ADVERTISEMENT

വയനാട്ടിലെത്തിയപ്പോൾ സിദ്ദിഖ് ബാബുവിനു മോഹം തോന്നിയത് ഒരു ഇഞ്ചിപ്പാടം കാണണമെന്നാണ്. കാരണം, ജീവിതത്തിൽ  ഏറ്റവും കനത്ത അടി കിട്ടിയത് ഇഞ്ചിയിൽ നിന്നായിരുന്നു. ആ കഥയാണ് സിദ്ദിഖ് ബാബുവിന്റെ വിജയകഥ! 

തൊണ്ണൂറുകളിൽ ജനതാദൾ, യുവജനതാദൾ, വിദ്യാർഥിജനത, ലോക്‌ശക്തി എന്നിവയുടെയെല്ലാം സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നു കായംകുളം സ്വദേശി സിദ്ദിഖ് ബാബു.

കായംകുളം എംഎസ്എം കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ വിദ്യാർഥി ജനതയുടെ നേതാവ്. പിന്നീട് അരങ്ങിൽ ശ്രീധരൻ, എം. പി. വീരേന്ദ്രകുമാർ, കെ. ചന്ദ്രശേഖരൻ തുടങ്ങിയവർക്കൊപ്പം പാർട്ടിയുടെ സംസ്ഥാന നേതൃനിരയിലും സജീവമായി. 

എന്നാൽ, ദിവസവും രാവിലെ ഖദറുമിട്ട് പൊതുപ്രവർത്തനത്തിനിറങ്ങുമ്പോൾ തീപ്പൊരി പ്രസംഗകന്റെ വീട്ടിൽ വിശപ്പുമാറ്റാനുള്ള വക പോലുമുണ്ടായിരുന്നില്ല.

അതിനിടെ, 5 സഹോദരിമാരുടെ വിവാഹവും പിതാവിന്റെ മരണവുമൊക്കെയായപ്പോൾ വീടും സ്ഥലവും വിൽക്കേണ്ടിവന്നു. 

കുടുംബാംഗങ്ങൾക്കൊപ്പം വാടകവീട്ടിലേക്കു താമസംമാറി. ഇനിയും മുദ്രാവാക്യം വിളിച്ചും പ്രസ്താവന എഴുതിയും നടന്നാൽ വീട്ടിൽ പട്ടിണിയെന്ന സ്ഥിതി.

എന്തെങ്കിലും ഒരു ജോലി വേണമെന്നു പറഞ്ഞു അരങ്ങിൽ ശ്രീധരനോട്. അരങ്ങിലിന്റെ ശുപാർശയിൽ അദ്ദേഹത്തിന്റെ സിംഗപ്പൂരിലെ സുഹൃത്തിന്റെ ബിസിനസ് കാര്യങ്ങൾക്കു കേരളത്തിലെ ലെയ്സൻ ഓഫിസറാക്കി സിദ്ദിഖിനെ. ബിസിനസ് ഇവിടെ പച്ച പിടിക്കാതായതോടെ ജോലി നഷ്ടമായി.  

തോൽവികളുടെ ഘോഷയാത്ര

ഇഞ്ചിക്കൃഷിയിലായിരുന്നു ആദ്യ ഭാഗ്യപരീക്ഷണം. കടം വാങ്ങിയ കുറച്ചു പണവുമായി വയനാട്ടിൽ കൂട്ടുകാർക്കൊപ്പം തുടങ്ങിയ ഇഞ്ചിക്കൃഷി ആദ്യസീസണിൽ നല്ല ലാഭമായിരുന്നു.  വൻതുക സമാഹരിച്ചു വൻ സ്വപ്നങ്ങളുമായി നടത്തിയ രണ്ടാംകൃഷി മൊത്തമായി മാഹാളിരോഗം കൊണ്ടുപോയി.

