ADVERTISEMENT

കെഎഎസ് തിരഞ്ഞെടുപ്പ് 3 ഘട്ടങ്ങളായി ആണല്ലോ. ആദ്യ കടമ്പ പ്രിലിമിനറി പരീക്ഷ. ആ ലക്ഷ്യത്തിലേക്ക് ഇനി 4 മാസം മാത്രം. പ്രിലിമിനറി പരീക്ഷയ്ക്കുള്ള തയാറെടുപ്പ്, രണ്ടാം ഘട്ടമായ വിവരണാത്മക (ഡിസ്ക്രിപ്റ്റീവ്) പരീക്ഷയ്ക്കും ഗുണം ചെയ്യുന്ന രീതിയിൽ ആസൂത്രണം ചെയ്യുക എന്നതാണു കെഎഎസിലെ വിജയതന്ത്രം. 

വിശാലമായ അർഥത്തിൽ ഹ്യുമാനിറ്റീസ്, റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി, ഇംഗ്ലിഷ്, മലയാളം എന്നിവയാണു പ്രധാന വിഷയങ്ങൾ. സയൻസ്, ഐടി തുടങ്ങിയവയും ഉണ്ട്. ആനുകാലിക സംഭവങ്ങളോടു ബന്ധപ്പെടുത്തിയാകും ഇവയിൽ നിന്നുള്ള ചോദ്യങ്ങൾ. കെഎഎസ് പരീക്ഷയ്ക്കുള്ള ത്രിമുഖ തന്ത്രം ഇതാ:

∙പരീക്ഷയുടെ ഘടന വ്യക്തമായി അറിയുക. സിലബസ് വിശദമായി വായിച്ചു മനസ്സിലാക്കുക. സിലബസിൽ പറയുന്ന കാര്യങ്ങൾ പഠിക്കാനുള്ള പുസ്തകങ്ങളോ ഡിജിറ്റൽ റിസോഴ്സുകളോ തയാറാക്കി വയ്ക്കുക. 

∙മുന്നിലുള്ള 4 മാസം ചെലവഴിക്കാൻ വ്യക്തമായ ടൈംടേബിൾ തയാറാക്കുക. ദിവസം 6–8 മണിക്കൂർ വരെയെങ്കിലും ലഭിക്കുന്ന രീതിയിൽ വേണം ടൈംടേബിൾ. 

∙എല്ലാ വിഷയത്തിനും പ്രത്യേകം നോട്ട്ബുക്ക് വേണം. പിഎസ്‌സി നടത്തുന്ന  ബിരുദതല പരീക്ഷകളുടെയും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെയും ചോദ്യപ്പേപ്പറുകൾ ശേഖരിക്കുക. ലോകത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും മാപ്പ് കയ്യിലുണ്ടാകണം.അറ്റ്ലസ് ആയാലും മതി. 

∙പ്രാഥമിക പരീക്ഷയിലെ എല്ലാ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകി പഠനം ആരംഭിക്കുക. ഒന്നിടവിട്ട ദിവസമെങ്കിലും എല്ലാ വിഷയവും പഠിക്കാൻ കഴിയണം. എന്നാൽ, റീസണിങ്ങും മെന്റൽ എബിലിറ്റിയും എല്ലാ ദിവസവും പരിശീലിക്കണം. 

∙പഠിക്കുന്ന വിഷയങ്ങളുടെ കുറിപ്പു തയാറാക്കുക. ഒരു വിഷയം പഠിക്കാനിരിക്കുമ്പോൾ മുൻപു പഠിച്ച ഭാഗങ്ങൾ മറിച്ചു നോക്കിയശേഷം മാത്രം പഠനം ആരംഭിക്കുക.

∙ പത്രവായന മുടക്കരുത്. പ്രധാന വാർത്തകൾ, പഠിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ എന്നിവയുടെ കുറിപ്പുകൾ തയാറാക്കണം. വിവരണാത്മക പരീക്ഷയ്ക്കു സഹായിക്കുന്നത് ഇത്തരം കുറിപ്പുകളാകും. 

∙ പരിശീലനം തുടങ്ങി ഒന്നോ രണ്ടോ മാസത്തിനു ശേഷം മുൻപു ശേഖരിച്ച ചോദ്യപ്പേപ്പറുകൾ പരിശീലിച്ചു തുടങ്ങുക. എല്ലാ ദിവസവും ഒരു ചോദ്യമെങ്കിലും പരിശീലിക്കാനുള്ള സമയം കണ്ടെത്തുക. ഇതോടൊപ്പം വിഷയങ്ങളുടെ പഠനവും മുന്നോട്ടു കൊണ്ടുപോകാൻ മറക്കരുത്. 

∙ പ്രിലിമിനറി പരീക്ഷയ്ക്ക് ഒരു മാസം മുൻപു പഠനം അവസാനിപ്പിച്ച് റിവിഷനും ചോദ്യപ്പേപ്പർ പരിശീലിക്കലും മാത്രമാക്കുക. 

(വിവരങ്ങൾക്കു കടപ്പാട്:ആന്റൺ ബാബു, കോഴിക്കോട്)

English Summary: Kerala Administrative Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com