ഇരട്ടച്ചങ്കുള്ള ഐഎഎസ്കാരൻ; അറിയണം ടി.എൻ. ശേഷന്റെ ജീവിതം

TN-Seshan
SHARE

വെള്ളിത്തിരയിൽ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സെന്ന ഐഎഎസുകാരന്റെ വീരകൃത്യങ്ങൾ കണ്ടു മലയാളികൾ കയ്യടിക്കുന്നതിനു ‌പതിറ്റാണ്ടുകൾക്കു മുൻപ് അങ്ങനെയൊരാൾ തമിഴകത്തുണ്ടായിരുന്നു- വെ‌ള്ളിത്തിരയിൽ അല്ല , ശരിക്കും ഐഎഎസ് കുപ്പായത്തിൽ. തിരുനെല്ലായി നാരായണ അയ്യർ ശേഷൻ എന്ന പേര് രാജ്യം ശ്രദ്ധിച്ചു തുടങ്ങുന്നതിന് ഇന്ത്യയുടെ മു‌ഖ്യ ‌തിരഞ്ഞെടുപ്പു കമ്മിഷണറായതിനു ശേഷമാണ്. അതിനു മുൻപേ, തമി‌ഴകത്തിനു ആ പേര് സുപരിചിതമായിരുന്നു- വേണ്ടി വന്നാൽ മുണ്ടു മടക്കിക്കുത്താനും മടിയില്ലാത്ത ഐഎഎ‌സ് ഓഫിസറെന്ന വിലാസത്തിൽ.

മലയാളിയാണെങ്കിലും ശേഷന്റെ കർമമണ്ഡലം തമിഴകമായിരുന്നു.മദ്രാസ് ‌ക്രിസ്ത്യൻ കോളജിൽ ഊർജ തന്ത്രം ഓണേഴ്സിനു ചേർന്നപ്പോൾ തുടങ്ങിയബന്ധം. പഠന ശേഷം അവിടെത്തന്നെ അധ്യാപകനായി. ഐഎഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയപ്പോൾ ഏതു സംസ്ഥാനവും തിരഞ്ഞെടുക്കാമായിരുന്നു. ശേഷൻ സംശയമൊന്നുമില്ലാതെ തമിഴ്നാട് തിര‌‌ഞ്ഞെടു‌ത്തു. കോയമ്പത്തൂരിൽ സബ് കലക്ടറായി തുടക്കം. പീന്നീട് പരിശീലനം പൂർത്തിയാക്കിയതിനു പിന്നാലെ ഡിണ്ടിഗൽ സബ് കലക്ടറായി. 26-ാം വയസ്സിൽ വി‌വാഹം നടക്കുന്നതു ഡിണ്ടിഗലിലെ ജോലിക്കിടെയാണ്.

ഡിഎംകെയുടെ നേതൃത്വത്തിൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭം കത്തിപ്പടർന്ന കാല‌ത്ത് മധുര കലക്ടറായിരുന്നു. പ്രക്ഷോഭകാരികൾക്കെതിരെ വെടിയുതിർക്കാൻ പൊലീസിനു നിർദേശം നൽകിയതു അക്കാലത്താണ്. ഓരോ റൗണ്ട് വെടിവയ്ക്കുമ്പോഴും ഒരു ശവമെങ്കിലും വീഴണമെന്ന ഉത്തരവ് ഏറെ വിവാദമായി.എന്നാൽ, വെട്ടൊന്ന് മുറി ‌രണ്ട് എന്ന ഉത്തരവിലൂടെ പ്രക്ഷോഭം ശാന്തമായി.

ബസ് ഓടിച്ച് മറുപടി

ട്രാൻസ്പോർട്ട് ഡയറക്ടറായിരിക്കെ, ഒരു ബസ് ഡ്രൈവറുടെ ചോദ്യത്തിനു ശേഷൻ മറുപടി നൽകിയത് തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ശൈലിയിലാണ്. ബസ് ഓടിക്കാനറിയാത്ത താങ്കൾക്കെങ്ങിനെ ജീവനക്കാരുടെ പ്രശ്നം അറിയുമെന്നായിരുന്നു ചോദ്യം. ബസോടിക്കാൻ പഠിച്ചുവെന്നു മാത്രമല്ല, 80 കിലോ മീറ്ററോളം യാത്രക്കാരെയും കൊണ്ടു ബസോടിക്കുകയും ചെയ്താണു ശേഷൻ ഉത്തരം നൽകിയത്.

നാരായണീയത്തിലെ മലയാളം

കർമ മണ്ഡലം തമിഴകമാണെങ്കിലും ശേഷന്റെ മനസ്സ് നിറയെ ജന്മനാടായ കേരളമാണെന്നു ആൽവാർപേട്ട് സെന്റ് മേരീസ് റോഡിലെ നാരായണീയത്തിലെത്തിയാൽ അറിയാം. പിതാവ് നാരായണ അയ്യർ വാങ്ങി നൽകിയ വീട്ടിൽ വിരമിച്ച ശേഷമാണു സ്ഥിരതാമസമാക്കിയത്. അച്ഛന്റെ ഓർമയ്ക്കായാണു നാരായണീയമെന്നു പേരിട്ടത്. വീടിന്റെ മുൻവശത്തെ പോർച്ച് കേരളീയ ശൈലിയിൽ ഓടിട്ടിരിക്കുന്നു. മുൻവശത്തു തന്നെയുണ്ട് നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ ചെറിയൊരു ശിൽപം. ചുമരുകളിൽ നിറയെ ദൈവങ്ങളുടെ ചിത്രം. പൂജാമുറിയിൽ ഗുരുവായൂരപ്പനും ചോറ്റാനിക്കരയമ്മയുമുണ്ട്. ഭാര്യ ജയലക്ഷ്മി വീട്ടിൽ നാരായണീയം ക്ലാസ് നടത്തിയിരുന്നു. ഡൽഹിയിലായിരുന്നപ്പോൾ തുടങ്ങിയ ശീലം. കഴിഞ്ഞ മാർച്ചിൽ ജയ മരിച്ച ശേഷവും ശിഷ്യരുടെ നേതൃത്വത്തിൽ ക്ലാസ് തുടരുന്നു.


Content Summary: TN Seshan IAS, Career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA