ADVERTISEMENT

സ്മാർട് ഫോണിൽ വിവിധ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ചില വെബ്സൈറ്റുകളിൽ കയറുമ്പോഴും ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ സ്ക്രീനിൽ തെളിയും. വായിച്ചു നോക്കാനെവിടെ സമയം? കണ്ണുംപൂട്ടി ‘ഐ എഗ്രി’ എന്ന ബോക്സ് ടിക് ചെയ്യും നമ്മൾ.

വ്യക്തിസുരക്ഷയെ ബാധിക്കുന്ന ഒട്ടേറെക്കാര്യങ്ങൾ അവയിലുണ്ടെന്നു പറഞ്ഞാലും വായിക്കാൻ മെനക്കെടുന്നില്ല പലരും.

ഇതിനു പരിഹാരമായാണ് ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ വലിച്ചുനീട്ടിപ്പറയാതെ ചെറിയ ചിത്രങ്ങൾ വഴി നൽകിയാലോ എന്നു കണ്ണൂർ മാട്ടുൽ സ്വദേശി സി.എം.കെ.അഫ്സൽ ചിന്തിച്ചത്. ഓപ്പൺ ഐഡിയോയും എച്ച്പി ഹ്യൂലെറ്റ് ഫൗണ്ടേഷനും ചേർന്നു രാജ്യാന്തര തലത്തിൽ സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി വിഷ്വൽസ് ചാലഞ്ചിൽ ഇക്കാര്യങ്ങൾ ആശയമായി നൽകി. സമ്മാനത്തുക ഇല്ലാതെയാണു ആശയങ്ങൾ ക്ഷണിച്ചതെങ്കിലും ‘എൻക്രിപ്ഷൻ ആൻഡ് സെക്യൂരിറ്റി’ വിഭാഗത്തിൽ ഒന്നാമനായ അഫ്സലിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് 5 ലക്ഷം രൂപ.

ഡിസൈൻ ചെയ്യാം സുരക്ഷ

ഒരു പെൺകുട്ടി കത്ത് കംപ്യൂട്ടറിലേക്ക് ഇടുന്നു. പുറത്തേക്കു വരുന്ന കത്തിലെ വാചകങ്ങൾ ആർക്കും വായിക്കാൻ സാധിക്കാത്ത വിധം ചില രൂപങ്ങളായി മാറുന്നു. എൻക്രിപ്ഷൻ മനസ്സിലാക്കാൻ അഫ്സൽ വരച്ച രൂപരേഖയാണിത്. ഇതുപോലെ സൈബർ സുരക്ഷ എങ്ങനെ ദൃശ്യവൽക്കരിക്കാം എന്നതായിരുന്നു ചാലഞ്ചിലെ ഒരു ഘട്ടം. ഇതിലാണ്, ചിത്രങ്ങളായി ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ എന്ന ആശയം അഫ്സൽ അവതരിപ്പിച്ചത്.

ആശയങ്ങൾ 14 രാജ്യങ്ങളിൽനിന്ന്

ഇന്ത്യ, യുഎസ് ഉൾപ്പെടെ 14 രാജ്യങ്ങളിലെ ആളുകൾക്കു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. രണ്ടു മാസം നീണ്ട ചാലഞ്ചിൽ ഓരോ ഘട്ടത്തിലും വിദഗ്ധ സമിതിയുമായി ആശയങ്ങൾ ചർച്ച ചെയ്യും. 

ഫൈനൽ റൗണ്ടിൽ 18 പേർ. വിവിധ വിഭാഗങ്ങളിലായി അഫ്സൽ ഉൾപ്പെടെ 5 പേർ വിജയികളായി. ആശയങ്ങൾ ഓപ്പൺ ഐഡിയോ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഇൻമൊബി എന്ന കമ്പനിയിൽ പ്രോഡക്ട് ഡിസൈൻ ഹെഡ് ആണ് അഫ്സൽ.

Content Summary: Cyber Security Visuals Challenge Winner CMK Afsal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com