ADVERTISEMENT

ട്യൂഷൻ, എൻട്രൻസ് കോച്ചിങ്, മോക് ടെസ്റ്റ്... പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ഇതൊന്നുമില്ലാതെ ദിനചര്യ സാധ്യമാണോ ? ഹ്യുമാനിറ്റീസ് വിദ്യാർഥികൾ വരെ ദേശീയ പ്രവേശനപരീക്ഷകളുടെ തയാറെടുപ്പിലാകും. എന്നാൽ ചെന്നൈയിലെ മലയാളി പ്ലസ് വൺ വിദ്യാർഥിനി ടാനിയ എലിസബത്ത് കെൻ ഒരു സന്നദ്ധ സംഘടന കൂടി നടത്തുന്ന തിരക്കിലാണ്. ‘ലക്ഷ്യശാല’ എന്ന സംഘടന പരിശീലിപ്പിച്ച സ്കൂൾ കുട്ടികളുടെ ടീം ഈയിടെ യുഎസിലെ സിലിക്കൺ വാലിയിൽ പോയി. 57 രാജ്യങ്ങളിലെ രണ്ടായിരത്തിലേറെ ടീമുകൾ പങ്കെടുപ്പിച്ചു നടത്തിയ ഈ വർഷത്തെ ടെക്നവേഷൻ ഗ്ലോബൽ ചാലഞ്ചിൽ ഒന്നാം സമ്മാനവും നേടി. ചെന്നൈയിലെ പാതൈ ശിശുഭവനിൽനിന്നുള്ള സ്റ്റെല്ല, ഐശ്വര്യ, ചെന്നൈയിലെ തന്നെ മറ്റൊരു സ്കൂൾ വിദ്യാർഥിനി അക്ഷര എന്നിവരുടെ ടീമിനു ലഭിച്ച സമ്മാനം 12,000 ഡോളർ (ഏകദേശം 8.5 ലക്ഷം രൂപ).

ചെറുതല്ല ടെക്നവേഷൻ ചാലഞ്ച്

10– 18 വയസ്സുള്ള പെൺകുട്ടികൾക്കായി ടെക്നോളജി അടിസ്ഥാനമാക്കി നടത്തുന്ന ആഗോളമത്സരമാണു ടെക്നവേഷൻ ചാലഞ്ച്. സമൂഹത്തിലെ പ്രശ്നങ്ങൾക്കു ടെക്നോളജി വഴി പരിഹാരം കണ്ടെത്താനുള്ള മത്സരത്തിനു ഗൂഗിൾ അടക്കമുള്ള വമ്പൻ കമ്പനികളുടെ പിന്തുണയുണ്ട്.

ജൂനിയർ വിഭാഗത്തിലാണ് സ്റ്റെല്ല– ഐശ്വര്യ– അക്ഷര ടീം ഒന്നാമതെത്തിയത്. ‘ബാറ്റൺ’ എന്ന ആപ് വികസിപ്പിച്ചതാണ് ‘സോഷ്യൽ റിലേ’ എന്ന ഇവരുടെ ടീമിനെ ഒന്നാമതെത്തിച്ചത്. ബാറ്റൺ, റിലേ എന്നീ വാക്കുകളിൽ തന്നെയുണ്ട് ഇവരുടെ ആശയത്തിന്റെ ഉള്ളടക്കം. സോഷ്യൽ വർക് വിദ്യാർഥികൾ ഇന്റേൺഷിപ്പിന്റെ ഭാഗമായി സാമൂഹികസേവന ദൗത്യങ്ങൾ ഏറ്റെടുക്കാറുണ്ട്. എന്നാൽ സമയപരിമിതി മൂലം പൂർത്തിയാക്കാൻ കഴിയാറുമില്ല. ഇങ്ങനെ പാതിവഴിയിൽ നിൽക്കുന്ന ദൗത്യങ്ങൾ അടുത്ത ടീമിനെ ഏൽപിച്ച് തുടർച്ച ഉറപ്പാക്കിയാലോ ? അതിനു സഹായിക്കുന്ന ആപ്പാണ് ഇവർ വികസിപ്പിച്ച ‘ബാറ്റൺ’.

അവസരം വേണം എല്ലാവർക്കും

ചെന്നൈയിലെ മലയാളി ദമ്പതികളായ കെൻ ജോർജ് മാത്യുവിന്റെയും പ്രീതിയുടെയും മകളാണ് കോല പെരുമാൾ ചിട്ടി വൈഷ്ണവ് സ്കൂൾ പ്ലസ്‍ വൺ വിദ്യാർഥിനിയായ ടാനിയ. 2017ൽ ടെക്നവേഷൻ ചാലഞ്ചിന്റെ ഫൈനലിലെത്തിയിരുന്നു. ഈ യാത്രയിലാണ് സമൂഹത്തിലെ എല്ലാ മേഖലകളിലെയും പെൺകുട്ടികൾക്കു ടെക്നോളജി രംഗത്തെക്കുറിച്ച് അറിവു പകരാനും തുല്യ അവസരം ഉറപ്പാക്കാനും ലക്ഷ്യശാല എജ്യുടെക് എന്ന സന്നദ്ധ സംഘടന ആരംഭിച്ചത്. ഇപ്പോൾ അഞ്ഞൂറിലേറെ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. ടെക്നവേഷന്റെ സ്റ്റുഡന്റ് അംബാസഡർ കൂടിയാണു ടാനിയ.

ലക്ഷ്യശാല ഈ വർഷം ടെക്നവേഷൻ ചാലഞ്ചിനായി മൂന്നു ടീമുകൾക്കു പരിശീലനം നൽകി. സോഷ്യൽ റിലേ ടീമിനു പുറമേ മറ്റൊരു സംഘം സെമിഫൈനൽ വരെയെത്തി. ടെക്നോളജി രംഗത്തേക്കുള്ള പെൺകുട്ടികളുടെ കടന്നുവരവിൽ കേരളം പിന്നാക്കമാണെന്നാണു ലക്ഷ്യശാലയുടെ കണ്ടെത്തൽ.മത്സരത്തിനോ അല്ലാതെയോ പെൺകുട്ടികൾക്കു സാങ്കേതിക പരിശീലനം നൽകാനാഗ്രഹിക്കുന്ന സ്കൂളുകൾക്കു ലക്ഷ്യശാലയെ ബന്ധപ്പെടാം.

വെബ്സൈറ്റ്: 

www. lakshyashala.com

ഇമെയിൽ: 

lakshyashala@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com