധി. 

∙മറ്റു വകുപ്പുകളിൽനിന്നു ലഭ്യമായ സബ്സിഡി വാങ്ങാം.

∙സാമ്പത്തിക സാക്ഷരത, വിപണന സഹായങ്ങൾ, നൈപുണ്യ വികസന പരിപാടികൾ എന്നീ വായ്പേതര പ്രവർത്തനങ്ങളും പദ്ധതിയിൽ ലക്ഷ്യം വയ്ക്കുന്നു.

അപേക്ഷാ നടപടികൾ

പൊതുവായ ഫോറം ബാങ്കുകളിൽനിന്നു ലഭിക്കുന്നതാണ്. ഇനി പറയുന്ന രേഖകൾ സഹിതം അതതു ബാങ്ക് ശാഖകളിൽ അപേക്ഷ നൽകാം. 

∙സ്ഥിര താമസം തെളിയിക്കുന്ന രേഖകൾ, തിരിച്ചറിയൽ രേഖകൾ. 

∙SC/ST, OBC, Minority എന്നിവ ബാധകമായവർ അവ തെളിയിക്കുന്ന രേഖകൾ. 

∙സ്ഥാപനത്തിന്റെ പേരും വിലാസവും മറ്റും തെളിയിക്കുന്ന ലൈസൻസ്/റജിസ്ട്രേഷൻ /അനുമതി മുതലായവ. 

∙ബാങ്ക് സ്റ്റേറ്റ്മെന്റുകൾ (രണ്ടു ലക്ഷത്തിനു മുകളിൽ വായ്പയെടുത്തു സംരംഭം നടത്തുന്നവർക്ക്).

∙പ്രതീക്ഷിത ബാക്കിപത്രം (2 ലക്ഷത്തിനു മുകളിൽ വായ്പക്കാർക്ക്). 

∙നിലവിൽ സ്ഥാപനം നടത്തുന്നവർ 2 വർഷത്തെ വിൽപന വിവരങ്ങൾ. 

∙പ്രോജക്ട് റിപ്പോർട്ട്. 

∙പ്രൊപ്രൈറ്ററി അല്ലാത്ത സ്ഥാപനങ്ങൾക്ക് അതിന്റെ രേഖകളും തീരുമാനവും. 

∙ഓരോ അപേക്ഷകന്റെയും ആസ്തി–ബാധ്യത സ്റ്റേറ്റ്മെന്റ്. 

∙പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ രണ്ടെണ്ണം.

അപേക്ഷ, പ്രോജക്ട് റിപ്പോർട്ട് എന്നിവ തയാറാക്കാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫിസുകൾ, വ്യവസായ വികസന ഓഫിസർ (ബ്ലോക്ക് പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ/കോർപറേഷനുകൾ) എന്നിവിടങ്ങളിൽ സഹായം ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com