10 ലക്ഷം രൂപ മുടക്കിയപ്പോൾ തിരികെ കിട്ടിയത് വെറും 1,20,000 രൂപ!  കടക്കെണി മുറുകി. തളർന്നെങ്കിലും രാഷ്ട്രീയത്തിലെ അതിജീവനപാഠങ്ങൾ കണ്ടിട്ടുണ്ടായിരുന്നതിനാൽ വീണില്ല. കേരളത്തിലേക്കു ചകിരി ഇറക്കുമതിക്കു സാധ്യതകളേറെയാണെന്നു കണ്ടെത്തി ലക്ഷദ്വീപിൽനിന്നു വലിയൊരു കപ്പൽ നിറയെ ചകിരി എത്തിച്ചു. കടംവാങ്ങിയ കാശുകൊണ്ടു തന്നെ.

ചകിരി കയറായില്ല. പിന്നെ ഇറക്കേണ്ടിയും വന്നില്ല. താ‌യ്‌ലൻഡിൽനിന്നുള്ള ജ്യൂസ് ഇറക്കുമതിയും പരാജയപ്പെട്ടു. അപ്പോഴാണു കേരളത്തിൽ ഗ്യാസ് സ്റ്റൗവിനു ഡിമാൻ‍ഡ് ഉയരുന്നതായി കണ്ടത്.

അതിന്റെ മൊത്തക്കച്ചവടത്തിലെ വരുമാനം വലുതായി സ്വപ്നം കണ്ടു. ബെംഗളൂരുവിൽനിന്നും ഡൽഹിയിൽനിന്നുമെല്ലാം സ്റ്റൗ കൊണ്ടുവന്നു. പക്ഷേ, കൈപൊള്ളി. നിരീക്ഷണ ക്യാമറകൾ കേരളത്തിൽ ട്രെൻഡ് ആകുന്നതിനു മുൻപേ ആ മേഖലയിലും ഒരുകൈനോക്കി.

കേരളത്തിലുടനീളം ഓട്ടമാറ്റിക് വാതിലുകളുടെ നിർമാണവും വിതരണവും ആരംഭിച്ചു. എന്നാൽ, സാങ്കേതികവിദ്യയിലെ പോരായ്മ മൂലം പലവാതിലുകളും കേടായി. അവയെല്ലാം വലിയ നഷ്ടം സഹിച്ചും സിദ്ദിഖ് മാറ്റിക്കൊടുത്തു. ബിസിനസിൽ വിശ്വാസ്യത വേണമല്ലോ. വിശ്വാസ്യത ഉറപ്പിച്ചു; പക്ഷേ, സിദ്ദിഖ് വീണ്ടും ലക്ഷങ്ങളുടെ കടക്കാരനായി.

ഭാര്യയ്ക്കൊരു ജോലി

ഇതിനിടെ രാമകൃഷ്ണ ഹെഗ്ഡേ  വാജ്പേയി മന്ത്രിസഭയിൽ വാണിജ്യ മന്ത്രിയായി.  ഹെഗ്ഡേ കൊച്ചിയിൽ വന്നപ്പോൾ അരങ്ങിലിനൊപ്പം സിദ്ദിഖും പോയിക്കണ്ടു. കൂട്ടത്തിൽ ഒരു അപേക്ഷ വച്ചു– ഭാര്യയ്ക്ക് എന്തെങ്കിലും ഒരു ജോലി.

കഷ്ടപ്പാടുകളും കഥകളും കേട്ടെങ്കിലും ‘എന്തോന്നു ജോലി, പുതിയകാല ബിസിനസ് വല്ലതും നോക്കനിയാ’ എന്ന മട്ടിലായിരുന്നു മന്ത്രിയുടെ പ്രതികരണം.  താൽപര്യമുണ്ടെങ്കിൽ ബെംഗളൂരുവിലേക്കു ചെല്ലാനും പറഞ്ഞു. ബെംഗളൂരുവിലേക്കു ടിക്കറ്റ് എടുത്തു നൽകിയത് പാർട്ടിനേതാവ് കെ. ചന്ദ്രശേഖരനായിരുന്നു. 

രാമകൃഷ്ണ ഹെഗ്ഡേയുടെ ശുപാർശയിൽ കിട്ടിയത് കേരളത്തിൽ സെയ്ന്റ് ഗൊബൈൻ ഗ്ലാസ് ആൻഡ്  ഫിറ്റിങ്സിന്റെ വിതരണം. 30 ലക്ഷം രൂപയുടെ ഗ്ലാസ് ഫിറ്റിങ്സ് കമ്പനി കടമായി നൽകി. ആ മേഖലയിൽ മുൻപരിചയമൊന്നുമില്ല.

എന്നാലും വെല്ലുവിളി ഏറ്റെടുത്ത് 3 മാസത്തോളം മാർക്കറ്റ് പിടിക്കാനായി കേരളം മുഴുവൻ അലഞ്ഞു. സുഹൃത്ത് നൽകിയ മാരുതി വാനിലായിരുന്നു സഞ്ചാരം. കേരളത്തിലെമ്പാടും പല ആർക്കിടെക്ടുകളെയും സമീപിച്ചു. ആരും കൊത്തിയില്ല. വിതരണാവകാശം തിരികെ നൽകി സലാം പറഞ്ഞു. നന്ദി പറയുമ്പോൾ കമ്പനി എംഡി പറഞ്ഞു– നിങ്ങൾ വീണ്ടും വരും. അതിനും നന്ദി പറഞ്ഞു. 

ബിസിനസ് അവസാനിപ്പിച്ചു വേറെ വഴി ആലോചിച്ചുകൊണ്ടിരിക്കെ ഇടപ്പള്ളി അമൃത ആശുപത്രിയിൽനിന്നു വിളി. പണ്ടു സിദ്ദീഖ് പരിചയപ്പെടുത്തുകയും വേണ്ടെന്നു പറയുകയും ചെയ്ത ഗ്ലാസിന് അവിടെ ആവശ്യം വന്നിരിക്കുന്നു!

ആശുപത്രിക്കെട്ടിടത്തിന്റെ മേലാപ്പിലെ സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസ്. യൂറോപ്പിൽ നിന്നുള്ള ആർക്കിടെക്ട് നിർദേശിച്ച ഗ്ലാസ് സിദ്ദിഖ് പരിചയപ്പെടുത്തിയ കൂട്ടത്തിലുണ്ട്! വേണ്ടെന്നു വച്ച വിതരണാവകാശം തിരികെപ്പിടിക്കാൻ സിദ്ദീഖ് തിരികെ ഓടി. അവിടെനിന്നായിരുന്നു തുടക്കം. 

രാഷ്ട്രീയക്കാരന്റെ റോൾ തീർത്തും അവസാനിപ്പിച്ച്  പൂർണസമയ ബിസിനസുകാരനായി. അമൃതയ്ക്കു ശേഷം തുടർച്ചയായി നല്ല പ്രോജക്ടുകൾ പിന്നെയും പിന്നെയും വന്നു. ഗ്ലാസിലൂടെ ജീവിതത്തിലേക്കു പ്രകാശം കടന്നുവന്നു തുടങ്ങി.

2002 ൽ ന്യൂടെക് ഇന്റർനാഷനൽ എന്ന കമ്പനി റജിസ്റ്റർ ചെയ്തു. സ്വന്തമായി ഗോഡൗണും വർക്‌ഷോപ്പുമായി.  പടിപടിയായി ജോലിക്കാരുടെ എണ്ണവും വർധിച്ചു. ഇന്നു മുന്നൂറോളം പേർക്ക് ന്യൂടെക് ഇന്റർനാഷനൽ നേരിട്ടു തൊഴിൽ നൽകുന്നു.

തലവര തിരുത്തിയ വാക്കുകൾ

2011ൽ കൊച്ചിയിൽ ലുലു മാളിന്റെ ചില്ലുമേലാപ്പ് തീർക്കാൻ അവസരം കിട്ടിയതാണ് ന്യൂടെക് ഇന്റർനാഷനലിന്റെ തലവര തിരുത്തിക്കുറിച്ചതെന്നു സിദ്ദിഖ് ബാബു പറയും.  എം.എ. യൂസഫലിയുടെ സഹോദരൻ എം.എ. അഷ്റഫലിയുടെ ശുപാർശയാണു സഹായമായത്.

നിർമാണജോലികൾക്കിടെ കൊച്ചിയിലെത്തിയ യൂസഫലി സിദ്ദിഖിന്റെ തോളിൽത്തട്ടി പറഞ്ഞു: നല്ലരീതിയിൽ ഈ പ്രോജക്ട് ചെയ്താൽ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടും.  വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ തോളിൽത്തട്ടിക്കൊണ്ടു പറഞ്ഞ ആ വാക്കുകൾ നൽകിയ ഊർജവും പ്രചോദനവും ചെറുതല്ലെന്നു സിദ്ദിഖ് ബാബു.

ലുലു മാളിനു ശേഷം സിദ്ദീഖിനു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പ്രമുഖമായ ഒട്ടേറെ കെട്ടിടങ്ങളുടെ നിർമാണത്തിൽ ന്യൂടെക്കിന്റെ മുദ്ര പതിഞ്ഞു.

ലെ മെറിഡിയൻ ഹോട്ടൽ, ലേക് ഷോർ ആശുപത്രി, ഹോട്ടൽ മാരിയറ്റ്, ഗ്രാൻ‍ഡ് ഹയാത്ത്, കോർട്ട്‌യാർഡ് മാരിയറ്റ്, കോഴിക്കോട് കോട്ടയ്ക്കൽ ആര്യവൈദ്യശാല, അങ്ങനെയങ്ങനെ. 

യാഥാർഥ്യമാകുന്ന സ്വപ്നം

അമേരിക്കയിൽനിന്നുള്ള റൂഫിങ് ഷിംഗിൾസിന്റെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിലെയും മിഡിൽ ഈസ്റ്റിലെയും ഏക വിതരണക്കാരാണു ന്യൂടെക് ഇന്റർനാഷനൽ ഇപ്പോൾ.

കാലാവസ്ഥാ വ്യതിയാനം വെല്ലുവിളിയായിരിക്കുന്ന കാലത്ത് ഗ്രീൻ ബിൽഡിങ് എന്ന സങ്കൽപത്തിലാണു ന്യൂടെക് പ്രോജക്ടുകളുടെ നിർമാണച്ചുമതല ഏറ്റെടുക്കുന്നതെന്നു സിദ്ദിഖ് ബാബു പറയുന്നു.

വയനാട്ടിൽ താജ് റിസോർട്സ്, ബെംഗളൂരുവിലെ ശോഭ ഗ്ലോബൽ മാൾ എന്നീ പ്രോജക്ടുകളും നടന്നുവരുന്നു. താജ് റിസോർട്സിന്റെ സൈറ്റിൽ നിന്നായിരുന്നു ഇഞ്ചിപ്പാടം കാണാനുള്ള യാത്ര. 

മകൻ മുഹമ്മദ് ഷാരിഖ് 15–ാം വയസ്സുമുതൽ  ബിസിനസിൽ സഹായിയാണ്. ഇപ്പോൾ ബെംഗളൂരു ഐഐഎമ്മിൽ എംബിഎ പഠനത്തോടൊപ്പം കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്കുമെത്തി. ഭാര്യ ഷമീമ വീട്ടമ്മയാണ്. മകൾ ഇൻഷാ സാനിയ പ്ലസ്‌വൺ വിദ്യാർഥിനി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com