കമ്പനി ഡയറക്ടർമാർക്കു യോഗ്യതാപരീക്ഷ: പാസാകാത്ത അനേകം പേർ ഒഴിയേണ്ടി വരും

office
SHARE

കമ്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർക്ക് ഓൺലൈൻ യോഗ്യതാപരീക്ഷ വരുന്നു. പരീക്ഷയിൽ 60% മാർക്ക് ലഭിച്ചവർക്കു മാത്രമേ കമ്പനി ഡയറക്ടറായി തുടരാൻ കഴിയൂ. 10 കോടിയിലേറെ രൂപ അടച്ചുതീർത്ത മൂലധനമുള്ളതും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ എല്ലാ കമ്പനികൾക്കും ഈ വ്യവസ്ഥ ബാധകമാണ്.

എന്നാൽ നിലവിൽ 10 വർഷത്തിലേറെ സ്വതന്ത്ര ഡയറക്ടറായിരുന്നിട്ടുള്ളവർക്കു യോഗ്യതാ പരീക്ഷ വേണ്ട. ഹരിയാനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്സാണ് (ഐഐസിഎ) പരീക്ഷ നടത്തുക. കമ്പനി ഡയറക്ടറായി ഒരു വർഷത്തിനകം പാസാകണം. എത്ര തവണ വേണമെങ്കിലും പരീക്ഷയിൽ പങ്കെടുക്കാം. ഡിംസബർ ഒന്നിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.

സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള അനേകം കമ്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർക്ക് ഈ വ്യവസ്ഥ വരുന്നതോടെ സ്ഥാനം ഒഴിയേണ്ടി വരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയവും സാമുദായികവുമായ പരിഗണനകളുടെ പേരിൽ ഡയറക്ടറായവരൊക്കെ യോഗ്യതാപരീക്ഷ നേരിടേണ്ടിവരും. 

പരീക്ഷ പാസായവരുടെ മാർക്ക് എത്രയെന്ന് കമ്പനി വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും വേണം. മാർക്ക് കുറയുന്നതു പലർക്കും നാണക്കേടായി മാറുകയും ചെയ്യും. പുതുതായി നിയമിക്കപ്പെടുന്ന സ്വതന്ത്ര ഡയറക്ടർ കമ്പനികാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യുകയും വേണം. റീട്ടെയിൽ, ബാങ്കിങ്, ഫാക്ടറി ഉൽപാദനം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള കമ്പനികൾക്ക് വ്യത്യസ്ത വൈദഗ്ധ്യങ്ങളുള്ള സ്വതന്ത്ര ഡയറക്ടർമാരെയാണു വേണ്ടതെന്നും ഒരേ തരം യോഗ്യതാപരീക്ഷ എല്ലാവർക്കും ബാധകമാക്കുന്നത് അപ്രായോഗികമാണെന്നും എതിരഭിപ്രായവുമുയർന്നിട്ടുണ്ട്.

വിജ്ഞാപനം ഡിസംബർ 1ന്

മിനിമം വേണ്ടത് 60 മാർക്ക്

ഒരു വർഷത്തിനകം യോഗ്യത നേടണം

കമ്പനികാര്യ രംഗത്ത് ഉന്നതശീർഷരായവർ അനേകമുണ്ട്. അവർ ഇനി പരീക്ഷ പാസായി യോഗ്യത നേടാൻ താൽപര്യം കാണിക്കണമെന്നില്ല. അവർക്കത് അപമാനവുമാണ്. കമ്പനികൾക്ക് ധാരാളം മുതിർന്ന ഉപദേഷ്ടാക്കളെ അതിനാൽ നഷ്ടപ്പെട്ടേക്കാം.

വി.ജെ.കുര്യൻ
എംഡി,സിയാൽ.

പരീക്ഷ പാസാകാൻ ചെറുപ്പക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലായിരിക്കാം. പക്ഷേ സീനിയറായവർക്ക് എളുപ്പമാകില്ല. അവർക്ക് ഡയറക്ടർബോർഡിൽ നിന്ന് ഒഴിയേണ്ടി വന്നേക്കാം. 

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
ചെയർമാൻ, വി–ഗാർഡ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA